Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഔചിത്യമില്ലാത്ത ഈ ഹർത്താൽ

harthal-representational-image

പ്രളയം കുഴച്ചുമറിച്ചിട്ട മണ്ണിൽനിന്ന് നിവർന്നുനിൽക്കാൻ പാടുപെടുകയാണു നമ്മൾ. അതിജീവനം എന്ന വാക്കോളം വിലയുള്ളതായി മറ്റൊന്നും കേരളത്തിനിപ്പോൾ ഇല്ല. വീണ്ടും വേരുപിടിക്കാനും തളിർക്കാനുമായി, മുന്നിലുള്ള ഓരോ ദിവസത്തിനും, ഓരോ നിമിഷത്തിനുപോലും മൂല്യമേറിയ സാഹചര്യം. പക്ഷേ, നവകേരള സൃഷ്ടിക്കായി കൈകോർക്കണമെന്നു പറയുന്ന അതേ നാവുകൊണ്ട് ഹർത്താൽ ആഹ്വാനം കേൾക്കുമ്പോൾ ഈ നാടിനും ജനതയ്ക്കും അതിൽപ്പരം നിർഭാഗ്യകരമായി മറ്റെന്തുണ്ട്? പ്രതിദിനം കൂടിവരുന്ന ഇന്ധന വിലവർധന ജനത്തിനു കനത്ത ഭാരമാണെന്ന പൊള്ളുന്ന യാഥാർഥ്യം നമുക്കു മുന്നിലുണ്ടെങ്കിൽതന്നെയും പ്രളയാനന്തര കേരളത്തിനുമേൽ പതിച്ച ഹർത്താൽ ആഹ്വാനത്തിലെ അനൗചിത്യം കാണാതിരിക്കാനാവില്ല.

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കോൺഗ്രസ് ആറു മണിക്കൂർ ഭാരത ബന്ദും ഇടതു കക്ഷികൾ ദേശീയ വ്യാപകമായി 12 മണിക്കൂർ ഹർത്താലും നടത്തുന്നതിന്റെ ഭാഗമായി കേരളത്തിലും ഇടതു കക്ഷികളും കോൺഗ്രസും 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുകയാണ്. പ്രളയത്തിൽനിന്നു കര കയറിവരുന്ന കേരളത്തിന്റെ ദുരവസ്ഥ ദേശീയ നേതാക്കൾതന്നെ മനസ്സിലാക്കി നമ്മളെ ഒഴിവാക്കിയില്ലെന്നു മാത്രമല്ല, സംസ്ഥാന ഘടകങ്ങളും നമുക്ക് അന്നു സ്തംഭനശിക്ഷ വിധിച്ചിരിക്കുന്നു. ഈ തീരുമാനം കേരളത്തോടുള്ള ക്രൂരതതന്നെയാണെന്നു മനസ്സിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ട ആവശ്യംപോലുമില്ല.

പ്രളയാനന്തര കേരളം നേരിടുന്ന പുതിയ പ്രതിസന്ധികൾ, ആവേശത്തോടെ ഇവിടെ ഹർത്താൽ ആഹ്വാനം ചെയ്ത നമ്മുടെ നേതാക്കൾക്ക് അറിയാത്തതാവില്ല. പ്രളയം കയറിയ വീടുകളിൽ തിരിച്ചെത്താനാവാതെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർ ഇപ്പോഴുമുണ്ട്. തകർന്ന വീടുകൾ വീണ്ടും താമസയോഗ്യമാക്കുന്ന തിരക്കിലാണ് ആയിരക്കണക്കിനു പേർ. എലിപ്പനി പോലുള്ള പകർച്ചവ്യാധികൾ നമ്മുടെ ഉറക്കംകെടുത്തുന്ന മറ്റൊരു വലിയ ആശങ്കയാണ്. പ്രളയംമൂലം നഷ്ടപ്പെട്ട അധ്യയനദിവസങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമം നടത്തുന്ന സ്കൂളുകളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകുന്ന സർക്കാർ ഓഫിസുകളെയും രോഗികൾ തിങ്ങിനിറഞ്ഞ ആശുപത്രികളെയും കാണാതെയാണോ ഈ ഹർത്താൽ ആഹ്വാനമുണ്ടായത്? 

