Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈപിടിച്ചവർ; കയ്യടിക്കാം...

koodeyund-nadu മലയാള മനോരമ കോട്ടയത്തു സംഘടിപ്പിച്ച പ്രളയാനുഭവ കൂട്ടായ്മയിൽ പങ്കെടുത്ത നടി സരയു, മൽസ്യത്തൊഴിലാളി എം.പി. രാധാകൃഷ്ണൻ, ടി.ഒ. ഡേവിസ്, സിഐ എം.സുധിലാൽ, എൻഡിആർഎഫ് കോൺസ്റ്റബിൾ കനയ്യ കുമാർ, മൽസ്യത്തൊഴിലാളി പി.എ. പീറ്റർ, ഡോ.സതീഷ് പരമേശ്വരൻ, എൻഡിആർഎഫ് എസ്ഐ രാമചന്ദ്ര ഓല, പ്രശാന്ത് നായർ, മേജർ രവി, ക്യാപ്റ്റൻ പി.രാജ്കുമാർ, ഡോ.ജിതേഷ് കെ.പിള്ള, എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ, ഫയർ ഓഫിസർ ആർ.ഹരികുമാർ, മൽസ്യത്തൊഴിലാളി കെ.പി.ജൈസൽ, അന്നമ്മ വർഗീസ്, രജനി അനീഷ് എന്നിവർ മോഡറേറ്റർ മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യുവിനുമൊപ്പം.

പൊന്നാടകളും ആദരവും വേണ്ട. രക്ഷാപ്രവർത്തകരുടെയും പ്രളയദുരന്തത്തെ അതിജീവിച്ചവരുടെയും ഈ കൂട്ടായ്മയെ ശക്തമാക്കി നിർത്തണം. പ്രതിസന്ധിഘട്ടത്തിൽ രൂപംകൊണ്ട മുന്നേറ്റം സജീവമായി തുടരണം. അനിവാര്യ സന്ദർഭം വന്നപ്പോൾ ഉണർന്നെഴുന്നേറ്റവരെ ഇനി ഉറങ്ങാനനുവദിക്കരുത്. നവകേരളത്തിനായി നമുക്കൊരു നവസേനയെ രൂപപ്പെടുത്താം. പ്രളയം തന്നതു നാളേക്കുള്ള തിരിച്ചറിവു കൂടിയാണെന്ന ബോധ്യമാണു മലയാള മനോരമ ഒരുക്കിയ അനുഭവകൂട്ടായ്മ പങ്കുവച്ചത്.

സോഷ്യൽ മീഡിയ വഴി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതിന്റെ വിപുലമായ ഡേറ്റ ശേഖരം കയ്യിലുള്ളതു ഭാവിക്കായി പ്രയോജനപ്പെടുത്തണമെന്നു കൂട്ടായ്മ നിർദേശിച്ചു. വിമുക്തഭടന്മാരുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും സേവനം ദുരന്ത ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനാകണം. ഇത്തരമൊരു പട്ടിക സർക്കാരിന്റെ കൈവശമില്ല. അങ്ങനെയുള്ള ഗ്രൂപ്പുകൾ ഉണ്ടെങ്കിൽ ഒരു അറിയിപ്പു കൊണ്ടുതന്നെ അവരെ കർമ രംഗത്തെത്തിക്കാം.
രക്ഷാ പ്രവർത്തനത്തിൽ മുഴുകിയ എല്ലാ ജില്ലയിലെയും വൊളന്റിയർ കൂട്ടായ്മകളെ സജീവമായി നിലനിർത്തണം. അവർക്കു തിരിച്ചറിയിൽ കാർഡ് നൽകാം.
രക്ഷാദൗത്യം, ദുരിതാശ്വാസം തുടങ്ങിയ കാര്യങ്ങളിലുള്ള അടിസ്ഥാന പരിശീലനം നൽകാൻ ഫയർ ഫോഴ്സിനാകും. പ്രളയം പഠിപ്പിച്ച കാര്യങ്ങളെ ഭാവിയിൽ കരുതലായി ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഓഡിറ്റ് നടത്താനും തയാറാകണം. സ്വന്തം പരീക്ഷണശാല കത്തിയെരിഞ്ഞപ്പോൾ അതിൽ നിന്നു പഠിക്കാനുണ്ടെന്നു പറഞ്ഞ തോമസ് ആൽവ എഡിസനെപ്പോലെയാകണം അനുഭവങ്ങളുടെ പാഠശാലയെന്നു മോഡറേറ്റർ ഗോപിനാഥ് മുതുകാട് ഓർമിപ്പിച്ചു.

കടലിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ പഠിക്കാൻ തയാറാവണമെന്ന നിർദേശവും ഉയർന്നു . 15 വർഷത്തിനിടെ കടൽ എട്ടു സെന്റീമിറ്റർ ഉയർന്നു. വേലിയേറ്റ സമയത്തു കടൽ നദികളിൽ നിന്നുള്ള വെള്ളത്തെ സ്വീകരിക്കില്ലെന്ന കാര്യം ഭാവിയിൽ പാഠമാകണം. നദീതടങ്ങളോടു ചേർന്ന ഭാഗങ്ങളിൽ ഏകീകൃത നിർമാണ ശൈലി കൊണ്ടുവരാമെന്നും നിർദേശമുയർന്നു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ആമുഖ പ്രസംഗം നടത്തി.

പാഠമാകണം, മുനവച്ച ഗേറ്റിലെ മുളയാണികൾ

കോട്ടയം ∙ വീടിലാണ് മലയാളിയുടെ എല്ലാ നിക്ഷേപവും. അതിനാലാണ് പലരും വീടുവിടാൻ മടിച്ചത്. ആ ചിന്ത മാറ്റി, ജീവിതത്തിന്റെ ആഹ്ലാദങ്ങളിൽ നിക്ഷേപിക്കാൻ മലയാളിക്കു പ്രേരണയാകട്ടെ – പ്രളയം മലയാളിയുടെ കാഴ്ചപ്പാടിൽ വരുത്തേണ്ട തിരുത്തലുകളെക്കുറിച്ചും അനുഭവക്കൂട്ടായ്മയിൽ ചർച്ചയുയർന്നു. വലിയ ചുറ്റുമതിൽ കെട്ടിയുയർത്തി വീടിന്റെ എല്ലാ ഭാഗവും അടച്ചുകെട്ടി പരസ്പരബന്ധമില്ലാതെ കഴിയുന്നു. വലിയ ഗേറ്റ് പണിത് അതിൽ കൂർത്ത മുനയുള്ള ഇരുമ്പുകമ്പികൾ നീട്ടി വച്ചതുകൊണ്ട് പല വീടുകളിലും ബോട്ടുകളിൽ രക്ഷാപ്രവർത്തനത്തിനെത്തിയപ്പോൾ ബോട്ടുകൾ തകരാറിലായതു മൽസ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടി.

