Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി അതിജീവനം; അനുഭവങ്ങൾ തരും, പുതിയ പാഠങ്ങൾ

wynad-Landslide മാനന്തവാടി തലപ്പുഴയ്ക്കു സമീപം വയനാട് എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടിനോടു ചേര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍.

ഇനി അതിജീവനത്തിനുള്ള സമയമാണ്. മറ്റൊരു വൻ പ്രകൃതിദുരന്തംകൂടി താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടാകില്ല. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പുനരധിവാസം എളുപ്പമാക്കാനും എന്തുണ്ട് വഴികൾ? ദുരന്തബാധിത മേഖലകളിലൂടെ മനോരമയ്ക്കു വേണ്ടി സഞ്ചരിച്ച ഡോ. എസ്. ശ്രീകുമാർ (ഡയറക്ടർ, ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ, പാലക്കാട്), ഡോ. ഗിരീഷ് ഗോപിനാഥ് (സീനിയർ സയന്റിസ്റ്റ്, സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ആൻഡ് മാനേജ്മെന്റ്, കോഴിക്കോട്) എന്നിവർ എഴുതുന്നു 

ഇടുക്കി വടക്കേ ആയിരമേക്കറിൽ വൻ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകുന്നതിനു മുൻപ് കാട്ടാനകൾ കൂട്ടത്തോടെ പലായനം െചയ്തുവെന്ന കഥ പറഞ്ഞത് പ്രദേശത്തെ ഒരു കർഷകനാണ്. പ്രകൃതിയുടെ താളംതെറ്റുന്നത് ആ വന്യമൃഗങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കണം. 

പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കാണാൻ ഈ ആധുനിക കാലത്തും മനുഷ്യൻ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? ഈ പ്രളയകാല അനുഭവങ്ങളിൽനിന്ന് പുതിയ പാഠം പഠിച്ചെങ്കിൽ മാത്രമേ നമ്മുടെ അതിജീവനം പൂർണമാകൂ. 

തുടർച്ചയായുണ്ടായ മണ്ണിടിച്ചിലും വിള്ളലുകളുമെല്ലാം ഭൂചലനസാധ്യതയിലേക്കു വിരൽചൂണ്ടുന്നവയാണ്. ഇടയ്ക്കിടെ ഭൂചലനങ്ങളുണ്ടാകുന്ന മുംബൈ, ലക്നൗ തുടങ്ങിയ നഗരങ്ങളൊക്കെയും കേരളത്തെപ്പോലെ സീസ്മിക്സോൺ മൂന്നിൽ (ഭൂകമ്പസാധ്യതയനുസരിച്ചുള്ള വർഗീകരണം) വരുന്നവയാണുതാനും. വിള്ളലുകളും മണ്ണിടിച്ചിലുകളും കൂടുതൽ വ്യാപകമായാൽ കേരളത്തിന്റെ സീസ്മിക് സോൺ പുനർനിർവചിക്കേണ്ടിവരും. 

ഭൂകമ്പസാധ്യതാ പട്ടികയിൽ മൂന്നിനു മുകളിലാണു കേരളം സ്ഥാനം പിടിക്കുന്നതെങ്കിൽ കൂടുതൽ ജാഗ്രത വേണം. 

പുനരധിവാസത്തിന് വെല്ലുവിളി ജനസാന്ദ്രത

ദുരന്തങ്ങളിൽനിന്നു കരകയറാനുള്ള ശ്രമത്തിൽ കേരളത്തിനു മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളി ജനസാന്ദ്രതയാണ്. ഭൂമിയുടെ ലഭ്യതക്കുറവും പുനരധിവാസത്തെ സങ്കീർണമാക്കുന്നു. മണ്ണിടിഞ്ഞും ഭൂമി പിളർന്നും കൃഷിസ്ഥലവും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ വൻ പദ്ധതികൾ ആവശ്യമാണ്. ഇതിനുള്ള ഭൂമി കണ്ടെത്താനായി കേരളത്തിൽ പുതിയ ഭൂവിനിയോഗ മാസ്റ്റർ പ്ലാൻ തയാറാക്കണം. വൻകിട കയ്യേറ്റങ്ങളെങ്കിലും തിരിച്ചുപിടിക്കണം. വാസയോഗ്യമല്ലാതായ സ്ഥലങ്ങൾക്കു പകരം മറ്റു കേന്ദ്രങ്ങൾ കണ്ടെത്തണം. പരിസ്ഥിതിലോല മേഖലകളിൽ വൻകിട നിർമാണങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തണം. ജനങ്ങളെ വിശ്വാസത്തിലെടുത്തും ആശങ്കകൾ പരിഹരിച്ചും ജനാധിപത്യപരമായാവണം ഇതു നടപ്പാക്കേണ്ടത്. ‍‍

