Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ സഹായം: ഈ കടുംപിടിത്തം വേണോ?

nottam

കേരളത്തിൽ ഈയിടെയുണ്ടായ പ്രളയദുരന്തത്തോടു കേന്ദ്ര സർക്കാരിന്റെ പ്രതികരണം നിഷ്പക്ഷമായും നിർഭയമായും വിലയിരുത്തേണ്ടതുണ്ട്. 2001ൽ ഗുജറാത്തിലെ ഭുജിൽ ഭൂകമ്പമുണ്ടായപ്പോൾ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയി ‘പ്രിയ സഹോദരീ സഹോദരന്മാരെ’ എന്ന് അഭിസംബോധന ചെയ്തു രാജ്യത്തെ ജനങ്ങളോടു നടത്തിയ സഹായ അഭ്യർഥനയിൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയും വിശദമായ വിവരങ്ങളും നൽകിയിരുന്നു. അത്തരത്തിലുള്ള ആഹ്വാനമൊന്നും ഇത്തവണ ഉണ്ടാകാതിരിക്കാൻ കീഴ്‍വഴക്കങ്ങൾക്കു കാര്യമായ പരിഗണന നൽകുന്ന ഇന്ത്യൻ ഉദ്യോഗസ്ഥസംവിധാനം ശ്രദ്ധിച്ചിരുന്നു. 

ഇതേ ഉദ്യോഗസ്ഥർ മുൻപുണ്ടായിരുന്ന ഒരു കീഴ്‍വഴക്കം പാലിച്ച് ദേശീയ താൽപര്യത്തിനു ദോഷമായതരത്തിൽ പ്രതികരിക്കുകയും ചെയ്തു. യുഎഇയിലെ കിരീടാവകാശി 700 കോടി രൂപയുടെ സഹായവാഗ്ദാനം നടത്തിയതു സംബന്ധിച്ച വാർത്തകളിൽ തുടങ്ങാം. ഇതിന്റെ അടിസ്ഥാന വസ്തുതകൾ ഇനിയും വ്യക്തമല്ല. യുഎഇ കിരീടാവകാശി ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി സംസാരിച്ച് 700 കോടി രൂപയുടെ സഹായവാഗ്ദാനം നടത്തിയെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി മോദി എങ്ങനെയാണു പ്രതികരിച്ചതെന്നു നമുക്കറിയില്ല. വിദേശകാര്യ മന്ത്രാലയവും ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം നൽകിയില്ല. ഈ വാഗ്ദാനം സംബന്ധിച്ചാണു കേരളത്തിലെ മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞതും തുടർന്ന്, വിദേശ സർക്കാരുകളിൽനിന്നു സഹായം സ്വീകരിക്കുന്നതു നമ്മുടെ ‘പ്രഖ്യാപിത നയം’ അല്ലെന്ന പ്രസ്താവനയുമായി വിദേശകാര്യമന്ത്രാലയം രംഗത്തുവന്നതും. യുഎഇ കിരീടാവകാശിയുടെ സഹായവാഗ്ദാനം ഇന്ത്യ നിരസിച്ചുവെന്ന മാധ്യമവാർത്തയ്ക്ക് അവസരം നൽകാതെ സഹായവാഗ്ദാനം നിഷേധിച്ചു യുഎഇയും പ്രസ്താവനയിറക്കി. എന്നാൽ, യുഎഇ സഹായവാഗ്ദാനം നടത്തിയതിന്റെ തലേന്നു വിദേശ സർക്കാരുകളുടെ സഹായവാഗ്ദാനങ്ങൾ നിരസിക്കാനാവശ്യപ്പെട്ടു വിദേശകാര്യമന്ത്രാലയം എല്ലാ അംബാസഡർമാർക്കും നിർദേശം നൽകിയിരുന്നു. 

വിദേശകാര്യമന്ത്രാലയം ‘പ്രഖ്യാപിത നയം’ എന്ന് ആവർത്തിക്കുന്നതിലെ സത്യമെന്താണ്? 2016ലെ ദേശീയ ദുരന്തനിവാരണ നയത്തിൽ ഇന്ത്യ ആരുടെയെങ്കിലും സഹായം അഭ്യർഥിക്കുകയോ വാഗ്ദാനം ലഭിച്ചാൽ സ്വീകരിക്കുകയോ ഇല്ലെന്നു വിശദമായി പറയുന്നുണ്ട്. 2004ൽ സൂനാമി ഉണ്ടായപ്പോഴും 2005ൽ ഉത്തരാഖണ്ഡ് ഭൂചലന ദുരന്തത്തിലും വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ടെന്നു മൻമോഹൻ സിങ് സർക്കാർ തീരുമാനിച്ചിരുന്നു. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ സ്വന്തം നാട്ടിലുണ്ടാകുന്ന ദുരന്തങ്ങൾ വിദേശസഹായമില്ലാതെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാണെന്ന സന്ദേശം നൽകാനായിരുന്നു ഇത്. ഈ വാദത്തിന്റെ സാംഗത്യം വ്യക്തമല്ല. വിദേശ സഹായം സ്വീകരിക്കാതിരുന്നതു നമ്മുടെ സ്ഥിരാംഗത്വ അവകാശവാദത്തെ അൽപമെങ്കിലും ബലപ്പെടുത്തിയോ എന്നറിയില്ല. 

