Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം മാറ്റുന്ന മുൻഗണനകൾ

Author Details
Keraleeyam

സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പ്രളയാനന്തര മുഖപ്രസംഗത്തിലെ ഈ പരാമർശങ്ങൾ ശ്രദ്ധേയമായിരുന്നു: ‘പ്രളയത്തിനിടയാക്കിയത് അപ്രതീക്ഷിതവും അസാധാരണവുമായ മഴയാണെങ്കിലും ചിലയിടത്തെങ്കിലും അതിന്റെ ആഘാതം വർധിപ്പിച്ചതു പരിസ്ഥിതിക്കുമേലുള്ള അനിയന്ത്രിതമായ ഇടപെടലാണ്. മലയിടിച്ചിലിന് ഇടയാക്കുന്നവിധത്തിലുള്ള വനനശീകരണവും ജലശേഖരണസംവിധാനങ്ങൾ ഇല്ലാതാക്കി തണ്ണീർത്തടങ്ങൾ നികത്തുന്ന പ്രവണതയും തടയണം. ക്വാറികൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടിവരും’. 

ഇതു ദേശാഭിമാനി ചീഫ് എഡിറ്റർ പി. രാജീവിനുണ്ടായ എന്തെങ്കിലും വീണ്ടുവിചാരമല്ല. പ്രളയം വിലയിരുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിച്ചേർന്ന തിരിച്ചറിവും ഏറ്റുപറച്ചിലുമാണ്. 

കീഴാറ്റൂരിൽ സമരം ചെയ്ത വയൽക്കിളികളെ വയൽക്കഴുകന്മാരെന്നു നിയമസഭയിൽ അടച്ചാക്ഷേപിച്ച മന്ത്രി ജി. സുധാകരനാണ് കുട്ടനാട്ടിൽ കഴിഞ്ഞദിവസം ബക്കറ്റും ചൂലുമായി ശുചീകരണത്തിനു മുന്നിൽ നിന്നത്. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിലും പരിസ്ഥിതി മൗലികവാദത്തെക്കുറിച്ചു വ്യാകുലപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിന്റെ ചിന്തയിലും മനോഭാവത്തിലും മാറ്റം വരുമെന്ന വ്യക്തമായ സൂചനകൾ നൽകിക്കഴിഞ്ഞു.

സിപിഎമ്മിലെ കണക്കുതീർക്കലുകൾ

ഇതു പ്രളയം വരുത്തിയ വീണ്ടുവിചാരം മാത്രമായി ചുരുക്കിക്കാണാൻ കഴിയില്ല. വികസനവും പരിസ്ഥിതിയും സിപിഎമ്മിൽ എന്നും പ്രത്യയശാസ്ത്രപരമായ വടംവലികൾക്കു കാരണമായിരുന്നു. അതിൽ വികസനവിരുദ്ധരുടെ നേതാവെന്ന ആക്ഷേപമാണു വി.എസ്. അച്യുതാനന്ദൻ  നേരിട്ടിരുന്നത്. അതിനു മറുപടിയായാണു നിയമസഭയിലെ പ്രളയചർച്ചയിൽ വികസനം ജനങ്ങൾക്കു മേലെ ദുരന്തമായി വീഴാൻ പാടില്ലെന്നു വിഎസ് തുറന്നടിച്ചത്. 

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായി മാത്രമാണു കേരളം പരിഗണിച്ചതെന്ന ആക്ഷേപത്തിലൂടെ വിഎസ് ഉന്നമിട്ടതു സിപിഎമ്മിനെയും പിണറായി വിജയനെയും തന്നെയാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്ക് എതിരായിരുന്നു പാർട്ടി. 2013 ഡിസംബർ എട്ടിനു കോഴിക്കോട്ടെ കോടഞ്ചേരിയിൽ ഇതിനെതിരെ സംഘടിപ്പിച്ച മലയോര ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യാൻ അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ തയാറായി. പൈതൃകസംരക്ഷണത്തിന്റെ മറവിൽ രാജ്യാന്തര ഏജൻസികളിൽനിന്നു കോടികൾ തട്ടിയെടുക്കുന്ന സന്നദ്ധസംഘടനകളാണ് ഇതിനു പിന്നിലെന്ന് ആ യോഗത്തിൽ പിണറായി ആഞ്ഞടിച്ചു. 

ഇപ്പോൾ കലിയെല്ലാം പ്രകൃതി തീർത്തയുടൻ അതേ മാധവ് ഗാഡ്ഗിലിനു നീണ്ട ഇടവേളയ്ക്കുശേഷം കേരളത്തിൽ ഒരു വേദി ലഭിച്ചു. സിപിഐക്കാർക്കു മുൻതൂക്കമുള്ള അഭിഭാഷകസംഘടനയാണ് അതിനു മുൻകൈ എടുത്തതെങ്കിൽ സി. അച്യുതമേനോൻ സെന്ററിന്റെ ബാനറിൽ സിപിഐ നേരിട്ടു സംഘടിപ്പിക്കുന്ന സെമിനാറിനും ഗാഡ്ഗിലിനെ കൊണ്ടുവരാൻ ശ്രമിക്കുന്നു. 