എന്നിട്ടും പാഠം പഠിക്കാതെ, വെള്ളമിറങ്ങിത്തുടങ്ങിയപ്പോൾ പലരും ആദ്യം ചെയ്തത് ഇടിഞ്ഞുപോയ മതിലുകൾ കെട്ടുകയാണ്. വീടിന്റെ ടെറസ് പലരും ഷീറ്റിട്ടു മൂടിയതും പുറത്തു കോവണികളുമില്ലാത്തതും രക്ഷാപ്രവർത്തനത്തിനു തടസ്സമായെന്ന് ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തിയ പൈലറ്റിന്റെ അനുഭവസാക്ഷ്യം.

അമർത്യ എന്ന് വിളിച്ചാലോ

സ്കൂളിലെത്തുമ്പോൾ ഈ കുഞ്ഞ് കൂട്ടുകാരോടു പറയുമായിരിക്കും – ‘‘എന്നെ പ്രസവിക്കാൻ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയതു ഹെലികോപ്റ്ററിലാണ്. അന്നു വെള്ളപ്പൊക്കമായിരുന്നു. രക്ഷപ്പെടാൻ എന്തെങ്കിലും വഴി കാണണേയെന്ന് അമ്മ കരഞ്ഞു പ്രാർഥിച്ചു. തളർന്നുവീണ അമ്മയെ വാരിയെടുത്താണ് കോപ്റ്ററിലേക്കു കയറ്റിയത്...’’

ഭാവിയിലെ ഈ സ്കൂൾ കുട്ടിക്ക് ഇന്ന് 28 ദിവസമാണ് പ്രായം. അമ്മയുടെ നെഞ്ചിലെ ചൂടുപറ്റി വെള്ളപ്പുതപ്പിൽ സുഖമായുറങ്ങുകയായിരുന്നു അവനിന്നലെ. ഇടയ്ക്കു കയ്യും കാലുമൊന്നു നീട്ടും. കണ്ണുകൾ വലിച്ചുതുറന്ന് അമ്മയെ തിരക്കും. പാലുകുടിക്കാൻ നേരമായെന്ന അറിയിപ്പാണ്. വയറുനിറഞ്ഞാൽ കണ്ണോടിച്ച് ചുറ്റുമുള്ളവരെ നോക്കിച്ചിരിക്കും. ആ ചിരിക്കു പിന്നാലെ നടി സരയൂ അവനെ കയ്യിലെടുത്തു താലോലിച്ചു. അനുഭവക്കൂട്ടായ്മയുടെ മോഡറേറ്റർ ഗോപിനാഥ് മുതുകാട് അമ്മയ്ക്കും കുഞ്ഞിനുമൊപ്പം നിന്നു പടമെടുത്തു. ‘കലക്ടർ ബ്രോ’ പ്രശാന്ത് നായർ അവന്റെ ഇളംവിരലുകളിൽ പിടിച്ച് വിശേഷം ചോദിച്ചു.
എരുമേലി ഏയ്ഞ്ചൽവാലിയിലെ വീട്ടിൽ ഇന്നവന്റെ ഇരുപത്തിയെട്ടുകെട്ടാണ്. സരയൂ തിരക്കി– അവനെന്താണ് പേരിടുന്നത്?
പ്രളയത്തെ അതിജീവിച്ച മിടുക്കന് നല്ലൊരു പേരു വേണ്ടേ?

ഗോപിനാഥ് മുതുകാടിന്റെ ചോദ്യം അവിടെ ഒത്തുകൂടിയിരുന്നവർ ഏറ്റെടുത്തു. ‘അമർത്യ’ എന്നായാലോ? കലക്ടർ ബ്രോയുടെ നിർദേശം.
‘‘പ്രളയത്തെ അതിജീവിച്ചെത്തിയ കുട്ടി. ഭാവിയിൽ അവൻ അമർത്യ സെന്നിനെപ്പോലെ പ്രശസ്തനാകട്ടെ.’’ അമ്മയുടെ മുഖത്തു പുഞ്ചിരി. ജനിയുടെ കു‍ഞ്ഞിന്റെ ഭാവി

വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കുന്നതായി പ്രശാന്ത് നായർ

അദ്ദേഹം കൂടി പങ്കാളിയായ ‘കംപാഷനേറ്റ് കേരളം’ കൂട്ടായ്മയുടേതാണു വാഗ്ദാനം. കുട്ടി എത്രത്തോളം പഠിക്കുന്നുവോ, അത്രയും കാലം സാമ്പത്തിക സഹായം നൽകുമെന്നു രജനിയെ പ്രശാന്ത് നേരിട്ട് അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കൾ കൂടിച്ചേർന്ന ‘കംപാഷനേറ്റ് കേരളം’ പ്രളയാനന്തരം ഏകദേശം 25,000 കുട്ടികൾക്കു സ്കോളർഷിപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജീവിതത്തിലേക്കു പിച്ചവച്ചു തുടങ്ങുന്ന കുഞ്ഞിനുള്ള സഹായത്തിനു രജനി നിറഞ്ഞ മനസ്സോടെ നന്ദി അറിയിച്ചു.

പ്രസവവേദനയോടെ ഹെലികോപ്റ്ററിൽ

രജനി അനീഷ്

(എരുമേലി ഏയ്ഞ്ചൽവാലി സ്വദേശിനി. പൂർണ ഗർഭിണിയായിരിക്കേ പ്രളയത്തിന്റെ ആദ്യദിനം ഹെലികോപ്റ്ററിൽ കാഞ്ഞിരപ്പള്ളിയിലെത്തിച്ചു. തുടർന്നു കോട്ടയം മെഡിക്കൽ കോളജിലേക്ക്. എട്ടാം ദിവസം മകൻ ജനിച്ചു)

വെള്ളത്തിൽ മുങ്ങി ജീവിതം തീർന്നെന്നു കരുതിയതാണ്. വയറ്റിൽ കുഞ്ഞുണ്ട്. 15–ാം തീയതി. നല്ല വേദനയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ പ്രസവം നടക്കുമെന്നു ഡോക്ടർ പറഞ്ഞിരുന്നു. പെട്ടെന്നു വെള്ളം പൊങ്ങിയതോടെ എന്തുചെയ്യണമെന്നു രൂപമില്ലാതായി. വീട് ഉയരത്തിലാണ്. തൊട്ടുതാഴെ വരെ വെള്ളം. നാട്ടിൽ എല്ലാവരും രക്ഷാകേന്ദ്രങ്ങളിലേക്കു നീങ്ങിത്തുടങ്ങി. രക്ഷാപ്രവർത്തകരെ അറിയിച്ചു. കാത്തിരിപ്പിനൊടുവിൽ ഹെലികോപ്റ്റർ എത്തിയപ്പോഴേക്കും കണ്ണുകളടഞ്ഞു ഞാൻ തളർന്നുവീണു. ആരോ താങ്ങിപ്പിടിച്ചെന്നറിയാം. ആശുപത്രിയിൽ ബോധം തിരിച്ചുകിട്ടിയ നിമിഷം തന്നെ വയറ്റിൽ ചുറ്റിപ്പിടിച്ചു നോക്കി. കുഞ്ഞിനു കുഴപ്പമില്ലെന്ന് അറിഞ്ഞ ആ നിമിഷം. അത്രയും സന്തോഷിച്ച മുഹൂർത്തം വേറെയില്ല.