peechi-house തൃശൂർ പീച്ചി പട്ടിലാംകുഴിയില്‍ എച്ചിക്കാക്ക് ബൈജുവിന്റെ വീട് വിണ്ടുകീറിയ നിലയില്‍.

മഴയളക്കാം, ദുരന്തമകറ്റാം

കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്ത സാധ്യതകളും മുൻകൂട്ടി കാണാൻ സഹായിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ഉപകരണം കൂടിയാണ് മഴമാപിനി. എല്ലാ പഞ്ചായത്തുകളിലും ഉടൻ തന്നെ മഴമാപിനികൾ സ്ഥാപിക്കണം. ഇതിൽനിന്ന് മഴയളവ് രേഖപ്പെടുത്തുന്നതെങ്ങനെയെന്നു ജനങ്ങൾക്കു പരിശീലനം നൽകണം. മണ്ണിടിച്ചിൽ, വിള്ളൽ സാധ്യതയുള്ള പ്രദേശത്ത് നിശ്ചിത അളവിൽക്കൂടുതൽ മഴ പെയ്താൽ ഉടൻതന്നെ മുൻകരുതൽ നടപടികൾ കൈക്കൊള്ളണം. 

മനുഷ്യനിർമിത ദുരന്തങ്ങൾ

വയനാട് മാനന്തവാടിയിലെ എൻജിനീയറിങ് കോളജ് ഗ്രൗണ്ടിനോടു ചേർന്നുണ്ടായ വൻ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മനുഷ്യനിർമിത ദുരന്തത്തിന് ഉത്തമ ഉദാഹരണമാണ്. ഇവിടെ മണ്ണ് മലപോലെ കൂട്ടിവച്ച് വശങ്ങളിൽ വലിയൊരു മതിൽക്കെട്ടുമുണ്ടാക്കി. വലിയ മഴ പെയ്തപ്പോൾ ഇതെല്ലാം കുത്തിയൊലിച്ചു താഴെയെത്തി. താഴേക്കുപതിച്ച ടൺകണക്കിനു മണ്ണിൽ കുറച്ചുഭാഗം താഴ്‌വരയിലെ ഇരുമ്പുവലയും വന്മരങ്ങളും തടഞ്ഞുനിർത്തിയതിനാൽ ദുരന്തം കൂടുതൽ ഭീകരമായില്ല. 

Vellathooval-house ഇടുക്കി വെള്ളത്തൂവല്‍ നായ്ക്കുന്നില്‍ ആലൂര്‍ കെ.എന്‍. സജികുമാറിന്റെ വീട് ഇരുമ്പുപൈപ്പുകള്‍ ഉപയോഗിച്ചു താങ്ങിനിര്‍ത്തിയിരിക്കുന്നു.

2004ൽ തൃശൂർ ജില്ലയിലെ മുപ്ലിയത്തും 2005ൽ കോഴിക്കോട് ജില്ലയിലെ കോങ്ങോടും ഉരുൾപൊട്ടലുകളുണ്ടായതിന്റെ പ്രധാന കാരണം പാറഖനനമാണ്. നിയമവിരുദ്ധമായ ഖനനം തടയണം. കരിങ്കൽ ക്വാറികൾ ദേശസാൽക്കരിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്.

