Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ ദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം ഭരണഘടനാപരമായ അവകാശം

Flood-Alappuzha

നേരിട്ട ഏറ്റവും വലിയ ദുരന്തത്തിൽനിന്ന് കേരളം ഇനിയും കരകയറിയിട്ടില്ല. പ്രളയത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള രാഷ്്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിൽ ജനപക്ഷത്തുനിന്ന് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സുപ്രധാന വിഷയമാണ് ദുരന്തത്തിന്റെ ഇരകളുടെ അവസ്ഥ. 

2005ലെ ദുരന്ത മാനേജ്മെന്റ് നിയമത്തിൽ ‘ദുരന്ത’ത്തിനുള്ള നിർവചനത്തിൽ അനാസ്ഥയാലോ അപകടത്തിലൂടെയോ മനുഷ്യർ സൃഷ്ടിക്കുന്ന ദുരന്തങ്ങളും ഉൾപ്പെടുന്നു. അപ്പോൾ ഉന്നയിക്കപ്പെടേണ്ട പ്രസക്തമായൊരു ചോദ്യമിതാണ്: പൗരൻമാരെ ദുരിതങ്ങളിൽനിന്നു സംരക്ഷിക്കാൻ ബാധ്യസ്ഥരായ സർക്കാരിന്റെ അല്ലെങ്കിൽ അധികാരികളുടെ പിഴവുമൂലം എത്ര മരണങ്ങൾ സംഭവിച്ചു, എത്രപേർ ദുരിതത്തിലായി, എത്രകണ്ട് വസ്തുവകകൾ നഷ്ടപ്പെട്ടു?

അണക്കെട്ടുകൾ തുറന്നതാണോ പ്രളയകാരണമെന്നതു തർക്കവിഷയമാണ്. പെട്ടെന്ന് അമിതതോതിലുണ്ടായ മഴയാണ് പ്രളയകാരണമെന്നു കരുതുക. വേണ്ടത്ര മുന്നറിയിപ്പു നൽകാനും അതുവഴി ജീവന്റെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കാനും സർക്കാരിനു ബാധ്യതയില്ലായിരുന്നോ? സർക്കാർ അതു ചെയ്തോ? അമിത മഴയുടെ കാരണം ആഗോളതാപനമാണെങ്കിൽ, ഇനി നമ്മുടെ ജാഗ്രതയുടെ തോത് ഇരട്ടിയാവണം. കാരണം, ദുരന്തം ആവർത്തന ഭീഷണിയുമായി മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, പിഴവുകൾ തിട്ടപ്പെടുത്തിയും തിരുത്തിയും നീങ്ങണം.

മന്ത്രിയുടെ ആത്മവിശ്വാസം

ജനം ആശങ്കപ്പെടേണ്ടതില്ലെന്നും മുല്ലപ്പെരിയാർ അണക്കെട്ടു തുറന്നാൽ ആ വെള്ളം താങ്ങാൻ ഇടുക്കി അണക്കെട്ടിനു സാധിക്കുമെന്നും കഴിഞ്ഞ 15നു മന്ത്രി എം.എം.മണി പറഞ്ഞു. സുപ്രീംകോടതിയിൽ സർക്കാർ പറഞ്ഞതോ? മുല്ലപ്പെരിയാറിൽനിന്നുള്ള അപ്രതീക്ഷിത വെള്ളംവരവ് ഇടുക്കിയെ പ്രതിസന്ധിയിലാക്കിയെന്ന്. ഊഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ആത്മവിശ്വാസത്തിന്റെ ദുരിതമനുഭവിക്കുന്നതു ജനമാണ്. 

കൃത്യമായി വിവരങ്ങൾ നൽകിയെന്ന് കാലാവസ്ഥാ വകുപ്പും, കൃത്യമായ മുന്നറിയിപ്പു നൽകിയെന്ന് കേന്ദ്ര ജല കമ്മിഷനും തങ്ങളുടെ ഭാഗത്തു പിഴവൊന്നുമില്ലെന്ന് വൈദ്യുതി ബോർഡും പറയുന്നു. കുറ്റമറ്റ രീതിയിലാണ് ഉത്തരവാദിത്തപ്പെട്ടവർ പ്രവർത്തിച്ചതെങ്കിൽ, നമ്മൾ‍ അനുഭവിച്ച ദുരിതം ആരുടെ സൃഷ്ടിയാണ്? പെട്ടെന്നു വലിയ മഴപെയ്തു എന്നു പറഞ്ഞ് അവസാനിപ്പിക്കാമോ? പറ്റില്ല. പകരം, സ്വതന്ത്രമായ വസ്തുതാപരിശോധന സമിതിയെ നിയോഗിക്കണം. കാരണങ്ങളെന്തെന്ന്, എങ്ങനെ, ആർക്കു പിഴച്ചുവെന്ന് അവർ കണ്ടെത്തട്ടെ. ഒപ്പം ഒരു തീരുമാനംകൂടി വേണം: അണക്കെട്ടുകൾ തുറക്കാനുള്ള അവസാന വാക്ക് വൈദ്യുതി ബോർഡിന്റേത് എന്ന സ്ഥിതി മാറണം. അണക്കെട്ടുകളിൽ അവരുടെ പ്രാഥമിക താൽപര്യം വൈദ്യുതി ഉൽപാദനമാണ്. അപ്പോൾ, അണക്കെട്ട് തുറക്കുന്നതു സംബന്ധിച്ച തീരുമാനം വസ്തുനിഷ്ഠമാവണമെന്നില്ല. 