നാളേക്കുകൂടി ഈ യുവകൂട്ടായ്മ
സരയു
നടി

(ദുരിതാശ്വാസ ക്യാംപുകളിലേക്കു സാധനങ്ങൾ സമാഹരിക്കാനുള്ള ‘അൻപോട് കൊച്ചി’ ദൗത്യത്തിന്റെ മുന്നണിയിൽ പ്രവർത്തിച്ചു. ചലച്ചിത്ര താരങ്ങൾ ജനപങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനം ശ്രദ്ധേയമായി).

സമൂഹം നമ്മെ തിരിച്ചറിയുന്നത് ഇത്തരം പ്രവർത്തനങ്ങളിൽ സഹായമാണ്. ചെറിയൊരു കൂട്ടായ്മയിൽ തുടങ്ങിയതായിരുന്നു കലക്‌ഷൻ ക്യാംപ്. സേവനസന്നദ്ധരായെത്തിയ യുവാക്കളുമായി ആശയവിനിമയം നടത്താൻ ഇന്ദ്രജിത്തിനെപ്പോലുള്ളവർ സദാ ഉണ്ടായിരുന്നു. 14 ദിവസം ക്യാംപ് ഫലപ്രദമായി പ്രവർത്തിച്ചു. സാധനങ്ങൾ ഒഴുകിയെത്തി. നമ്മൾ നല്ല ഉദ്ദേശ്യത്തോടെ കൊടുത്തുവിട്ട സാധനങ്ങൾ‍ അപ്പുറത്തു മറിച്ചുവിൽക്കുന്ന ദുരനുഭവവുമുണ്ടായി. നാളെ ഒരാവശ്യമുണ്ടായാൽ ഒന്നിച്ചുനിൽക്കാനാകുന്ന കൂട്ടായ്മ വളർത്തിയെന്ന ബോധ്യമുണ്ട്.

എം.പി. രാധാകൃഷ്ണൻ
മൽസ്യത്തൊഴിലാളി

(കോഴിക്കോട്ടുനിന്നുള്ള മൽസ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് ആലുവ മൂഴിക്കുളത്തു രക്ഷാപ്രവർത്തനം നടത്തി. സംഘത്തിലെ മറ്റു രണ്ടു ബോട്ടുകൾ പറവൂരിലും മാള–അന്നമനട ഭാഗങ്ങളിലും രക്ഷാപ്രവർത്തനം നടത്തി. ഭാരതീയ മൽസ്യ പ്രവർത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്).

‘ആറു ബോട്ടുകളുമായാണു ലോറിയിൽ ഞങ്ങളുടെ സംഘം ആലുവയ്ക്കു തിരിച്ചത്. പുലർച്ചെ രണ്ടിനു കുന്നംകുളത്തെത്തിയപ്പോൾ റോഡിൽ വെള്ളം കയറിയിരിക്കുന്നു. തുടർന്നു കോട്ടപ്പുറത്തെത്തി അവിടെ പുഴയിൽ വള്ളമിറക്കി ആലുവയ്ക്കു പോകാനായി ശ്രമം. കടലിൽ വമ്പൻ തിരമാലകളെപ്പോലും വെല്ലുവിളിച്ചു പോകാറുള്ളതിന്റെ ഊറ്റം മനസ്സിലുണ്ടായിരുന്നു. പക്ഷേ ആ തോന്നൽ നീണ്ടുനിന്നില്ല. ചാലക്കുടിപ്പുഴയും പെരിയാറും ഒന്നിച്ചൊഴുകിവരികയാണ്. അടിത്തട്ടു കുത്തിയൊഴുകുന്നു. എങ്കിലും തളർന്നില്ല. ഒഴുക്കിനോട് എതിരിട്ടു നാലരമണിക്കൂർ കൊണ്ട് ആലുവയിലെത്തി. രാത്രി എട്ടരയോടെ മൂഴിക്കുളത്തും. കുടുങ്ങിക്കിടക്കുന്നവരിൽ ആദ്യസംഘത്തെ അടുത്തുള്ള പള്ളിയിലും ആശുപത്രിയിലുമെത്തിച്ചു.

മതിലുകളുടെ മുകളിൽ ഉറപ്പിച്ചിരുന്ന കൂർത്ത കമ്പികളും ആണികളും വള്ളത്തിന്റെ പോക്കിനു തടസ്സമായി. എന്തു സംരക്ഷിക്കാനാണോ മനുഷ്യർ ഇതൊക്കെ പണിതിരിക്കുന്നത്, അതൊക്കെയും അവരുടെ ജീവനും രക്ഷാപ്രവർത്തനത്തിനും തടസ്സമായി നിൽക്കുന്നു. ഏതാനും കന്യാസ്ത്രീകളെ രക്ഷപ്പെടുത്തിയപ്പോൾ അവർ പറഞ്ഞു, ‘കർത്താവ് നിങ്ങളെ രക്ഷിക്കട്ടെ’. മദ്രസയിലുള്ളവരെ ക്യാംപിലെത്തിച്ചപ്പോൾ പറഞ്ഞത് ‘അള്ളാഹു കാക്കും’ എന്നായിരുന്നു. ഇവരെയൊക്കെ രക്ഷിച്ചതാകട്ടെ ‘രാമനാമം’ എന്ന വള്ളത്തിലും.

ഒന്നും നോക്കാതെ മുന്നിട്ടിറങ്ങി

പി.എ. പീറ്റർ 

മൽസ്യത്തൊഴിലാളി

(ആലപ്പുഴയിൽ രക്ഷാപ്രവർത്തനത്തിനു മൽസ്യബന്ധന വള്ളങ്ങളുമായി പോകാനുള്ള സന്നദ്ധത ജില്ലാ കലക്ടറെ ആദ്യം അറിയിച്ചതു വാടയ്ക്കൽ സ്വദേശി പീറ്ററാണ്. ആ സേവനസന്നദ്ധത മാനിച്ച് ജില്ലാ കലക്ടർ എസ്. സുഹാസ് ഓണം ആഘോഷിച്ചതു പീറ്ററിന്റെ വീട്ടിൽ. )

‘മകന്റെ ഫോണിൽ വന്ന ഫെയ്സ്ബുക് പോസ്റ്റ് കണ്ടാണ് ഞാൻ വള്ളമിറക്കാൻ തീരുമാനിച്ചത്. എൻജിൻ തകരാറിലായാൽ എങ്ങനെ പണിക്കുപോയി കുടുംബം പോറ്റുമെന്നായിരുന്നു ചിലരുടെ സംശയം. അതൊക്കെ ശരിവച്ചു ചാനലിലെ പ്രളയക്കാഴ്ചകളും കണ്ട് വീടിനകത്തിരുന്നെങ്കിൽ ജീവനുള്ള കാലത്തോളം മനസ്സാക്ഷിക്കുത്ത് തോന്നിയേനെ.

