Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുവഞ്ഞിപ്പുഴ ഭ്രാന്തിയായപ്പോൾ; ‘ബാണാസുര’ മർദനത്തിൽ തകർന്ന മലയോരം

WAYNAD-LAND-SLIP വയനാട് മാനന്തവാടി തൃശിലേരി പ്ലാമൂലയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ, ഭൂമി പിളർന്നപ്പോൾ. വീടുകളും വൈദ്യുതിക്കാലും ഉൾപ്പെടെ ഇടിഞ്ഞുപോയതും കാണാം. ചിത്രം: റസൽ ഷാഹുൽ∙ മനോരമ

യുഎൻ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി, പ്രശസ്ത ആർക്കിടെക്ട്  ജി. ശങ്കർ എന്നിവർ ‘മനോരമ’യ്ക്കുവേണ്ടി ദുരന്തമേഖലകളിലൂടെ നടത്തിയ പഠനയാത്ര കോഴിക്കോട്ടും വയനാട്ടിലും.

ഒന്നര കിലോമീറ്റർ നീളത്തിൽ മൂന്നാൾ താഴ്ചയിലേക്ക് ഒരു മലയുടെ ചെരിവ്  അപ്പാടെ ഇടിഞ്ഞുതാണിരിക്കുന്നതാണു മാനന്തവാടി തൃശിലേരി പ്ലാമൂലയിൽ വരവേറ്റ കാഴ്ച. ഇതടക്കം 45 സ്ഥലങ്ങളിലാണു വയനാട് ജില്ലയിൽ ഭൂമി വിണ്ടത്. 248 ഇടങ്ങളിൽ മണ്ണിടിഞ്ഞെന്നു മണ്ണുസംരക്ഷണവകുപ്പ്. കൃഷി നശിച്ചത് 724 ഏക്കറിൽ!

ബാണാസുരസാഗർ ഡാം ഒറ്റയടിക്കു തുറന്നതാണു കാരണമെന്നു നാട്ടുകാർ പറയുന്നു. കൃഷിയും ടൂറിസവും പാടെ തകർന്നുപോയ വയനാടൻ മലനിരകൾ... 

തകർന്ന ടൂറിസം മേഖല

വയനാട്ടിലും മൂന്നാറിലും ഇപ്പോൾ ശതകോടികളുടെ ടൂറിസ വരുമാനനഷ്ടമാണ്. മൂന്നാറിൽ കാത്തിരുന്നു നീലക്കുറിഞ്ഞി പൂത്ത കാലമാണ്. പക്ഷേ, മലയിടിച്ചിലും മൂന്നാറിലെ വെള്ളപ്പൊക്കവും രാജ്യാന്തര വാർത്തയായതോടെ ടൂറിസത്തിനു തിരിച്ചടിയായി. 12 വർഷത്തിനിടെ വരുന്ന നീലക്കുറിഞ്ഞി സീസൺ കാത്തു ഹോട്ടലുകൾ വാടകയ്ക്കെടുത്തും മറ്റും കാത്തിരുന്ന ബിസിനസുകൾ അനിശ്ചിതത്വത്തിലായി. ഇതോടനുബന്ധിച്ചുള്ള തൊഴിലാളികളും പട്ടിണിയിൽ.

വയനാടിന്റെ ടൂറിസം വരുമാനത്തിൽ മാത്രം 4.61 കോടി രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കിയിട്ടുണ്ട്. ടൂറിസത്തിൽനിന്ന് അടുത്തെങ്ങും വയനാടിനു വരുമാനം പ്രതീക്ഷിക്കാനാവാത്ത സ്ഥിതിയാണ്.

ആലപ്പുഴയും കുമരകവും ടൂറിസ്റ്റുകളെ സ്വീകരിക്കാൻ ഏകദേശമൊരുങ്ങിക്കഴിഞ്ഞു. ഇക്കാര്യം ലോക ടൂറിസം ഏജൻസികൾ വഴി പുറം ലോകത്തെ അറിയിക്കുകയാണ് ആദ്യം വേണ്ടത്.  

ആലപ്പുഴയിലെ ജലമേളകൾ വൈകിയെങ്കിലും നടത്താൻ സർക്കാർ തയാറാകണമെന്നാണു മുരളി തുമ്മാരുകുടിയുടെ അഭിപ്രായം. ഓണാഘോഷങ്ങൾപോലും വേണ്ടെന്നുവച്ചതു പ്രായോഗികമല്ല. ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള മാർഗം ജനത്തെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരിക എന്നതുതന്നെയാണ്. ലോക ടൂറിസം മാപ്പിലുള്ളൊരു സംസ്ഥാനമാണു കേരളമെന്നു മറക്കരുത്.

