Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് ആയുസ്സിന്റെ താക്കോലായിരുന്നു

റോഡുകളിൽ വാഹനങ്ങൾക്കൊപ്പം ഒരു സംസ്കാരവും സഞ്ചരിക്കുന്നുണ്ട്. വാഹനവേഗത്തിലും മറ്റുവാഹനങ്ങളിൽ സഞ്ചരിക്കുന്നവരോടുള്ള സമീപനത്തിലുമൊക്കെ തെളിയേണ്ടത് ഈ ഗതാഗത സംസ്കാരമാണെങ്കിലും പലപ്പോഴും അതിനുപകരം കിരാതത്വമാണു നമ്മുടെ നിരത്തുകളിൽ അഴിഞ്ഞാടുന്നത്. കഴിഞ്ഞ ദിവസം എംസി റോഡിൽ, ആലപ്പുഴ ജില്ലയിലെ പ്രാവിൻകൂട് ജംക്‌ഷനു സമീപമുണ്ടായത് ഒരിക്കലും ആവർത്തിക്കരുതാത്ത ക്രൂരസംഭവമായിത്തീരുന്നു. 

ബൈക്ക് കാറിനു പിന്നിൽ ഉരസിയെന്നാരോപിച്ചു കാർ ഡ്രൈവർ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തപ്പോഴാണ് ഒരു പാവം വീട്ടമ്മയുടെ ആയുസ്സിന്റെതന്നെ താക്കോൽ കളഞ്ഞുപോയത്. മകന്റെ ബൈക്കിനു പിന്നിൽനിന്നു റോഡിൽ വീണ കാഞ്ചനവല്ലി, കെഎസ്ആർടിസി ബസിന് അടിയിൽപെട്ടു മരിക്കുകയായിരുന്നു. ബൈക്കിന്റെ താക്കോൽ ഊരിയെടുത്തപ്പോൾ ഹാൻഡിൽ ലോക്കാകുകയും ബഹളത്തിനിടെ കാഞ്ചനവല്ലി റോഡിലേക്കു വീഴുകയും ചെയ്തു. തൊട്ടുപിന്നാലെയെത്തിയ ബസിനടിയിൽപെട്ടു തൽക്ഷണമാണു മരണമുണ്ടായത്.

റോഡുകൾക്കു വീതി കൂടാതിരിക്കുകയും വാഹനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കേരളത്തിൽ ഇത്തരം ഉരസ്സലുകളും കൂട്ടിമുട്ടലുകളുമൊക്കെ ഒഴിവാക്കാൻപറ്റാത്ത പ്രശ്നമായി മാറിക്കഴിഞ്ഞു. ഇങ്ങനെയുള്ള അവസരങ്ങളിൽ, മാന്യമായ ഒത്തുതീർപ്പിനു പോലും തയാറാകാതെ, ധാർഷ്ട്യത്തോടെ പെരുമാറുന്നവരുടെ എണ്ണവും കൂടിവരികയാണെന്നതു നിർഭാഗ്യകരംതന്നെ. ഇത്തരം ഗുണ്ടായിസങ്ങൾ ഏതുവരെ ചെന്നെത്താമെന്നതിനു ദുഃഖസാക്ഷ്യം തരികയാണു കാഞ്ചനവല്ലി എന്ന വീട്ടമ്മ.

മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും വഴിയാത്രക്കാരുമൊക്കെ നിസ്സാരകാരണങ്ങൾക്കുപോലും ബസ് തടഞ്ഞിട്ടു ഡ്രൈവറെയും കണ്ടക്ടറെയും ചീത്തപറയുന്നതും മർദിക്കുന്നതും കേരളത്തിൽ പതിവായിരിക്കുന്നു. ഇക്കഴിഞ്ഞ മേയിൽ കൊല്ലം ജില്ലയിലെ കൊട്ടിയത്ത്, കെഎസ്ആർടിസി ബസ് കാറിനു പിന്നിൽ ഇടിച്ചതിനെ തുടർന്നു ഡ്രൈവറെ കാറിലുണ്ടായിരുന്നവർ ക്രൂരമായി മർദിച്ചതാണ് ഈ പരമ്പരയിൽ ഒടുവിലത്തേത്. വാനിൽ കെഎസ്ആർടിസി ബസ് ഉരസിയെന്ന് ആരോപിച്ചു ബസിനു മുന്നിൽ വാൻ കുറുകെയിട്ടു തടഞ്ഞ്, ഡ്രൈവറെ ക്രൂരമായി മർദിച്ചതു മാർച്ചിൽ പാലക്കാട് മുണ്ടൂരിലായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈയിൽ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ബൈക്കുകൾ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണു ബൈക്ക് ഓടിച്ചിരുന്നയാളെയും ഭാര്യയെയും ആക്രമിച്ചത്. വഴിയൊതുക്കിക്കൊടുത്തില്ലെന്ന കാരണംപോലും മർദനത്തിനു കാരണമാക്കാൻ മടിയില്ലാത്തവരായിക്കഴിഞ്ഞു മലയാളികളിൽ പലരും. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത്, ഭാര്യയുമായി ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ ഒരുസംഘമാളുകൾ തടഞ്ഞുനിർത്തി വെട്ടി പരുക്കേൽപിച്ചതു വാഹനത്തെ മറികടന്നെന്ന പേരിലായിരുന്നു.

ആളുകൾ നിസ്സഹായതയോടെ പിടഞ്ഞുമരിക്കാനും വാഹനമോടിക്കുന്നവരെ  നിസ്സാരകാരണങ്ങൾ പറഞ്ഞു തല്ലിച്ചതയ്ക്കാനുമല്ല ഇവിടെ പാതകൾ പണിയുന്നത്; ഗതാഗതസംസ്കാരമെന്തെന്ന് അറിയാവുന്നവർക്കു വാഹനമോടിക്കാനാണ്. സർക്കാരിനും നിയമങ്ങൾക്കുമൊക്കെയപ്പുറത്ത്, അങ്ങനെയൊരു സംസ്കാരത്തിലേക്കു സ്വയം ഉയരാനുള്ള ശ്രമമാണു വാഹനമോടിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. ചെറിയ കാരണങ്ങൾക്കുപോലും കയ്യൂക്കു കാണിക്കുന്നവരെ നിലയ്ക്കുനിർത്തുകതന്നെ വേണം. മര്യാദസഞ്ചാരവും മനുഷ്യാവകാശമാണെന്ന അടിസ്‌ഥാനബോധ്യമാണ് ആദ്യം വേണ്ടത്. റോഡിൽ പാലിക്കേണ്ട മാന്യതയും മര്യാദയും കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതു സർക്കാരല്ല, നാം ഓരോരുത്തരുമാണ്.