ആറു ദിവസം കൊണ്ട് 2400 പേരെ രക്ഷിച്ചു. മൽസ്യതൊഴിലാളി സമൂഹത്തെ ഉൾക്കൊള്ളാൻ മടി കാണാറുണ്ട്. ‍ഞങ്ങളെ ആർക്കും വേണ്ട, ഞങ്ങളുടെ മീൻ വേണം ! ഇപ്പോൾ കുറച്ചാളുകളുടെയെങ്കിലും മനസ്സിലെ ആ ചിന്ത പോയി. അതിലുള്ള സന്തോഷം ചെറുതല്ല.

കൂട്ടായ്മയുടെ കരുത്ത്
പ്രശാന്ത് നായർ, ഡപ്യൂട്ടി സെക്രട്ടറി റിന്യൂവബിൾ
എനർജി

(സമൂഹ മാധ്യമങ്ങളിലെ സഹായ അഭ്യർഥനകൾ ഏകോപിപ്പിച്ചു രക്ഷാപ്രവർത്തകർക്കു കൈമാറാൻ #keralafloods2018 എന്ന ഫെയ്സ്ബുക് കൂട്ടായ്മയ്ക്കു രൂപം നൽകി. ലോകമെങ്ങുമുള്ള ആറായിരത്തോളം യുവാക്കൾ അണിചേർന്ന ദൗത്യം)

സമൂഹമാധ്യമത്തെ നന്നായി ഉപയോഗിക്കാനായി. യുവാക്കൾ അവസരത്തിനൊത്തുയർന്നു. 200 ലൈനുകൾ വരെയുള്ള കോൾസെന്ററുകൾ രാപകൽ പ്രവർത്തിച്ചു. വിളിച്ചയാളുടെ ഫോൺ ഓഫായാലും ലൊക്കേഷൻ കണ്ടെത്തി. ഒരേ ആളുകൾക്കുവേണ്ടി വിളികളും സന്ദേശങ്ങളും വീണ്ടും വരുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

ലോകത്തിന്റെ വിവിധ കോണുകളിൽ വ്യത്യസ്ത ടൈംസോണുകളിലിരുന്നുള്ള പ്രവർത്തനം. ഇൻഫോസിസ് പോലെ പല കമ്പനികളും ഓഫിസ് സമയത്ത് ഇത്തരം പ്രവർത്തനങ്ങൾക്കു ജീവനക്കാരെ അനുവദിച്ചു. വിളികൾ അറ്റൻഡ് ചെയ്തവരുടെ അനുഭവങ്ങൾ വികാരതീവ്രമായിരുന്നു. നിസ്സഹായരായി വിളിച്ചവർ രക്ഷപ്പെട്ടോ എന്നറിയാനുള്ള കാത്തിരിപ്പ്. ‘മക്കൾ നഷ്ടമായി, എനിക്കിനി രക്ഷപ്പെടേണ്ട’ എന്നു സന്ദേശം അയച്ച പിതാവ് വേദനയായി മനസ്സിലുണ്ട്.

ഭാഗ്യത്തിന്റെ കൈപിടിച്ച്
ക്യാപ്റ്റൻ പി.രാജ്കുമാർ

(കൊച്ചി നാവിക കമാൻ‍‍ഡ് പൈലറ്റ്. ഇടുങ്ങിയ ടെറസുകൾക്കു മുകളിൽപ്പോലും സാഹസികമായി ഹെലികോപ്റ്റർ വട്ടമിട്ടു നിർത്തി എയർ ലിഫ്റ്റിങ് സാധ്യമാക്കി. ഓഖി രക്ഷാപ്രവർത്തനത്തിനു ശൗര്യചക്ര ലഭിച്ചു. പട്ടാമ്പി സ്വദേശി).

പറവൂരിൽ അരയ്ക്കു താഴേക്കു തളർന്ന വീട്ടമ്മയെ വീൽചെയറിലാണു ഹെലികോപ്റ്ററിലേക്കു കയറ്റിയത്. ഹെലികോപ്റ്റർ വീടിനു മുകളിൽ വട്ടമിട്ടുനിർത്തി. ടെറസ് വീട് ഷീറ്റിട്ടു മറച്ചിരുന്നതു തടസ്സമായെങ്കിലും തുറന്നിരുന്ന ചെറിയൊരു വിടവിലൂടെ അവരെ ഉയർത്തി. മില്ലിമീറ്റർ വ്യത്യാസത്തിൽ പോലും അപകടമുണ്ടാകാവുന്ന അവസ്ഥ.

സാധാരണ 4 പേർ കയറുന്ന സീകിങ് ഹെലികോപ്റ്ററിൽ ചാലക്കുടിയിൽ നിന്ന് 26 പേരെ വരെ ഒറ്റ ട്രിപ്പിൽ രക്ഷിച്ചു. കുടുങ്ങിക്കിടക്കുന്നവരിൽ ഞങ്ങളുടെ ആദ്യ പരിഗണന പ്രായമായവർക്കായിരുന്നു. പിന്നെ സ്ത്രീകൾ, കുട്ടികൾ. ചിലർ വിളിച്ചിട്ടു വന്നില്ല. ഭക്ഷണം മതിയെന്ന് ആംഗ്യം. രക്ഷപ്പെടാൻ ടെറസിനു മുകളിൽനിന്നു ചുവന്ന തുണി വീശിക്കാണിച്ചാൽ മതിയെന്ന സമൂഹമാധ്യമ സന്ദേശം ശരിക്കും പ്രയോജനം ചെയ്തു.

ഭാഷയും നാടുമറിയാതെ
രാമചന്ദ്ര ഓല
എൻഡിആർഎഫ്
സബ് ഇൻസ്പെക്ടർ, ചെന്നൈ

(വയനാട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ദുരന്ത നിവാരണസേനയുടെ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വംനൽകി.)

ചെങ്ങന്നൂർ മംഗലം ഭാഗത്തു സ്വാതന്ത്ര്യദിനത്തിൽ അർധരാത്രിയെത്തുമ്പോൾ എങ്ങും ഇരുട്ടുമാത്രം. നാട്ടുകാരുടെ ടോർച്ചും ഞങ്ങളുടെ കയ്യിലുള്ള വെളിച്ചവുമായി മുന്നോട്ടു നീങ്ങി. ഒപ്പം ദിശകാണിച്ച് യുവാക്കളും. എല്ലാവർക്കും തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആദ്യം രക്ഷപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടാകും. അവിടെ ഞങ്ങൾ നാട്ടുകാരുടെ സഹകരണത്തോടെ മുൻഗണന നിശ്ചയിച്ചു മുന്നേറി.

