Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാപങ്ങളുടെ സർവകലാശാല

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാനമായി വളരേണ്ട സ്ഥാപനമാണു  കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാല. എന്നാൽ, വിദ്യാർഥികൾക്കു സമാധാനപൂർണമായ അന്തരീക്ഷത്തിൽ അധ്യയനം സാധ്യമല്ലാത്ത സ്ഥിതിയാണിപ്പോൾ. രാഷ്ട്രീയ ഇടപെടലുകളും സമരപരമ്പരകളും സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ബാധിച്ചിരിക്കുന്നു.

സർവകലാശാലാ ഹോസ്റ്റലിൽ അതിക്രമം കാട്ടിയെന്നാരോപിച്ച് ആന്ധ്രാ സ്വദേശിയായ  ഗവേഷക വിദ്യാർഥിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതും ഈ നടപടിയെ സമൂഹ മാധ്യമങ്ങളിലൂടെ  വിമർശിച്ച ഇംഗ്ലിഷ് വകുപ്പു മേധാവിയെ അധ്യക്ഷസ്ഥാനത്തുനിന്നു നീക്കിയതുമാണ് ഇപ്പോഴത്തെ സമരങ്ങൾക്കു തുടക്കമിട്ടത്. വകുപ്പു മേധാവി പരസ്യമായി  അധികാരികളെ വിമർശിച്ചതു ഗുരുതരമായ കുറ്റമാണെന്നാണു സർവകലാശാലയുടെ വിശദീകരണം. സമാനമായൊരു സംഭവത്തിൽ സർവകലാശാലയിലെ മറ്റൊരു അധ്യാപകനെതിരെയും അധികൃതർ അന്വേഷണം നടത്തുന്നു. സർവകലാശാലാ അധികാരികളെ  മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാരോപിച്ച് ഇന്റർനാഷനൽ റിലേഷൻസ് വകുപ്പിലെ രണ്ടാം വർഷ വിദ്യാർഥിയെ പുറത്താക്കിയതിന്റെ പേരിലും എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകൾ സമരത്തിലാണ്.

സർവകലാശാലയിൽ ബിജെപി കാവിവൽക്കരണം നടത്തുന്നുവെന്ന്  ഇടതുപക്ഷവും സർവകലാശാലയെ ഇല്ലാതാക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുവെന്നു ബിജെപിയും ആരോപിക്കുന്നു. ബാഹ്യസമരങ്ങളെ പ്രതിരോധിക്കാൻ  ക്യാംപസിനു കേന്ദ്ര സേനയുടെ സംരക്ഷണം വേണമെന്ന അധികാരികളുടെ ആവശ്യവും പുതിയ വിവാദത്തിന് ഇ‌ടയാക്കി. ഫലത്തിൽ, പുറത്തുനിന്നുള്ള രാഷ്ട്രീയ ഇടപെടലും അകത്തുതന്നെയുള്ള സ്വാർഥതാൽപര്യങ്ങളും സർവകലാശാലയെ തകർക്കുന്ന സാഹചര്യം.

രാജ്യാന്തര നിലവാരമുള്ള സർവകലാശാലകൾ എന്ന ലക്ഷ്യത്തോടെ യുപിഎ സർക്കാർ വിവിധ സംസ്ഥാനങ്ങളിലായി അനുവദിച്ച പതിനഞ്ചു കേന്ദ്രങ്ങളിൽ ഒന്നാണിത്. ദേശീയതലത്തിൽ പ്രവേശന പരീക്ഷ ജയിച്ച് ഇവിടെ പഠനത്തിനു ചേരുന്ന വിദ്യാർഥികളിൽ 20 ശതമാനത്തോളം വിദേശികളും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരുമാണ്. ഇരുപത്തിമൂന്നു വകുപ്പുകളിലായി 2400 വിദ്യാർഥികളും 150 അധ്യാപകരുമുള്ള ബൃഹത് സ്ഥാപനം. 

സർവകലാശാലയുടെ തുടക്കം മുതലുണ്ട് ആരോപണങ്ങളും സമരങ്ങളും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം. നിയമനങ്ങളിലും നിർമാണ പ്രവർത്തനങ്ങളിലും ക്രമക്കേടുകൾ ആരോപിച്ചായിരുന്നു ആദ്യകാല സമരങ്ങൾ. അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇപ്പോഴും നടക്കുന്നു. കഴിഞ്ഞ ഒൻപതുവർഷത്തിനിടയിലുണ്ടായ വിവാദങ്ങളും സമരങ്ങളുമെല്ലാം സർവകലാശാലയുടെ വളർച്ചയെ മുരടിപ്പിക്കുകയാണെന്നതിൽ  അധികാരികൾക്കോ സമരക്കാർക്കോ  മനഃസാക്ഷിക്കുത്തൊന്നുമില്ല.

ജനാധിപത്യവിരുദ്ധ നടപടികളാണു  സർവകലാശാലയിൽ നടക്കുന്നതെന്ന ആക്ഷേപം അടിസ്ഥാനരഹിതമെന്നു തെളിയിക്കേണ്ട ബാധ്യത അധികാരികൾക്കുണ്ട്. വിവേകപൂർവം പ്രശ്നങ്ങളെ സമീപിച്ചു വിദ്യാർഥി–യുവജന സംഘടനകളുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കാനും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കാനും അധികാരികൾ മുന്നിട്ടിറങ്ങണം. അതോടൊപ്പം സർവകലാശാലയുടെ വികസനത്തിൽ വിദ്യാർഥി, യുവജന സംഘടനകൾക്കും  രാഷ്ട്രീയ കക്ഷികൾക്കും ക്രിയാത്മകമായ പങ്കു വഹിക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്. സ്ഥാപനം ലക്ഷ്യം നിറവേറ്റുന്നതിൽ പിന്നാക്കം പോയാൽ നഷ്ടം വരുന്നതു വരുംതലമുറയ്ക്കു കൂടിയാണ്.

സർവകലാശാലയിലെ വിവിധ നിർമാണ, വികസന പ്രവർത്തനങ്ങൾക്കായി രണ്ടു വർഷത്തിനകം പൂർത്തിയാക്കേണ്ട 164 കോടി രൂപയുടെ പദ്ധതികൾക്കുള്ള അനുമതി കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്.  സമരങ്ങളും വിവാദങ്ങളും കൊണ്ടു നല്ലൊരു സ്ഥാപനത്തിന്റെ ഭാവി തകർക്കണോ എന്ന  ചോദ്യം അധികാരികളും സമരക്കാരും കേൾക്കാതിരിക്കരുത്.