Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിസമ്മത’ത്തിന്റെ വിപൽസന്ദേശങ്ങൾ

Author Details
keraleeyam

പ്രളയദുരിതാശ്വാസത്തിലേക്കുള്ള സർക്കാർ ജീവനക്കാരുടെ വിഹിതത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ധനവകുപ്പ് കണ്ടെത്തിയ പോംവഴി നിലവിലെ സാഹചര്യത്തിൽ അസാധാരണമാണ്. ഒരു മാസത്തെ ശമ്പളം നൽകുന്നതിനോടു വിയോജിപ്പുള്ളവർ ‘വിസമ്മതപത്രം’ ഒപ്പിട്ടു നൽകണമെന്നതാണ് ആ നിർദേശം. 

സമ്മതപത്രത്തിനും വിസമ്മത പത്രത്തിനും ഒരു ‘വി’യുടെ വ്യത്യാസമേയുള്ളൂ. പക്ഷേ, ആ മാറ്റത്തിനു നിലവിലെ സാഹചര്യത്തിൽ അർഥതലങ്ങളും പ്രത്യാഘാതങ്ങളുമുണ്ട്. കേരളത്തെ തകർത്തെറിഞ്ഞ മഹാപ്രളയത്തെ നാട് ഒറ്റക്കെട്ടായാണു നേരിട്ടത്. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാം അതിൽ ഒലിച്ചുപോയി. കേരളത്തിന്റെ ഐക്യത്തെ ലോകം പുകഴ്ത്തി.

നാടിന്റെ ആ കൈകോർക്കലിലാണ് ആ ‘വിസമ്മത പ്രസ്താവന’ വിള്ളൽ വീഴ്ത്തുന്നത്. ദുരിതത്തിൽപ്പെട്ട അശരണരെ സഹായിക്കാനും കേരളത്തെ പുനർനിർമിക്കാനുമുള്ള ദൗത്യത്തിൽ ‘ഞങ്ങളില്ല’ എന്നു സർക്കാർ തന്നെ ഒരു വിഭാഗം ജീവനക്കാരിൽ നിന്ന് എഴുതിവാങ്ങുകയോ അതിനായി നിർബന്ധിതരാക്കുകയോ ചെയ്യുകയാണ്. അതുവഴി അവരെ സ്വയമറിയാതെ ശത്രുപക്ഷത്താക്കുകയാണ്. ഏതു സംവിധാനത്തിന്റെ കീഴിലാണോ കേരളത്തെ പുനർനിർമിക്കുന്നത് ആ സർക്കാരിന്റെ ഭാഗമായവരെ രണ്ടു തട്ടിലാക്കുകയുമാണ്.

പ്രളയത്തിനുശേഷം കൈക്കൊണ്ട വിവാദതീരുമാനങ്ങളുടെയും നടപടികളുടെയും പട്ടികയിൽ അവസാനത്തേതാണു ധനവകുപ്പിന്റെ ഈ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രളയകാലം തരണം ചെയ്യാനും രക്ഷാപ്രവർത്തനത്തിനും നാടാകെ മുന്നിട്ടിറങ്ങിയത് അസാധാരണമായ കാഴ്ചയായിരുന്നു. പ്രതിപക്ഷത്തെയടക്കം വിശ്വാസത്തിലെടുക്കാനുള്ള ശ്രമം അവയിലോരോന്നിലും പ്രകടമായിരുന്നു. എന്നാൽ സ്വന്തം പാർട്ടിക്കും മുന്നണിക്കും തന്നെ സന്ദേഹങ്ങൾ ജനിപ്പിക്കുന്ന ചിലതിലേക്കാണോ പിന്നീടെന്ന ചോദ്യം പ്രളയാനന്തരകേരളത്തിനുള്ള ശുഭകരമായ സന്ദേശമല്ല.

ആരുമറിയാതെ ആഘോഷവിലക്ക് 

കലോത്സവങ്ങളും ചലച്ചിത്രോത്സവവും വിലക്കിക്കൊണ്ടുള്ളതുപോലെയുള്ള ഏകപക്ഷീയമായ ഉത്തരവ് കേരള ചരിത്രത്തിൽ തന്നെ മുമ്പുണ്ടാകാത്തതാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളയായി കേരളം അഭിമാനം കൊള്ളുന്നതാണു സംസ്ഥാന സ്കൂൾ കലോത്സവം. ലോക ചലച്ചിത്ര ഭൂപടത്തിൽ കേരളം ഇടംപിടിച്ചതിലൊരുപങ്ക് ‘കേരള രാജ്യാന്തര ചലച്ചിത്രോത്സവ’ത്തിന് അവകാശപ്പെടാം. ബന്ധപ്പെട്ട മന്ത്രിമാർ പോലും അറിയാതെ ഇതു രണ്ടും വേണ്ടെന്നു തീരുമാനിക്കുന്ന അസാധാരണമായ നടപടി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുണ്ടായി. ഇ.പി.ജയരാജൻ വീണ്ടും മന്ത്രിയാകുന്നതു വരെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ തൊട്ടടുത്തുള്ള കസേരയിലിരുന്നുകൊണ്ടു മന്ത്രിസഭയിലെ രണ്ടാമനെന്ന തോന്നൽ ജനിപ്പിച്ചിരുന്നയാളാണു സാംസ്കാരിക മന്ത്രി എ.കെ.ബാലൻ. മാധ്യമപ്രവർത്തകരിലൊരാൾ ഉത്തരവ് വായിച്ചുകേൾപ്പിക്കുമ്പോഴാണു ചലച്ചിത്രോത്സവം വേണ്ടെന്നുവച്ചതായുള്ള വിവരം ആ ‘മുൻരണ്ടാമനും’ അറിയുന്നത്. സിപിഐയോടും ഇക്കാര്യത്തിൽ അഭിപ്രായം ചോദിച്ചില്ല. 