ചിത്രത്തിൽ വരാത്തവരേറെ
കെ.ഹരികുമാർ
കൊല്ലം ജില്ലാ ഫയർ ഓഫിസർ

ഒഡീഷയിൽ നിന്നെത്തിയ രക്ഷാ സംഘത്തിനൊപ്പം ചെങ്ങന്നൂർ, പാണ്ടനാട് മേഖലയിൽ പ്രവർത്തിച്ചു

150 പേർ കുടുങ്ങിക്കിടക്കുന്നു എന്നു പറഞ്ഞ സ്ഥലത്തു നിന്ന് മുന്നൂറ്റി അൻപതിലേറെപ്പേരെയാണു രക്ഷിച്ചത്. പലരും ബോട്ടുകളിൽ കയറാൻ മടിച്ചിരുന്നു. ഉള്ളിൽ മാത്രം ഗോവണിയുള്ള വീടുകളിൽ നിന്ന് ആളുകളെ രക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടി. മൂന്നു കുട്ടികളടക്കം കുടുങ്ങിക്കിടന്നിരുന്ന സ്ഥലത്തുനിന്ന് ഒരു പിഞ്ചു കുഞ്ഞിനെ രക്ഷിച്ചു ഡിങ്കിയിൽ എനിക്കു കൈമാറുന്ന ചിത്രം മനോരമയിൽ വന്നപ്പോൾ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ ഇങ്ങനെ ചിത്രത്തിൽ വരാത്ത നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ കയ്യിലുള്ള ഉപകരങ്ങൾ കൊണ്ട് സാഹസികരക്ഷാ പ്രവർത്തനം നടത്തിയിട്ടുണ്ട്. അവരുടെ മുന്നിൽ ഞാൻ ചെയ്തതൊന്നും ഒന്നുമല്ല.

മുന്നിൽ മൂന്നു ജീവന്റെ പിടച്ചിൽ

അന്നമ്മ വർഗീസ്

(ഭർത്താവ്, മകൻ, ഭർത്തൃമാതാവ്... പ്രളയജലത്തിൽ മൂവരും മരിച്ചു വീഴുന്നതിനു സാക്ഷിയാകേണ്ടിവന്നു ചെങ്ങന്നൂർ മംഗലം സ്വദേശി അന്നമ്മയ്ക്ക്. മൂന്നാം ദിനമാണു രക്ഷപ്പെടുത്തിയത്. നെഞ്ചുരുകുന്ന അനുഭവം തേങ്ങലോടെ അവർ ഓർത്തെടുത്തപ്പോൾ കേട്ടിരുന്നവരുടെ കണ്ണുകളിലും കണ്ണീർ പ്രളയം.)

15നു രാവിലെ ചുറ്റും വെള്ളമായിരുന്നെങ്കിലും വീടിനു മുന്നിലെ റോഡ് കാണാമായിരുന്നു. നോക്കിനിൽക്കെ വെള്ളം കയറി വന്നെങ്കിലും ഇറങ്ങിപ്പോകുമെന്നു കരുതി. വൈകിട്ടോടെ മുറ്റത്തും വെള്ളം. ശക്തമായ ഒഴുക്ക്. രാത്രി കഴിക്കാനായി ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ വീടിനുള്ളിലും വെള്ളമെത്തി. ഉത്തർപ്രദേശിൽ വച്ചുണ്ടായ വാഹനാപകടത്തോടെ കിടപ്പിലായ മൂത്ത മകൻ റെനിയുടെ അടുത്തെത്തി വായിൽ വെള്ളം ഒഴിച്ചുകൊടുക്കുന്നതിനിടെ വീടിനുള്ളിലെ വെള്ളം ഉയർന്നു. ഭർത്താവ് വർഗീസ് വീണു പ്ലാസ്റ്ററിട്ടിരിക്കുകയായിരുന്നു. ഇപ്പുറത്ത് ദാഹിച്ച് അമ്മച്ചി (ഭർത്തൃമാതാവ്) വെള്ളം ചോദിക്കുന്നു. അലമാര തുറന്ന് അതിന്റെ തട്ടിലാണു മെഴുകുതിരി കൊളുത്തിവയ്ക്കാൻ സ്ഥലം കണ്ടെത്തിയത്. ഫോൺ കയ്യിൽത്തന്നെ പിടിച്ചിരിക്കുകയായിരുന്നു.

ഗുജറാത്തിലുള്ള ഇളയ മകൻ സഹായത്തിനായി പലരെയും വിളിച്ചെങ്കിലും ഫലമുണ്ടായില്ല. നല്ല ശരീരഭാരമുള്ള മകനെ കട്ടിലിൽനിന്ന് ഉയർത്തി തോളിലും കാലിലുമായി താങ്ങിനിന്നു. ഇതിനിടെ അമ്മച്ചി തളർന്നുവീണു. ആ രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി. രാവിലെ കടുത്ത പ്രമേഹരോഗിയായ ഭർത്താവും മുന്നിൽ തളർന്നുവീണു. വാവിട്ടു നിലവിളിച്ചു, പിന്നെ തളർന്നു. മകൻ കയ്യിൽനിന്നു വീണതറിഞ്ഞില്ല. ബോധം വന്നപ്പോൾ അവനും മരിച്ചു കിടക്കുന്നതാണു കണ്ടത്. വീടിന്റെ ഗ്രില്ലിൽ പിടിച്ചു നിന്ന് പുറത്തു കാണുന്നവരോടു സഹായം തേടി. ഇവിടേക്കു വന്ന ബോട്ടുകൾ തകർന്നെന്നു പലരും പറഞ്ഞു. 17നു രണ്ടു വള്ളങ്ങൾ വന്നു. ഒരു വള്ളത്തിൽ എന്നെ കയറ്റി. മറ്റേ വള്ളത്തിൽ മൃതദേഹങ്ങൾ. വെള്ളത്തിൽ മൃതദേഹങ്ങൾ നഷ്ടപ്പെട്ടുപോകുമോ എന്നുപോലും ഭയന്നു. മഴ തോർന്നശേഷം 25ന് ആയിരുന്നു സംസ്കാരം. ഇപ്പോൾ വീട്ടിൽ ഞാൻ തനിച്ചായി.

മരണം നേരിൽകണ്ട്...

ടി.ഒ.ഡേവിസ്

(നെടുമ്പാശേരിക്കു സമീപം കുത്തിയതോട് പള്ളി കെട്ടിടം തകർന്ന് ആറു പേർ മരിച്ചു കിടക്കുന്ന വിവരം മൊബൈൽ വിഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചതു ഡേവിസ് ആയിരുന്നു. രക്ഷാപ്രവർത്തനത്തിലും സജീവമായി പങ്കെടുത്തു.)

