Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിഞ്ഞ റോഡ്, നികന്ന തോട്, വിണ്ടുകീറിയ മണ്ണ്... ഭൂമി പറയുന്നത്

THRISHLERY-HOUSE വയനാട് തൃശിലേരിയില്‍ മണ്ണ് ഇടിഞ്ഞു നീങ്ങിയതിനെ തുടർന്ന് വിണ്ടുകീറിയവീടുകളിലൊന്ന്.

വിണ്ടുകീറിയ ഭൂമി, ഇടിഞ്ഞുതാഴ്ന്ന റോഡുകൾ, നികന്ന തോടുകൾ, പൊട്ടിപ്പിളർന്ന വീടുകൾ... ‘മനോരമ’യ്ക്കു വേണ്ടി, ദുരന്തകാരണവും പരിഹാര മാർഗങ്ങളും തേടി സഞ്ചരിച്ച പാലക്കാട് ഐആർടിസി ഡയറക്ടർ ഡോ. എസ്. ശ്രീകുമാർ, സിഡബ്ല്യുആർഡിഎം സീനിയർ സയന്റിസ്റ്റ് ഡോ. ഗിരീഷ് ഗോപിനാഥ് എന്നിവർ എഴുതുന്നു.

പല നാടുകളിലൂടെയായിരുന്നു യാത്രയെങ്കിലും ദുരന്തക്കാഴ്ചകൾക്കെല്ലാം ഒരേ രൂപം. കണ്ടവർക്കെല്ലാം പറയാനുണ്ടായിരുന്നത് ഒരേതരത്തിലുള്ള കഥകൾ. തേടിയത് ഒരേ ചോദ്യങ്ങൾക്കുള്ള ഉത്തരം. ഇനി ഞങ്ങൾ എന്തു െചയ്യണം? ഈ നാട്ടിൽ എന്തുകൊണ്ടാണിങ്ങനെ? 

വയനാട് തൃശിലേരി പ്ലാമൂലയിലും ഇടുക്കി നായ്ക്കുന്നിലും തൃശൂർ പുലിക്കണ്ണിയിലുമെല്ലാം ഭൂമി പിളർന്നിരിക്കുന്നു. മിക്കയിടങ്ങളിലും റബർ തോട്ടങ്ങളോടു ചേർന്നാണു വിള്ളലുകൾ. അശാസ്ത്രീയമായി നിർമിച്ച മഴക്കുഴികളും കണ്ടു. വിണ്ടുകീറിയ വീടുകളുടെ വാതിൽപാളികൾ ഇനിയൊരിക്കലും കൂട്ടിയടയ്ക്കാനാകാത്തവിധം അകന്നുപോയിരിക്കുന്നു. ജനിച്ചുവളർന്ന വീടും നാടും വിട്ടെറിഞ്ഞ് എങ്ങോട്ടു പോകണമെന്നറിയാതെ ഒട്ടേറെപ്പേർ ഇവിടങ്ങളിലുണ്ട്. പരിശോധനയ്ക്കെത്തുന്നവരോടെല്ലാം ആവർത്തിച്ച അതേ കഥകളും ചോദ്യങ്ങളുമായി പ്രദേശവാസികളും ഒപ്പംകൂടി. 

PUTHUR-SOIL-PIPE തൃശൂർ പുത്തൂർ എട്ടാം കല്ലിൽ സോയിൽ പൈപ്പിങ്ങിൽ രൂപപ്പെട്ട ഗുഹ ഡോ.എസ്.ശ്രീകുമാറും, ഡോ.ഗിരീഷ് ഗോപിനാഥും പരിശോധിക്കുന്നു.

ഭൗമപ്രതിഭാസങ്ങൾ നിരീക്ഷിച്ചപ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍:

സംഭവിച്ചത്

തുടർച്ചയായി നിലയ്ക്കാതെ പെയ്ത ശക്തമായ മഴ ഭൗമോപരിതലത്തിലും മണ്ണിനടിയിലും മാറ്റങ്ങളുണ്ടാക്കി. 

