Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനർനിർമിക്കാം, പിഴവില്ലാതെ; തകർന്നടിഞ്ഞുപോയ രാജ്യങ്ങൾ തിരിച്ചുവന്ന മാതൃകകൾ മുന്നിലുണ്ട്

Bamboo-house മലയോരങ്ങളിൽ യോജിച്ച വീടിന് ഒരു മാതൃക, വെള്ളംകയറാൻ സാധ്യതയുള്ള ഇടങ്ങളിലെ വീടിന് ഒരു മാതൃക.

യുഎൻ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി, പ്രശസ്ത ആർക്കിടെക്ട്  ജി. ശങ്കർ എന്നിവർ പ്രളയ ദുരന്ത മേഖലകളിലൂടെ ‘മനോരമ’യ്ക്കുവേണ്ടി നടത്തിയ പഠനയാത്രയിലെ കണ്ടെത്തലുകളും നിർദേശങ്ങളും...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇപ്പോൾ കുട്ടികളുടെ കൊച്ചുകുടുക്കയിലെ നാണയങ്ങൾ മുതൽ കൂലിപ്പണിക്കാരന്റെ ദിവസച്ചെലവിലെ മിച്ചംപിടിച്ചതു വരെയുണ്ട്. ഓരോ രൂപ ചെലവഴിക്കുമ്പോഴും കരുതൽ വേണം. പുനർനിർമാണ പദ്ധതികൾ വൈകാനും പാടില്ല. ദുരന്തത്തിൽ ഇതിനേക്കാൾ തകർന്നടിഞ്ഞുപോയ രാജ്യങ്ങൾ തിരിച്ചുവന്ന മാതൃകകൾ നമുക്കു മുന്നിലുണ്ട്.

ലണ്ടനും ആച്ചെയും പഠിപ്പിക്കുന്ന പാഠം

ലോകത്തെ ഏറ്റവും ആസൂത്രിത നഗരമായി കരുതപ്പെടുന്ന ലണ്ടൻ അതിനു നന്ദിപറയുന്നത് 1666ലെ തീപിടിത്തത്തോടാണ്. അന്നു കത്തിയമർന്ന ലണ്ടൻ നഗരം പിന്നീടു കൃത്യമായ ആസൂത്രണത്തോടെയും അഗ്നി സുരക്ഷാ മാർഗങ്ങളോടെയും പുനർനിർമിക്കുകയായിരുന്നു.

വർഗീയ ലഹളകളും കൊലപാതകങ്ങളും മൂലം വിനോദസഞ്ചാരികൾ പോകാൻ പേടിച്ചിരുന്ന പ്രദേശമാണ് ഇന്തൊനീഷ്യയിലെ ആച്ചെ (ache). സൂനാമിയിൽ ഒന്നരലക്ഷം പേർ ഇവിടെ മരിച്ചു. ആച്ചെ മുഴുവൻ തകർന്നു തരിപ്പണമായി. പുതിയ നിർമാണ രീതികൾ കൊണ്ടുകൂടി അച്ചടക്കമുണ്ടാക്കിയ ആച്ചെ ഇപ്പോൾ വിനോദസഞ്ചാരികൾക്കും ഇഷ്ടമുള്ള ഇടമാണ്. 

ഇന്തൊനീഷ്യൻ മോഡൽ: പുനർ നിർമാണ അതോറിറ്റി

സൂനാമിയിൽ 2004ൽ തകർന്നുപോയ ഇന്തൊനീഷ്യ പുനർനിർമിക്കാൻ ബിആർആർ എന്ന പേരിൽ റീകൺസ്ട്രക്‌ഷൻ അതോറിറ്റിയുണ്ടാക്കിയിരുന്നു. അതോറിറ്റി നേരിട്ടു കരാർ കൊടുത്തു കാര്യങ്ങൾ ചെയ്യുന്ന ശൈലിയായിരുന്നില്ല. വിവിധ ഏജൻസികളെ ജോലികൾ ഏൽപിച്ച് അതിന്റെ മേൽനോട്ടം വഹിക്കുകയും നിശ്ചിത കാലാവധിയിൽ ജോലികൾ പൂർത്തീകരിച്ച് അതോറിറ്റി പിരിച്ചുവിടുകയുമാണു ചെയ്തത്.  ലോകത്തിലെ നല്ല പുനർനിർമാണ മാതൃകകളിലൊന്നായാണ് ഇത് അംഗീകരിക്കപ്പെടുന്നത്.