15നു രാവിലെ വെള്ളം ഉയർന്നതോടെ കുത്തിയതോട്ടിൽ ഉയർന്ന സ്ഥലത്തുള്ള സെന്റ് സേവ്യേഴ്സ് പള്ളിയിലെത്തിയത് അറുന്നൂറോളം പേർ. രാത്രി പള്ളിക്കെട്ടിടത്തിലേക്കും വെള്ളം കയറി. 16നു വൈകിട്ടു വരെ ഞങ്ങൾ രക്ഷാപ്രവർത്തനം നടത്തി. പള്ളിയോടു ചേർന്ന് ഒട്ടേറെപ്പേർ അഭയം തേടിയ കെട്ടിടം അന്നു സന്ധ്യയോടെ തകർന്നുവീണു. മരിച്ചവരുമായി 15 മിനിറ്റ് മുൻപും സംസാരിച്ചിരുന്നു, അയൽക്കാരടക്കമുള്ളവർ. ഇത്രയും പേർ അഭയം തേടിയ പള്ളിയിൽ ചുറ്റും വെള്ളമായിട്ടും കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയായിരുന്നു. മൂന്നുനേരം ഇൻസുലിൽ കുത്തിവയ്ക്കുന്ന കടുത്ത പ്രമേഹ രോഗികളാണു ഞാനും അമ്മയും. അമ്മ ദാഹിച്ചു വെള്ളം ചോദിച്ചപ്പോൾ ചിരട്ടയുമായി മേൽക്കൂരയുടെ പാത്തിയിൽ പോയി ഒരു മഴ പെയ്തിരുന്നെങ്കിൽ എന്ന പ്രാർഥനയോടെ കാത്തിരുന്നു.

കെട്ടിടത്തിനടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ ഒഴുകിപ്പോകുന്നുണ്ടോയെന്ന് ഇടയ്ക്കിടെ പോയി നോക്കുന്നുണ്ടായിരുന്നു. ഒരുരക്ഷയും ഇല്ലാതായതോടെയാണു സുഹൃത്തുക്കളുടെ സഹായത്തോടെ 18നു ഫോണിൽ വിഡിയോ ചിത്രീകരിച്ചത്. പുലർച്ചെ ടെറസിനു മുകളിലുള്ള മേൽക്കൂരയ്ക്കു മുകളിൽ അള്ളിപ്പിടിച്ചു കയറിയപ്പോഴാണു മൊബൈലിൽ റേഞ്ച് കിട്ടി, ആ വിഡിയോ മനോരമയുടെ വാട്സാപ് നമ്പരിലേക്ക് അയച്ചത്.

അതിനിടെ, വീട്ടിലേക്കു സർട്ടിഫിക്കറ്റുകൾ എടുക്കാൻ പോയ യാത്രയും മറക്കാൻ വയ്യ. സീലിങ്ങിനടുത്തു വരെ വെള്ളം. സഹോദരിയുടെ മകനെ വീട്ടിനു പുറത്തുനിർത്തിയാണ് അകത്തുകടന്നത്. 10 മിനിറ്റിനുള്ളിൽ തിരികെ വന്നില്ലെങ്കിൽ മടങ്ങിപ്പോകണമെന്നും അകത്തേക്കു വരാൻ ശ്രമിക്കരുതെന്നും അവനോടു പറഞ്ഞിരുന്നു. അതുറപ്പാക്കാൻ അകത്തു നിന്നു വാതിൽ കുറ്റിയിട്ടു. വെള്ളത്തിൽ, സീലിങ് ഫാനിന്റെ ഒരു ലീഫിൽ തൂങ്ങി നിൽക്കുമ്പോൾ അടുത്ത ലീഫിൽ പാമ്പ്. അടുത്തുള്ള കിടപ്പുമുറിയിലേക്കു വേഗം കടന്നു. സർട്ടിഫിക്കറ്റുമായി പുറത്തേക്കു കടക്കാൻ ശ്രമിക്കുമ്പോൾ വാതിൽ തുറക്കാനായില്ല. ജനൽ പാളി ചവിട്ടിപ്പൊളിക്കാനുള്ള ശ്രമത്തിനിടെ കാൽ കുടുങ്ങി. ഒടുവിൽ പുറത്തു നിന്നു സഹോദരിയുടെ മകനും കൂടി ശ്രമിച്ചിട്ടാണു വാതിൽ തകർത്തു രക്ഷപ്പെട്ടത്.

പൊലീസിന്റെ സാഹസം
എം.സുധിലാൽ,
ചെങ്ങന്നൂർ സർക്കിൾ ഇൻസ്പെക്ടർ

(ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനത്തിൽ പ്രധാന തുണയായത് മേഖലയുടെ ഭൂമിശാസ്ത്രം അറിയുന്ന ഈ ആലപ്പുഴ സ്വദേശി)

സർവീസിൽ ഇങ്ങനെയൊരു രക്ഷാപ്രവർത്തനം ആദ്യം. സ്വാതന്ത്ര്യദിന പരേഡിനു ശേഷം സ്റ്റേഷനിലെ 40 പൊലീസുകാരിൽ ഒരാളൊഴികെ എല്ലാവരും രംഗത്തിറങ്ങി. പമ്പയുടെ മറുവശത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ സൈന്യം അറച്ചപ്പോൾ ഇരട്ട എൻജിൻ ബോ‍ട്ടിൽ ആ സാഹസത്തിനു തയാറായതു മഫ്ടി പൊലീസായിരുന്നു. ചെങ്ങന്നൂർ മംഗലത്ത് അന്നമ്മ വർഗീസിന്റെ അനുഭവം നിർഭാഗ്യകരമായിരുന്നു. രക്ഷിക്കാനായി മൂന്നു ഫൈബർ ബോട്ട് പോയെങ്കിലും മതിലിലും പോസ്റ്റിലും ഇടിച്ചു തകർന്നു.

തൊട്ടറിഞ്ഞു, മരണത്തിന്റെ തണുപ്പ്

ഫ്രാൻസിസ് നൊറോണ
എഴുത്തുകാരൻ

(ആലപ്പുഴ സ്വദേശിയായ നൊറോണ എറണാകുളം മൂലമ്പള്ളിയിലാണു താമസിക്കുന്നത്. പ്രളയത്തിൽ ദ്വീപ് മുങ്ങിയതോടെ ഉയർന്ന പ്രദേശത്തുള്ള പള്ളിയിലേക്കു കുടുംബത്തെ മാറ്റിയശേഷം തിരികെ ദ്വീപിലെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായി).