കൊടുംപ്രളയം നാം ഇതിനകം നേടിയ വികസനത്തെത്തന്നെ പല വർഷങ്ങൾ പിന്നോട്ടുകൊണ്ടുപോയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, കേരളത്തിന്റെ മുന്നിലുള്ള ഓരോ ദിവസത്തിന്റെയും വിലയറിയാത്തവരാണോ നമ്മുടെ രാഷ്ട്രീയ കക്ഷികളെ നയിക്കുന്നത് എന്നോർത്തു ലജ്ജിക്കുക. രാഷ്‌ട്രീയപാർട്ടികൾക്ക് ഇതിലും ക്രൂരമായി നാടിനെ അവഹേളിക്കാനാവുമോ? ഒരു ഹർത്താലിന്റെ നേട്ടം പൂജ്യമാണെങ്കിലും കേരളത്തിൽ ആ ഒറ്റ ദിവസം കൊണ്ടുണ്ടാവുന്ന നഷ്ടം വളരെ വലുതാണ്. 

കൂടിക്കൊണ്ടേയിരിക്കുന്ന ഇന്ധനവില ഇന്ത്യ നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്നുതന്നെയാണ്; അല്ലെങ്കിൽതന്നെ വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാരന്റെ കുടുംബബജറ്റ് തകർക്കുന്നതും. പക്ഷേ, അതിലുള്ള പ്രതിഷേധം അറിയിക്കാൻ എത്രയോ വഴികളുണ്ടെന്നതാണു യാഥാർഥ്യം. നാടിനെയും സമൂഹത്തെയും മാനിക്കുന്ന എത്രയോ സമര– പ്രതിഷേധരീതികൾ ലോകത്തു പലയിടത്തും നിലവിലുണ്ടുതാനും. പ്രളയം നൽകിയ ചോരയും കണ്ണീരും ഇനിയും ബാക്കിനിൽക്കുന്ന കേരളത്തിലെങ്കിലും പ്രതിഷേധത്തിനു നമ്മുടെ രാഷ്ട്രീയ കക്ഷികൾക്കു മറ്റെന്തെങ്കിലും വഴി തേടാമായിരുന്നു. ഈ‌ ഹർത്താൽ ദിനത്തിൽ ജനജീവിതത്തിനു തടസ്സമുണ്ടാക്കില്ലെന്നു പതിവുപോലെ നേതാക്കൾ പറയുന്നുണ്ടെങ്കിലും മുൻകാല അനുഭവങ്ങൾകൊണ്ട് അപ്പറഞ്ഞതിന്റെ പ്രായോഗികതയിൽ ജനത്തിനു സംശയമുണ്ട്.

രാഷ്‌ട്രീയ കക്ഷികൾ മുൻകയ്യെടുത്താൽ മാത്രമേ കുലീനവും ജനാധിപത്യപരവുമായൊരു രാഷ്‌ട്രീയ സംസ്‌കാരത്തിലേക്കു നാടിനെ കൈപിടിച്ചുകൊണ്ടുപോകാനാകൂ. ബന്ദും ഹർത്താലുമൊക്കെ പൗരാവകാശത്തെയാണു വെല്ലുവിളിക്കുന്നതെന്നു രാഷ്ട്രീയ പാർട്ടികൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്; നമ്മുടെ നാട് ഒരു മഹാദുരന്തത്തിന്റെ മുറിവുകൾ പേറുന്ന വേളയിൽ വിശേഷിച്ചും. നാം ഒരേ കണ്ണുകൾകൊണ്ടു സ്വപ്നം കാണുന്ന നവകേരളം പ്രതീക്ഷിക്കുന്നത് ജനസ്‌നേഹത്തോടെയും സാമൂഹികബോധത്തോടെയും നവീകരിച്ച സമരമുറകളാണെന്നതിൽ സംശയമില്ല.

കേരളം തകർന്നും തളർന്നും നിൽക്കുന്ന ഈ വേളയിലെ ഹർത്താൽ പിൻവലിക്കാനുള്ള ഒൗചിത്യം നമ്മുടെ രാഷ്ട്രീയ കക്ഷികൾ കാണിച്ചേതീരൂ.