Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

93–94ലെ വെള്ളപ്പൊക്കവും വിസമ്മതപത്രവും

Author Details
tharangangalil

99ലെ വെള്ളപ്പൊക്കം മലയാള ഭാഷയ്ക്ക് ഏതെങ്കിലും വാക്ക് സംഭാവന നൽകിയെങ്കിൽ അതിപ്പോൾ ആരുടെയും നാവിലില്ല. 

എന്നാൽ, 93–94ലെ വെള്ളപ്പൊക്കത്തിൽനിന്നു വെള്ളമിറങ്ങിക്കഴിഞ്ഞപ്പോൾ മണലിലൊരു പദം തെളിയുന്നു: വിസമ്മതപത്രം!

93–94ലെ വെള്ളപ്പൊക്കം ഏത് എന്നു ചോദിച്ചാൽ, ദാ, ഇപ്പോൾ കഴിഞ്ഞത് എന്നുത്തരം. ഇക്കൊല്ലത്തെ പ്രളയത്തിന്റെ നടുമുറിക്കാണ് മലയാള വർഷത്തിലെ 1193 വിടവാങ്ങി 1194 പിറന്നത്. 

വെള്ളപ്പൊക്കത്തോടെ നമ്മുടെ കാലംതന്നെ തലതിരിഞ്ഞുപോയതിനാൽ 99ലെ വെള്ളപ്പൊക്കത്തിനു ശേഷം 93–94 ലെ വെള്ളപ്പൊക്കം എന്നു പറയുന്നതിൽ അഭംഗിയില്ല എന്നാണ് അപ്പുക്കുട്ടനു കിട്ടിയ ഗണിതശാസ്ത്രോപദേശം. 

ഏതു സ്ഥാനാർഥിക്കാണ് നമ്മുടെ സമ്മതി അഥവാ സമ്മതം അഥവാ അനുമതി അഥവാ അംഗീകാരം എന്നു രേഖപ്പെടുത്തുന്നതാണ് സമ്മതിദാനാവകാശം. പട്ടികയിലുള്ള സ്ഥാനാർഥികളിൽ ആരെയും വേണ്ട എന്നു രേഖപ്പെടുത്താൻ ‘നോട്ട’ അടുത്തകാലത്തു വന്നെങ്കിലും ഏതെങ്കിലും ഒരു സ്ഥാനാർഥിയെ മാത്രം വേണ്ട എന്നു രേഖപ്പെടുത്തുന്ന പാതി നോട്ട പിറന്നിട്ടില്ല. 

ഇതുവരെ സമ്മതവും സമ്മതപത്രവുമായിരുന്നു നാട്ടുനടപ്പെങ്കിൽ ഇനിയിപ്പോൾ വിസമ്മതപത്രത്തിന്റെ കാലമാണ്.

പ്രളയ ദുരിതാശ്വാസത്തിന് ഒരുമാസത്തെ ശമ്പളം ഘട്ടംഘട്ടമായി നൽകാൻ നിവൃത്തിയില്ലാത്ത സർക്കാർ ജീവനക്കാർ നൽകേണ്ട ഓമന രേഖയാകുന്നു വിസമ്മതപത്രം.

സംഭാവന സ്വീകരിക്കുന്നതിനെക്കാൾ താൽപര്യത്തോടെയാണ് വിസമ്മതപത്രം സർക്കാർ എഴുതിവാങ്ങുക. അങ്ങനെ എഴുതിക്കൊടുക്കാൻ ചമ്മലുണ്ടാവും എന്നു പറയാൻ ധനമന്ത്രി തോമസ്ജി ഐസക്ജിക്ക് ഒരു ചമ്മലും ഉണ്ടായില്ല.

93–94ലെ പ്രളയം മലയാള ഭാഷയിലും മലയാളിയുടെ സന്മനസ്സിലും വീഴ്ത്തിയ ഓട്ടയാണ് വിസമ്മതപത്രം എന്നു ചമ്മലില്ലാതെ പറയുകയും ചെയ്യാം.