Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവിടെ ആ ‘നമ്മൾ’..?

flood

ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കുമായിരുന്ന മഹാദുരന്തമാണ് സന്ദർഭോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ നാം ചെറുത്തത്. ഇത്തരം സന്ദർഭങ്ങളുമായി മുൻ പരിചയമില്ലാതിരുന്നിട്ടും രക്ഷാപ്രവർത്തനത്തിന്റെ ചരിത്രത്തിൽ അപൂർവ ഗംഭീരമായൊരധ്യായം നാമെഴുതി. നാട്ടുകാരും ദേവദൂതരെപ്പോലെ വന്നുചേർന്ന മത്സ്യത്തൊഴിലാളികളും സൈന്യവും പൊലീസും ഫയർഫോഴ്സും സർക്കാർ സംവിധാനവുമൊരുമിച്ച് പ്രവർത്തിച്ചു.

സോഷ്യൽ മീഡിയ ഉചിതവും അടിയന്തരവുമായ സന്ദേശങ്ങളാൽ രക്ഷാപ്രവർത്തനത്തിന് ദിശകാട്ടി. മാധ്യമങ്ങൾ ഇരുപത്തിനാലു മണിക്കൂറും പ്രളയത്തിന്റെ മാത്രം മാധ്യമ പ്രവർത്തകരായി. ദൃശ്യമാധ്യമങ്ങൾ കാരുണ്യത്തിന്റെ ഈ സൽക്കേരളത്തിന് ദൃശ്യത നൽകി. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലും ഉൾക്കൊള്ളാൻ ബലമില്ലാതിരുന്ന ‘നമ്മൾ’ എന്ന പദം ഒരു സംസ്ഥാനത്തിലെ മുഴുവൻ ജനത്തെയുമുൾക്കൊണ്ടു. ‘ഞങ്ങൾ’ എന്നു പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രി പിന്നീടിന്നുവരെ ‘നമ്മൾ’ എന്നേ പറഞ്ഞുള്ളൂ. ചവിട്ടുപടിയായി കിടന്നുകൊടുത്ത ആ ചെറുപ്പക്കാരൻ തന്റെ സന്മനസ്സിന്റെ മാത്രമല്ല, രക്ഷാപ്രവർത്തനത്തിന്റെ മുഴുവൻ പ്രതിരൂപമായി. ‘അവരോ’, ‘ഞങ്ങളോ’ ഒക്കെ കുറഞ്ഞ കാലത്തേക്കാണെങ്കിലും നമ്മുടെ പരിഗണനകളിൽ നിന്നു നിഷ്ക്രമിച്ചു. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നവർ’ കവിതയിൽ മാത്രമല്ല ഭൂമിയിലും സാധ്യമായി.

എത്രയെത്ര സഹായഹസ്തങ്ങൾ

ദുരന്തം മൂലം സംഭവിച്ച കഷ്ടനഷ്ടങ്ങളുടെ യഥാർഥമായ കണക്കെടുത്താൽ സങ്കൽപിക്കാവുന്ന ഒരു സംഖ്യ കൊണ്ടും പരിഹരിക്കാവുന്നതല്ല അത്. നഷ്ടങ്ങൾക്കോ യാതനകൾക്കോ വിലയിടാനാവുന്ന പൊതുമാനദണ്ഡങ്ങളുമില്ല. പ്രളയപൂർവകാലത്തെ അവസ്ഥ വീണ്ടെടുത്തുകൊടുക്കുക എളുപ്പവുമല്ല. വീണ്ടെടുക്കാവുന്ന വിഭവങ്ങൾ മാത്രമേ ധനസഹായം കൊണ്ട് വീണ്ടെടുത്തു നൽകാനാവൂ. സർവസ്വവും നഷ്ടപ്പെട്ടവർ അനേകരാണ്. പക്ഷേ മുൻപൊന്നുമില്ലാത്ത സന്മനസ്സോടെ സഹായ ഹസ്തങ്ങൾ അവർക്കുനേരെ നീളുന്ന അദ്ഭുതക്കാഴ്ചയാണ് നാം നാൾതോറും കാണുന്നത്. 