∙ ഒരു അതോറിറ്റി രൂപീകരിച്ചു വേണം കേരളത്തിലെ ദുരന്തമേഖലയുടെ പുനർനിർമാണം നടപ്പാക്കാനെന്നു ജി. ശങ്കറും മുരളി തുമ്മാരുകുടിയും പറയുന്നു.

∙ പൊതുമരാമത്തു വകുപ്പിനെയോ മറ്റോ ഈ ചുമതല ഏൽപിച്ചാൽ നിലവിലുള്ള ജോലിക്കൊപ്പം കിട്ടുന്ന ഒരു അധികചുമതലയായി മാത്രമേ നിർവഹിക്കാനാകൂ.

∙ സിയാൽ, കൊച്ചി മെട്രോ റെയിൽ കോർപറേഷൻ മാതൃകയിൽ സമയബന്ധിതമായി പ്രവർത്തിക്കുന്ന അതോറിറ്റിയാണു വേണ്ടത്. മൂന്നോ അഞ്ചോ വർഷ കാലാവധി നിശ്ചയിച്ച് അതിനുള്ളിൽ പ്രവർത്തനം പൂർത്തിയാക്കി അതോറിറ്റി പിരിച്ചുവിടണം. 

∙ കേരളത്തിലെ ഏറ്റവും കാര്യക്ഷമതയുള്ളതും വിശ്വാസ്യതയുള്ളതുമായ ഒരു സംഘം ഉദ്യോഗസ്ഥരാവണം ഇതിന്റെ തലപ്പത്ത്.

∙ ഫണ്ട് വകമാറ്റപ്പെടാനും അർഹരെ തഴയാനുമുള്ള സാധ്യതകൾ പൂർണമായും ഒഴിവാക്കണം. എന്തൊക്കെയാണു ചെയ്യേണ്ടതെന്നതിന്റെ പഠനം (നീഡ്സ് അസസ്മെന്റ്) ഈ അതോറിറ്റി നടപ്പാക്കി പ്രസിദ്ധീകരിക്കണം.

∙ ഏത് ഏജൻസികൾ നവീകരണ പ്രവർത്തനവുമായി സഹകരിച്ചാലും അത് ഈ ഏജൻസി വഴിയാവണം.

ഗുജറാത്ത് മോഡൽ: ഏജൻസി – ഇൻവെസ്റ്റർ സംഗമം

ഗ്ളോബൽ ഇൻവെസ്റ്റർ സമ്മിറ്റിന്റെ (ജിം) മാതൃകയിൽ, കേരളത്തെ പുനർനിർമിക്കുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കാൻ തയാറുള്ള രാജ്യാന്തര ഏജൻസികളുടെയും കമ്പനികളുടെയും സംഗമം അതോറിറ്റി വിളിക്കണം. ലോകബാങ്ക്, എഡിബി പോലുള്ളവയ്ക്കു പുറമേ വിദേശത്ത് വേരൂന്നിയിട്ടുള്ള മലയാളികളുടെ വലിയ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ഇതിലേക്കു വിളിച്ചു കൂട്ടണം. ഫണ്ട് വാങ്ങാൻ മാത്രമായിരിക്കരുത് ഈ സംഗമം. പുനർനിർമിക്കേണ്ട കാര്യങ്ങൾ ചെറിയ പാക്കേജുകളായി ഇവരുടെ മുന്നിൽ അവതരിപ്പിക്കണം. ഒരു പ്രദേശത്തെ നൂറു വീടുകൾ, ഒരു ജില്ലയിലെ നാലു സ്കൂളുകൾ എന്നിങ്ങനെ. അതേറ്റെടുക്കാൻ ഏജൻസികളും കമ്പനികളും തയാറാകും. ഭൂമി കുലുക്കത്തിനുശേഷം ഗുജറാത്ത് പുനർനിർമാണം നടപ്പാക്കിയത് ഇങ്ങനെയൊരു സംഗമത്തിലൂടെയാണ്.