പുരാവസ്തു കണക്കെടുപ്പ്

ദുരന്തമുണ്ടാകുന്ന ഒരു രാജ്യത്ത് ഐക്യരാഷ്ട്ര സംഘടന എത്തിയാൽ ആദ്യം ചെയ്യുന്നതു കണക്കെടുപ്പാണ്. നഷ്ടങ്ങളുടെ പ്രാഥമിക കണക്കെടുപ്പിൽ പ്രത്യേകം തയാറാക്കുന്ന കണക്കുകളിലൊന്നു രാജ്യത്തിന്റെ സംസ്കാരം വിളിച്ചോതുന്ന പുരാവസ്തുക്കളിലുണ്ടായ നഷ്ടമാണ്. അതു കേരളത്തിലും പ്രത്യേകം കണക്കാക്കണം. 

ആറൻമുള കണ്ണാടിയുണ്ടാക്കുന്ന പണിശാലകൾ, ചേന്ദമംഗലത്തെയും കുത്താമ്പുള്ളിയിലെയും കൈത്തറി എന്നിങ്ങനെ ഭൗമസൂചികയിൽ ഇടംപിടിച്ച കേന്ദ്രങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ, പള്ളികൾ, പൊതു കെട്ടിടങ്ങൾ ഇവയൊക്കെ യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയവയാണ്. ഇവയ്ക്ക് എന്തു സംഭവിച്ചുവെന്നു കണക്കാക്കണം. വയനാട്ടിലെ എടയ്ക്കൽ ഗുഹയ്ക്കുള്ളിൽ കല്ലിടിഞ്ഞുവീണും നാശനഷ്ടമുണ്ട്. ഇവയൊന്നും വെറുതെ കോൺക്രീറ്റ് ഉപയോഗിച്ചു ബലപ്പെടുത്താനാവില്ല, ആർക്കിയോളജിക്കൽ രീതിയിൽത്തന്നെ വേണം. 

KOZHIKKODE-WELL കോഴിക്കോട്ട് മുക്കംകടവ് പാലത്തിനടുത്ത് ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞ് ഒഴുകിയപ്പോള്‍ നടുവിലേടത്ത് അബ്ബാസിന്റെ വീട്ടുവളപ്പിലെ കിണറിന്റെ ചുവട്ടിലെ മണ്ണെല്ലാം ഒലിച്ചുപോയ നിലയിൽ. 36 റിങ്ങുകളുള്ള കിണറിന്റെ 17 റിങ്ങുകളും ഉയർന്നു നിൽക്കുകയാണ്.

അധ്വാനം പാഴായി കർഷകർ

കോഴിക്കോടിന്റെയും വയനാടിന്റെയും മലയോരമേഖലകളിലൂടെ സഞ്ചരിച്ചപ്പോൾ മനസ്സു വേദനിപ്പിക്കുന്ന കാഴ്ച നശിച്ചുപോയ കൃഷിയുടേതാണ്. വാഴ, ഇഞ്ചിപോലുള്ള ഇടവിളകളും ജാതിപോലുള്ള ദീർഘകാല വിളകളുമടങ്ങിയ പറമ്പുകൾ ഒലിച്ചുപോയിരിക്കുന്നു. ഏറെനാളത്തെ വിയർപ്പിന്റെ ഫലം ഒന്നോടെ നഷ്ടപ്പെട്ടതിൽ വിറങ്ങലിച്ചിരിക്കുന്ന കർഷകരാണു മലബാറിലെ കാഴ്ച. മലപ്പുറത്തു നിലമ്പൂരിലും അരീക്കോട്ടും കണ്ണൂരിലും സ്ഥിതി ഗുരുതരം. 

വിള ഇൻഷുറൻസ് 

പതിനായിരക്കണക്കിനു നേന്ത്രവാഴകളാണു പ്രളയത്തിൽ നാടെങ്ങും നശിച്ചത്. വിള ഇൻഷുറൻസ് പോലുള്ള പദ്ധതികൾ കൃഷിവകുപ്പു നടപ്പാക്കുന്നുണ്ടെങ്കിലും ഇതുപയോഗപ്പെടുത്തിയ കർഷകർ വിരളമാണെന്നാണു കൃഷിവകുപ്പിന്റെ കണക്ക്. പഞ്ചായത്തുകളെയും നഗരസഭകളെയും വിള ഇൻഷുറൻസുള്ള കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഈ പദ്ധതിയെക്കുറിച്ചു കൃഷി ഉദ്യോഗസ്ഥരും തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും കർഷകരെ നേരത്തെതന്നെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ കൃഷിനാശത്തിൽ കർഷകർക്കു വലിയ കൈത്താങ്ങായേനെ. 