വെള്ളം പൊങ്ങിത്തുടങ്ങിയെന്നും പെട്ടെന്നു വീടുവിടണമെന്നും അറിയിപ്പുവന്നു. അച്ഛനെയും അമ്മയെയും അടുത്തുള്ള പള്ളിയിലേക്കു മാറ്റി. പോകുംവഴി ചങ്ങാടം ഒഴുക്കിൽ ആടിയുലഞ്ഞപ്പോൾ അമ്മ കൈവഴുതി വീഴാനൊരുങ്ങി. ഭാഗ്യംകൊണ്ടാണു രക്ഷപ്പെട്ടത്. മടങ്ങിച്ചെല്ലുമ്പോൾ വീട്ടിലേക്കുള്ള വഴിയിൽ കഴുത്തൊപ്പം വെള്ളം. അതുവഴി വന്ന ഒരു വള്ളത്തിൽ ഭാര്യയും മകളുമായി കയറിപ്പറ്റി. വെള്ളത്തിലാണ്ട കണ്ടെയ്നർ റോഡും കടന്നു ചിറ്റൂരിലെത്തി. ക്യാംപിൽ അടങ്ങിയിരിക്കാനായില്ല. പ്രളയത്തെ അറിയണമെന്നു തോന്നി.
വെള്ളത്തിൽ തൊട്ടപ്പോൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര തണുപ്പ്. നാടിനെ മരണം വന്നുമൂടുന്നതുപോലെ തോന്നി. രക്ഷിക്കണേ എന്ന വിളിയുമായി ഇനിയും തുരുത്തുകളിൽ ആളുകളുള്ളതുപോലെ തോന്നി. രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്നു. വെള്ളത്തിനു മുകളിലൂടെ പലജാതി വസ്തുക്കൾ ഒഴുകിപ്പോകുന്നു.

നിയോഗം പോലെ ആ മലകയറ്റം
. സതീഷ് പരമേശ്വരൻ

(നെല്ലിയാമ്പതി ഒറ്റപ്പെട്ടപ്പോൾ രക്ഷാപ്രവർത്തനത്തിനു പോയ ഡോക്ടർ. പ്രതികൂല സാഹചര്യങ്ങളിൽ 14 കിലോമീറ്റർ നടന്നാണു ദുരിതാശ്വാസ ക്യാംപിലെത്തിയത്.)

ഉരുൾപൊട്ടിയതിനെ തുടർന്ന് പലയിടത്തും റോഡ് ഒലിച്ചുപോ
യിരുന്നു. എഴുപതുസ്ഥലത്തു മണ്ണിടിഞ്ഞിരുന്നു. 14 കിലോമീറ്റർ താണ്ടാൻ മണിക്കൂറുകളെടുത്തു. ചെറുതോണിയിലെ കനയ്യകുമാറിന്റെ ചിത്രമായിരുന്നു പ്രചോദനം. ക്യാംപിലുള്ളവരുടെ സ്ഥിതി ദയനീയമായിരുന്നു. കുട്ടികൾക്കു വയറിളക്കം പിടിപെട്ടിരുന്നു. ഗർഭിണികളായ സ്ത്രീകളുണ്ടായിരുന്നു. രണ്ടും കൽപിച്ചു പോകാൻ തീരുമാനിച്ചതു നന്നായെന്നു ബോധ്യപ്പെട്ടു.

പാമ്പുകടിയേറ്റിട്ടും തളരാതെ

ഡോ. ജിതേഷ് കെ. പിള്ള

(ചെങ്ങന്നൂർ ആല സ്വദേശി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സർജൻ. മാന്നാർ കടപ്ര ഭാഗത്തു രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പാമ്പുകടിയേറ്റു. മൂന്നു കിലോമീറ്റർ നടന്നെത്തിയാണ് ചികിൽസ തേടിയത്. തുടർന്നു വീണ്ടും രക്ഷാപ്രവർത്തനം.)

പ്രളയമാണെന്നറിഞ്ഞതോടെ കാഞ്ഞങ്ങാട്ടുനിന്നു നാട്ടിലെത്തി. വിദൂര പ്രദേശങ്ങളിലെ ക്യാംപുകളുടെ സ്ഥിതി ദയനീയമാണെന്നറിഞ്ഞാണു കടപ്രയിലേക്കു പോയത്. വഴിയിൽ മുട്ടറ്റം വെള്ളം. ഞാനും സുഹൃത്തും രണ്ടു സൈക്കിളുകൾ മരുന്നുമായി അവിടേക്കു ചെന്നുപറ്റി. മടങ്ങാൻ നേരം കാലിൽ എന്തോ കടിച്ചതുപോലെ. പുളവൻ ആയിരിക്കുമെന്നും വിഷമുണ്ടാകില്ലെന്നും അവിടെയുള്ളവർ പറഞ്ഞു. വിഷമുണ്ടെങ്കിൽ നടന്നുപോകുന്നത് അബദ്ധമാകും. 20 മിനിറ്റ് അവിടെയിരുന്നു. ഭാഗ്യത്തിന് കുഴപ്പമൊന്നും കണ്ടില്ല. തുടർന്നു മൂന്നുകിലോമീറ്ററോളം നടന്നും വെള്ളത്തിൽ തുഴഞ്ഞുമാണു ചികിൽസ തേടിയത്.

കുത്തൊഴുക്കിനെ അതിജീവിച്ച്
‘തുടങ്ങാം വീണ്ടും’

പ്രളയ ദുരന്തത്തെ മറികടക്കാൻ ആത്മവിശ്വാസത്തിന്റെ സന്ദേശം പകരുന്ന മായാജാലത്തോടെയായിരുന്നു മോഡറേറ്ററായ ഗോപിനാഥ് മുതുകാട് പ്രളയാനുഭവ കൂട്ടായ്മയ്ക്കു തുടക്കം കുറിച്ചത്. ഇടുക്കി ഡാം തുറന്നപ്പോൾ കുത്തിയൊഴുകി വരുന്ന വെള്ളത്തിനു മുന്നിലൂടെ പിഞ്ചുകുഞ്ഞിനെ വാരിയെടുത്ത് പാലം ഓടിക്കടക്കുന്ന കനയ്യ കുമാറിന്റെ ചിത്രവുമായി ഓഗസ്റ്റ് 11നു പ്രസിദ്ധീരിച്ച മനോരമ പത്രം അദ്ദേഹം പലതായി കീറി. പത്ര കഷണങ്ങൾ കൈക്കുള്ളിലാക്കി തുറന്നപ്പോൾ കീറാത്ത മറ്റൊരു പത്രം. പ്രളയശേഷം ഓഗസ്റ്റ് 21ലെ മനോരമ. അതിന്റെ തലക്കെട്ട് ‘തുടങ്ങാം വീണ്ടും’.

ചെരിപ്പിട്ടു ചവിട്ടിക്കോളൂ..

കെ.പി.ജൈസൽ

(പടിക്കെട്ടാണ് ജൈസൽ. പ്രതിസന്ധിയിൽ തോൾതാഴ്ത്തി നിന്നു സ്വന്തം ശരീരത്തെ ചവിട്ടുപടിയാക്കി സഹജീവികളെ രക്ഷിച്ച ജൈസലിന്റെ ഹീറോയിസം പ്രളയാനന്തര കേരളത്തിന്റെ വൈറൽ വിഡിയോയാണ്).