വസ്തുതാ പരിശോധന സമിതി പരിഗണിക്കാവുന്ന ചില ചോദ്യങ്ങൾ ഇവയാണ്:

∙ജല കമ്മിഷൻ നിർദേശിച്ച മാർഗരേഖ പാലിച്ചോ? ഇല്ലെങ്കിൽ, എന്തുകൊണ്ട്?

∙എന്തുകൊണ്ട് ദുരന്തനിവാരണ നിയമത്തിലെ നിർദേശങ്ങൾ കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിൽ കൃത്യമായി പാലിക്കപ്പെട്ടില്ല?

∙അണക്കെട്ടിൽനിന്നു പെട്ടെന്നു വെള്ളം തുറന്നുവിടുമ്പോൾ പാലിക്കേണ്ട നടപടികളിൽ വീഴ്ചയുണ്ടായോ?

∙വൈദ്യുതി ബോർഡിന്റെ വാണിജ്യ താൽപര്യത്തിനാണോ ജനങ്ങളുടെ ജീവനും സ്വത്തിനുമാണോ പ്രഥമ പരിഗണന?

∙കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ മുഖ്യമന്ത്രിയുടെ തലത്തിൽ പരിശോധിച്ചോ? ഉദ്യോഗസ്ഥരെ പൂർണമായി വിശ്വസിച്ചു തീരുമാനങ്ങൾ വൈകിക്കേണ്ടിവന്നോ?

ഭരണഘടന നൽകുന്ന ഉറപ്പ്

ദുരന്തം തടയുന്നതിലെ മികവോ ദുരിതാശ്വാസത്തിലെ മികവോ – ഏതായിരുന്നു ആദ്യം സംഭവിക്കേണ്ടത്? ആദ്യത്തേതു സംഭവിച്ചാൽ രണ്ടാമത്തേതിന്റെ ആവശ്യമില്ല. ഭരണഘടനയുടെ 21–ാം വകുപ്പ് പൗരന്റെ ജീവനു നൽകുന്ന സുരക്ഷിതത്വത്തിന്റേതായ മൗലികാവകാശമുണ്ട്. അത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ദുരന്തം തടയുമ്പോൾ ആ ഉത്തരവാദിത്തം പാലിക്കപ്പെടുകയാണ്. ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് അടിയന്തര നഷ്ടപരിഹാരത്തിനു നിർദേശിച്ചപ്പോൾ സുപ്രീംകോടതി എടുത്തുപറഞ്ഞതും 21–ാം വകുപ്പാണ്. 

ദുരന്ത മാനേജ്മെന്റ് സംബന്ധിച്ച പിഴവിന്റെ വ്യക്തമായ സൂചനകളുടെ പശ്ചാത്തലത്തിൽ, സൃഷ്ടിക്കുന്നതിൽ തങ്ങൾക്കു പങ്കില്ലാത്ത ദുരന്തത്തിന്റെ ഇരകളായവർക്ക് എന്താണ് നിയമപരമായി മുന്നോട്ടുള്ള വഴി? 

