Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാതെ പോകുന്ന പ്രകമ്പനങ്ങൾ

Ayiram-acre ഇടുക്കി വടക്കേ ആയിരമേക്കറില്‍ കൃഷിസ്ഥലത്തുണ്ടായ ഉരുള്‍പൊട്ടൽ.

ഭൂകമ്പത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണു കേരളത്തിൽ പലയിടത്തും ഭൂമി വിണ്ടുകീറിയതും വീടുകൾ പിളർന്നുപോയതും. ഏകദേശം ഒരേസമയത്തുണ്ടായ ഈ പ്രതിഭാസങ്ങളുടെ പിന്നിലെന്താണ്? 

ദുരന്തബാധിതമേഖലകളിലൂടെ, ‘മനോരമ’യ്ക്കു വേണ്ടി  സഞ്ചരിച്ച ഡോ. എസ്. ശ്രീകുമാർ (ഡയറക്ടർ, ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ, പാലക്കാട്),  ഡോ. ഗിരീഷ് ഗോപിനാഥ് (സീനിയർ സയന്റിസ്റ്റ്, സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ആൻഡ് മാനേജ്മെന്റ് , കോഴിക്കോട്) എന്നിവർ എഴുതുന്നു. 

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിനു പുലർച്ചെ കേരളത്തിന്റെ ഭൗമോപരിതലത്തിൽ എന്താണു സംഭവിച്ചത്? മിക്കയിടത്തും വീടുകൾ വിണ്ടുകീറിത്തകർന്നതും ഭൂമി പിളർന്നുമാറിയതും 15നു രാവിലെ മൂന്നുമണിയോടടുപ്പിച്ചായിരുന്നു. തൃശൂരിൽ പീച്ചി അണക്കെട്ടിനോടു ചേർന്നുകിടക്കുന്ന പട്ടിലംകുഴിയിലും ഇടുക്കിയിൽ കല്ലാർകുട്ടി അണക്കെട്ടിനോടു ചേർന്നുള്ള നായ്ക്കുന്നിലും വയനാട്ടിൽ തൃശിലേരിയിലും ഏകദേശം ഒരേസമയത്തു ഭൂമിയിൽ പ്രകടമായ മാറ്റങ്ങളുണ്ടായി. ഇതു പല സംശയങ്ങൾക്കും ഇടനൽകുന്നു. അണക്കെട്ടുകൾ മൂലമുണ്ടാകുന്ന ചെറിയ പ്രകമ്പനത്തിന്റെ സാധ്യതയിലേക്കാണു പ്രാഥമിക പരിശോധനകൾ വിരൽചൂണ്ടുന്നത്. ഇത്തരം ചെറുചലനങ്ങൾ നമ്മുടെ ഭൂകമ്പമാപിനികളിൽ രേഖപ്പെടുത്താറില്ല. 

അണക്കെട്ടുകൾ ഭൂചലനമുണ്ടാക്കുമോ? 

ജലനിരപ്പു പൂർണതോതിലെത്തുമ്പോൾ അണക്കെട്ടുകൾ ഭൂമിക്കു മുകളിലുണ്ടാക്കുന്ന സമ്മർദം വർധിക്കുന്നു. പ്രളയകാലത്തു കേരളത്തിലെ എല്ലാ അണക്കെട്ടുകളിലും സംഭരണശേഷി പരമാവധിയിലെത്തിയിരുന്നു. അണക്കെട്ടിലെ ജലമർദം താങ്ങാവുന്നതിലുമപ്പുറമാകുമ്പോൾ സമീപപ്രദേശങ്ങളിലെ ഭൂമിയിൽ ചെറുചലനങ്ങളുണ്ടാകാം. അണക്കെട്ടുകളും കനാലുകളും ഉണ്ടാക്കുന്ന ഇത്തരം ചെറുചലനങ്ങളെ പ്രേരിതചലനങ്ങൾ എന്നു വിളിക്കും. അണക്കെട്ടിൽനിന്നുള്ള കനാലുകളും ഭൂമിയിൽ മർദമുണ്ടാക്കാം. തൃശൂർ എട്ടാംകല്ല് മേഖലയിൽ ജലസേചന കനാൽ തകർന്നതു വൻ വിള്ളലുകൾക്കും മണ്ണിടിച്ചിലിനും കാരണമായി. കനാലിന്റെ മുകൾഭാഗത്തുള്ള വനം മാഞ്ചിയം തോട്ടമായി മാറിയതോടെ അടിക്കാടുകൾ ശോഷിച്ചു. ഇതും മണ്ണിടിച്ചിലിനു കാരണമാണ്. 