ജപ്പാൻ മോഡൽ: കരുതലേകാം, ദത്തെടുക്കാം

സൂനാമിയിൽ തകർന്നടിഞ്ഞ ജപ്പാനിലെ സ്കൂളുകൾ പുനരുദ്ധരിക്കാൻ ഏറ്റവും ഫലപ്രദമായത് ‘സ്കൂൾ ദത്തെടുക്കൽ’ പദ്ധതിയാണ്. തകർന്നുപോയ സ്ഥലത്തെ സ്കൂളുകളെ രാജ്യത്തിന്റെ മറ്റേതെങ്കിലുമൊരു ഭാഗത്തെ സ്കൂൾ ദത്തെടുക്കുന്നതായിരുന്നു ഇത്. കേരളത്തിൽ നമുക്കിതു കുറച്ചുകൂടി വിപുലമാക്കാം. രാജ്യാന്തര ബിസിനസ് ശൃംഖലയുള്ള ഒരു കമ്പനിക്ക് 100 വീടുകളെ ദത്തെടുക്കാൻ കഴിഞ്ഞേക്കും. നാലുലക്ഷം രൂപയ്ക്കു തീർക്കാവുന്ന വീടിന്റെ മാതൃക മുൻകൂട്ടി നൽകണം. നൂറുവീടിനു നാലുകോടി രൂപയേ വരൂ. ആയിരം വീടിന്റെ നിർമാണം പോലും ഏറ്റെടുക്കാവുന്ന കമ്പനികൾ ധാരാളം. 

റോഡുകൾ, പാലങ്ങൾ പോലുള്ള ഇൻഫ്രാ സ്ട്രക്ചർ റീബിൽഡിങ്ങിനു വേൾഡ് ബാങ്ക് പോലുള്ള ഏജൻസികളാവും ഉചിതം. അതേസമയം തകർന്നുപോയ പാണ്ടനാട് പുനർനിർമിക്കാൻ സാധ്യമായൊരു പദ്ധതിയുണ്ടാക്കിയാൽ ഏറ്റെടുക്കാൻ അവിടത്തെ വിദേശമലയാളികളുടെ കൂട്ടായ്മകളെ പങ്കെടുപ്പിക്കാം. കേരളത്തിലെ സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ പൂർവവിദ്യാർഥി കൂട്ടായ്മകളെ ഏൽപിക്കാം.

ചിലെ മോഡൽ: വീടുകൾ ഒന്നുപോലെ

ചിലെയെ 2010ൽ തകർത്തെറിഞ്ഞ ഭൂമികുലുക്കത്തിനുശേഷം വീടുകൾ പുനർനിർമിച്ച മാതൃക കേരളത്തിലും പരീക്ഷിക്കാം. അവിടെ കമ്പനികൾക്ക് രണ്ടുതരം വീടുകളുടെ രൂപകൽപന നടത്താൻ നിർദേശം നൽകി. ഒന്ന് സർക്കാർ നൽകുന്ന തുകയ്ക്കു തീർക്കാവുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള രൂപകൽപന. രണ്ടാമത്തേത് സ്വന്തമായി പണം മുടക്കാൻകൂടി കഴിയുന്നവിധം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവർക്കായുള്ള കൂടുതൽ സൗകര്യമുള്ള രൂപകൽപന. ഇരകളായവർക്ക് ഇതിലേതും തിരഞ്ഞെടുക്കാം. സർക്കാർ മുടക്കുന്ന തുക തുല്യമായിരിക്കുമെന്നു മാത്രം. കേരളത്തിലും ഇതു പ്രായോഗികം.

ജപ്പാൻ, ബ്രസീൽ മോഡൽ: നഗരങ്ങൾ ‘മാറ്റിമറിക്കാം’

ജപ്പാൻ: കടലോരമേഖലകൾ പാർപ്പിട, നഗര മേഖലകളായിരുന്നു. കാർഷികമേഖല അതിനു പിന്നിലെ ചെരിവുകളിൽ. സൂനാമി പലതവണ ഈ ജനവാസമേഖലയും വൻ കെട്ടിടസമുച്ചയങ്ങളും തകർത്തപ്പോൾ അവർ പഠിച്ചതു പുതിയ വികസനപാഠം. സൂനാമി അടിച്ചുകയറുന്ന അളവ് രേഖപ്പെടുത്തി ജനവാസമേഖലയെയും നഗരങ്ങളെയും ഇതിനു പിന്നിലേക്കു മാറ്റി. പകരം ധാന്യപ്പാടങ്ങൾ തീരത്തേക്കും മാറ്റി. സൂനാമിയിൽ കൃഷി നശിച്ചാലും നഷ്ടത്തിന്റെ അളവുകുറയും. 

