Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഭരണനയത്തിൽ മാറ്റങ്ങൾ

കാർഷികോൽപന്നങ്ങളുടെ സംഭരണം സംബന്ധിച്ച കേന്ദ്ര നയത്തിൽ സുപ്രധാന പരിഷ്കാരങ്ങൾ വരികയാണ്. താങ്ങുവിലയുമായുള്ള അന്തരം കൃഷിക്കാർക്കു കൈമാറുന്ന രീതിയും സംഭരണപ്രവർത്തനങ്ങളിൽ സ്വകാര്യപങ്കാളിത്തം പരീക്ഷിക്കുന്നതിനുള്ള നീക്കവുമാണ് പ്രധാനമന്ത്രി അന്നദാതാ ആയ് സൻരക്ഷൻ അഭിയാൻ (പിഎം– ആശ) എന്ന പദ്ധതിയുടെ സവിശേഷതകൾ. നെല്ല്, ഗോതമ്പ് എന്നിവയുടെ സംഭരണരംഗത്ത് ഫുഡ് കോർപറേഷൻ സ്വകാര്യഏ‍ജൻസികളെ അനുവദിച്ചിരുന്നു. ഇനി എണ്ണക്കുരുക്കളുടെ സംഭരണമേഖലയിൽ കൂടി സ്വകാര്യ ഏജൻസികളുടെ സേവനം നടപ്പാക്കും. അതേസമയം, താങ്ങുവിലയുടെ അടിസ്ഥാനത്തിൽ സർക്കാർ ഏജൻസികൾ നടത്തുന്ന പതിവു സംഭരണം തുടരുകയും ചെയ്യും. 

എണ്ണക്കുരുക്കളുടെ സംഭരണത്തിനായി മധ്യപ്രദേശ് സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ മാതൃകയിലാണ് വിപണിവിലയുമായുള്ള അന്തരം കൃഷിക്കാർക്കു നൽകുന്ന പ്രൈസ് ഡഫിഷ്യൻസി പേയ്മെന്റ് സ്കീം അഥവാ പിഡിപിഎസ് ദേശീയതലത്തിൽ നടപ്പാക്കുക. സംഭരണപ്രവർത്തനങ്ങളിൽ സ്വകാര്യപങ്കാളിത്തം നടപ്പാക്കുന്നത് പരീക്ഷണാടിസ്ഥാനത്തിൽ മാത്രമായിരിക്കും. ഇത്തരം ഏജൻസികൾക്കു സംഭരണവിലയുടെ 15% വരെ ആനുകൂല്യമായി നൽകാം.

 ഓരോ സംസ്ഥാനത്തിനും യോജ്യമായ രീതിയിൽ സംഭരണം നടത്താൻ പുതിയ നയം അനുവദിക്കുന്നുണ്ട്. താങ്ങുവിലയുടെ പ്രയോജനം കൂടുതൽ കൃഷിക്കാരിലെത്തി അവരുടെ വരുമാനം വർധിപ്പിക്കാനാവശ്യമായ കാര്യക്ഷമത കൈവരിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് സർക്കാരിന്റെയും നിതി ആയോഗിന്റെയും കണക്കുകൂട്ടൽ. എണ്ണക്കുരുക്കളുടെ സംഭരണം പ്രോത്സാഹിപ്പിക്കുന്നതുവഴി ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കാമെന്നും കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു. എന്നാൽ ഇതേ ചിന്താഗതി പ്രകൃതിദത്ത റബറിന്റെ കാര്യത്തിൽ കാണുന്നില്ലെന്നത് കേരളത്തിലെ കൃഷിക്കാർക്ക് ഉൾക്കൊള്ളാനാകാത്തതാണ്. 

രണ്ടു പരിഷ്കാരങ്ങളും കേരളത്തിനു പുതുമയല്ലെന്നതാണ് വാസ്തവം. സ്വകാര്യമില്ലുകളുടെ പങ്കാളിത്തത്തോടെ ഇവിടെ നെല്ലുസംഭരണം തുടങ്ങിയിട്ട് ഒരു ദശകത്തിലേറെയായി. വിപണിവിലയും താങ്ങുവിലയുമായുള്ള അന്തരം കൃഷിക്കാർക്കു നൽകുന്ന രീതി യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനസർക്കാർ റബർമേഖലയിൽ നടപ്പാക്കിയതാണ്.  

വില വ്യത്യാസം കൃഷിക്കാർക്കു കൈമാറുന്ന സംവിധാനത്തിൽ കുറഞ്ഞ വിലയ്ക്ക് ഇടപാട് ഉറപ്പിക്കാൻ കച്ചവടക്കാർ പ്രലോഭിപ്പിക്കുന്നതായി മധ്യപ്രദേശിൽ കണ്ടെത്തിയിട്ടുണ്ട്. നഷ്ടം സർക്കാർ നികത്തുമെന്നതിനാൽ കർഷകർ ഇതിനു വശംവദരാകുകയും ചെയ്യുന്നു. പദ്ധതിയിൽ റജിസ്റ്റർ ചെയ്യാത്ത കൃഷിക്കാരുടെ വരുമാനം വീണ്ടും താഴാനും സാധ്യതയുണ്ട്. വിലവ്യത്യാസം കൃഷിക്കാർക്കു കൈമാറുന്ന പദ്ധതിയുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും കച്ചവടക്കാർക്ക് അനുകൂലമായ പദ്ധതിയായി ഇതു മാറിയേക്കാമെന്നു സാമ്പത്തിക വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു. പദ്ധതിപ്രകാരം ഓരോ സംസ്ഥാനത്തും സഹായം നൽകാവുന്ന ഉൽപന്നങ്ങളുടെ അളവിനു പരിധി ഉണ്ടാവും.

സംഭരണരംഗത്തു പിടിമുറുക്കുന്ന സ്വകാര്യമേഖലയുടെ താൽപര്യങ്ങൾ ഭാവിയിൽ കൃഷിക്കാരുടെ താൽപര്യങ്ങളെക്കാൾ പ്രാധാന്യം നേടുമോയെന്ന ആശങ്കയും അസ്ഥാനത്തല്ല. ഇത്തരം ആശങ്കകൾക്കു പരിഹാരം കാണാനായാൽ പുതിയ നയം സ്വാഗതാർഹം തന്നെ. സ്വകാര്യമേഖല കൂടുതലായി കടന്നുവരുന്നത് കാർഷികോൽപന്ന സംഭരണ രംഗത്ത് അടിസ്ഥാനസൗകര്യങ്ങൾ വർധിക്കാൻ ഇടയാക്കും. 

താങ്ങുവില നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. കാർഷികോപാധികളുടെ വിലയും കൂലിച്ചെലവും മാത്രം പരിഗണിച്ചാണ് ഉൽപാദനച്ചെലവ് കണക്കാക്കുക. എന്നാൽ ഇതോടൊപ്പം കൃഷിയിടത്തിന്റെ വാടക കൂടി കണക്കിലെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതേസമയം, പരിധിയില്ലാതെ കൃഷിച്ചെലവുകൾ ഉയരുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്ന മറുവാദവുമുണ്ട്. നയരൂപീകരണം എത്ര മികവുറ്റതായാലും നടപ്പാക്കുമ്പോൾ പാളിപ്പോകാമെന്നു പഠിപ്പിക്കുന്ന ഒട്ടേറെ അനുഭവങ്ങൾ നമുക്കുണ്ടുതാനും.