‘ലാസ്റ്റ് മൈൽ കണക്ടിവിറ്റി’

ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ട് ഹൈറേഞ്ചിന് അനുകൂലമല്ലാത്തൊരു ആശയമാണ് ‘ലാസ്റ്റ് മൈൽ കണക്ടിവിറ്റി’. വീടിനടുത്തുവരെ റോഡുണ്ടാവുക എന്ന ആശയം നല്ലതാണെങ്കിലും മലനിരകളിൽ ഇതു വലിയ നാശമുണ്ടാക്കും. മണ്ണിടിച്ചിലിനെ കൂടുതൽ രൂക്ഷമാക്കുന്ന ഘടകങ്ങളിലൊന്നാണു മലയോര റോഡുകൾ. പ്രധാന റോഡുകൾ ഇല്ലാതെ ഒരു നാടിനു പിടിച്ചുനിൽക്കാനാവില്ല. എന്നാൽ എല്ലാ വാർഡിലും എല്ലാ വീടുകളിലേക്കും നീളുന്ന റോഡുകൾ എന്ന ആശയത്തെക്കുറിച്ചു പുനർചിന്തിക്കണം.

Muralee-Thummarukudi

ആവേശം, അതിജീവനം

ഇടുക്കിയിലും വയനാട്ടിലും സഞ്ചരിച്ചപ്പോൾ കണ്ട രണ്ടു പ്രത്യേകതകളെക്കുറിച്ചാണു മുരളി തുമ്മാരുകുടിയും ജി. ശങ്കറും പറഞ്ഞത്. സഹായിക്കാൻ രക്ഷാസേനകളൊന്നും ഇവിടെ സജീവമല്ല. പക്ഷേ, പ്രായം മറന്നും ഇവിടത്തുകാർ മരങ്ങൾ വെട്ടിനീക്കുന്നു. മണ്ണിടിഞ്ഞുപോയ റോഡുകൾ പുനർനിർമിക്കുന്നു. 99ലെ വെള്ളപ്പൊക്കത്തിൽ മലകയറിയെത്തിയപ്പോഴത്തെ അതേ ആവേശം, അതേ അതിജീവനം. തദ്ദേശീയരുടെ തളരാത്ത ഊർജ്ജം; അതുതന്നെയാണ് ഏതു നാടിന്റെയും പുനർനിർമാണത്തിന്റെ  അടിത്തറ.

ഇരുവഞ്ഞിപ്പുഴ ഭ്രാന്തിയായപ്പോൾ!

ഇരുവഞ്ഞിപ്പുഴയിൽ ഇപ്പോൾ മൊയ്തീന്റെ കാഞ്ചനയുടെ മാത്രം കണ്ണുനീരല്ല ഒഴുകുന്നത്. തീരവാസികളെ മുഴുവൻ കണ്ണീരിലാഴ്ത്തി വീടുകളുടെ അടിത്തട്ടിളക്കി മണ്ണുകവർന്നെടുത്തുള്ള ഭ്രാന്തമായ ഒഴുക്കാണിവിടെ. കോഴിക്കോട് ജില്ലയിലെ മുക്കംകടവ് പാലത്തിനടുത്തു നടുവിലേടത്ത് അബ്ബാസിന്റെ വീടിന്റെ മുറ്റത്തെ കിണറിന്റെ ചുവട്ടിൽ 18 അടിയോളം ആഴത്തിലാണു മണ്ണിടിഞ്ഞുപോയത്. വീട്ടിലേക്ക് ഇനി അധികം ദൂരമില്ല. 

വഴിതെറ്റിയൊഴുകിയ പുഴ കുമരനെല്ലൂർ കാരമൂലയിൽ തേക്കിൻകണ്ടി ചെല്ലക്കുട്ടിയുടെ വീട് തകർത്തു. ബാക്കിവച്ച ഇത്തിരി അടുക്കളയിൽ ചെറുകലത്തിൽ കഞ്ഞിവയ്ക്കുകയാണു ചെല്ലക്കുട്ടി. 