എന്നെപ്പോലെ കായികശേഷിയുള്ളവർക്കു പോലും എൻഡിആർഎഫിന്റെ റബർ ബോട്ടിൽ കയറാൻ പാടാണ്. അപ്പോൾ അമ്മമാരുടെയും മറ്റും കാര്യം പറയണോ? ചവിട്ടുപടിയായി വെള്ളത്തിൽ കമിഴ്ന്നുകിടക്കുന്നതു കണ്ടു വിഡിയോ എടുത്തയാൾ ‘അതു കല്ലല്ല, മനുഷ്യനാണ്; ചെരിപ്പിട്ടു ചവിട്ടരുത്’ എന്നു പറയുന്നതു കേട്ടു. ‘ചെരിപ്പിട്ടോളൂ കുഴപ്പമില്ല’ എന്നു ഞാൻ വിളിച്ചുപറഞ്ഞു. ചെരിപ്പഴിക്കുന്ന സമയം പോലും പാഴാകരുതെന്നായിരുന്നു മനസ്സിൽ. എത്രയും വേഗം ആളുകളെ ഒഴിപ്പിക്കണമെന്നായിരുന്നു ചിന്ത. മലപ്പുറം ട്രോമ കെയർ യൂണിറ്റിലെ അംഗമായതിനാൽ മുൻപും രക്ഷാപ്രവർത്തനങ്ങൾക്കു പോയിട്ടുണ്ട്. സത്യത്തിൽ വേങ്ങര എസ്ഐ വിളിച്ചതനുസരിച്ചു പോകുമ്പോൾ തൊട്ടുമുൻ‌പത്തെ രണ്ടു ദിവസത്തെ രക്ഷാപ്രവർത്തനം മൂലമുള്ള ശരീരവേദനയൊക്കെ ഉണ്ടായിരുന്നു. ആ സമയത്ത് അതൊക്കെ ആലോചിക്കുന്നതെങ്ങനെ ?

ചെറുപ്പക്കാർക്ക് സല്യൂട്ട്

മേജർ രവി

(ആലുവ ബിനാനിപുരം മേഖലയിൽ നാട്ടുകാർക്കും മൽസ്യ തൊഴിലാളികൾക്കുമൊപ്പം സാഹസികമായി രക്ഷാപ്രവർത്തനത്തിനിറങ്ങി. എൻഎസ്ജിയിൽ അംഗമായിരുന്ന അനുഭവ പരിചയവും നീന്തൽ അറിയാമായിരുന്നതും രക്ഷാ പ്രവർത്തനത്തിൽ സഹായകമായി.)

16നു രാവിലെ പ്രളയത്തി‌ന്റെ രൂക്ഷത കണ്ടാണു രണ്ടു കൂട്ടുകാർക്കൊപ്പമിറങ്ങിയത്. ആലുവ ബിനാനിപുരം പൊലീസ് സ്റ്റേഷനടുത്ത് അസീസ് എന്ന ചെറുപ്പക്കാരനെ കണ്ടു. അടുത്ത് ഏലൂക്കരയിൽ ഗർഭിണിയായ സ്ത്രീയും കുഞ്ഞും അടക്കമുള്ളവരെ രക്ഷിക്കാനുണ്ടെന്നു പറഞ്ഞു. ഒരു കിലോമീറ്ററോളം കഴിഞ്ഞപ്പോൾ പുറത്ത് തലപ്പൊക്കം വെള്ളം. രണ്ടു മണിക്കൂറിലേറെയെടുത്താണ് ഒന്നര കിലോമീറ്ററോളം നീന്തിയത്.

ഇതിനിടെ കിണറുകളും കുഴികളും. അൽപം ഉയരത്തിലുള്ള മുസ്‌ലിം പള്ളിയിലേക്കു കയറിട്ടു ഞങ്ങളെ കയറ്റി. കിട്ടിയ കയറെല്ലാം കൂട്ടിക്കെട്ടി 2 ടയറുകളുമായി അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരടക്കം ഞങ്ങൾ 10 പേർ വെള്ളത്തിലേക്കു ചാടി. രക്ഷാപ്രവർത്തനത്തിനിടെ, വെള്ളം കയറിയ വീട്ടിൽനിന്നു സർട്ടിഫിക്കറ്റുകൾ എടുത്തുകൊടുത്തപ്പോൾ ഒരു പെൺകുട്ടിയുടെ മുഖത്തു വിരിഞ്ഞ ചിരിയാണ് മറക്കാനാവാത്ത അനുഭവം.

മാജിക് ഷോയ്ക്ക് മുമ്പ് ഇനി സുരക്ഷാമുന്നറിയിപ്പ്
മജീഷ്യൻ ഗോപിനാഥ് മുതുകാട്

ഹാളിൽ തീപിടിത്തമുണ്ടായാൽ എങ്ങനെ രക്ഷപെടണം? ഏതു വഴി പോകണം? ഇനിമുതൽ തന്റെ മാജിക് ഷോകൾക്കു മുൻപായി ഈ സുരക്ഷാ നിർദേശങ്ങൾ നൽകുമെന്നു മജീഷ്യൻ ഗോപിനാഥ് മുതുകാട്. അനുഭവക്കൂട്ടായ്മയിൽ പ്രശാന്ത് നായർ പറഞ്ഞ നിർദേശത്തോടു പ്രതികരിക്കുകയായിരുന്നു മുതുകാട്. യുഎസ് ഉൾപ്പെടെയുള്ള മുൻനിര രാജ്യങ്ങളിൽ ആളുകൾ ഒത്തുകൂടുന്ന പരിപാടികൾക്കു മുൻപായി സുരക്ഷാമുന്നറിയിപ്പുകൾ നൽകാറുള്ള കാര്യമാണു പ്രശാന്ത് ചൂണ്ടിക്കാട്ടിയത്.

ആ അനുഭവങ്ങൾ മനോരമ ന്യൂസിൽ

കേരളത്തെ ഉലച്ച പ്രളയ ദുരന്തം അനുഭവിച്ചവരും രക്ഷയുടെ കരം നീട്ടിയവരും നേരനുഭവങ്ങളും പാഠങ്ങളും പങ്കുവച്ച കൂട്ടായ്മ മനോരമ ന്യൂസ് ടിവി ചാനലിൽ കാണാം. പ്രളയ ദിനങ്ങളിൽ വാർത്താശ്രദ്ധ നേടിയവർ ഒരുമിച്ച് ഒരു വേദിയിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് ആദ്യം. മൂന്നര മണിക്കൂറോളം നീണ്ട കൂട്ടായ്മയിലെ പ്രസക്ത ഭാഗങ്ങൾ മനോരമ ന്യൂസിൽ ഉടൻ സംപ്രേഷണം ചെയ്യും.

related stories