Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവിലയുടെ തുടരാഘാതം

fuel-price-hike

വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ സാധാരണക്കാർക്കു കൂടുതൽ സാമ്പത്തികക്ലേശം നൽകുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും അനുദിന വിലവർധന. തുടർച്ചയായ നാൽപ്പത്തിരണ്ടു ദിവസമുണ്ടായ ഇന്ധന വിലക്കയറ്റം നാം ഇതുവരെ അനുഭവിക്കാത്തൊരു സവിശേഷപ്രതിസന്ധി അറിയിക്കുന്നു. മഹാരാഷ്ട്രയിൽ മറാഠ്‌വാഡ മേഖലയിൽ പെട്രോൾവില 90 രൂപ കടക്കുകവരെയുണ്ടായി. പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം രാജ്യവ്യാപകമായ പ്രതിഷേധത്തിനു കാരണമായിട്ടും സർക്കാർ അനങ്ങാതിരിക്കുകയാണെന്നാണു പരാതി.  

ഇന്ധനവിലയിലെ കയറ്റം അതിൽ മാത്രം ഒതുങ്ങുന്നതല്ല. നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെ സർവ വസ്‌തുക്കളുടെയും വിലക്കയറ്റമാണ് ആത്യന്തിക ഫലം. പക്ഷേ, ഭരണാധികാരികൾ മാത്രം അത് അറിയുന്നില്ലെന്നോ അറിഞ്ഞില്ലെന്നു നടിക്കുന്നുവെന്നോ കരുതണം. ഇന്ധനവില ദിനംപ്രതി നിശ്‌ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കു നൽകിയ കഴിഞ്ഞ വർഷം ജൂൺ മുതൽ വില പൊതുവേ വർധിക്കുകയായിരുന്നു. 

വില നിയന്ത്രിക്കാൻ സംസ്‌ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനുമുള്ള ഉത്തരവാദിത്തം അവർ വിസ്മരിച്ചുകൂടാ. പക്ഷേ, നികുതി കുറയ്ക്കില്ലെന്ന നിലപാടാണു കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കുന്നതെന്നതു സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നു. തുടർച്ചയായ ഇന്ധനവിലക്കയറ്റത്തിലൂടെ രാജ്യത്തെ ജനങ്ങളെയാകെ ദുരിതക്കയത്തിലേക്കു പിടിച്ചുതള്ളുകയാണോ അതോ അൽപം നഷ്ടം സഹിക്കാൻ സർക്കാർ തയാറാകുകയാണോ വേണ്ടത് എന്ന ചോദ്യം ഈ ഘട്ടത്തിൽ പ്രസക്തംതന്നെ. 

ഇന്ധനവില കുതിച്ചുയരുന്നതു ജനങ്ങൾക്കു നൽകുന്നതു ദുരിതമെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അതു വൻ വരുമാനനേട്ടമാണുണ്ടാക്കുന്നത്. ഇന്ധനനികുതിയെ ജിഎസ്ടിയിൽ‌ ഉൾപ്പെടുത്താൻ സംസ്ഥാനം വിസമ്മതിക്കുന്നതിനു കാരണം നികുതി വരുമാനം വൻതോതിൽ കുറയുമെന്ന ആശങ്കയാണെന്നാണു വിലയിരുത്തൽ. പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്തുന്നതിനെ സംസ്ഥാനങ്ങൾ എതിർക്കുന്നുവെന്നു കുറ്റപ്പെടുത്തുന്ന കേന്ദ്ര സർക്കാരിനും ഇപ്പോഴുള്ള നികുതി സംവിധാനം പരിഷ്കരിക്കുന്നതിൽ വലിയ താൽപര്യമില്ല. 

ഇപ്പോൾ നികുതി വരുമാനമായി ലഭിക്കുന്ന കോടികളിൽ കുറച്ചെങ്കിലും വേണ്ടെന്നുവയ്ക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും താൽപര്യക്കുറവ് ജനങ്ങൾക്കുള്ള ആഘാതമായി മാറുന്നുവെന്നതാണു യാഥാർഥ്യം. ജിഎസ്ടി ഏർപ്പെടുത്തിയാൽ പരമാവധി നികുതി നിരക്കായ 28 ശതമാനമേ കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി കിട്ടൂ. ഇതു തുല്യമായി വീതിക്കുന്നതോടെ 14% നികുതികൊണ്ടു തൃപ്തിപ്പെടേണ്ടിവരും. ഒരു വർഷം 1000 കോടി രൂപയുടെയെങ്കിലും നികുതിനഷ്ടം ഇതുവഴി ഉണ്ടാകുമെന്നാണു സംസ്ഥാനത്തിന്റെ കണക്കുകൂട്ടൽ.

അതേസമയം, രാജസ്ഥാൻ പെട്രോൾ, ഡീസൽ വില ലീറ്ററിന് രണ്ടര രൂപയും ആന്ധ്രപ്രദേശ് രണ്ടു രൂപയും ബംഗാൾ ഒരു രൂപയും കുറച്ചതും വില കുറയ്ക്കുന്നതു പരിഗണിക്കുമെന്നു കർണാടക വ്യക്തമാക്കിയതും നമുക്കു മുന്നിലുണ്ട്. സാധാരണക്കാരുടെ വികാരങ്ങളെ മാനിച്ചുള്ള സർക്കാർ തീരുമാനമാണു ജനം പ്രതീക്ഷിക്കുന്നത്. ഇന്ധനവില കൂട്ടിയപ്പോൾ, സംസ്‌ഥാനത്തിനു ലഭിക്കേണ്ട അധിക വിൽപനനികുതി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്ത് മറ്റു സംസ്‌ഥാനങ്ങൾക്കു പോലും മാതൃക കാട്ടിയിട്ടുണ്ട് നേരത്തേ കേരളം. 2011ൽ, ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ പ്രഥമ യോഗത്തിലെ പ്രഥമ തീരുമാനംതന്നെ അതായിരുന്നു. 2005ൽ ഉമ്മൻ ചാണ്ടി സർക്കാർ തന്നെ എടുത്ത സമാന തീരുമാനത്തിന്റെ തുടർച്ചയായിരുന്നു അത്. ഈ വിലവർധന വേളയിലും ജനം അത്തരം ആശ്വാസം പ്രതീക്ഷിക്കുന്നതിൽ തെറ്റുപറയാനില്ല.

പലവിധ വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ ജനംതന്നെയാണ് എണ്ണവിലയുടെ അധികഭാരവും പേറേണ്ടിവരുന്നതെന്നതു സങ്കടകരമാണ്. അതുകൊണ്ടുതന്നെ, ജനത്തിനുവേണ്ടിയെന്നു പറഞ്ഞ് അധികാരത്തിലേറിയ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് ഈ വിലക്കയറ്റം പിടിച്ചുകെട്ടാനുള്ള ബാധ്യതയുണ്ട്; അതിനുള്ള വഴി എന്തായാലും.