പുറത്തുനിന്നും അകത്തുനിന്നും സഹായങ്ങൾ പ്രവഹിക്കുകയാണ്. ക്രൂരമായ നിസ്സംഗത പാലിച്ചിരിക്കുന്ന കേന്ദ്ര സർക്കാരൊഴികെ (നാമമാത്രമെന്നു മാത്രം പറയാവുന്ന ആ സഹായത്തിൽ നമ്മുടെ സർക്കാർ അസംതൃപ്തി കാട്ടുന്നതായും അറിയുന്നില്ല). സകലരും നമ്മോടു കാരുണ്യം കാണിക്കുന്നു; യുദ്ധാനന്തരക്കെടുതിയിൽപ്പോലും കാണാത്തത്ര. വിൽപനയ്ക്കായി കൊണ്ടുവന്ന കമ്പിളികൾ മുഴുവൻ ദുരിതാശ്വാസത്തിനായി സമ്മാനിച്ച ആ ഉത്തരേന്ത്യക്കാരനിൽ നാടിനു കിട്ടിക്കൊണ്ടിരിക്കുന്ന പരിഗണനയുടെ സൂക്ഷ്മമായ പ്രതിരൂപമുണ്ട്. ഇന്നലെയും കണ്ടു ‘ഇന്നത്തെ കലക്‌ഷൻ മുഴുവൻ ദുരിതാശ്വാസത്തിന്’ എന്ന ബാനർ കെട്ടി നിറയെ ആളുമായിപ്പോകുന്ന സ്വകാര്യ ബസുകളെ. ഇന്നലെയും കേട്ടു, ചെറുകിട ഹോട്ടലുകളിലെ തൊഴിലാളികൾ സംഭരിച്ച ചെറുതല്ലാത്ത തുകയെപ്പറ്റി. ഏതെങ്കിലും വിധത്തിൽ സഹകരിക്കാത്തവരില്ല. നല്ലത്.

ഈ പണത്തിന് കേവല മൂല്യമല്ല

പക്ഷേ, ഇപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ കൂടുതൽ സങ്കീർണമായ രണ്ടാംഘട്ടമാണ്. ആ ‘നമ്മൾ‌’ ഏറെക്കുറെ ശിഥിലമായിത്തുടങ്ങി. സംശയങ്ങൾ അകമേ പുകഞ്ഞുതുടങ്ങി. കേരളത്തിന്റെ പുനഃസൃഷ്ടിക്കായി ലഭിച്ചുകൊണ്ടിരിക്കുന്ന ഈ വൻ തുക എങ്ങനെയാണു നീതിയുക്തമായി ചെലവിടുക? അർഹതയും അനർഹതയും ഏതു മാനദണ്ഡങ്ങളുപയോഗിച്ചു കണക്കാക്കും? ഒട്ടുമേ കാര്യക്ഷമമല്ലാത്ത നമ്മുടെ ‘ബ്യൂറോക്രസി’ അതിനെത്രകണ്ടു പര്യാപ്തമാവും? 

ആദിവാസികൾക്കായി സർക്കാർ ചെലവിട്ട ഓരോ രൂപയ്ക്കും പതിനാലു പൈസയേ അവരിലേക്ക് എത്തിയിരുന്നുള്ളൂ എന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി സാക്ഷ്യം പറഞ്ഞിട്ടുണ്ട്. നവകേരളത്തിന്റെ നിർമിതിക്കായി ചെലവിടുന്ന ഓരോ രൂപയുടെയും മൂല്യം ഈ വഴിക്കാവുമോ? ഒരു രൂപ ചെലവഴിക്കുമ്പോൾ തൊണ്ണൂറ്റഞ്ചു പൈസ അർഹരിലേക്ക് എത്തിയാൽ പോലും ഗുരുതരമായ പിഴവായി മാറുന്ന വിധത്തിൽ മൂല്യമുള്ളതാണ് കിട്ടിക്കൊണ്ടിരിക്കുന്ന ഈ പണം. ഇത്രയും ‘വിലയുള്ള’ രൂപ മലയാളി മുൻപു കൈകാര്യം ചെയ്തിട്ടില്ല. കിട്ടുന്ന ഓരോ രൂപയ്ക്കും ആ രൂപയേക്കാൾ മൂല്യമുണ്ടെന്ന കാര്യവുമായി പൊരുത്തപ്പെടുവാൻ ആ ചോരുന്ന കൈകൾക്കു കഴിയുമോ?

പൊതുമാനദണ്ഡം ഏതുവിധം?