അവിടെയാണ് നിയമത്തിലെ ‘ടോർട്ട്’ എന്ന പ്രയോഗത്തിന്റെ പ്രസക്തി. കൃത്യവിലോപത്തിലൂടെയുള്ള നഷ്ടമെന്നാണ് ‘ടോർട്ടി’ന്റെ അർഥം. ഇപ്പോൾ ഗുജറാത്തിന്റെ ഭാഗമായ സൗരാഷ്ട്ര 1954ൽ‍ ഒരു പദ്ധതിയുണ്ടാക്കി – ബണ്ട് കെട്ടി ഉപ്പുവെള്ളം തടഞ്ഞ് കരഭൂമി വീണ്ടെടുക്കുക. ബണ്ട് തന്റെ ഫാക്ടറി ഇല്ലാതാക്കും, അതിനാൽ പദ്ധതി ഉപേക്ഷിക്കുകയോ ഫാക്ടറിക്കു ദോഷമുണ്ടാകാത്ത രീതിയിൽ നടപ്പാക്കുകയോ വേണമെന്ന് ഒരു സ്വകാര്യവ്യക്തി അധികാരികളോട് ആവശ്യപ്പെട്ടു. ഫലമുണ്ടായില്ല.

അടുത്ത കാലവർഷത്തിൽത്തന്നെ ആ വ്യക്തി ഭയന്നതു സംഭവിച്ചു. വെള്ളംകയറി ഫാക്ടറിക്കു കനത്ത നഷ്ടമുണ്ടായി. വിഷയം സുപ്രീംകോടതിവരെ എത്തി. അങ്ങനെ, 1994ൽ ജയലക്ഷ്മി സാൾട്ട് വർക്സ് പ്രൈവറ്റ് ലിമിറ്റഡും ഗുജറാത്ത് സർക്കാരുമായുള്ള കേസിൽ സുപ്രീംകോടതി, ഫാക്ടറി ഉടമയ്ക്കു നഷ്ടപരിഹാരം നൽകാൻ വിധിച്ചു. അന്നു കോടതി പറഞ്ഞു: ‘സർക്കാർ അതിന്റെ ചുമതല നിർവഹിക്കുമ്പോൾ പിഴവുകൾ  സംഭവിക്കാം. ആ പിഴവുകൾമൂലം നഷ്ടമുണ്ടാകുന്ന, പരുക്കേൽക്കുന്ന സാധാരണക്കാരന് നഷ്ടപരിഹാരം ലഭിക്കാതെപോവരുത്... പിഴവുകാട്ടിയത് സർക്കാരാണ് എന്നതുകൊണ്ട് സാധാരണക്കാരന് വെറുംകയ്യോടെ പോകേണ്ടിവരുന്ന സ്ഥിതി അനുവദിക്കാനാവില്ല.’ 

ദുരിതബാധിതർ‍ക്കു ചെയ്യാവുന്നത്

മേൽപറഞ്ഞ വിധിയുടെ വെളിച്ചത്തിൽ കേരളത്തിലെ ദുരന്തം പരിശോധിക്കുമ്പോൾ, നഷ്ടപരിഹാരത്തിനുള്ള നിയമനടപടിയാണ് ദുരിതബാധിതർക്കു സ്വീകരിക്കാവുന്ന മാർഗം. വൈദ്യുതി ബോർഡ്, കേന്ദ്ര ജല കമ്മിഷൻ, റവന്യുവകുപ്പ്, ദുരന്ത മാനേജ്മെന്റിനു ചുമതലപ്പെട്ട വിവിധ സമിതികൾ‍ – ഇവയിലെയൊക്കെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കുറ്റകരമായ അനാസ്ഥയും തിട്ടപ്പെടുത്തണം. ദുരന്തത്തിന് ഇരയായവർ തങ്ങളെ സമീപിക്കുമ്പോൾ കോടതിയുടെ ഭാഗത്തുനിന്ന് വ്യക്തമായ നടപടിയുണ്ടാവണം.

നഷ്ടങ്ങൾ നേരിട്ടവരിൽ കുറെപ്പേർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തുച്ഛമായ തുകയല്ല, നഷ്ടങ്ങൾ സംഭവിച്ചവർക്കെല്ലാംതന്നെ ന്യായമായ നഷ്ടപരിഹാരം ഭരണഘടനയുടെ 21–ാം വകുപ്പുപ്രകാരമുള്ള അവകാശമാണ്. ഭരണഘടനാപരമായ അവകാശം നടപ്പാക്കി നൽകാൻ കോടതിയോട് അവർ ആവശ്യപ്പെടണം. മഴയാണോ അണക്കെട്ടിലെ വെള്ളമാണോ പ്രളയമുണ്ടാക്കിയത് എന്നത് അവരെ ആ ജാഗ്രത പാലിക്കുന്നതിൽ തടസ്സപ്പെടുത്തേണ്ട വിഷയമല്ല. പുതിയ കേരളത്തിനൊപ്പം, നഷ്ടം സംഭവിച്ചവർക്ക് അവരുടെ ജീവിതവും പുതുതായി കെട്ടിപ്പടുക്കേണ്ടതുണ്ട്.

(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ).

related stories