∙ തുടർച്ചയായി പെയ്ത കനത്ത മഴ മണ്ണിന്റെ ഭാരം വർധിപ്പിച്ചു. ഒഴുകിപ്പോകാനിടമില്ലാത്ത വെള്ളം മണ്ണരടുകൾക്കിടയിലൂടെ തിട്ടയിടിച്ചു താഴേക്കു കുതിച്ചു. 

∙ റബർ മരങ്ങളും തോട്ടം വിളകളും തടഞ്ഞുനിർത്തിയതിനാൽ മണ്ണിടിച്ചിൽ പൂർണമായില്ല. അതിന്റെഫലമായി വലിയ വിള്ളലുകൾ രൂപപ്പെട്ടു. വീടുകൾ പിളർന്നുനിന്നു. ഇതെല്ലാം മണ്ണിടിച്ചിൽ പ്രതിഭാസത്തിന്റെ തുടക്കത്തിൽ സംഭവിക്കുന്നതാണ്. ഇങ്ങനെയുണ്ടായ പിളർപ്പിനെയും വിള്ളലുകളെയുമെല്ലാം അലസിപ്പോയ മണ്ണിടിച്ചിൽ (aborted landslides) എന്നു ഭൗമശാസ്ത്രപരമായി വിശേഷിപ്പിക്കാം. 

∙ ഇടുക്കി നായ്ക്കുന്നിലും തൃശൂർ എട്ടാംകല്ലിലും വിള്ളലുണ്ടാക്കിയതു സോയിൽ പൈപ്പിങ്. എന്നാൽ, മറ്റിടങ്ങളിൽ സോയിൽ പൈപ്പിങ് നടന്നതിനു തെളിവു ലഭിച്ചിട്ടില്ല. 

ചെയ്യേണ്ടത്

∙ സ്ഥലം വാസയോഗ്യമല്ലാതായതിനാൽ ശക്തമായ മഴ പെയ്യുന്ന സമയത്തെങ്കിലും താമസം പരമാവധി ഒഴിവാക്കുക. 

∙ വിദഗ്ധോപദേശം തേടിയശേഷം മാത്രമേ ഇനി നിർമാണപ്രവർത്തനങ്ങൾ പാടുള്ളൂ. 

∙ തടഞ്ഞുവച്ചിരിക്കുന്ന നീർച്ചാലുകൾ തുറന്നുവിടുക. 25 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ മഴക്കുഴികൾ, തടയണകൾ എന്നിവ പാടില്ല. 

∙ കയ്യാലകൾ കെട്ടിയുയർത്തുമ്പോൾ വെള്ളമൊഴുകിപ്പോകാൻ പ്രത്യേകം സംവിധാനമൊരുക്കണം. 

ഈ പ്രദേശങ്ങളിൽ വലിയ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ചില മുൻകരുതലുകൾ കൈക്കൊള്ളണമെന്നു മാത്രം. വരാനിരിക്കുന്ന വർഷകാലങ്ങളിൽ അതിതീവ്ര മഴ ഉണ്ടാകാതിരുന്നാൽ മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ ഭൂമി പഴയ സ്ഥിതിയിലേക്കു തിരിച്ചുവരും. 

VYTHIRI-BUS-STAND വയനാട് വൈത്തിരിയില്‍ ഇടിഞ്ഞുതാഴ്ന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടം.

ചെരിയാനുള്ള ഗോപുരങ്ങൾ 

കേരളം പ്രളയദിനങ്ങളിലേക്കു കണ്ണുതുറക്കുന്നതിനു മുൻപുള്ള ഒരു പുലർകാലത്താണു വൈത്തിരിയിലെ ബസ് സ്റ്റാൻഡ് കെട്ടിടം ഭൂമിക്കടിയിലേക്കു താഴ്ന്നത്. പിസയിലെ വിഖ്യാത ഗോപുരത്തെ ഓർമിപ്പിച്ച് ഒരു പകൽ മുഴുവൻ തലചെരിച്ചു നിന്ന ആ ഇരുനിലക്കെട്ടിടം രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും നിലംപൊത്തി. 15 മീറ്ററോളം ഉയര‍ത്തിലുണ്ടായ വൻ വിള്ളലിന്റെ ബാക്കിപത്രം. ചെരിഞ്ഞ പ്രദേശത്തു വെള്ളമൊഴുകിപ്പോകാൻ വേണ്ടത്ര വഴിയൊരുക്കാതെ കെട്ടിപ്പൊക്കിയതാണു കെട്ടിടം. 