ചെലവഴിച്ചു തുടങ്ങും മുൻപേയുള്ള ഈ സന്ദേഹം യുക്തമല്ലെന്നെനിക്കറിയാം. പക്ഷേ, ഞാനിപ്പോൾ താമസിക്കുന്ന കൊയിലാണ്ടി താലൂക്കിലെ ഈ വാർത്ത കേൾക്കൂ. ചെങ്ങന്നൂരിലോ റാന്നിയിലോ ചാലക്കുടിയിലോ കുട്ടനാട്ടിലോ ഉണ്ടായ പ്രളയക്കെടുതികളുമായി താരതമ്യപ്പെടുത്താവുന്നതൊന്നും കൊയിലാണ്ടിയിൽ സംഭവിച്ചിട്ടില്ല. പക്ഷേ, അവിടെയെല്ലാം ദുരിതാശ്വാസത്തിന്റെ ആദ്യഗഡുവായ പതിനായിരം രൂപ വിതരണം ചെയ്തു തീരുംമുൻപു കൊയിലാണ്ടിയിൽ 1033 പേർക്കു തുക ലഭിച്ചു കഴിഞ്ഞു. ഇതെങ്ങനെ സംഭവിച്ചിരിക്കും? എന്തിന്? എന്നാലോചിക്കുമ്പോഴാണ് സർക്കാരിന്റെ പൊതുമാനദണ്ഡം നിങ്ങളുടെ കണ്ണു തുറപ്പിക്കുക. 

കലക്ടർ തഹസിൽദാരെ വിളിച്ചുപറയും – ഇതാ ഇത്രയും തുകയുടെ അലോട്മെന്റുണ്ട്. ദുരിതാശ്വാസ ഫണ്ടിൽനിന്ന് എത്രയും പെട്ടെന്നു തുക വിതരണം ചെയ്തു റിപ്പോർട്ട് ചെയ്യണം. തഹസിൽദാർ കാലാകാലമായി പരിചയമുള്ള പതിവുവഴിയിൽ സഞ്ചരിച്ചു റിപ്പോർട്ട് ചെയ്യും. ഒരർഹനു കിട്ടിയില്ലെങ്കിലും അനർഹനു കിട്ടാതിരുന്നിട്ടില്ല എന്നുറപ്പു വരുത്തും. ചുമതല ഭംഗിയായി, ദ്രുതഗതിയിൽ ചെയ്തതിനു കലക്ടർ അഭിനന്ദിക്കും. കലക്ടറും റിപ്പോർട്ട് സമർപ്പിക്കും, അഭിനന്ദിക്കപ്പെടും. ഇതാണു സർക്കാർ മെഷിനറിയുടെ പ്രവർത്തനം. അല്ലെങ്കിൽ കുട്ടനാട്ടിലോ ചാലക്കുടിയിലോ ഒക്കെ വിതരണം ചെയ്യേണ്ടുന്ന, കേന്ദ്ര പൂളിൽനിന്നുള്ള അഞ്ചു കിലോ അരി, ദുരിതം ടെലിവിഷനിലൂടെ മാത്രം കണ്ട ഞങ്ങൾക്ക് എന്തിനു തന്നു?

പിടിച്ചുപറിക്കുന്ന ‘സംഭാവന’

സന്ദേഹങ്ങൾ തീരുന്നില്ല. സ്വമേധയാ, തങ്ങൾക്കുള്ളതിൽ നിന്ന് എത്രയും നൽകാൻ തയാറുള്ളവരുടെ മനസ്സു തകർത്തുകളയുന്നതല്ലേ ഇപ്പോൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്ന നിർബന്ധിത പിരിവ്? പ്രളയത്തിൽ തീർത്തും തകർന്നവരോടുപോലും സർക്കാരിന്റെ ഓരോ വകുപ്പും പുറമേ പല സംഘടനകളും താങ്ങാനാകാത്ത തുക നിശ്ചയിച്ച് ‘സംഭാവന’ പിടിച്ചു പറിക്കുന്ന സാഹചര്യം മുൻപേ പറഞ്ഞ ‘നമ്മൾ’ മനോഭാവത്തെ പിന്നോട്ടടിക്കുകയില്ലേ? വന്നുചേരുന്ന ഓരോ രൂപയുടെ മൂല്യവും എങ്ങോട്ടും നഷ്ടപ്പെടില്ല എന്ന ബോധ്യം തുടക്കത്തിലേ ജനങ്ങൾക്കു നഷ്ടപ്പെടുത്തുകകൂടി ചെയ്താൽ അത് നമ്മൾ കൊതിക്കുന്ന പുനഃസൃഷ്ടിക്കായി നീളുന്ന കൈകളെത്തന്നെ പിൻവലിപ്പിക്കുന്ന പ്രവൃത്തിയാകില്ലേ?

