മുല്ലപ്പള്ളി രാമചന്ദ്രൻ: കോൺഗ്രസിന്റെ കടത്തനാടൻ പോരാളി

എതിരാളിയുടെ മർമ്മമറിഞ്ഞ് അടവുകൾ പ്രയോഗിക്കുന്ന കടത്തനാടൻ ശൈലിയാണു മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന കോൺഗ്രസുകാരന്റെ കരുത്ത്. മുല്ലപ്പള്ളി എന്ന നാലക്ഷരത്തിലൂടെ ജനങ്ങളെ കയ്യിലെടുത്ത് തിരഞ്ഞെടുപ്പു ഗോദയിൽ സിപിഎമ്മിന്റെ പോരാളികളെ മലർത്തിയടിച്ച നേതാവ് ഇനി കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ അമരക്കാരൻ. ആദർശത്തിന്റെ വഴിയിൽനിന്നു നെല്ലിട വ്യതിചലിക്കാതെ ഇടതു രാഷ്ട്രീയത്തിനെതിരെ വീറോടെ പൊരുതിയ എഴുപത്തിരണ്ടുകാരനെത്തേടി മറ്റൊരു പദവികൂടി. 

1946 ഏപ്രിൽ 15നു വടകര ചോമ്പാലയിൽ സ്വാതന്ത്ര്യസമര സേനാനി മുല്ലപ്പള്ളി ഗോപാലന്റെയും പാറുവിന്റെയും മകനായി ജനനം. കെഎസ്‍യുവിലൂടെ രാഷ്ട്രീയത്തിലിറങ്ങാൻ പ്രചോദനം പിതാവായിരുന്നു. മകനോട് അച്ഛൻ ഒരുകാര്യം മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ; എന്നും കൈകൾ ശുദ്ധമായിരിക്കണം. അലക്കിത്തേച്ച തൂവെള്ള ഖദർ വസ്ത്രത്തിന്റെ വെൺമപോലെ അന്നുമിന്നും മുല്ലപ്പള്ളി പിതാവിനു കൊടുത്ത വാക്കുപാലിക്കുന്നു, ആദർശത്തിന്റെ ആൾരൂപമായി. 

കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്, യൂത്ത്‌ കോൺഗ്രസ്‌ കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌ പദവികളിലൂടെ മുൻനിരയിലേക്ക് അദ്ദേഹമെത്തി. രാഷ്ട്രീയത്തിൽ മുല്ലപ്പള്ളിയുടെ പോരാട്ടം എന്നും സിപിഎമ്മിനോടായിരുന്നു. ചുറ്റുമുള്ള മണ്ണ് ചുവപ്പിൽ കുളിച്ചുനിൽക്കുമ്പോഴും വലതുപക്ഷത്തിന്റെ വിത്തുകൾ വിതയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. മുല്ലപ്പള്ളിയുടെ ശ്രമങ്ങൾക്കു കരുത്തു പകരാൻ കോൺഗ്രസ് ഒപ്പംനിന്നു. 

വടകരയുടെ ‘ചുവന്ന’ മണ്ണിൽനിന്ന് 1980ൽ ലോക്സഭയിലേക്കുള്ള ആദ്യ മത്സരത്തിൽ തോൽവിയായിരുന്നു ഫലം. പക്ഷേ, മുല്ലപ്പള്ളി കാത്തിരുന്നു. തോൽവികളിൽ തളരരുതെന്ന പാഠം മുല്ലപ്പള്ളിയെന്ന എൽഎൽബിക്കാരൻ അപ്പോഴേക്കും അഭ്യസിച്ചിരുന്നു. 

നാലു വർഷത്തിനുശേഷം കണ്ണൂരിലെ ചുവപ്പുകോട്ടയിൽനിന്നു സാക്ഷാൽ ചെങ്കോട്ടയിലേക്കു ലോക്സഭാ ടിക്കറ്റ്. പാർട്ടി കോട്ടകൾ പിളർത്തി കടത്തനാടൻ പോരാളിയുടെ വിജയക്കുതിപ്പ്. കണ്ണൂരിനെ തുടർച്ചയായ അഞ്ചു തവണ ലോക്സഭയിൽ പ്രതിനിധീകരിച്ചു. 2009ൽ സ്വന്തം മണ്ണായ വടകരയിലേക്കു തിരിച്ചെത്തി. 2009ലും 2014ലും വടകരയിൽ മുല്ലപ്പള്ളിയുടെ ‘കൈപ്പത്തി’ പതിഞ്ഞു. 1991ൽ പി.വി.നരസിംഹറാവു മന്ത്രിസഭയിൽ കാർഷിക സഹമന്ത്രിയായും 2009ൽ മൻമോഹൻ സിങ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായും പ്രവർത്തിച്ചു. 

ഏഴാം തവണയും ലോക്സഭയിലേക്ക് എത്തിയപ്പോൾ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കാൻ മറ്റൊരു പേര് നേതൃത്വം തേടിയില്ല. ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ മുല്ലപ്പള്ളിയെത്തേടി കെപിസിസി അധ്യക്ഷപദവിയും എത്തിയിരിക്കുന്നു.