Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർബന്ധിത പിരിവ് അരുത്

മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ പുനർനിർമിതിക്ക് ഇനിയുള്ള വെല്ലുവിളി, വലിയ തോതിൽ പണം കണ്ടെത്തലാണ്. അടിസ്ഥാനസൗകര്യ പുനർനിർമാണത്തിന് 30,000 കോടി രൂപയാണ് ധനമന്ത്രി കണക്കാക്കുന്നത്. ഇതു സ്വരുക്കൂട്ടാൻ എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തണം എന്നതിൽ തർക്കമില്ല. കേരളത്തിലേക്കു സഹായമൊഴുക്ക് തുടരുന്നുണ്ടെങ്കിലും ഈ തുകയുടെ ചെറിയൊരുഭാഗം മാത്രമേ ആകുന്നുള്ളൂ. 

പണം കണ്ടെത്താൻ മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയമാണ് ഒരുമാസത്തെ വേതനം സർക്കാരിന് എന്നത്. ഇക്കാര്യത്തിൽ ഇനി ജനങ്ങൾ സ്വമേധയാ തീരുമാനമെടുക്കുകയാണു വേണ്ടതെങ്കിലും സർക്കാർ ജീവനക്കാർ ഒരുതരം നിർബന്ധിതാവസ്ഥയിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണ്. എല്ലാവരുടെയും ഒരുമാസത്തെ ശമ്പളം പിടിക്കും; തയാറല്ലാത്തവർ അക്കാര്യം എഴുതിനൽകണം എന്ന നിലപാടാണ് കഴിഞ്ഞ ദിവസം സർക്കാർ സ്വീകരിച്ചത്. ഇതിലെ നിയമതടസ്സവും അനൗചിത്യവും തിരിച്ചറിഞ്ഞ് ചെറിയൊരു മാറ്റത്തിന് ഇപ്പോൾ തയാറായി – ശമ്പളം നിർബന്ധിതമായി ഈടാക്കില്ല; എന്നാൽ, അതിനായുള്ള പ്രചാരണവും ജീവനക്കാരുടെ മേൽ സമ്മർദവും തുടരും. ഇത് നിർബന്ധിത പിരിവിന്റെ മറ്റൊരു മുഖം തന്നെയാണ്. 

ജീവനക്കാർ മാത്രമല്ല, സാധാരണക്കാരും പലതരത്തിലുള്ള നിർബന്ധിതപിരിവുകൾക്കും സമ്മർദങ്ങൾക്കും ഇരയാകുന്നുണ്ട്. ദുരിതാശ്വാസത്തിന്റെ പേരുപറഞ്ഞ് പിരിവിനിറങ്ങുന്ന പല സംഘങ്ങളും ഭീഷണിസ്വരമുയർത്തുന്നതും പിടിച്ചുപറിയുടെ വക്കോളമെത്തുന്നതും ഒട്ടും അഭിലഷണീയമല്ല. പ്രളയത്തിന്റെ ദുരിതകാലം കഴിഞ്ഞശേഷവും കടകളിൽനിന്നും മറ്റുമൊക്കെ സാധനങ്ങൾ കൊണ്ടുപോയതായി പലരും തുറന്നുപറഞ്ഞു. അപമാനം ഭയന്ന് പണം നൽകേണ്ടിവന്നവരുമുണ്ട്. 

ഒരു മാസത്തെ വേതനമോ അതിനേക്കാൾ വലിയ തുകയോ നൽകാൻ സന്നദ്ധരായ ഒട്ടേറെ ജീവനക്കാരുണ്ട്. പലരും ഇതിനകം കൊടുക്കുകയും ചെയ്തു. എന്നാൽ, അതു തന്നേ തീരൂ എന്ന വാശിയും സമ്മർദവും ശരിയല്ല. പ്രളയദുരിതം നേരിട്ട ലക്ഷക്കണക്കിനു ജനങ്ങളിൽ അനേകായിരം സർക്കാർ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഉൾപ്പെടുമെന്നതു മറന്നുകൂടാ. പുതുജീവിതം നെയ്തെടുക്കാൻ അവരും പാടുപെടുകയാണ്. ഓരോ വ്യക്തിക്കും അവരുടേതായ താൽപര്യങ്ങളും മുൻഗണനകളും ബാധ്യതകളും ഉണ്ട്. അത് തികച്ചും വ്യക്ത്യധിഷ്ഠിതമാണ്. വീടിനും വാഹനത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനുമൊക്കെയായി എടുത്ത വായ്പ ഓരോ മാസവും തിരിച്ചടയ്ക്കേണ്ടവരുണ്ട്. രോഗചികിൽസയ്ക്കും മരുന്നിനുമായി പതിനായിരങ്ങൾ‌ ചെലവിടേണ്ടിവരുന്നവരുണ്ട്. ശമ്പളം ഇങ്ങനെ കൂട്ടിക്കിഴിച്ച് പലഭാഗങ്ങളാക്കി ഓരോ മാസവും കടന്നുകൂടേണ്ടവർ കുറച്ചൊന്നുമല്ല. 

മറുവശത്ത്, സർക്കാരിന്റെ വരുമാനത്തിൽ നല്ല പങ്കും ശമ്പളത്തിനും പെൻഷനുമായാണ് ചെലവിടുന്നത് എന്ന കാര്യം ജീവനക്കാർക്കും മറക്കാതിരിക്കാം. സ്ഥിരവരുമാനമോ മിനിമം വേതനമോ ഇല്ലാതെ ലക്ഷങ്ങൾ വിവിധ മേഖലകളിൽ പണിയെടുക്കുമ്പോൾ, മുടക്കം കൂടാതെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റാൻ ഭാഗ്യം ലഭിച്ചവരാണവർ. നന്ദി കാണിക്കാനുള്ള അവസരമായി ഇതിനെ എടുക്കാം. 

പുതിയ കേരളം ലക്ഷ്യമിടുമ്പോൾ തന്നെ ആരിലേക്കും ഒന്നും അടിച്ചേൽപ്പിക്കുന്നില്ലെന്നും ദുരന്തം താണ്ടിയെത്തിയവർക്കു കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നില്ലെന്നും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. കാരുണ്യവും അനുകമ്പയുമൊന്നും സമ്മർദം ചെലുത്തി സൃഷ്ടിച്ചെടുക്കേണ്ടതല്ല; സ്വയം തോന്നേണ്ടതാണ്. പണക്കുടുക്കകളുമായി എത്തിയ കുഞ്ഞുങ്ങൾ മുതൽ ഭൂരിഭാഗം സ്വത്തും സർക്കാരിനു ദാനം ചെയ്തവർ വരെയുള്ളവർ കാണിച്ചത് മഹാമനസ്കതയുടെ വലിയ മാതൃകകളാണ്. അവരെയൊന്നും ആരും നിർബന്ധിച്ചതല്ല; സ്വയം മുന്നോട്ടുവരികയായിരുന്നു. 

സർക്കാർ ജീവനക്കാരുടെയോ സാധാരണക്കാരുടെയോ ആരുടേയും പണമോ വസ്തുവകകളോ അവരുടെ പൂർണതൃപ്തിയില്ലാതെ നൽകാൻ സമ്മർദം ചെലുത്തുന്നത് ശരിയല്ല; അത് കാരുണ്യത്തിന്റെ പേരിലാണെങ്കിലും.