ഭൂമിക്കു മുകളിൽ കാണുന്ന മാറ്റങ്ങൾ കടലിലെ മഞ്ഞുമലകളെപ്പോലെയാണെന്നു പറയാം. പുറത്തുകാണുന്നതിനെക്കാൾ വലുത് അകത്ത് ഒളി‍ഞ്ഞിരിപ്പുണ്ടാകും. അങ്ങനെ നിരങ്ങിപ്പോയ ഭൗമപ്രതലങ്ങളിലൊന്നിലാണു വൈത്തിരിയിലെ‍ ബസ് സ്റ്റാൻഡും നിന്നിരുന്നത്. മേഖലയിൽ അശാസ്ത്രീയവും അനധികൃതവുമായ നിർമാണങ്ങൾ ഇനിയെങ്കിലും അനുവദിക്കരുത് എന്നതിലേക്കു വിരൽചൂണ്ടുന്നതാണ് ഈ സംഭവം. 

Land-Slide

പിളർന്ന ഭൂമിയിൽ കൃഷി ചെയ്യാമോ?

ഭൂമി വിണ്ടിരിക്കുന്നതിലേറെയും കൃഷിസ്ഥലങ്ങളിലാണ്. റബർ, കാപ്പി, ജാതി വിളകളെല്ലാം മണ്ണിടിഞ്ഞു താഴ്ന്നുപോയി. ഇനി ഇവിടെ കൃഷി ചെയ്യാമോ, നല്ല വിളവു കിട്ടുമോ എന്നൊക്കെ കർഷകർ സംശയിക്കുന്നു. വിവിധ പ്രതിഭാസങ്ങളുടെ ഫലമായി മണ്ണിൽ അസിഡിറ്റി കൂടാൻ സാധ്യതയുണ്ട്. ഇതു ഫലഭൂയിഷ്ഠതയെ ബാധിക്കുമോയെന്നറിയാൻ കൂടുതൽ പരിശോധന നടത്തേണ്ടിവരും. മേൽമണ്ണിനൊപ്പം ജൈവാംശവും പോഷകഘടകങ്ങളും നഷ്ടപ്പെടാനിടയുണ്ടെന്നതും വിളവിനെ ബാധിക്കും. മണ്ണിന്റെ ഈർപ്പം കുറയുന്നതും തിരിച്ചടിയാകും.

∙ സോയിൽ പൈപ്പിങ്

ഭൂമിക്കടിയിൽ രൂപപ്പെടുന്ന തുരങ്കസമാനമായ നിർമിതി. ഉറപ്പുകുറഞ്ഞ മണ്ണുള്ളിടത്തു ശക്തമായി പെയ്തു ഭൂമിക്കടിയിലേക്കിറങ്ങുന്ന മഴവെള്ളം ചെറുതുരങ്കങ്ങളുണ്ടാക്കി പുറത്തേക്കു കുതിച്ചൊഴുകുന്നു. ഒട്ടേറെ കൈവഴികളിലൂടെ ടൺ കണക്കിനു മണ്ണും പുറത്തേക്ക്. അന്തർഭാഗത്തു ബലക്ഷയമുണ്ടാകുന്നതോടെ ഭൗമോപരിതലത്തിൽ വലിയ വിള്ളലും പിളർപ്പും ഉണ്ടാകുന്നു. മണ്ണിടിച്ചിലും ഫലം. 

∙ മണ്ണിടിച്ചിൽ

കനത്ത മഴയിൽ ഉയരം കൂടിയ സ്ഥലങ്ങളിലെ മണ്ണിനു മുകളിലെ മർദം വർധിക്കുന്നു. മേൽമണ്ണിന്റെയും ദ്രവിച്ച പാറയുടെയും പ്രതലത്തിലൂടെ തെന്നിമാറി വെള്ളത്തോടൊപ്പം ഈ സ്ഥലം ഇടിഞ്ഞു താഴേക്കു പതിക്കുന്നു. 