വനം നശിച്ചാലും മണ്ണിടിയും 

തൃശൂർ എച്ചിപ്പാറയിലെ തേക്കിൻതോട്ടത്തിൽ 2 വർഷം മുൻപുണ്ടായ കാട്ടുതീയിൽ ഒട്ടേറെ മരങ്ങളാണു കത്തിപ്പോയത്. ഭൂമിക്കടിയിലെ പാറകളെ മേൽമണ്ണുമായി ഉറപ്പിച്ചുനിർത്തിയിരുന്ന വന്മരങ്ങൾ കത്തിക്കരിഞ്ഞതു ബലക്ഷയത്തിനു കാരണമായി. പ്രളയത്തിൽ ഈ മരക്കുറ്റികളെല്ലാം മഴവെള്ളത്തോടൊപ്പം താഴേക്കു പതിക്കുകയും ചെയ്തു. 

THRISHLERY-HOUSE മാനന്തവാടി തൃശിലേരിക്കു സമീപം ഭൂമി വിണ്ടുകീറിയതിനെത്തുടര്‍ന്ന് വീടിന്റെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിൽ.

സോയിൽ പൈപ്പിങ് തുരങ്കങ്ങൾ

സോയിൽ പൈപ്പിങ്ങിലൂടെ ഭൂമിക്കു മുകളിൽ രൂപപ്പെട്ട തുരങ്കങ്ങളിൽ എത്രയും വേഗം ശാസ്ത്രീയ പരിശോധന നടത്തണം. എത്ര നീളത്തിലാണു തുരങ്കങ്ങളെന്നറിഞ്ഞാൽ മാത്രമേ വരാനിരിക്കുന്ന ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനാകൂ. ചില തുരങ്കങ്ങൾക്കു പല ശാഖകളുണ്ടാകാം. ഭൂമിക്കടിയിലെ മാറ്റങ്ങൾ കണ്ടെത്താനുപയോഗിക്കുന്ന ജിപിആർ (ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ) ഉപയോഗിച്ചു പരിശോധന നടത്താം. ഇതിനുശേഷം ഈ തുരങ്കങ്ങൾ അടയ്ക്കുവാനുള്ള ശാസ്ത്രീയമാർഗങ്ങളും അവലംബിക്കണം.

നടന്നുനീങ്ങിയ തെങ്ങുകൾ

ഇടുക്കി വെള്ളത്തൂവൽ മാങ്കടവിൽ കയ്യാലയ്ക്കു മുകളിൽ നിന്ന തെങ്ങുകൾ അതേപടി അടുത്ത പറമ്പിലേക്കു നിരങ്ങിനീങ്ങി നിൽക്കുന്ന കാഴ്ചയുണ്ട്. തെങ്ങുകളുടെ വേരുകൾ ആഴ്ന്നിറങ്ങിയിരുന്നത്രയും സ്ഥലത്തെ ഭൂമി അപ്പാടെ നിരങ്ങിനീങ്ങി. 

ഈ മാറ്റം അറിഞ്ഞിട്ടേയില്ലെന്ന മട്ടിലാണു രണ്ടു തെങ്ങുകളുടെയും നിൽപ്. ഒരു ഓല പോലും താഴെ വീണിട്ടില്ല. ഒരു മച്ചിങ്ങപോലും കൊഴിഞ്ഞുവീണിട്ടുമില്ല. ഒരേശക്തിയിൽ തുടർച്ചയായി പെയ്ത മഴവെള്ളം മണ്ണിന്റെ പിടിച്ചുനിർത്തൽ ശേഷി കുറയ്ക്കുന്നതുമൂലമാണ് ഇത്തരത്തിലുള്ള നിരങ്ങിനീങ്ങൽ പ്രതിഭാസമുണ്ടാകുന്നത്. മേൽമണ്ണിനോടൊപ്പം താഴെയുള്ള ഭാഗങ്ങളും ഒന്നായി തെന്നിനീങ്ങുന്നു. 