ആ ജനശക്തിയെ വിസ്മരിക്കരുത്

പൂർവ നിശ്ചയപ്രകാരമല്ല, ആരുടെയെങ്കിലും ഡിസൈനിങ്ങിന്റെ ഭാഗമായിട്ടല്ല, മനുഷ്യനന്മയുടെ മാത്രം ഉത്തരവാദിത്തത്തിലാണ് ആദ്യഘട്ടം നാം വിജയകരമായി പിന്നിട്ടത്. ആ ജനശക്തിയെ ആശ്രയിച്ചു നടത്തേണ്ടതായിരുന്നില്ലേ ഈ പുനഃസൃഷ്ടിയും? അവിശ്വസിക്കാൻ മാത്രം ന്യായമുള്ള സർക്കാരുദ്യോഗസ്ഥരെ തീരുമാനമെടുക്കുന്നതിൽ നിന്നൊഴിവാക്കി ഒരു ബദൽ സംവിധാനത്തെക്കുറിച്ചു സർക്കാരെന്തേ ആലോചിച്ചില്ല? അതതു പ്രദേശത്തെ ജനങ്ങളിൽനിന്നു പ്രതിനിധികളെ കണ്ടെത്തി എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി, തദ്ദേശ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരു സ്പെഷൽ ഗ്രാമസഭ ഓരോ ദുരിതപ്രദേശത്തും സൃഷ്ടിച്ച് അതിന്റെ മേൽനോട്ടത്തിൽ ഈ പുനഃസൃഷ്ടി നടന്നിരുന്നുവെങ്കിലോ? വീണ്ടും സമൂഹത്തിൽ ഒരു ‘നമ്മൾ’ രൂപമെടുക്കുന്നതു നമുക്കു കാണാമായിരുന്നു. അതു പക്ഷേ, ‘ഞങ്ങൾ’ക്കു തടസ്സമായാലോ?

ജീർണോദ്ധാരണമല്ല, നവീകരണം

ദുരന്തത്തിൽ ഞങ്ങൾക്കൊരുത്തരവാദിത്തവുമില്ല. അതിനു കാരണം അതിവൃഷ്ടി മാത്രം എന്നു ശാഠ്യം പിടിക്കുന്നവർ. അല്ല മനുഷ്യനിർമിതമായ ദുരന്തമാണിത് പൂർണമായും എന്നു മറുഭാഗം. ഡാമുകൾ കൂടുതൽ വേണ്ടതായിരുന്നു എന്ന് ഒരുകൂട്ടർ. ഡാമുകൾ ഡീകമ്മിഷൻ ചെയ്യേണ്ടതാണ് എന്നു മറുഭാഗം. ഏകപക്ഷീയമായ ‘ഞങ്ങൾ’ നിലപാടുകൾ വെടിഞ്ഞാൽ നമുക്കു കാണാറാകും, ദുരന്തത്തിനു മനുഷ്യനും പ്രകൃതിയും കാരണമായിട്ടുണ്ട് എന്ന്. 

ഉരുൾപൊട്ടലിന്റെ ഭാഗമായും ജലവൈദ്യുത പദ്ധതികൾ വഴിയുമുണ്ടായ ദുരന്തത്തിൽ ജിയോളജി വകുപ്പിനും വൈദ്യുതി വകുപ്പിനും പങ്കുണ്ടെന്നതു നിസ്സംശയം. മുൻപു മറ്റു പോംവഴികളില്ലാതിരുന്ന കാലത്തു നാം ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചു. പക്ഷേ, ഇന്നു സൗരോർജം പോലുള്ള ബദൽ സാധ്യതകളുള്ളപ്പോൾ പ്രകൃതിക്കുകൂടി ഹിതകരമായവയെക്കുറിച്ചു നാം കാര്യമായാലോചിക്കണം. ബാക്കിയുള്ള നദികൾക്കുകൂടി കയ്യാമം വയ്ക്കുന്നതിനെക്കുറിച്ചു മാത്രമോർ‌ത്താൽ പോരാ. നവീകരണം ജീർണോദ്ധാരണമല്ല. പക്ഷേ, സർക്കാരുദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ, ഈ ദുരന്തം, പൂർണമായ മനുഷ്യനിർമിത ദുരന്തമാവാതിരിക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധവയ്ക്കട്ടെ!

related stories