Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീ സുരക്ഷയിലെ തെറ്റായ കേരള മാതൃക; തിരുത്തണം – ആനി രാജ എഴുതുന്നു

Women-Abused

സ്ത്രീ സുരക്ഷയിൽ ഏറ്റവും പിന്നാക്കമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമതെന്ന് തോംസൺ റോയിറ്റർ ഫൗണ്ടേഷന്റെ സർവേ പറയുന്നു. ഇവർ 2011ൽ നടത്തിയ സർവേയിൽ,  പിന്നിൽനിന്നു നാലാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്.

സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, സ്ത്രീവിരുദ്ധതയിലൂന്നിയ ആചാരാനുഷ്ഠാനങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിവയവയാണു സർവേ പരിശോധിച്ചത്. ഇന്ത്യയിൽ 2016ൽ റജിസ്റ്റർ ചെയ്ത മനുഷ്യക്കടത്ത് കേസുകളിലെ ഇരകളിൽ മൂന്നിൽ രണ്ടും സ്ത്രീകളാണ്. അതിൽ മഹാഭൂരിപക്ഷവും 18 വയസ്സിൽ‍ താഴെ ഉള്ളവരാണ്. ആക്രമിക്കപ്പെടുന്ന സ്ത്രീ നീതി തേടുമ്പോൾ അനുഭവിക്കുന്നത് അതിഭയാനകമായ ക്രൂരതകളാണ്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സമൂഹം ചുമത്തുന്ന കളങ്കപ്പാടു മാത്രമല്ല, പലപ്പോഴും പൊലീസിന്റെയും അഭിഭാഷകരുടെയും നടപടികളും അവൾ വിധേയപ്പെടുന്ന മൃഗീയതയുടെ കാഠിന്യം കൂട്ടുന്നു. 

നിർഭയ കേസിന്റെ പശ്ചാത്തലത്തിലാണ് ക്രിമിനൽ നിയമം കൂടുതൽ കുറ്റങ്ങളുൾപ്പെടുത്തി ബലപ്പെടുത്തുന്നത്. ഒളിഞ്ഞുനോട്ടം, പിന്തുടരൽ തുടങ്ങിയവയും ചേർത്ത് ലൈംഗികാതിക്രമത്തിന്റെ നിർവചനം വലുതാക്കി. ഇത്തരത്തിലൊക്കെ ശക്തമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും അവ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ല, പ്രതിബദ്ധതയില്ല, സ്ത്രീസുരക്ഷാ നടപടികൾക്കു വേണ്ടത്ര തുക ബ‍ജറ്റിൽ ഉൾപ്പെടുത്താറുമില്ല. 

ഇതേതു കാലം? 

ആദ്യം പറഞ്ഞതു വിദേശ ഏജൻസിയുടെ സർവേഫലമാണെങ്കിൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ എണ്ണം കൂടുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളും പറയുന്നത്. 2014ൽ ബിജെപി അധികാരമേറ്റതുമുതൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഭീതിജനകമായ വളർച്ചയാണ്. എംഎൽഎമാരും കേന്ദ്ര മന്ത്രിമാരുമൊക്കെ കുറ്റക്കാരോ കുറ്റാരോപിതരോ ആകുന്നു. പെൺകുട്ടികളെ തട്ടിയെടുക്കാൻ തയാറെന്ന് എംഎൽഎമാരുടെ പരസ്യപ്രഖ്യാപനം; മൃഗീയമായ കൂട്ടബലാൽസംഗത്തിന് ഇരയായ കഠ്‌വയിലെ പെൺകുഞ്ഞിന്റെ ഘാതകരെ പിന്തുണച്ച് ദേശീയ പതാകയുമേന്തി നടത്തിയ പ്രകടനം; കുറ്റപത്രം നൽകുന്നതു തടസ്സപ്പെടുത്താൻ അഭിഭാഷകർ; ആ അഭിഭാഷകർക്കു സ്ഥാനമാനങ്ങൾ, പീഡന പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്ന ഇര അവിടെയും ബലാൽസംഗത്തിന് ഇരയാകുന്നു – ഏതു കാലത്താണു നമ്മൾ ജീവിക്കുന്നത്? 