ബ്രസീൽ: തീരദേശത്തു നിന്നു ജനവാസമേഖല പിന്നിലേക്കു നീക്കിയെടുത്തത് പതിറ്റാണ്ടുകൾ കൊണ്ടാണ്. പകരം ഈ ഭാഗത്ത് ഇപ്പോൾ ഫുട്ബോൾ മൈതാനങ്ങളും മറ്റുമാണ്. വെള്ളം കയറിയാൽ കുറച്ചുദിവസം കളിമുടങ്ങും; അത്രമാത്രം.

∙ ആലുവയും ചാലക്കുടിയും ചെങ്ങന്നൂരും പോലെ പ്രളയം രൂക്ഷമായി ആക്രമിച്ച നഗരങ്ങളെ വിദഗ്ധരെ ഉപയോഗിച്ചു റീഡിസൈൻ ചെയ്യണം.

ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, അഗ്നിശമന സേന, കൺട്രോൾ റൂമുകൾ ഇവയൊക്കെ നഗരത്തിൽതന്നെ വെള്ളം കയറാത്ത സ്ഥലങ്ങൾ കണ്ടെത്തി സ്ഥാപിക്കണം. ആലുവയിൽ നഗരമധ്യത്തിലുള്ള ജയിൽ പോലുള്ള സ്ഥാപനങ്ങൾ ദൂരേക്കു മാറ്റിയും സ്ഥലം കണ്ടെത്താം. 

നേപ്പാൾ മോ‍‍ഡൽ: ‘ഇക്കോ സേഫ് റോഡ് ’ 

മലയോരമേഖലയിലെ റോഡുകൾ പുനർനിർമിക്കുകയാണു സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ചില റോഡുകൾ ഉപേക്ഷിക്കേണ്ട സ്ഥിതിയിലുമാണ്. ഇതിനേക്കാൾ ചെങ്കുത്തായ മലനിരകളുള്ള നേപ്പാളിൽ പരിസ്ഥിതി സൗഹൃദ റോഡുകളുണ്ടായതിനു പിന്നിൽ യുഎൻ പരിസ്ഥിതി സംഘടന നൽകിയ പരിശീലനം നിർണായകമായിരുന്നെന്നു മുരളി തുമ്മാരുകുടി പറയുന്നു. ഇതിനായി യുഎന്നിന് ഒരു ട്രെയിനിങ് മോഡലുണ്ട്. മലയിൽ റോഡ് വെട്ടുമ്പോൾ മണ്ണിടിച്ചിലുണ്ടാകാതെ എങ്ങനെ നോക്കാമെന്ന കാര്യത്തിൽ കേരളത്തിലെ എൻജിനീയർമാർക്ക് യുഎന്നിന്റെ പരിശീലനം നേടാം. 

തലയോലപ്പറമ്പ് മോഡൽ: ‘ സേവ് എ ഫാമിലി’

വെള്ളം കയറാത്ത വീട്ടുകാർ വെള്ളം കയറിയ വീടുകളെ ദത്തെടുക്കുന്ന സംവിധാനം ഇപ്പോൾത്തന്നെ പരീക്ഷിച്ചു തലയോലപ്പറമ്പിൽ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ഇരുപതോളം വീടുകൾ ദത്തെടുക്കാൻ ആളെ ലഭിച്ചു. സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺ പുതുവയുടെ നേതൃത്വത്തിലാണ് പദ്ധതി. ആവശ്യമുള്ള ഫർണിച്ചർ വാങ്ങിനൽകുക, കുട്ടികളുടെ വിദ്യാഭ്യാസമേറ്റെടുക്കുക എന്നിങ്ങനെയുമാകാം ദത്തെടുക്കൽ. പൂർണമായി തകർന്ന വീടുകൾ, അറ്റകുറ്റപ്പണി ചെയ്യേണ്ട വീടുകൾ എന്നിവയുടെ നിർമാണവും ഏറ്റെടുക്കുന്നുണ്ട്. 