മ‍ഞ്ഞുമലകളിൽനിന്ന് കേരളത്തിനൊരു മാതൃക

ഇന്ത്യയിലെ ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണു ബംഗാളിലെ ഡാർജിലിങ്. ഏറെക്കുറെ കേരളത്തോടു സാമ്യമുള്ള ഭൗമഘടന. ഭൂകമ്പസാധ്യതയുടെ അളവിൽ സീസ്മിക് സോൺ നാലിലാണു ഡാർജിലിങ്ങിന്റെ സ്ഥാനം. കേരളത്തിന്റെ സ്ഥാനം ഇതിനു തൊട്ടുതാഴെ മൂന്നിലും. എന്നിട്ടും ഭൂകമ്പപ്രവചനത്തിനുള്ള സംവിധാനങ്ങൾ പോയിട്ടു മണ്ണിടിച്ചിലും വിള്ളലുമെങ്കിലും മുൻകൂട്ടി കാണാനോ തടയാനോ ആഘാതം കുറയ്ക്കാനോ ഉള്ള മാർഗങ്ങൾപോലും വിജയകരമായി നടപ്പിലാക്കാൻ നമുക്കായിട്ടില്ല. 

കേരളത്തിലേതുപോലെ മണ്ണിടിച്ചിലും വിള്ളലുമെല്ലാം ഏറ്റവും കൂടുതലുള്ള ഡാർജിലിങ്ങിലെ ഗിഡാപഹർ വില്ലേജിൽ ബംഗാൾ സർക്കാർ സഹകരണത്തോടെ നടപ്പിലാക്കിയ മുന്നറിയിപ്പു സംവിധാനം നമുക്കും മാതൃകയാക്കാവുന്നതാണ്. 

ഈ മാസം ഏഴു മുതൽ സംവിധാനം പ്രവർത്തനക്ഷമമായി.

Quake-Graphics-2

കൃഷിക്കാർ അറിയേണ്ടത്

ഭൂമി പിളർന്നും മണ്ണിടിഞ്ഞും കൃഷിയിടങ്ങളിലെ വളക്കൂറുള്ള മേൽമണ്ണ് നഷ്‌ടപ്പെടുന്നതോടൊപ്പം മണ്ണിൽനിന്ന് നൈട്രജൻ, പൊട്ടാഷ് തുടങ്ങിയ മൂലകങ്ങൾ ഒലിച്ചുപോയിരിക്കാനും സാധ്യതയുണ്ട്. മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ: 

∙ ശാസ്‌ത്രീയ മണ്ണുപരിശോധനയുടെ അടിസ്‌ഥാനത്തിൽ വളപ്രയോഗം നടത്തുക

∙ കൃഷിഭവനിൽനിന്നെത്തി മണ്ണുപരിശോധന നടത്തും. മാനദണ്ഡങ്ങൾക്കനുസരിച്ചു സഹായവും കിട്ടും.

∙ വെള്ളംകയറിയ കൃഷിയിടങ്ങളിൽ ഒരു സെന്റിന് 1 കിലോഗ്രാം എന്ന തോതിൽ കുമ്മായം വിതറാം.

ഇനിയും നേരമില്ല, ഇപ്പോഴേ വൈകി 

വൻദുരന്തത്തിൽനിന്നു കരകയറാനുള്ള അതിജീവനപോരാട്ടത്തിലാണു നമ്മൾ. തുലാവർഷം വരാനിരിക്കുകയാണ്. മുൻകരുതലുകൾ ഇപ്പോഴേ കൈക്കൊള്ളണം. നാലു ദിവസത്തിൽ കൂടുതൽ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ, അപകടസാധ്യതാ മേഖലകളിൽനിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. 

പ്രകൃതിദുരന്തങ്ങളിൽനിന്ന് എക്കാലവും സുരക്ഷിതരായിരിക്കുമെന്ന തങ്ങളുടെ മിഥ്യാബോധത്തിൽനിന്നു മലയാളി ഉണരണം. 

(പരമ്പര അവസാനിച്ചു) 

ഏകോപനം: ഷിന്റോ ജോസഫ്, ചിത്രങ്ങൾ: ഉണ്ണി കോട്ടക്കൽ, അബു ഹാഷിം, അരവിന്ദ് ബാല

dr-s-sreekumar ഡോ. എസ്. ശ്രീകുമാർ
girish-gopinath ഡോ. ഗിരീഷ് ഗോപിനാഥ്.
related stories