Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരളത്തിന് വേണം, ദീർഘകാല പദ്ധതികൾ: മാധവ് ഗാഡ്ഗിൽ

gadgil

ഏറ്റവും ദൗർഭാഗ്യകരമായ ദുരന്തമാണു കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. ഇതിൽനിന്നു മറികടക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കേണ്ടതുണ്ട്. ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:

കൂറ്റൻ കെട്ടിടങ്ങൾപോലെ മനുഷ്യ നിർമിതമായ മൂലധനത്തെക്കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ട് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ നമുക്ക് സാധിക്കില്ല. ചെറിയൊരു ഉദാഹരണം പറയാം. പത്തനംതിട്ടയിലെ ചെമ്പൻകുടി ഗ്രാമത്തിൽ ചെന്നപ്പോൾ ഞാൻ കണ്ടത്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾകൊണ്ടും കാൻസർപോലുള്ള മാര‍കരോഗങ്ങൾകൊണ്ടും നരകിക്കുന്ന മനുഷ്യരെയാണ്. ഇവിടെ വലിയ വലിയ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. മനുഷ്യനും പ്രകൃതിക്കും ദോഷം തട്ടാത്ത സന്തുലിതമായ ഒരു വികസനമാണ് ഇനിയെങ്കിലും കേരളത്തിൽ നടപ്പാക്കേണ്ടത്. 

കേരളത്തിന്റെ പുനർനിർമാണമാണ് ഇനി നടക്കേണ്ടത്. അതിനു പാറയും മണലുമെല്ലാം ഇനിയും വേണ്ടിവരും. പ്രകൃതിയിൽനിന്ന് അത് എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധയിൽ ജനകീയപങ്കാളിത്തവും ഉറപ്പാക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിൽ നല്ല ഉദാഹരണമുണ്ട്. അവിടത്തെ വലിയ ക്വാറികളുടെ നിയന്ത്രണം സ്ത്രീകളുടെ ഒരു സംഘത്തെയാണ് ഏൽപിച്ചിരിക്കുന്നത്. കേരളത്തിലും ഇതു പരീക്ഷിക്കാവുന്നതല്ലേ? കുടുംബശ്രീ പോലുള്ള സംഘങ്ങൾക്കു ക്വാറികളുടെ നിയന്ത്രണം നൽകുക. മാഫിയകൾ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. പുനർനിർമാണത്തിനായി പ്രകൃതിയിൽനിന്ന് ഒരു വിഭവം സമാഹരിക്കുന്നതിനൊപ്പം സാമൂഹികമായ ശാക്തീകരണം കൂടിയാണ് ഇവിടെ സംഭവിക്കുക. 

വികസനം ആരംഭിക്കേണ്ടതു താഴേത്തട്ടിൽനിന്നാണ്. ഓരോപ്രദേശത്തും ഏതുതരം വികസനം വരണമെന്നതു തദ്ദേശ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തുകളും വേണം തീരുമാനിക്കാൻ. അതിനുള്ള അധികാരം അവർക്കു നൽകണം. കേരളത്തിൽ ഉപേക്ഷിക്കപ്പെട്ട പാടശേഖരങ്ങൾ ഒരുപാടുണ്ട്. ഭാവിയിലേക്കുള്ള ചുവടുവയ്പിൽ ഇത്തരം പാടശേഖരങ്ങൾ കുടുംബശ്രീ പോലുള്ള ഗ്രൂപ്പുകളെ ഏൽപിക്കുക. അവിടെ പ്രകൃതിക്കു ചേരുന്ന ജൈവ കൃഷിരീതികൾ പ്രോൽസാഹിപ്പിക്കുക. 

എല്ലാ വികസന പ്രവർത്തനങ്ങൾക്കും മുന്നോടിയായി, പൊതുജനങ്ങൾക്കു ലഭ്യമാക്കേണ്ട ഒന്നുണ്ട്– അടിസ്ഥാന വിവരങ്ങൾ. കേരളത്തിൽ കഴിഞ്ഞ നൂറുവർഷം പെയ്ത മഴയുടെ അളവും, കാലാവസ്ഥയുടെ വ്യതിയാനവുമെല്ലാം അധികൃതരുടെ പക്കലുണ്ട്. പക്ഷേ, ഇതൊന്നും പൊതുജനങ്ങൾക്കു കിട്ടുന്നില്ല. കേന്ദ്ര ജല കമ്മിഷന്റെ പക്കലുള്ള വിവരങ്ങളും ജലസംഭരണികളെ കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്കു ലഭ്യമാക്കണം. 

ഉരുൾപൊട്ടൽ മേഖലകളിൽ കെട്ടിടനിർമാണം അനുവദിക്കില്ല എന്നൊരു തീരുമാനം എടുത്തിട്ടുണ്ട്. ചിലർക്കു ചില പ്രശ്നങ്ങൾ ഈ തീരുമാനംകൊണ്ടുണ്ടാകാം. എന്നാൽ സമൂഹം ഒന്നിച്ചു ചിന്തിച്ച് ഇതിനു പരിഹാരം കാണണം. ഉദ്യോഗസ്ഥരുടെ തീരുമാനം അടിച്ചേൽപിക്കുകയല്ല വേണ്ടത്. അവിടെ അഴിമതിക്കു കളമൊരുങ്ങും. ഭാവിയിൽ വികസനം നടപ്പാക്കുന്നതിനായി കൃത്യമായ ഭൗമ മാപ്പിങ് വേണം. എവിടെയൊക്കെ കെട്ടിടം കെട്ടാം, നദിയുടെ എത്ര അകലത്തിൽ കെട്ടിടം പണിയാം, കൃഷി ചെയ്യാം തുടങ്ങി മനുഷ്യന്റെ എല്ലാ ആവശ്യങ്ങൾക്കും ഈ ഭൂപടം ഉപയോഗിക്കണം. 

പ്രഫ. മാധവ് ഗാഡ്ഗിൽ (പരിസ്ഥിതി വിദഗ്ധൻ)