തകർന്ന വീടുകൾക്കു പരിഹാരം കാണാം

∙ വീടുകൾ നിർമിക്കാൻ പുനർനിർമാണമേഖലയിലെ മുൻപരിചയമുള്ള സർക്കാരിന്റെ അക്രെഡിറ്റഡ് ഏജൻസികളെ ഉപയോഗിക്കുക. 

∙ അതതു നാട്ടിലെ വിഭവശേഷി, തകർന്നുപോയ വീടിന്റെ പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ – ഇവ ഉപയോഗപ്പെടുത്തണം. നേപ്പാളിൽ ഭൂകമ്പം തകർത്ത സ്ഥലങ്ങളിൽ ഇങ്ങനെയാണു ചെയ്തത്.

∙ പരിസ്ഥിതി സൗഹൃദമായ വീടുകൾ മാത്രമേ പുനർനിർമിക്കാവൂ. കുട്ടനാട്, വയനാട്, ഇടുക്കി മേഖലകളിൽ പ്രത്യേകം വീടുകൾ ഡിസൈൻ ചെയ്യണം.

∙ ചെറിയ വിള്ളലുകളും വീഴ്ചകളുമുള്ള വീടുകളിൽ ഉറപ്പു പരിശോധിച്ച ശേഷം സംരക്ഷിച്ചു നിർത്താവുന്നവ കേടുപാടു തീർത്ത് നിലനിർത്തണം.

∙ ലൈഫ് മിഷൻ, ആവാസ് യോജന തുടങ്ങി സംസ്ഥാന, കേന്ദ്രാവിഷ്കൃത പദ്ധതികൾ സംയോജിപ്പിച്ചു പാക്കേജ് ഉണ്ടാക്കിയാൽ ഫണ്ട് വലിയ തലവേദനയാവില്ല. 

∙ വിണ്ടുകീറിയതും മണ്ണ് ഇടിഞ്ഞുതാഴ്ന്നതുമായ മേഖലയിലെ വീടുകൾ പുനർനിർമിക്കണം. പക്ഷേ, അത് അവിടെത്തന്നെ വേണമോ എന്നതു പുനരാലോചിക്കണം.

∙ പ്രളയം, ഭൂകമ്പം, മണ്ണിടിച്ചിൽ, തീപിടിത്തം തുടങ്ങി ദുരന്തനിവാരണ നിയമങ്ങൾകൂടി ചേർത്ത് കെട്ടിടനിർമാണചട്ടങ്ങൾ പരിഷ്കരിക്കണം. 

∙ ഭൂമിയുടെ കിടപ്പ്, ജല ഗമന, നിർഗമന മാർഗങ്ങൾ ഇവ പഠിച്ച് വീടുനിർമാണത്തിൽ സഹായിക്കേണ്ടത് ജിയോളജിസ്റ്റുകളാണ്. അവരുടെ വൈദഗ്ധ്യം സാധാരണക്കാർക്കു ലഭ്യമാക്കണം.

(ആർക്കിടെക്ട് ജി. ശങ്കറിന്റെ നിർദേശങ്ങൾ)

MURALEE-THUMMARUKUDI-1

∙ മുരളി തുമ്മാരുകുടി: ഏതെങ്കിലുമൊരു രാജ്യത്തെ പുനർനിർമാണ ശൈലി അതേപടി കേരളത്തിനു സ്വീകരിക്കാനാവില്ല. നല്ല മോഡലുകളുടെ ഒരു സങ്കലനമാവും പ്രായോഗികം. നെതർലൻഡ്സ് മാതൃക കുട്ടനാട്ടിലും ആലപ്പുഴയിലും ആശ്രയിക്കാം. മലയോരങ്ങളിലെ പ്രശ്നങ്ങൾക്കു നേപ്പാൾ മാതൃക.

G-shankar

∙ ജി. ശങ്കർ‌: കേരളത്തിലെ നിർമാണ മേഖലയുടെ വൈദഗ്ധ്യം കൂടി വെളിപ്പെട്ട ദുരന്തമാണ് ഈ പ്രളയം. 20 ലക്ഷം വീടുകളിലെങ്കിലും വെള്ളം കയറിയെങ്കിലും തകർന്ന വീടുകളുടെ എണ്ണം താരതമ്യേന കുറവാണെന്നത് ആശ്വാസം നൽകുന്നു.

അവസാനിച്ചു

related stories