രണ്ടു സംഭവങ്ങളിലെ സമീപനം 

നിയമ വ്യവസ്ഥയോട് ഏറെ ബഹുമാനവും സ്ത്രീ സമത്വത്തിൽ പുരോഗമനപരമായ നിലപാടുമുള്ളതാണ് കേരള സമൂഹം. സ്ത്രീശാക്തീകരണത്തിനും ലിംഗ സമത്വത്തിനും സഹായകമായ രീതിയിലുള്ള സംവാദങ്ങൾ നിർഭയം നടത്താൻ‍ കേരളത്തിനാകും. സമീപകാലത്ത് ഏറെ ചർച്ചയായ രണ്ടു വിഷയങ്ങൾ പരിശോധിച്ചാൽതന്നെ ഇതു വ്യക്തമാകും. 

നിയമത്തോടും നീതിന്യായ വ്യവസ്ഥയോടും ക്രൈസ്തവർ‍ക്കുള്ള പ്രതിബദ്ധതയെക്കുറിച്ച് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനു വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ കുരിശിനെ മറയാക്കി ചിലർ ഭൂമി കയ്യേറിയപ്പോൾ അത് ഒഴിപ്പിക്കുന്നതിൽ സർക്കാരിന് അമാന്തിക്കേണ്ടിവന്നില്ല. 

അതിനോടുള്ള പ്രതികരണത്തിൽ പ്രശംസനീയമാംവിധമുള്ള പക്വതയാണ് ക്രൈസ്തവ സമൂഹം പ്രകടിപ്പിച്ചത്. തങ്ങളുടെ വിശ്വാസസാക്ഷ്യമായ കുരിശിനെ മറയാക്കി നിയമത്തെ അട്ടിമറിക്കാൻ ശ്രമിച്ചാൽ സഭാവിശ്വാസികൾ അതിനൊപ്പമുണ്ടാവില്ലെന്നു പ്രഖ്യാപിക്കുന്നതായിരുന്നു ആ പക്വത. ഒരുപക്ഷേ, കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇത്രയും പക്വമായ പ്രതികരണം പ്രതീക്ഷിക്കാനാവില്ല. 

എന്നാൽ, ആ പക്വത കൈമോശം വരുന്നുവെന്നു സംശയിക്കേണ്ട സ്ഥിതിയിലേക്കാണോ നീങ്ങുന്നത്? പരാതികളുണ്ടാവുമ്പോൾ, പ്രത്യേകിച്ചും ലൈംഗികാതിക്രമ പരാതികളിൽ, സ്വീകരിക്കേണ്ട സ്വഭാവിക നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുന്നുവെന്ന വിമർശനത്തെ എങ്ങനെ കുറ്റപ്പെടുത്തും? 

പീഡനാരോപണം ഉന്നയിച്ച വ്യക്തി പല വിധത്തിൽ കൂടുതൽ കൂടുതൽ പീഡിപ്പിക്കപ്പെടുന്നുവെന്ന് ആശങ്കപ്പെടാവുന്ന സാഹചര്യമാണുള്ളത്. പരാതിക്കാരിക്കുമേൽ പല കോണുകളിൽനിന്നായി സമ്മർദങ്ങളുമുണ്ടാവുന്നു. ഇതൊക്കെയും വേദനാജനകമാണ്. ഇതിന്റെ കരിനിഴൽ വ്യക്തികൾക്കുമേൽ‍ ഒതുങ്ങില്ല. 

രണ്ടാമത്തെ വിഷയം കേരളത്തിലെ ഒരു എംഎൽഎയെ സംബന്ധിച്ചതാണ്. ആ എംഎൽഎയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗികാതിക്രമ പരാതിയുടെ ചർച്ചകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്: പരാതിക്കാരുടെ വ്യക്തിസ്വാതന്ത്ര്യം അൽപം പോലും മാനിക്കപ്പെടുന്നില്ല. താനഗ്രഹിക്കുന്ന നീതി തന്റെ പ്രസ്ഥാനം ഉറപ്പാക്കുമെന്നു വിശ്വസിച്ചു പ്രവർത്തിച്ചാൽ പൊതുസമൂഹം അതിനൊപ്പം നിൽക്കുകയാണ് ഉചിതം. അതിനുള്ള സാഹചര്യം ഉണ്ടാവുന്നില്ല. പരാതിക്കാരിക്കു നീതിയെന്നതു രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെടുകയുമാണ്. 

