Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിന്റെ ജിഎസ്ടി സ്വപ്നങ്ങൾ

deseeyam കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജിഎസ്ടിയെ ‘ഗബ്ബർ സിങ് നികുതി’ എന്നു വിമർശിച്ചതിനു പിന്നാലെ ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ് പ്രവർ‌ത്തകർ ഗബ്ബർ സിങ് വേഷമണിഞ്ഞു നടത്തിയ പ്രതിഷേധ പ്രകടനം. (ഫയൽ ചിത്രം)

അടുത്ത വർഷം കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒരു നാടകീയ തീരുമാനം രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ട്: കൊട്ടും കുരവയുമായി 15 മാസം മുൻപു നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ചരക്ക്, സേവന നികുതി (ജിഎസ്ടി) കോൺഗ്രസ് സർക്കാർ എടുത്തുകളയും. ‘ഒരു രാജ്യം, ഒരു നികുതി’ നിയമത്തിന്റെ കടുത്ത വിമർശകനായ രാഹുൽ ഗാന്ധി അതിനെ ‘ഗബ്ബർ സിങ് നികുതി’ എന്നാണു വിളിക്കുന്നത്. ഷോലെ എന്ന വിഖ്യാത ഹിന്ദി സിനിമയിലെ കൊള്ളക്കാരന്റെ പേരാണു ഗബ്ബർ സിങ്. റഫാൽ ഇടപാടും നോട്ട് നിരോധനവുമാണ് രാഹുൽ ശക്തിയായി എതിർക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ മറ്റു രണ്ടു സുപ്രധാന തീരുമാനങ്ങൾ. 2017 ജൂൺ 30 അർധരാത്രി മുതലാണു ജിഎസ്ടി പ്രാബല്യത്തിൽ വന്നത്. പുതിയ നികുതി സമ്പ്രദായം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സംസ്ഥാന മുഖ്യമന്ത്രിമാരെയും എംപിമാരെയും സാക്ഷിനിർത്തിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയും സംയുക്തമായി ഉദ്ഘാടനം ചെയ്തത്. 

പുതിയ നികുതി സമ്പ്രദായം സെൻട്രൽ എക്സൈസ്, സർവീസ് ടാക്സ്, വാല്യൂ ആഡഡ് ടാക്സ് (വാറ്റ്) എന്നിവ അടക്കം പ്രധാന കേന്ദ്ര – സംസ്ഥാന നികുതികളെ ഒറ്റ നികുതിയാക്കി മാറ്റുകയാണു ചെയ്തത്. ഇതു ബിസിനസ് എളുപ്പമാക്കുമെന്നാണു മോദി പറഞ്ഞത്. പക്ഷേ, രാഹുൽ ജിഎസ്ടിയെ എപ്പോഴും ഏറ്റവും സംശയത്തോടെയാണു സമീപിച്ചത്.

നിരന്തര വിമർശനങ്ങൾ

കോൺഗ്രസ് അധ്യക്ഷന്റെ തുടർച്ചയായ വിമർശനം, കഴിഞ്ഞ അഞ്ചു മാസത്തിനിടെ പലകുറി ഉയർന്ന നികുതികൾ താഴേക്കു കൊണ്ടുവരാനും ഇടയാക്കി. 

ജിഎസ്ടി ജനങ്ങളെ കൊള്ളയടിക്കാനുള്ള ഉപകരണമായി മാറി എന്നാണു രാഹുലിന്റെ വാദം. പാവങ്ങളെയും ചെറുകിട വ്യാപാരികളെയും കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെയാണു ജിഎസ്ടി നടപ്പാക്കിയതെന്നു ഭോപ്പാലിലെ റാലിയിൽ രാഹുൽ ചൂണ്ടിക്കാട്ടി. ഇതിലൂടെ രാജ്യത്തെ 15 അതിസമ്പന്നർക്കാണു ഗുണമുണ്ടായത്. അംബാനി, അദാനി ഗ്രൂപ്പുകൾക്ക് അനുകൂലമായി സർക്കാർ നയങ്ങൾ മാറ്റിത്തീർക്കുന്നതിന് അദ്ദേഹം നരേന്ദ്ര മോദിയെ നിരന്തരം വിമർശിച്ചു. 