ഈ സാഹചര്യത്തിൽ 2005ൽ യുഎസിന്റെ തെക്കു–കിഴക്കൻ മേഖലയെ തകർത്ത കത്രീന ചുഴലിക്കൊടുങ്കാറ്റുണ്ടായപ്പോൾ യുഎസ് സർക്കാർ ചെയ്തതു പരിശോധിക്കുന്നതു നന്നായിരിക്കും. തുടക്കത്തിൽ എല്ലാ സഹായവാഗ്ദാനവും അവർ നിരസിച്ചു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഫ്രഞ്ച് വിദേശകാര്യമന്ത്രിയെ വിളിച്ചു സഹായം തേടി. യൂറോപ്യൻ യൂണിയൻ അഞ്ചു ലക്ഷം കുപ്പി വെള്ളം അയച്ചുകൊടുത്താണു സഹായിച്ചത്. ഇന്ത്യ 25 ടൺ ദുരിതാശ്വാസ വസ്തുക്കളും 50 ലക്ഷം ഡോളറും നൽകി സഹായിച്ചു. വൻശക്തിയായ യുഎസിനു വിദേശസഹായം സ്വീകരിക്കുന്നതിനു മടിയില്ലാത്തപ്പോൾ ഇന്ത്യയുടെ ദുരഭിമാനവും കീഴ്‍വഴക്കങ്ങളിലുള്ള കടുംപിടിത്തവും എങ്ങനെ ന്യായീകരിക്കാനാവും? 

യുഎഇയുടെ 700 കോടി രൂപയുടെ സഹായം ഇന്ത്യ വിനയപൂർവം സ്വീകരിച്ചിരുന്നെങ്കിൽ മറ്റു രാജ്യങ്ങളിൽനിന്നു ചോദിക്കാതെതന്നെ കേരളത്തിലേക്കു സഹായം ഒഴുകുമായിരുന്നു. ഇങ്ങനെ ലഭിക്കുമായിരുന്ന ആയിരക്കണക്കിനു കോടി രൂപ നവകേരളത്തിന്റെ നിർമാണത്തിന് ഉപകരിക്കുകയും ചെയ്തേനെ. 

ഡൽഹിയിലെ പല വിദേശ അംബാസഡർമാരും കേരളത്തെ സഹായിക്കാനുള്ള താൽപര്യം പ്രകടമാക്കുകയും തങ്ങളുടെ സർക്കാരുകൾക്കും ഇന്ത്യാ സർക്കാരിനും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുന്നതിനാണു മൗനം പാലിക്കുന്നതെന്നും സ്വകാര്യസംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. ചില തായ്‍ലൻഡ് കമ്പനികൾ ദുരിതാശ്വാസ വസ്തുക്കൾ കൈമാറിയപ്പോൾ തായ് അംബാസഡർ സന്നിഹിതനായിരുന്നതു വിദേശകാര്യമന്ത്രാലയം ‘ഉപദേശിച്ചി’രുന്നെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്ന് അവർ പറഞ്ഞതും എന്നെ ആശ്ചര്യപ്പെടുത്തി. ഡൽഹിയിലെ മലയാളികളുടെ കൂട്ടായ്മ ഈയിടെ കേരള സ്കൂളിൽ യോഗം ചേർന്നു കേന്ദ്ര സർക്കാരിന്റെ നിലപാടു മാറ്റുന്നതിനുവേണ്ടി ശ്രമിക്കാൻ തീരുമാനിച്ചിരുന്നു. പ്രശ്നം വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്താൻ കേരളത്തിൽനിന്നുള്ള എല്ലാ എംപിമാർക്കും അവർ കത്തെഴുതിയിരുന്നു. കേന്ദ്രവുമായി ഇത്തരം കാര്യങ്ങളിൽ തർക്കിക്കാൻ സംസ്ഥാന സർക്കാരുകൾക്കു പരിമിതികളുണ്ടല്ലോ. 

തെറ്റുപറ്റുക മാനുഷികം; തിരുത്തുന്നതും. പ്രളയം തകർത്ത കേരളത്തിന്റെ പുനരുദ്ധാരണത്തിനു നാൽപതിനായിരം കോടിയിലേറെ രൂപ ആവശ്യമുണ്ട്. അതു നൽകാൻ കേന്ദ്രത്തിനു കഴിയുകയുമില്ല. അതുകൊണ്ട് ‘വസുധൈവ കുടുംബകം’ എന്ന മഹത് തത്വം നമുക്കു മറക്കാതിരിക്കാം.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)