പ്രളയം നേതാക്കളുടെയും പാർട്ടികളുടെയും ചിന്തയിലും സമീപനത്തിലും ഇതുപോലെ വൻ മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്. നിയമസഭയിലും പുറത്തും ഭൂമി സംബന്ധിച്ച സിപിഎമ്മിന്റെ പൊതുനയത്തിനു വിരുദ്ധമായി എന്തും വിളമ്പാൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന് അനുവാദമുണ്ടായിരുന്നു. അതെല്ലാം മൂന്നാറിന്റെ വികാരമാണെന്നു പറഞ്ഞു ന്യായീകരിക്കാനും നേതാക്കളുണ്ടായി. എന്നാൽ സഭയിലെ പ്രളയചർച്ചയിൽ ‘പാണ്ഡിത്യം’ വിളമ്പിയ രാജേന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുത്തി. രാജേന്ദ്രന്റെ വാദങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ‘സിപിഎമ്മിന്റെ നയമാണു ഞാൻ പറയുന്നത്’ എന്നു വ്യക്തമാക്കി ആദ്യമായി തള്ളിപ്പറഞ്ഞു. തോമസ് ചാണ്ടിയുടെയും പി.വി. അൻവറിന്റെയും സഭാപ്രഭാഷണങ്ങൾ ഇടതു കർണങ്ങളെ ആദ്യമായി ചുട്ടുപൊള്ളിച്ചു.

മാറുന്ന അജൻഡകൾ

പ്രളയം കേരളത്തിന്റെതന്നെ മുൻഗണനകൾ മാറ്റിമറിക്കുകയാണ്. അതുകൊണ്ടാണ് ഇ.പി. ജയരാജൻ മന്ത്രിയായപ്പോൾ കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ് സ്ഥാനം വാങ്ങിച്ചെടുത്ത സിപിഐ, പിന്നീട് അതെക്കുറിച്ചു മിണ്ടാതിരിക്കുന്നത്; എന്നെങ്കിലും തങ്ങൾ ഏറ്റെടുക്കുമെന്നുപോലും പറയാതിരിക്കുന്നത്. 

ജയരാജൻ കടന്നുകൂടിയത് അപ്പോൾ കഷ്ടിച്ചാണ്. മന്ത്രിസഭാവികസനത്തിന്റെ പേരിലെ സിപിഎം–സിപിഐ തർക്കം ഒരാഴ്ച കൂടി നീണ്ടിരുന്നുവെങ്കിൽ, പ്രളയത്തിനുമുമ്പ് അവസാനിച്ചിരുന്നില്ലെങ്കിൽ പുതിയ മന്ത്രിയെ വാഴിക്കേണ്ട സമയമല്ലല്ലോ ഇതെന്നു സിപിഎമ്മിനു കരുതേണ്ടിവരുമായിരുന്നു. 

നെൽവയൽ–തണ്ണീർത്തട നിയമത്തിലെ വിവാദഭേദഗതിയുമായി സർക്കാരിനു മുന്നോട്ടു വരാനും കഴിയുമായിരുന്നോ? സംശയമാണ്. വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച സിപിഐ നിർവാഹകസമിതിയുടെ ഇക്കഴിഞ്ഞദിവസത്തെ പ്രമേയം കയ്യിൽവച്ച് ആ ബിൽ പൈലറ്റ് ചെയ്യാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ വിയർക്കുമായിരുന്നു. 

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പുതന്നെ പ്രളയത്തിനു ശേഷമായിരുന്നുവെങ്കിൽ എന്നു ചിന്തിച്ചാൽ അന്തവും കുന്തവും കിട്ടില്ല. കെടുതിക്കിടയിലും ബക്രീദും തിരുവോണവും ഒരുമിച്ച് ഒരു ക്യാംപിൽ ആഘോഷിച്ച്, ജീവിതം കൈകോർത്തു തിരിച്ചുപിടിച്ചവരുടെയിടയിലേക്കു ജാതിയും മതവും പറഞ്ഞ് ആർക്കിറങ്ങാൻ കഴിയുമായിരുന്നു!

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സർക്കാരിനു നേതൃത്വം കൊടുക്കുന്ന മന്ത്രി ജയരാജൻ 2010 ഓഗസ്റ്റ് 22നു കണ്ണൂർ വളപട്ടണത്തെ കണ്ടൽ തീം പാർക്ക് ഉദ്ഘാടനം ചെയ്ത് ഇങ്ങനെ ഒരു കണ്ടെത്തൽ നടത്തിയിരുന്നു. ‘ഈ ശാസ്ത്രജ്ഞന്മാരെന്നു നടിക്കുന്ന പലരും അപരിഷ്കൃതരും വിവരമില്ലാത്തവരുമാണ്. സഞ്ചിയും തൂക്കി ബുദ്ധിജീവികളെന്നു നടിക്കുന്ന ഇവർ നൂറ്റാണ്ടുകൾക്കു മുന്നിൽ ജീവിക്കേണ്ടവരാണ്’.  

ഈ നൂറ്റാണ്ടിലല്ല, ഈ നിമിഷം തന്നെ അവരിൽ പലരുടെയും സേവനം കേരളത്തിനു വേണ്ടിവരുമെന്നു ജയരാജൻ ഇപ്പോൾ തിരിച്ചറിയാതിരിക്കില്ല.

related stories