Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടിച്ചുവാങ്ങൽ അനുവദിച്ചുകൂടാ

Donation

ദേശവിദേശങ്ങളിൽനിന്നൊഴുകുന്ന കാരുണ്യത്തിന്റെ ആഴവും പരപ്പും ചരിത്രത്തിലൊരിക്കലും കേരളം ഇത്രമേൽ അനുഭവിച്ചിട്ടില്ല. സഹജീവിക്കു നൽകുന്ന കൈത്താങ്ങ് ഹൃദയത്തിന്റെയും മനുഷ്യത്വത്തിന്റെയും അവകാശമെന്നുതന്നെ കരുതുന്നവരാണ് നമ്മളൊക്കെയും. ഓരോരുത്തരും മനസ്സറിഞ്ഞ് ആവോളം സഹായം നൽകുമ്പോൾ നിർബന്ധംകൊണ്ടും ഭീഷണികൊണ്ടും ഇതിനിടെ ചിലർ പണം പിടിച്ചുവാങ്ങുന്നതു നാടിനു നാണക്കേടാണെന്നു മാത്രമല്ല, നോക്കുകൂലി പോലുള്ള പീഡനം കൂടിയാണ്.

പ്രളയത്തിന്റെ പേരിൽ ആരും ചോദിക്കാതെതന്നെ സഹായം നൽകുകയാണ് ലോകമെങ്ങുമുള്ള മലയാളികളും മറ്റുള്ളവരും. സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായമൊഴുക്ക് സമൂഹത്തിന്റെ ഹൃദയാർദ്രതയുടെ കടൽവലുപ്പം അറിയിക്കുന്നു. പൂർണതൃപ്തിയോടെയാണ് സുമനസ്സുകളുടെ ഈ സഹായങ്ങളത്രയും. മിക്കവരും ഒരു കൈകൊടുക്കുന്നതു മറുകൈ അറിയാതിരിക്കാൻ ശ്രദ്ധിക്കുന്നവരുമാണ്. ഇതിനിടയിലാണു കേരളത്തിന്റെ പുനർനിർമിതി എന്ന വലിയ ദൗത്യം മുന്നിലെത്തുന്നത്. എത്രതന്നെ സഹായം നൽകിയാലും, ഇതിനുവേണ്ടി സമാഹരിക്കുന്ന നിധി എത്ര വലുതായാലും ഈ ബൃഹദ് സ്വപ്നത്തിനുവേണ്ടതിൽ ചെറിയ ഭാഗം മാത്രമേ അതുകൊണ്ടാവൂ എന്ന ബോധ്യവും നമുക്കുണ്ട്.

കാരുണ്യമെന്നുപോലും ചിന്തിക്കാതെ, മനസ്സറിഞ്ഞും മറ്റുള്ളവർ അറിയാതെയും സഹായം നൽകുന്ന ഒരു ജനത നിർഭാഗ്യകരമായ ഒരു സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുകയാണിപ്പോൾ. പ്രളയ ദുരിതാശ്വാസത്തിനെന്ന പേരിൽ നിർബന്ധിച്ചും ചിലപ്പോൾ ഭീഷണികൊണ്ടും ചിലർ പിരിവു നടത്തുമ്പോൾ അതു കരുണാകേരളത്തിനുതന്നെ നാണക്കേടു നൽകുന്നു. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയുമൊക്കെ പേരു പറഞ്ഞാണ് ഇത്തരക്കാർ പുര കത്തുമ്പോൾ വാഴ വെട്ടാനൊരുങ്ങുന്നത്.

കേരളത്തിൽ പലയിടത്തും ഇത്തരം ഭീഷണിപ്പിരിവുകൾ ഇപ്പോൾ നിർബാധം നടക്കുന്നുണ്ട്. രാഷ്ട്രീയ സംഘടനകളുടെ ലേബലിൽ, ദുരിതാശ്വാസത്തിന്റെ പേരു പറഞ്ഞ് വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള നിർബന്ധിത പിരിവും അങ്ങിങ്ങായിക്കാണാം. പിരിവു നൽകാത്ത വാഹന ഉടമകളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതികളും വ്യാപകമാണ്. വീട്ടിൽ കൂട്ടമായെത്തി, പണം നിർബന്ധപൂർവം ചോദിച്ചുവാങ്ങി കൈപ്പറ്റൽ രേഖ നൽകാതെ മുങ്ങുന്നവരും രസീത് എന്ന പേരിൽ തുണ്ടുകടലാസിൽ എഴുതിക്കൊടുക്കുന്നവരുമുണ്ട്. 

പ്രളയദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നേരിടുമ്പോഴും ഹൃദയശൂന്യതയുടെ അടയാളമായി മറ്റു ചിലരെയും ഇതിനിടയിൽ കാണാം. ദുരിതാശ്വാസ ക്യാംപുകളിലേക്കെത്തിയ അവശ്യസാധനങ്ങളും മറ്റും സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും കടത്തിയവരുടെ കഥകൾ കേരളത്തെ നാണിപ്പിക്കുന്നതാണ്. ചില രാഷ്ട്രീയ കക്ഷികളും പോഷകസംഘടനകളുമൊക്കെ ഈ കടത്തിൽ പങ്കെടുത്തിട്ടുണ്ട്. അർഹരായ എത്രയോ പേർക്ക് ഇതുമൂലം അവശ്യസാധനങ്ങൾ കിട്ടാതെ പോവുകയും ചെയ്തു. കൊച്ചിയിൽ പ്രളയ ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങൾ വനിതാ പൊലീസുകാർ കടത്താൻ ശ്രമിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

സമൂഹത്തിന്റെ ഹൃദയവിശാലത മാതൃകാപരമായി അറിയിക്കുന്ന ഇപ്പോഴത്തെ ദുരിതാശ്വാസ – പുനരധിവാസ നിധിസമാഹരണത്തെ തരംതാഴ്ത്താനും അതിൽ കയ്യിട്ടുവാരാനും ആരെയും അനുവദിച്ചുകൂടാ. ഇത്തരത്തിലുള്ള കാര്യങ്ങൾ സഹായസന്നദ്ധതയിൽനിന്നു മറ്റുള്ളവരെ അകറ്റാനും കാരണമാകും. പ്രളയത്തിന്റെ പേരിൽ നിർബന്ധിത പിരിവു നടത്താൻ രാഷ്ട്രീയ കക്ഷികളെയോ സ്വകാര്യ സംഘടനകളെയോ ഇവിടെയാരും ചുമതലപ്പെടുത്തിയിട്ടില്ല. വളഞ്ഞ വഴിയിലൂടെ പണംപിരിക്കുന്ന ഇത്തരക്കാർക്കു കടിഞ്ഞാണിടാൻ സർക്കാരും ഇവർക്കെതിരെ ജാഗ്രത പുലർത്താൻ സമൂഹവും ശ്രദ്ധിച്ചേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.