∙ ഉരുൾപൊട്ടൽ

കനത്ത മഴയിൽ നനഞ്ഞുകുതിർന്ന മലയുടെ മുകൾത്തട്ട് ഗുരുത്വാകർഷണത്തിന്റെ ഫലമായി ദ്രവിച്ച പാറകളും മണ്ണും മരങ്ങളും ചേർന്ന മിശ്രിതത്തോടൊപ്പം മഹാപ്രവാഹമായി നിമിഷങ്ങൾകൊണ്ടു താഴേക്കു പതിക്കുന്ന പ്രതിഭാസം. 

THRISHLERY തൃശിലേരി ഉളിക്കല്‍ കോളനിക്കു സമീപം മണ്ണ് ഇടിഞ്ഞു നീങ്ങിയതിനെ തുടർന്ന് വിണ്ടുകീറിയ റോഡ്.

നമുക്കും വേണം  കൊങ്കൺ മാതൃക

കൊങ്കൺ റെയിൽവേയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ 61.54 ശതമാനവും മണ്ണിടിച്ചിൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ മൂലമാണെന്നു പഠനങ്ങൾ. 1998ലെ മഴക്കാലത്തുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കൊങ്കൺ ട്രാക്കുകൾ പലയിടത്തും നശിച്ചുപോയി. 2003 ൽ മണ്ണിടിച്ചിലിൽപെട്ട എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി 50 പേരാണു മരിച്ചത്. പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനായി, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ അധികൃതർ സംരക്ഷണവലകൾ സ്ഥാപിച്ചു.

ബോൾഡർ നെറ്റിങ് (പാറകളിൽ വലിയ ഇരുമ്പുവല സ്ഥാപിക്കൽ) ഷോട്ട്ക്രെറ്റിങ് (കോൺക്രീറ്റ് മിശ്രിതം ശക്തിയിൽ സ്പ്രേ ചെയ്തു പാറകളെ ഉറപ്പിക്കൽ), മൈക്രോപൈലിങ് (ആഴത്തിലുള്ള അടിസ്ഥാനമൊരുക്കൽ) തുടങ്ങിയ മാർഗങ്ങളിലൂടെയും മണ്ണിടിച്ചിലിന്റെ ആഘാതം കുറച്ചു കൊങ്കൺപാത കൂടുതൽ സുരക്ഷിതമാക്കി. കേരളത്തിൽ ഭൂമി വിണ്ടിരിക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ പഠനം നടത്തിയശേഷം മണ്ണിടിച്ചിൽ സാധ്യതയുള്ളിടത്ത് ഇത്തരം മാർഗങ്ങൾ നടപ്പിലാക്കാം.

വഴിയടയ്ക്കാതിരിക്കാം, എളുപ്പവഴി അതു മാത്രം

നീർച്ചാലുകളെ അതിന്റെ പാട്ടിനു വിട്ടേക്കുക, വെള്ളമൊഴുകുന്ന വഴികൾ എക്കാലത്തേക്കുമായി തടഞ്ഞുവയ്ക്കരുത്. വിള്ളലുകളുടെ ആഘാതം കുറയ്ക്കാൻ കുറുക്കുവഴികളില്ലെന്നറിയുക.

കേരളത്തിൽ ഭൂമിപിളർന്നതും വീടുകൾ തകർന്നടിഞ്ഞതും ഏകദേശം ഒരേസമയത്ത്. ഇത് എന്തിന്റെ സൂചനയാണ്? ഭൗമോപരിതലത്തിൽ ഭൂകമ്പസമാനമായ വിള്ളലുകളുണ്ടാക്കിയതിൽ അണക്കെട്ടുകൾക്ക് എന്തെങ്കിലും പങ്കുണ്ടോ? നാളെ വായിക്കാം.

പരമ്പര ഏകോപനം: ഷിന്റോ ജോസഫ്

ചിത്രങ്ങൾ: ഉണ്ണി കോട്ടക്കൽ, അബു ഹാഷിം, അരവിന്ദ് ബാല

dr-s-sreekumar ഡോ. എസ്. ശ്രീകുമാർ
girish-gopinath ഡോ. ഗിരീഷ് ഗോപിനാഥ്
related stories