Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎ ആയത് ഇതിനല്ല

ഈ നാട്ടിലെ ക്രമസമാധാന പാലനവും നീതിന്യായവ്യവസ്ഥയും ഉറപ്പാക്കേണ്ട ജനാധിപത്യ സ്ഥാനങ്ങളിൽ ഇരിക്കുന്നവർതന്നെ അതിന്റെ എതിർവഴിയിലിറങ്ങി അരാജകത്വത്തിന്റെ തേർവാഴ്‌ച നടത്തുമ്പോൾ നമ്മുടെ നിയമവാഴ്‌ചയാണു നോക്കുകുത്തിയാവുന്നത്. ഭരണത്തിൽനിന്നുള്ള കയ്യൂക്കിന്റെ പിൻബലത്തിൽ, അതിന് ഇറങ്ങിത്തിരിച്ചതു നിയമസഭാംഗം കൂടിയാണെന്നു വരുമ്പോൾ അപചയം പൂർത്തിയാവുന്നു. ജനപ്രതിനിധിതന്നെ സർക്കാർ സ്ഥാപനത്തിൽ അക്രമം നടത്തുകയും അതിനു കേസെടുത്ത എസ്െഎയെ 28 മണിക്കൂറിനകം സ്ഥലംമാറ്റുകയും ചെയ്തുവെന്ന ആരോപണം കേട്ടുമറക്കാനുള്ളതല്ല.

ഭൂമികയ്യേറ്റക്കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ കെട്ടിടത്തിൽ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തിയതും ഇക്കാര്യത്തിൽ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാർ എസ്ഐ: പി.ജെ.വർഗീസിനെ ഉടൻ സ്ഥലംമാറ്റിയതും ജനാധിപത്യകേരളത്തിന്റെയാകെ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. രാഷ്‌ട്രീയ സദാചാരത്തിന്റെയും ജനാധിപത്യ മര്യാദകളുടെയുമൊക്കെ അതിർത്തികൾ പല ജനപ്രതിനിധികളും ലംഘിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എസ്.രാജേന്ദ്രൻ എംഎൽഎയിൽനിന്നുണ്ടായെന്നു പറയുന്ന പ്രവൃത്തികൾ അതിരുവിട്ടുവെന്നു മാത്രമല്ല, അങ്ങേയറ്റം അപലപനീയവുമാണ്.

മണ്ണിടിച്ചിലിൽ പ്രവർത്തനം നിലച്ച മൂന്നാർ ഗവ. ആർട്സ് കോളജ് താൽക്കാലികമായി പ്രവർത്തിക്കുന്നതിനു ട്രൈബ്യൂണൽ കെട്ടിടം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎൽഎയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. എംഎൽഎ, തഹസിൽദാർ എന്നിവർ ട്രൈബ്യൂണലിൽ അതിക്രമിച്ചു കയറി കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഓഫിസ് ഉപകരണങ്ങൾ കേടുവരുത്തിയെന്നും ആരോപിച്ചു ട്രൈബ്യൂണൽ അധികൃതർ മൂന്നാർ പൊലീസിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടു പരാതി നൽകിയെങ്കിലും പൊലീസ് അന്നു കേസെടുത്തില്ല.  

ബുധനാഴ്ച വൈകിട്ടു നാലിനാണ് എംഎൽഎയെ ഒന്നാം പ്രതിയും തഹസിൽദാരെ രണ്ടാം പ്രതിയുമാക്കി മൂന്നാർ എസ്ഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസുണ്ട്. അതേസമയം, വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ഇടപെടുക മാത്രമാണുണ്ടായതെന്നും അക്രമം നടത്തിയെന്ന പ്രചാരണം ശരിയല്ലെന്നുമാണ് എംഎൽഎയുടെ ന്യായവാദം. വ്യാഴാഴ്ച രാത്രി എട്ടോടെയാണു പി.ജെ. വർഗീസിനെ കട്ടപ്പനയിലേക്കു സ്ഥലം മാറ്റി, ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ ഇ–മെയിൽ സന്ദേശം അയച്ചത്. 

കോടതിയുടെ അധികാരങ്ങളുള്ള ട്രൈബ്യൂണലിൽ ജനപ്രതിനിധി കാണിച്ചുവെന്നു പറയുന്ന അതിക്രമവും കെട്ടിടം കയ്യേറാനുള്ള ശ്രമവും കേസെടുത്ത എസ്െഎയെ ഉടൻ സ്ഥലംമാറ്റിയതുമെല്ലാം പൊതുസമൂഹത്തെയാകെ  അമ്പരപ്പിച്ചിരിക്കുകയാണ്. നിയമവ്യവസ്ഥയെ മാതൃകാപരമായി മാനിക്കേണ്ട ഒരു ജനപ്രതിനിധി ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടുണ്ടോ എന്ന ചോദ്യമാണു വ്യാപകമായി ഉയരുന്നത്. മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയുകയും ഭീഷണിപ്പെടുത്തുകയും  ചെയ്ത പല സംഭവങ്ങളും എംഎൽഎയുടെ ഭാഗത്തുനിന്നു മുൻപുണ്ടായിട്ടുമുണ്ട്.  

നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടിയെടുക്കുന്നതു പൊലീസ് വകുപ്പിന്റെതന്നെ മനോവീര്യം തകർക്കുമെന്നതിൽ സംശയമില്ല. ഒരു രാഷ്‌ട്രീയ പാർട്ടിക്കും വേട്ടയാടാനുള്ളതല്ല പൊലീസ്. അവർ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും സേവകരാകുകയുമരുത്. ജനങ്ങളോടുതന്നെയാണു പൊലീസിന്റെ ഉത്തരവാദിത്തം. ക്രമസമാധാനപാലനത്തിനുള്ള ഭരണ സംവിധാനമായ പൊലീസിനെതിരെ സർക്കാരിൽനിന്നുതന്നെ പ്രതികാരനടപടി ഉണ്ടാവുന്നത് അത്യന്തം ഉത്‌കണ്‌ഠാജനകമാണ്. 

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതും അതിൻമേൽ മാതൃകാപരമായ നടപടി ഉണ്ടാകാതെപോകുന്നതും പൊലീസിന്റെയും ജനത്തിന്റെതന്നെയും ആത്മവിശ്വാസം ചോർത്തിക്കളയും. ആത്മധൈര്യം നഷ്‌ടപ്പെടുന്ന പൊലീസ് സേനയ്‌ക്കു ജനങ്ങളെ എങ്ങനെ സംരക്ഷിക്കാനാവും? നിയമവാഴ്‌ചയും സമാധാനവും നാട്ടിൽ നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളെ അസ്വസ്‌ഥരാക്കി, ഇടതു സർക്കാർ തങ്ങളുടെ എംഎൽഎയ്ക്കുവേണ്ടി  ജനാധിപത്യസംവിധാനത്തെത്തന്നെ നാണംകെടുത്തുകയല്ലേ?