Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂകലോകത്തോട് കടുംകൈ

കേരളത്തിനു കേന്ദ്രസർക്കാർ നൽകിയ രണ്ടു വാഗ്ദാനങ്ങൾ നഷ്ടമായ സ്ഥിതിയാണിപ്പോൾ. തലസ്ഥാനത്തു രണ്ടു ദശകങ്ങളായി പ്രശംസനീയമായ രീതിയിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ദേശീയ സർവകലാശാലയാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ നിന്നു കേന്ദ്രസർക്കാർ ഇപ്പോൾ പിന്മാറിയിരിക്കുന്നു. കേരളം ഏറെക്കാലമായി സ്വപ്നം കാണുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വൈകാതെ സ്ഥാപിക്കുമെന്ന വാഗ്ദാനം വഴിയിലുപേക്ഷിച്ചതിനു തൊട്ടുപിന്നാലെയാണ് നിഷിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ നിഷേധ തീരുമാനം.

ശ്രവണ–സംസാര വൈകല്യങ്ങൾ നേരിടുന്നവർക്കായുള്ള തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ ദേശീയ സർവകലാശാലയാക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി 2015ലെ ബജറ്റിൽ നൽകിയ വാഗ്ദാനം. കേൾവിത്തകരാറുകൾ മൂലം ക്ലേശിക്കുന്ന കുട്ടികൾക്കും അവരെ പരിശീലിപ്പിച്ചു നല്ലൊരു പരിധിവരെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ ക്ലേശിക്കുന്ന മാതാപിതാക്കൾക്കും ആശ്വാസം പകരുന്നതായിരുന്നു അന്നത്തെ പ്രഖ്യാപനം. നിഷ് സർവകലാശാലയാക്കുമെന്ന് 2014ലെ സംസ്ഥാന ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനായുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെയായിരുന്നു കേന്ദ്ര ബജറ്റ് പ്രഖ്യാപനം.

ശ്രവണ–സംസാര വൈകല്യങ്ങൾ സംബന്ധിച്ചുള്ള പഠനവും പരിശീലനവും ഗവേഷണവും ലക്ഷ്യമിട്ടുള്ള ഏഷ്യയിലെ ആദ്യ സർവകലാശാലയായാണ് നിഷിനെ കേന്ദ്രം വിഭാവനം ചെയ്തിരുന്നത്. ഇതിനായി കരടു ബിൽ, ചട്ടങ്ങൾ, വിശദമായ പദ്ധതിരേഖ തുടങ്ങിയവ തയാറാക്കുകയും ചെയ്തു. അന്നത്തെ കേന്ദ്രമന്ത്രി തിരുവനന്തപുരത്തെ നിഷ് കേന്ദ്രം സന്ദർശിക്കുകയും 1700 കോടി രൂപ പദ്ധതിക്കായി ചെലവിടുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രതീക്ഷകൾക്ക് ആക്കം വർധിച്ചു. വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ അനുവാദവും മന്ത്രിസഭയുടെ അംഗീകാരത്തിനുള്ള കുറിപ്പും തയാറായി. അതിനു ശേഷം പക്ഷേ, നടപടികൾ മന്ദഗതിയിലായി.

സർവകലാശാലയ്ക്കായി വിതുരയിൽ അറുപതേക്കർ സ്ഥലം സംസ്ഥാന സർക്കാർ കൈമാറിയിരുന്നു. വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിലെ ഏതെങ്കിലും പിന്നാക്കമേഖലയിൽ പ്രസ്തുത സർവകലാശാല സ്ഥാപിക്കാനാണു തീരുമാനമെന്ന് ഇപ്പോൾ കേന്ദ്രസർക്കാർ പറയുന്നു. തൈക്കാട് ഒരു വാടകക്കെട്ടിടത്തിൽ, 1997ൽ, എളിയരീതിയിൽ ആരംഭിച്ച നിഷ് ഇപ്പോൾ ആക്കുളത്ത് പത്തേക്കർ സ്ഥലത്താണു പ്രവർത്തിക്കുന്നത്. ശൈശവത്തിൽ തന്നെ കരുതലും പരിശീലനവും നൽകിയാൽ ശ്രവണ–സംസാര പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും സാധാരണ ജീവിതം സാധ്യമാകുമെന്ന് നിഷ് നമുക്കു കാട്ടിത്തന്നു.
കുഞ്ഞുങ്ങളിലെ ഇത്തരം വൈകല്യങ്ങൾ വളരെ നേരത്തേ തന്നെ തിരിച്ചറിയാനുള്ള സൗകര്യങ്ങളും അതിന്റെ അടിസ്ഥാനത്തിൽ പ്രീ സ്കൂൾ മുതൽ നൽകുന്ന പരിശീലന പരിപാടികളും സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന നിഷ് ഈ മേഖലയിൽ അനുഷ്ഠിക്കുന്ന സേവനങ്ങൾ മാതൃകാപരമാണ്. അതിനുള്ള അംഗീകാരമായാണ് കേന്ദ്രവാഗ്ദാനത്തെ കണ്ടിരുന്നത്. ഇനി സംസ്ഥാനം തന്നെ മുൻകയ്യെടുത്തു നിഷിനെ സർവകലാശാലയാക്കി ഉയർത്തേണ്ടിയിരിക്കുന്നു.

കേരളത്തിന് എയിംസ് എന്ന വാഗ്ദാനത്തിന്റെ കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഉറപ്പുനൽകിയെന്നു സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞതോടെയാണ് ഇതിനുള്ള തയാറെടുപ്പുകൾ ഇവിടെ തുടങ്ങിയത്. രാജ്യത്ത് നിലവിൽ 22 എയിംസുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും അവ പൂർണ സജ്ജമായതിനു ശേഷമേ പുതിയൊരു സ്ഥാപനത്തെക്കുറിച്ചു ചിന്തിക്കാനാവൂ എന്നുമാണ് ആരോഗ്യമന്ത്രാലയം ഇപ്പോൾ പറയുന്നത്. കുറഞ്ഞ ചെലവിൽ ഉന്നതനിലവാരമുള്ള ചികിൽസ ലഭ്യമാക്കുകയും ആരോഗ്യരംഗത്തു വിപുലമായ പഠനവും ഗവേഷണവും അവസരം ഒരുക്കുകയും ചെയ്യുന്ന എയിംസിനു വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പ് അനന്തമായി നീളാൻ അനുവദിച്ചുകൂടാ.