Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു കിലോമീറ്ററിലെ ദേശീയ ദുരിതം

തൃശൂർ– പാലക്കാട് ദേശീയപാതയിലെ കുതിരാൻ ഭാഗം അനാസ്ഥയുടെ കൊടിയടയാളമായി മാറുകയാണ്. പലതവണ യാത്രക്കാർക്കു ദുരിതം വിതച്ച പാതയിൽ ഇപ്പോൾ ഗതാഗതം ഭാഗികമായി നിർത്തിവച്ചതോടെ ആയിരക്കണക്കിനു വാഹനങ്ങൾ കിലോമീറ്ററുകളേറെ ചുറ്റേണ്ട ഗതികേടിലായി. 

നിർമിച്ചു പ്രവർത്തിപ്പിച്ചു തിരികെ നൽകുന്ന മാതൃക (ബിഒടി)യിൽ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ആറുവരിപ്പാതയാക്കി ടോൾ പിരിക്കാൻ സ്വകാര്യ കമ്പനിക്കു കൈമാറിയിട്ട് ഏഴു വർഷമായി. 2012 ജൂൺ 30നു പാത ഗതാഗതത്തിനു തുറന്നുകൊടുക്കണമെന്നായിരുന്നു കരാർ. എന്നാൽ സ്ഥലമെടുപ്പു പൂർത്തിയാക്കി കമ്പനിക്കു ഭൂമി കൈമാറിയതുതന്നെ 2013 മേയ് 30നാണ്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിത്. നഷ്ടപരിഹാരം സംബന്ധിച്ചു കൃത്യമായ പദ്ധതി തയാറാക്കാൻ സംസ്ഥാന സർക്കാരിനായില്ല. കമ്പനിയുടെയും ദേശീയ പാത അതോറിറ്റിയുടെയും ഭാഗത്തുനിന്നു തുടർച്ചയായ വീഴ്ചകളുണ്ടായി. ഇതോടെ 2015 മാർച്ച് 17നു നിർമാണം പൂർത്തിയാക്കണമെന്ന രണ്ടാമത്തെ കരാറിൽ എത്തുകയും ചെയ്തു. 

വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിൽ മുളയത്തും മുടിക്കോടും അടിപ്പാതയും പട്ടിക്കാട് തമ്പുരാട്ടിപറമ്പിൽ സർവീസ് റോഡും വേണമെന്ന ആവശ്യം ഉയർന്നതോടെ മൂന്നു സ്ഥലത്തെ നിർമാണം മുടങ്ങി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു റോഡ് നിർമാണം കമ്പനി പല തവണ നിർത്തുകയും ചെയ്തു. ഈ സമയത്തൊന്നും ദേശീയപാത അതോറിറ്റിയോ കേന്ദ്ര സർക്കാരോ ഇടപെട്ടുമില്ല.  

വനഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം കുതിരാനിലെ തുരങ്ക നിർമാണവും തടസ്സപ്പെടുത്തി. നിർമാണത്തിനുള്ള വനഭൂമി ഇപ്പോഴും വിട്ടു കിട്ടിയിട്ടില്ല. മുളയത്തും പട്ടിക്കാടും കുതിരാനിലുമായി മൂന്നു കിലോമീറ്റർ വികസനം നിലച്ചതാണ് പാതയിലെ ഗതാഗതം ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തിച്ചത്. എല്ലായിടത്തും വൻ കുഴികൾ. സ്വകാര്യ, കെഎസ്ആർടിസി ബസുകൾ സർവീസ് ഭാഗികമായി നിർത്തിക്കഴിഞ്ഞു. സ്കൂൾ ബസുകൾപോലും ഓടുന്നില്ല. മിക്കദിവസവും നാലും അഞ്ചും മണിക്കൂർ നീളുന്ന ഗതാഗതക്കുരുക്കാണ്. രണ്ടു വർഷത്തിനിടെ കുഴികളിൽ വാഹനം വീണു മാത്രം 17 പേർ മരിച്ചു. പ്രദേശത്തെ കർഷകർക്കു ചന്തയിലെത്താൻ പത്തിനുപകരം ചുറ്റിവളഞ്ഞു 40 കിലോമീറ്റർ യാത്ര ചെയ്യണം. പല വ്യാപാരസ്ഥാപനങ്ങളും മാസങ്ങളായി അടഞ്ഞുകിടക്കുന്നു. പ്രദേശത്തെ സ്കൂളുകളിൽ ഹാജർ 40% വരെ കുറഞ്ഞിരിക്കുകയുമാണ്. 

ഈ മൂന്നു കിലോമീറ്റർ അറ്റകുറ്റപ്പണിക്കായി വേണ്ടത് 2.65 കോടി രൂപ മാത്രമാണ്. ദേശീയപാത അതോറിറ്റി ഇതുവരെ അടങ്കൽപോലും തയാറാക്കിയിട്ടില്ല. ഇതിനുതന്നെ 15 ദിവസമെടുക്കുമെന്നാണു പറയുന്നത്. പിന്നീടു ടെൻഡർ ഉറപ്പിക്കാൻ 10 ദിവസം വേണം. മുൻപ് അറ്റകുറ്റപ്പണി വൈകിയപ്പോൾ മുൻ സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്കു പണം മുൻകൂർ നൽകുകയാണു ചെയ്തിരുന്നത്. ഇത്തവണ സർക്കാർ അതിനു തയാറായില്ല. 

ദേശീയപാത അതോറിറ്റിയുടെയും കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതിനിധികളുടെ അടിയന്തര യോഗം ചേർന്നു പാത നിർമാണത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക മാത്രമാണു പരിഹാരമാർഗം. തുരങ്കം പൂർത്തിയാക്കാനായി ഭൂമി ഏറ്റെടുക്കാൻ കേന്ദ്ര വനം വകുപ്പ് അനുമതി നൽകണം. അറ്റകുറ്റപ്പണിക്കായി ടെൻഡർ ഇല്ലാതെ 2.65 കോടിയുടെ അടങ്കലിന് ഉടൻ അനുമതി നൽകാനാവും. അടിപ്പാതകളും സർവീസ് റോഡും സംബന്ധിച്ച തർക്കങ്ങളിൽ തീരുമാനമെടുക്കാനും അധികൃതർ മുന്നിട്ടിറങ്ങണം. തൽക്കാലം മൂന്നു കിലോമീറ്ററിലെ അറ്റകുറ്റപ്പണിയുടെ ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുത്താൽതന്നെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകും. പാതയുടെ 75% പൂർത്തിയായിക്കഴിഞ്ഞു. ചെറുദൂരവുമായി ബന്ധപ്പെട്ട നിർമാണപ്രശ്നം ദേശീയപാതാ ദുരിതമായി തുടരാൻ അനുവദിച്ചുകൂടാ.