ഇവിടെയും സ്വാഭാവിക നീതി നടപ്പാക്കുന്നില്ലെന്ന വിഷയവുമുണ്ട്. അത് മറ്റൊന്നുമല്ല, ആരോപണവിധേയനായ എംഎൽഎ എല്ലാ പദവികളിലും തുടരുന്നുവെന്നതാണ്. മറ്റൊന്നുകൂടിയുണ്ട്: പ്രസ്ഥാനം സമൂഹത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ അതിലെ എല്ലാ അരുതായ്കകളും പ്രസ്ഥാനത്തിലുമുണ്ടാകുമെന്നുമുള്ള വാദം. ഇത് സ്ത്രീനീതി – ലിംഗസമത്വ രാഷ്ട്രീയത്തെ ലാഘവ ബുദ്ധിയോടെ സമീപിക്കുന്നതിനു വഴിവയ്ക്കുന്നതാണ്. അതുകൊണ്ടുതന്നെ എതിർക്കപ്പെടേണ്ടതുമാണ്. 

നമ്മൾ തിരുത്തണം

ലോകമെമ്പാടും സ്ത്രീകൾ മുഖ്യധാരയിലെ അഭേദ്യമായ കണ്ണിയായി മാറാൻ ശ്രമിക്കുന്നു, മാറിക്കൊണ്ടിരിക്കുന്നു. അതിനൊപ്പം നിൽക്കാൻ നമുക്കു കഴിയണം. അതിനു കൂടുതൽ ഊർജം പകരേണ്ടതു രാഷ്ട്രീയ നേതൃത്വമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം, ഭരണപ്രതിപക്ഷ ഭേദം, ജാതിമത ഭേദം എന്നിവയില്ലാതെ നിലപാടെടുക്കാൻ സാധിക്കുമ്പോൾ മാത്രമാണ് നമുക്കു പരിഷ്കൃത സമൂഹമെന്നു സ്വയം വിശേഷിപ്പിക്കാനാവുക.

പാർട്ടി ഓഫിസുകളിലും ആതുര, വിദ്യാഭ്യാസ സേവനത്തിനുള്ള മത–സമുദായ സംവിധാനങ്ങളിലുമുൾപ്പെടെ ലൈംഗിക പീ‍ഡന നിരോധന സെല്ലുകൾ നിയമാനുസൃതമായി രൂപീകരിക്കണം. അതിനുള്ള നടപടികൾ സർക്കാർ ഉറപ്പാക്കണം, സെല്ലുകൾ രൂപീകരിക്കുന്നതിൽ പാർ‍ട്ടികൾ മാതൃകകാട്ടണം.  ലിംഗ സമത്വവും ലിംഗാവബോധവും സൃഷ്ടിച്ചെടുക്കാനുള്ള നടപടികളും ഊർജിതപ്പെടുത്തണം. 

പ്രമുഖ അധികാരകേന്ദ്രങ്ങൾക്കെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾക്കും പരാതികൾക്കും മുന്നിൽ സർക്കാരും രാഷ്ട്രീയ പാർട്ടികളും മതവും പൊതുസമൂഹവും പകച്ചുനിന്നാൽ, ലോകമാകെയുള്ള സ്ത്രീമുന്നേറ്റങ്ങളോടും ലിംഗനീതി നടപടികളോടുമുള്ള നിഷേധാത്മക നിലപാടായി അതു വിലയിരുത്തപ്പെടും. അതു തെറ്റായ കേരള മാതൃകയെന്നു വിളിക്കപ്പെടും. അതൊഴിവാക്കാം. 

(ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖിക)

related stories