പുനർനിർമാണത്തിനുള്ള കൺസൽറ്റൻസി നെതർലൻഡ്സ് കേന്ദ്രമാക്കിയ കെപിഎംജിയെ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ അതിനു മുമ്പ് ഉയർന്നിരുന്നു. ഈ മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രാഗത്ഭ്യമുള്ള ഏജൻസികളിലൊന്നായിട്ടാണ് കെപിഎംജിയെ കണക്കാക്കുന്നത്. മലയാളിയായ അവരുടെ ഇന്ത്യാമേധാവി ദുരിതാശ്വാസ സഹായവുമായി മുഖ്യമന്ത്രിയെ കണ്ടപ്പോഴുണ്ടായ ചർച്ച ഔദ്യോഗികതലത്തിലേക്കു വ്യാപിക്കുക മാത്രമായിരുന്നു. മന്ത്രിസഭ ചേർന്ന് ഉടൻ കെപിഎംജിയെ കൺസൽറ്റന്റായി അംഗീകരിക്കുകയും ചെയ്തു. എന്നാൽ കേരളത്തെ പുനർനിർമിക്കാനുള്ള ഉപദേശങ്ങൾ തേടാനായി ഒരു വിദേശ ഏജൻസിയെ നിയോഗിക്കുമ്പോൾ വേണ്ട തയാറെടുപ്പുകളോ പ്രതിപക്ഷത്തെയടക്കം വിശ്വാസത്തിലെടുക്കാനുള്ള ശ്രമമോ ഇല്ലാതായപ്പോൾ അതും വിവാദത്തിനു വഴിവച്ചു. ഗീത ഗോപിനാഥിനെ സാമ്പത്തികോപദേഷ്ടാവായി മുഖ്യമന്ത്രി പൊടുന്നനെ നിയമിച്ച സാഹചര്യത്തോടാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരംഗം ഇതിനെ ഉപമിച്ചത്. തെറ്റിധാരണകളെല്ലാം പിന്നീട് മാറിയല്ലോയെന്നു വിശദീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നു മാത്രം.

മാറാതെ മന്ത്രിമാർ 

പ്രളയവും തങ്ങൾക്കിടയിലെ അകൽച്ച കുറച്ചിട്ടില്ലെന്നു മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും അവരുടെ സ്വന്തം ആലപ്പുഴയിലെ ഒരു പൊതുവേദിയിൽ ഇതിനിടെ തെളിയിച്ചിരുന്നു. മന്ത്രി എം.എം മണി തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരു മാറ്റവും വരുത്താൻ തയാറായില്ല. ഇടുക്കി ഡാം തുറക്കില്ലെന്നു പറഞ്ഞതു മാധ്യമപ്രവർ‍ത്തകരെ വെട്ടിലാക്കാനായിരുന്നുവെന്നു തട്ടിവിടുന്നതു വഴി മന്ത്രിയായ താൻ കളവു പറഞ്ഞുവെന്നു മണി സ്വയം സമ്മതിക്കുകയാണ്. പ്രളയത്തിനുശേഷമുള്ള മാറുന്ന, മാറേണ്ട കേരളത്തിൽ അതിനു നേതൃത്വം കൊടുക്കേണ്ടവരിൽ നിന്നു പ്രതീക്ഷിക്കാത്ത നടപടികളായി ഇവയെല്ലാം വിലയിരുത്തപ്പെട്ടു. ദുരിതാശ്വാസത്തിനു പ്രത്യേക അക്കൗണ്ട് തുറന്നതും പിന്നീടു വേണ്ടെന്നുവച്ചതും എന്തുകൊണ്ടെന്നതും മറ്റൊരു ചോദ്യചിഹ്നമായി.  

മന്ത്രിസഭ ചർച്ച ചെയ്യാതെയാണു ധനവകുപ്പിന്റെ ‘വിസമ്മതപത്ര’ ഉത്തരവ് വന്നിരിക്കുന്നത്. കാരണം മന്ത്രിസഭ ചേരുന്നു തന്നെയില്ലല്ലോ. വിദേശത്തു ചികിത്സയ്ക്കു പോകുമ്പോൾ, തിരിച്ചുവരുംവരെ  മന്ത്രിസഭായോഗം ചേരേണ്ടെന്ന വിലക്ക് ഈ സമയത്തു പിണറായി വിജയൻ നൽകാനുള്ള സാധ്യത തീരെയില്ല. പ്രളയത്തിനുശേഷമുള്ള ഉയിർത്തെഴുന്നേൽപ്പിലേക്കു കേരളം കടക്കുന്ന ഈ നിർണായകഘട്ടത്തിൽ, വരൾച്ച തുറിച്ചു നോക്കുന്നോയെന്ന വിപൽസൂചനയടക്കം ഉയരുമ്പോൾ മന്ത്രിസഭായോഗത്തിനു വേണ്ട അജൻഡയൊന്നുമില്ലെന്നും മന്ത്രിമാർ സ്ഥലത്തില്ലെന്നുമുള്ള ഭാഷ്യങ്ങൾ ഒട്ടും ശുഭകരമല്ല. തൽക്കാലം, മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷനാകണ്ട, മന്ത്രിസഭാ ഉപസമിതിക്ക് അധ്യക്ഷനായിരുന്നാൽ മതിയെന്ന് ഇ.പി.ജയരാജനോട് ആരെങ്കിലും നേരിട്ടോ, പരോക്ഷമായ പറഞ്ഞിട്ടുണ്ടെങ്കിൽ അതും ഒട്ടും നല്ല സന്ദേശമല്ല.