Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടനാടിന്റെ കൂടെ വേണം, കേരളം

പ്രളയത്തിന്റെ ദുരിതങ്ങളിൽനിന്നു നിവർന്നിട്ടില്ല, കുട്ടനാട്. സവിശേഷമായ ജൈവ ആവാസ വ്യവസ്ഥയുള്ള ഈ നാടിന്റെ പുനഃസൃഷ്ടി കേരളത്തിനു മുന്നിൽ ഉയർത്തുന്ന വെല്ലുവിളികൾ ഏറെയാണ്. വീടും ഉപജീവനവും നഷ്ടപ്പെട്ട ജനങ്ങളുടെ രോദനവും ഭാവിയിലുണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളെപ്പറ്റിയുള്ള ആശങ്കയും കണക്കിലെടുത്തുവേണം പുനഃസൃഷ്ടിയിലേക്കു ചുവടുവയ്ക്കാൻ. കുട്ടനാടിന്റെ കായലും കൃഷിയും മനോഹാരിതയും മാനവികതയും നമുക്കൊരിക്കലും നഷ്ടമാവുകയുമരുത്. 

കുട്ടനാടിന്റെ ജീവിതം തിരിച്ചുപിടിക്കാൻ കേരളസമൂഹം ഇനിയെന്തുചെയ്യണമെന്ന് ആലോചിക്കാൻ മനോരമ ഇന്നലെ സംഘടിപ്പിച്ച ആശയക്കൂട്ടത്തിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യം കുട്ടനാടിന്റെ പരിപാലനവും ഭാവിയും നിശ്ചയിക്കാൻ ഏകോപിതമായൊരു സംവിധാനം വേണമെന്നാണ്. പല ദിശയിലും പല വേഗത്തിലും നീങ്ങുന്ന സർക്കാർ വകുപ്പുകളും ഗവേഷണസ്ഥാപനങ്ങളും തദ്ദേശഭരണസംവിധാനവും സന്നദ്ധ ഏജൻസികളും കുട്ടനാടിനെ എവിടെയുമെത്തിക്കില്ല. 

തദ്ദേശസ്ഥാപനങ്ങളെയും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെയും പഠന–ഗവേഷണ സ്ഥാപനങ്ങളെയും ഏകോപിപ്പിക്കുന്ന സർക്കാർ നിയന്ത്രിത സംവിധാനം വേണം. കഴിയുമെങ്കിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിനു കീഴിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന മട്ടിൽ നിയമപ്രകാരം രൂപീകരിച്ച സംവിധാനമാണ് ആവശ്യം. എണ്ണമറ്റ പഠനങ്ങൾ നടന്നിട്ടുണ്ട്, കുട്ടനാടിനെപ്പറ്റി. ഇതൊക്കെ സമാഹരിച്ചു പഠിക്കാനും കാര്യക്ഷമമായി നടപ്പാക്കാനും ഇങ്ങനെയൊരു സംവിധാനത്തിനേ കഴിയൂ.

കേരളത്തിന്റെ നെല്ലറയാണ് കുട്ടനാട്. അതു പോരാ, നാടിന്റെ ഭക്ഷ്യക്കലവറയായി മാറണമെന്നും നിർദേശമുയർന്നു. നെല്ലും മീനും തെങ്ങും പച്ചക്കറിയുമൊക്കെയടങ്ങുന്ന സംയോജിത കൃഷിപദ്ധതി വേണം. കാലാവസ്ഥയും നാട്ടറിവുകളും മണ്ണിന്റെ സ്വഭാവവും പഠിച്ചുവേണം സമഗ്രമായ ആ കുട്ടനാടൻ കൃഷി പദ്ധതിയുണ്ടാക്കേണ്ടത്. ഇതിനുള്ള ഗവേഷണവിവരങ്ങൾ കടലാസിലുറങ്ങിയാൽ പോരാ. 

അഞ്ചു നദികൾ ഒഴുക്കിക്കൊണ്ടുവരുന്ന മാലിന്യങ്ങൾ കുട്ടനാടിനെ കുപ്പയാക്കാൻ ഇനിയനുവദിക്കരുത്. കുട്ടനാടിന്റെ കായലിനെയും മണ്ണിനെയും കീടനാശിനി കൊണ്ടും രാസമാലിന്യം കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും ഘനലോഹങ്ങൾ കൊണ്ടും നശിപ്പിക്കാൻ ഇനിയാരും തുനിയരുത്. ജൈവകൃഷിരീതി ആദായകരമായി ചെയ്യാൻ കർഷകരെ പ്രേരിപ്പിക്കുംവിധമാവണം സഹായവും സബ്സിഡിയും നൽകേണ്ടത്. കട്ടകുത്തി മടയുണ്ടാക്കുന്നതിനെ മണൽഖനനമായി കാണുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നു കർഷകർ ആവശ്യപ്പെടുന്നു. പ്രളയത്തെത്തുടർന്ന് മണ്ണിനുണ്ടായ മാറ്റത്തെപ്പറ്റിയുള്ള ശാസ്ത്രീയ പഠനം എത്രയും പെട്ടെന്നുവേണം. കൃഷിചെയ്യാനാകാത്ത പാടങ്ങളിൽ മഴസംഭരണം സാധ്യമോ എന്നു പഠിക്കണം. 

കേരളത്തിന്റെ ഈ ഹരിതചാരുതീരത്തിനായി വ്യത്യസ്തമായൊരു വിനോദസഞ്ചാരപദ്ധതി രൂപപ്പെടുത്തണം. ആസൂത്രണമൊന്നുമില്ലാതെ കെട്ടിപ്പൊക്കുന്ന വാർപ്പുകെട്ടിടങ്ങളല്ല, കുട്ടനാടൻ ടൂറിസത്തിന്റെ മുഖമാകേണ്ടത്. ആലപ്പുഴ– ചങ്ങനാശേരി കനാൽ പൂർത്തിയാക്കുകയും തോട്ടപ്പള്ളി സ്പിൽവേ വഴി വെള്ളമൊഴുകിപ്പോകാനുള്ള തടസ്സം നീക്കുകയും ബൈപാസ് കനാലുകൾ വേണ്ടിടത്ത് അവ നിർമിക്കുകയും വേണം. തണ്ണീർമുക്കം ബണ്ടും സ്പിൽവേയും തുറക്കാനും അടയ്ക്കാനും സ്ഥിരമായ നിരീക്ഷണസംവിധാനവും വേണം. കാലാവസ്ഥാ വ്യതിയാനം പരിഗണിച്ച് പ്രളയമുന്നറിയിപ്പിനായുള്ള അടയാളപ്പെടുത്തലുകളും പഠനവും ആവശ്യമാണ്. കുട്ടനാട്ടിലെ ജീവിതത്തിന്റെ മണവും മധുരവും പച്ചപ്പും നിലനിർത്തിക്കൊണ്ടുള്ള പുനഃസൃഷ്ടിക്ക് അവസരമാകട്ടെ, ഇപ്പോഴത്തെ പ്രതിസന്ധി.