Mavadi-,-well 1. ഇടുക്കി നെടുങ്കണ്ടം മാവടിയിൽ ഇരുനിലവീട് ഇടിഞ്ഞു താഴ്ന്നപ്പോൾ. 2. ഇടിഞ്ഞു താഴ്ന്ന കിണർ.

നിറഞ്ഞും താഴ്ന്നും കിണറുകൾ

ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു പ്രതിഭാസമാണിത്. ഭൗമോപരിതലത്തിൽ എത്തുന്ന അധികജലം ഒഴുകിപ്പോകാനാകാതെ വരുമ്പോഴുള്ള മർദമാണു വിള്ളലിനും മണ്ണിടിച്ചിലിനുമെല്ലാം ഇടയാക്കുന്നതെന്നു നേരത്തെ പറഞ്ഞല്ലോ. ഈ മർദം കുറയ്ക്കുന്നതിൽ കിണറുകൾക്കു പങ്കുണ്ട്. കനത്ത മഴയിൽ ഭൂമിയിലേക്കു താഴുന്ന വെള്ളം ഉറവവഴികളിലൂടെ കിണറിലേക്ക് ഇരച്ചുകയറുന്നു. അവ നിറ‍ഞ്ഞുതുളുമ്പുന്നു. 

ചിലയിടത്ത് വെള്ളത്തിന്റെ ശക്തിയിൽ കിണറുകളുടെ ആകൃതിപോലും മാറാം. ഇടുക്കിയിലെ അടിമാലി മാങ്കടവിൽ കൊച്ചുകരോട്ട് ജോർജിന്റെ വീട്ടിലെ കിണർ ഭൂമിയിലുണ്ടായ വിള്ളലിൽ അൽപം നിരങ്ങിനീങ്ങി. ഒരുവശം ചളുങ്ങിപ്പോയ കുപ്പി ഗ്ലാസിന്റെ ആകൃതിയാണ് ഇപ്പോൾ ഈ കിണറിന്. 

quake-chart

വീടു നിർമിക്കാം കരുതലോടെ 

വയനാട്ടിൽ വിള്ളലുകൾ രൂപപ്പെട്ട മിക്ക വീടുകളുടെയും അടിത്തറ ഏറെ ബലഹീനമാണ്. തറനിരപ്പിൽനിന്ന് അധികം താഴാതെയാണ് അടിസ്ഥാനമിട്ടിരിക്കുന്നത്. ബലമില്ലാത്ത ഇഷ്ടികകൾകൊണ്ടു നിർമിച്ച വീടുകളും ഏറെ. തൃശിലേരി ഉളിക്കൽ കോളനിയിലെ വീടുകളിലധികവും നിർമിച്ചിട്ടു രണ്ടു വർഷം പോലുമായിട്ടില്ല. നിർമാണത്തിലെ അശാസ്ത്രീയതയും വീടുകളുടെ തകർച്ച വേഗത്തിലാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലാകണം ഇനിയുള്ള വീടുനിർമാണങ്ങൾ. 

ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം ജില്ലാതലത്തിൽനിന്നു താഴേത്തട്ടിലേക്കും വ്യാപിപ്പിക്കണം. പ്രാദേശികാടിസ്ഥാനത്തിൽ വാർഡ് തലങ്ങളിൽ ദുരന്തനിവാരണ സമിതികൾ രൂപീകരിക്കണം. ദൈനംദിനാടിസ്ഥാനത്തിൽ പ്രവർത്തനം വിപുലീകരിക്കണം. 

വിണ്ടുകീറിയ വീടുകളും പിളർന്നുപോയ കൃഷിയിടങ്ങളും തൽക്കാലത്തേക്കെങ്കിലും വാസയോഗ്യമല്ലാതായിരിക്കുന്നു. ഇവരെ സുരക്ഷിതസ്ഥാനങ്ങളിൽ പുനരധിവസിപ്പിക്കാനും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും സർക്കാരിന് എന്തൊക്കെ ചെയ്യാനാകും? നാളെ വായിക്കാം.

പരമ്പര ഏകോപനം: ഷിന്റോ ജോസഫ്. ചിത്രങ്ങൾ: ഉണ്ണി കോട്ടക്കൽ, അബു ഹാഷിം, അരവിന്ദ് ബാല

dr-s-sreekumar എസ്. ശ്രീകുമാർ
girish-gopinath ഗിരീഷ് ഗോപിനാഥ്
related stories