ഇത്തവണത്തേത് അസാധാരണ പ്രളയമായിരുന്നെങ്കിലും പുഴയോരം സംരക്ഷിക്കാനുള്ള ശ്രമങ്ങളിലെ വീഴ്ച ഇവിടെ കാണാമെന്നു മുരളി പറയുന്നു. മുളകൾ വച്ചുപിടിപ്പിക്കുക, രാമച്ചംപോലെ വേരുറപ്പിക്കുന്നവ നടുക അങ്ങനെ പുഴയോരം ശക്തിപ്പെടുത്തിയേ തീരൂ.

WAYNAD-HOUSE-FALL

കേരളത്തിന്റെ ടൂറിസത്തിന് എന്തു പോംവഴി ? നടത്താം ‘ഗ്രേറ്റ് എസ്കേപ്പ് ’

വയനാടിന്റെയും മൂന്നാറിന്റെയും  നട്ടെല്ലൊടിഞ്ഞതോടെ കേരളത്തിലെ ടൂറിസം അത്യാസന്നനിലയിലാണെങ്കിലും നിരാശരാകേണ്ട സമയമല്ല. ഗ്രേറ്റ് എസ്കേപ്പ് എന്ന തായ്‌ലൻഡ് സൂത്രം ഉപയോഗിക്കാം.

ടൂറിസത്തെ മാത്രം ആശ്രയിച്ചു നിലനിൽക്കുന്ന ബാങ്കോക്ക് 2011ലെ വെള്ളപ്പൊക്കത്തിൽ പ്രതിസന്ധിയിലായി. ഹോട്ടൽ ബുക്ക് ചെയ്തിരുന്നവരൊക്കെ ബുക്കിങ് ക്യാൻസൽ ചെയ്യാൻ തുടങ്ങി. ബാങ്കോക്കിലേക്കുള്ള യാത്ര ഉപേക്ഷിച്ചു തുടങ്ങി. അന്ന് അവിടത്തെ സർക്കാർ ടൂറിസത്തെ പിടിച്ചുനിർത്താനുപയോഗിച്ച തന്ത്രമാണു ‘ഗ്രേറ്റ് എസ്കേപ്പ്’. 

മുങ്ങുന്ന സ്ഥലങ്ങളിൽനിന്നു രക്ഷപ്പെടൂ. തായ്‌ലൻഡിൽ മുങ്ങാത്ത സ്ഥലങ്ങളുണ്ട്. വിനോദസഞ്ചാരികളെ അവിടേക്കു വിമാനടിക്കറ്റ് സൗജന്യമായി നൽകി മാറ്റി ഇറക്കി. ബാങ്കോക്കിലെ ഹോട്ടൽ ബുക്കിങ്ങുകൾ മറ്റിടങ്ങളിലേക്കു മാറ്റി നൽകി. രാജ്യത്തിന്റെ കൂടി ‘ഗ്രേറ്റ് എസ്കേപ്പ്’ ആയി ഈ പരീക്ഷണം.. വിനോദസഞ്ചാരികളെ നിലനിർത്തിക്കൊണ്ടുതന്നെ ബാങ്കോക്കിനെ രക്ഷിച്ചെടുത്തു.

Muralee-Thummarukudi

∙ മുരളി തുമ്മാരുകുടി: കഴിഞ്ഞവർഷം കടുത്ത വരൾച്ചയാണ്  വയനാടിനെ വെല്ലുവിളിച്ചത്. പിന്നെ കാട്ടുതീയും. ഇപ്പോൾ അപ്രതീക്ഷിതമായുണ്ടായ കനത്തമഴയും മണ്ണിടിച്ചിലും. ഇവിടെ കാലാവസ്ഥാ വ്യതിയാനത്തെ കരുതിവേണം കൃഷിയും നിർമിതികളും.

G-shankar

∙ ജി. ശങ്കർ: ഭൂമിയുടെ കിടപ്പിനനുസരിച്ചുള്ള വീടുനിർമാണമാണു മലയോരത്തെ ഏക പോംവഴി. ഇതിനായി സമഗ്ര പഠനം വേണം. വാസയോഗ്യമല്ലാത്ത ഭൂമിയേതെന്നു കണ്ടെത്തിക്കൊടുക്കേണ്ടതു ജിയോളജിസ്റ്റുകളാണ്. ഹിൽ ഡവലപ്മെന്റ് അതോറിറ്റി ഇടുക്കിയിലും വയനാട്ടിലും അനിവാര്യം.

(നാളെ പരിചയപ്പെടാം; രാജ്യാന്തര പുനർനിർമാണ മാതൃകകൾ)

related stories