Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടക്കാനാണോ നമ്മുടെ വിധി?

പ്രളയക്കെടുതിയിൽ കുടുങ്ങിയ കേരളം വീണ്ടും സഞ്ചാരസ്വാതന്ത്ര്യം കൈവരിച്ചുതുടങ്ങുമ്പോൾ റെയിൽവേയും കെഎസ്ആർടിസിയും മൽസരിച്ചു സർവീസുകൾ റദ്ദാക്കുന്നതു നിർഭാഗ്യകരംതന്നെ. ലോക്കോ പൈലറ്റുമാരുടെ കുറവു കൊണ്ടും അറ്റകുറ്റപ്പണി മൂലവും പാസഞ്ചർ ട്രെയിനുകൾ കൂട്ടമായി റദ്ദാക്കുമ്പോൾ മുഖ്യമായും ഡീസൽ പ്രതിസന്ധി കൊണ്ടാണു വ്യാപകമായി കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കുന്നത്.

അല്ലെങ്കിൽതന്നെ, രണ്ടു വർഷത്തിലേറെയായി കേരളത്തിലെ ട്രെയിൻ ഗതാഗതം കുത്തഴിഞ്ഞ നിലയിലാണ്. മിക്ക ട്രെയിനുകളും കൃത്യസമയത്തു ലക്ഷ്യസ്ഥാനത്ത് എത്തില്ല. അഥവാ കൃത്യസമയത്ത് ഓടിയാൽതന്നെ, എത്താനുള്ള സ്റ്റേഷന്റെ ഒൗട്ടറിൽ കിടക്കും. കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഇത്രയും മോശമായ രീതിയിൽ ട്രെയിനോടിയ കാലമുണ്ടായിട്ടില്ല. 

ലോക്കോ പൈലറ്റുമാരുടെ കുറവ് ട്രെയിൻ റദ്ദാക്കലിന്റെ കാരണമായി പറയാൻ റെയിൽവേക്കു ലജ്ജയില്ലേ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ലോക്കോ പൈലറ്റുമാരുടെ 65 ഒഴിവുകളാണു തിരുവനന്തപുരം ഡിവിഷനിലുള്ളത്. ഇതു നികത്തേണ്ട ഉത്തരവാദിത്തം ഇവിടത്തെ ട്രെയിൻ യാത്രക്കാർക്കുള്ളതാണോ? അതേസമയം, ലോക്കോ പൈലറ്റുമാരുടെ കുറവു മൂലം ട്രെയിനുകൾ റദ്ദാക്കുന്നുവെന്ന പ്രചാരണം ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നിഷേധിക്കുകയാണ്. കുറച്ചു വർഷമായി ഇത്രയും ഒഴിവുകൾ തന്നെയാണുള്ളത്. അന്നൊന്നും എന്തുകൊണ്ടു ട്രെയിനുകൾ റദ്ദാക്കിയില്ലെന്ന് അവർ ചോദിക്കുന്നു. വെള്ളപ്പൊക്കത്തെത്തുടർന്ന് അവധി എടുത്തവരെല്ലാം തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. റെയിൽവേ ഭരണതലത്തിലെ പിടിപ്പുകേട് തങ്ങളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കമാണെന്നാണ് അവരുടെ ആരോപണം. 

ലോക്കോ പൈലറ്റുമാരുടെ കുറവ് ഉണ്ടെങ്കിൽ ട്രെയിൻ റദ്ദാക്കിയാണോ പരിഹാരം കാണേണ്ടതെന്ന ചോദ്യവും ബാക്കി നിൽക്കുന്നു. റെയിൽവേ ബോർഡ് അറിഞ്ഞിട്ടാണോ ഈ കൂട്ട റദ്ദാക്കലെന്നും അറിയേണ്ടതുണ്ട്. ലോക്കോ പൈലറ്റില്ലെങ്കിൽ ബദൽ ക്രമീകരണം ഒരുക്കി ട്രെയിൻ ഓടിക്കേണ്ടതിനു പകരം തുടർച്ചയായി ട്രെയിനുകൾ റദ്ദാക്കുന്നതു റെയിൽവേയുടെ കഴിവുകേടാണു തുറന്നു കാട്ടുന്നത്. തങ്ങളുടെ കഴിവില്ലായ്മയുടെ ശിക്ഷ യാത്രക്കാർ അനുഭവിക്കണമെന്ന റെയിൽവേ നിലപാട് ആശാസ്യമല്ല.  

അങ്കമാലി കറുകുറ്റിക്കടുത്തു 2016ൽ തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസിന്റെ കോച്ചുകൾ പാളം തെറ്റിയ അപകടത്തെ തുടർന്നാണു ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരിൽ വ്യാപകമായി ട്രെയിനുകൾ വൈകാൻ തുടങ്ങിയത്. ഇത് എന്നു തീരുമെന്നതിന് ആർക്കും വ്യക്തമായ ഉത്തരമില്ല. 12 കൊല്ലം മുൻപു മാറേണ്ട പാളങ്ങളാണു കേരളത്തിൽ ഇപ്പോൾ മാറ്റുന്നതെന്നതു മറ്റൊരു യാഥാർഥ്യം.

വെള്ളപ്പൊക്കം മൂലം കേരളത്തിലെ ഗതാഗത സംവിധാനങ്ങൾ സാധാരണ നിലയിലേക്കു മടങ്ങി വരുന്ന ഘട്ടത്തിൽ തുടർച്ചയായി ട്രെയിനുകൾ റദ്ദാക്കാനുള്ള ജനവിരുദ്ധ തീരുമാനം ആരു‍ടേതായാലും റെയിൽവേ അതു പുനഃപരിശോധിച്ചേ മതിയാകൂ. കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥർ താക്കോൽ സ്ഥാനങ്ങളിലുണ്ടെങ്കിൽ ട്രെയിനുകൾ കൃത്യസമയത്ത് ഓടുന്നതും ട്രെയിനുകൾക്കു കൃത്യസമയത്തു സിഗ്‌നൽ നൽകിയില്ലെങ്കിൽ നടപടിയെടുത്തിരുന്നതുമൊക്കെ നാം കണ്ടിട്ടുമുണ്ട്.

കെഎസ്ആർടിസിയാകട്ടെ വ്യാപകമായി സർവീസുകൾ റദ്ദാക്കി കേരളത്തിന്റെ യാത്രാദുരിതം വർധിപ്പിക്കുകയുമാണ്. അതേസമയം, ഡീസൽചെലവു വർധിച്ച സാഹചര്യത്തിൽ, തിരക്കില്ലാത്ത സമയത്തെ 10% ഷെഡ്യൂളുകൾ മാത്രമേ വെട്ടിക്കുറച്ചിട്ടുള്ളൂവെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നുമാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം.  

വിശദീകരണങ്ങൾക്കൊക്കെയപ്പുറത്ത്, ഇപ്പോഴത്തെ യാത്രാക്ലേശത്തിനു ശാശ്വതപരിഹാരമാണ് കേരളത്തിന്റെ ആവശ്യം. അതു വൈകിക്കൂടാ.