പണക്കാരിൽനിന്നു നികുതി ഈടാക്കുകയും ചെറുകിട കച്ചവടക്കാരെയും പാവങ്ങളെയും സഹായിക്കുകയും പുതിയ ചരക്ക്, സേവന നികുതി കൊണ്ടുവരുകയും ചെയ്യുമെന്നു രാഹുൽ വാഗ്ദാനം ചെയ്യുന്നു. എല്ലാ ഉൽപന്നങ്ങൾക്കും ഏകീകൃത ജിഎസ്ടി നിരക്കു വേണമെന്ന കോൺഗ്രസിന്റെ പഴയ ആവശ്യവും അദ്ദേഹം ഒഴിവാക്കി. നിത്യോപയോഗ സാധനങ്ങളായ പാൽ, വസ്ത്രം തുടങ്ങിയവയ്ക്കും ആഡംബര വസ്തുക്കൾക്കും ഒരേ നികുതി ഏർപ്പെടുത്തുന്ന ഏകീകൃത നികുതിയാണു പാവങ്ങളെ ദ്രോഹിക്കുന്നതെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്കു മറുപടിയായി പറഞ്ഞിരുന്നു.

ജിഎസ്ടിക്കു ബദലായ ഒരു മാതൃക കോൺഗ്രസ് നേതാക്കളും പൂർണമായി വികസിപ്പിച്ചെടുത്തിട്ടില്ല; രാഹുൽ അതേപ്പറ്റി നിരന്തരം പറയുന്നുണ്ടെങ്കിലും. മുൻ ധനമന്ത്രി പി.ചിദംബരം അടക്കമുള്ള ഒരുസംഘം നേതാക്കളോട് ജിഎസ്ടിക്കു പകരം സമ്പ്രദായത്തിന്റെ വിശദാംശങ്ങൾ രൂപപ്പെടുത്താൻ രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എളുപ്പമല്ല ബദൽ നീക്കം

കോൺഗ്രസിനും സഖ്യകക്ഷികൾക്കും വരുന്ന തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ നിയമനിർമാണം കൊണ്ടുവരാനാകും. മോദി പരാജയപ്പെട്ടാൽ അതു നോട്ട് നിരോധനം, ജിഎസ്ടി, വിലക്കയറ്റം, റഫാൽ ഇടപാട് എന്നിവയുടെ പേരിലാണെന്നു കോൺഗ്രസിന് അവകാശപ്പെടാം. പ്രതിപക്ഷ കക്ഷികളിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണ് ജിഎസ്ടിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചിട്ടുള്ളത്. എൻസിപി, ഡിഎംകെ, ആർജെഡി തുടങ്ങിയ കോൺഗ്രസിന്റെ വലിയ സഖ്യകക്ഷികൾ മുതൽ കേരള കോൺഗ്രസ് (എം), മുസ്‌ലിം ലീഗ് തുടങ്ങിയ ചെറുകക്ഷികൾ വരെ ജിഎസ്ടി എടുത്തുകളയുന്നതിനെ പിന്തുണയ്ക്കുമെന്ന് ഇതേവരെ പറഞ്ഞിട്ടില്ല.

മാത്രവുമല്ല, തിരഞ്ഞെടുപ്പിൽ വിജയിച്ചാലുടൻ ഒരു ഒപ്പിട്ട് എടുത്തുകളയാവുന്ന ഒന്നല്ല ജിഎസ്ടി. ജിഎസ്ടി എന്നത് പാർലമെന്റിന്റെ ഇരുസഭകളും സംസ്ഥാന നിയമസഭകളും ചേർന്നു പാസാക്കിയ ഭരണഘടനാ നിയമമാണ്. രാജ്യത്തെ 20 സംസ്ഥാനങ്ങൾ ബിജെപി ഭരിക്കവേ, നിയമം അസാധുവാക്കുക എളുപ്പമല്ല. പക്ഷേ, ഇതു കേന്ദ്രത്തിൽ കോൺഗ്രസോ കോൺഗ്രസ് പിന്തുണയ്ക്കുന്ന സർക്കാരോ അധികാരത്തിലേറിയാലുള്ള തലവേദനകൾ മാത്രമാണ്. അതുവരെ ജിഎസ്ടിയുടെ ദോഷങ്ങൾക്കെതിരെ രാഹുൽ ഗാന്ധിക്കു പ്രചാരണം തുടരാം.