Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം കടക്കണം, കൃഷിമേഖലയും

മഴക്കെടുതികൾക്കുശേഷം തിരിച്ചുവരവിനായുള്ള കഠിനയത്നങ്ങൾ സമസ്തമേഖലകളിലും തുടരുകയാണ്. ഇവിടെ ശൂന്യതയിലേക്കു കണ്ണും നട്ടിരിക്കുന്ന ഒരു കൂട്ടരുണ്ട്, കൃഷിക്കാർ. എവിടെ തുടങ്ങണമെന്ന് അവർക്ക് അറിയില്ല.

വിത്തു പാകണമെന്നു ചിന്തിക്കുമ്പോഴാണു കൃഷിയിടം ഒലിച്ചുപോയല്ലോയെന്ന് ഓർക്കുക. മണലും പാറയും നിറഞ്ഞ പറമ്പ് കൃഷിയോഗ്യമാക്കാമെന്നു ചിന്തിക്കുമ്പോഴാകും പണമില്ലെന്നോർക്കുക. വസ്തു പണയം വച്ച് വായ്പയെടുക്കാമെന്നു ചിന്തിക്കുമ്പോഴാകും കൃഷിയിടത്തിനു പട്ടയമില്ലെന്നോർക്കുക. പരിതാപകരമായ ഈ സാഹചര്യത്തിൽ കൃഷിയും കൃഷിക്കാരനും കേരളത്തിൽ നിലനിൽക്കണമെങ്കിൽ മറ്റെല്ലാ മേഖലകളെക്കാൾ അധികം പരിഗണനയും സഹായവും എത്തേണ്ടതുണ്ട്.

അതേസമയം ആശ്വാസകരമായ ചില കാഴ്ചകൾ കൃഷിമേഖലയിൽത്തന്നെയുണ്ട്. ദുരിതങ്ങളിൽനിന്ന് അതിവേഗം കരകയറാനുള്ള അധ്വാനത്തിലാണു പല കർഷകരും. ചുരുങ്ങിയ കാലയളവിനുള്ളിൽ, ചുരുങ്ങിയ മുതൽമുടക്കിൽ സുസ്ഥിരവരുമാനം വന്നുചേരുന്ന വഴികൾ തേടുകയും കണ്ടെത്തുകയും ചെയ്യുന്ന അവർ കൃഷിമേഖലയ്ക്കാകെ മാതൃകയാണ്. കൃഷിയെയും കൃഷിക്കാരനെയും സംരക്ഷിക്കാനുള്ള പദ്ധതികളിൽ ഇത്തരം മാതൃകകൾക്കാവണം മുൻഗണന.

അതിവേഗം വരുമാനത്തിലെത്തി സ്വന്തം കാലിൽ നിൽക്കാൻ കൃഷിക്കാരെ സഹായിക്കുന്ന പദ്ധതികൾ പ്രളയബാധിതമേഖലകളിൽ നടപ്പാക്കാൻ കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് വകുപ്പുകൾക്കു സാധിക്കണം. പച്ചക്കറിക്കൃഷി, പശു, കോഴി, കാട വളർത്തൽ, മൽസ്യക്കൃഷി എന്നിവ പെട്ടെന്നു വരുമാനമെടുക്കാവുന്ന ചില മേഖലകളാണ്. അവയ്ക്കു മുതൽമുടക്കാൻ പലിശരഹിത വായ്പ പോലുള്ള ആനുകൂല്യങ്ങൾ അടിയന്തരമായി നൽകേണ്ടിയിരിക്കുന്നു.

വരുമാനം മാത്രം ലക്ഷ്യമിട്ടുള്ള വിളകളും കൃഷിരീതികളും ഇനി പഴയതുപോലെ പ്രായോഗികമല്ലെന്നു കർഷകരും തിരിച്ചറിയേണ്ടതുണ്ട്. പ്രകൃതിയെ മാനിച്ചുകൊണ്ടുള്ള സുസ്ഥിര കൃഷിരീതികളാവണം നടപ്പാക്കേണ്ടത്. അതിന് അനുസൃതമായ നയംമാറ്റത്തിനു സർക്കാരും മുൻകയ്യെടുക്കണം.

ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിക്കുന്നതു മാത്രമല്ല സുസ്ഥിര കൃഷിരീതി. ശരിയായ മണ്ണ്– ജലസംരക്ഷണം, ജലവിനിയോഗം, ഭൂപ്രകൃതിക്കു യോജിച്ച കൃഷിരീതികൾ എന്നിവയൊക്കെ ഉറപ്പാക്കാൻ ഓരോ കൃഷിക്കാരനും മനസ്സുവയ്ക്കണം. പ്രകൃതിയും കൃഷിയും തമ്മിൽ ചേർന്നുപോകേണ്ടത് ഏതെങ്കിലും നിയമത്തിന്റെ പേരിൽ മാത്രമാവരുത്. കർഷകന്റെയും കൃഷിയുടെയും നിലനിൽപിനും വരും തലമുറയുടെ നന്മയ്ക്കും വേണ്ടിയാവണമെല്ലാം.

പാരിസ്ഥിതികമായി കൃഷി സുസ്ഥിരമാകണമെന്നു പറയുന്നവർ പലപ്പോഴും സാമ്പത്തിക സുസ്ഥിരത വിസ്മരിക്കാറുണ്ട്. സ്വന്തം നിലനിൽപ് അപകടത്തിലാക്കി സുസ്ഥിരകൃഷി നടപ്പാക്കാൻ കൃഷിക്കാർക്കു കഴിയില്ല. മതിയായ സാമ്പത്തിക, സാങ്കേതിക പിന്തുണ ഉറപ്പാക്കി മാത്രമേ, ദുരിതത്തിലായ കൃഷിക്കാരോടു സുസ്ഥിരകൃഷിയെക്കുറിച്ചു സംസാരിക്കാനാവൂ. ന്യായവിലയും വിപണിയും ഉറപ്പാക്കാതെയും മുതൽമുടക്കാൻ സഹായം നൽകാതെയും പ്രായോഗിക സാങ്കേതികവിദ്യകൾ ചൂണ്ടിക്കാണിക്കാതെയും കൃഷിക്കാരനെ സുസ്ഥിരകൃഷിയിലേക്കു നയിക്കാനാവില്ല.

കാലാവസ്ഥാമാറ്റത്തിന്റെ യുഗത്തിൽ കേരളത്തിലെ കൃഷിക്കും കൃഷിക്കാർക്കും ആത്മവിശ്വാസം നൽകാൻ ഇൻഷുറൻസ് അനിവാര്യം. നിർഭാഗ്യവശാൽ നമ്മുടെ കൃഷിമേഖലയിൽ ഇൻഷുറൻസ് പരിരക്ഷ തേടുന്നവരുടെ എണ്ണം കുറവാണ്. മുഴുവൻ കൃഷിക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നവിധത്തിൽ വിള ഇൻഷുറൻസ് പദ്ധതികൾ അടിയന്തരമായി പരിഷ്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം.

പ്രളയത്തെയും വരൾച്ചയെയും ഓരുജലത്തെയുമൊക്കെ അതിജീവിക്കുന്ന വിള ഇനങ്ങൾക്കായി ലോകമെമ്പാടും കാർഷിക ഗവേഷകർ ശ്രമിക്കുന്നുണ്ട്. ഉൽപാദനക്ഷമതയ്ക്കും രോഗപ്രതിരോധത്തിനുമൊപ്പം കാലാവസ്ഥാമാറ്റം കൂടി പരിഗണിച്ച് കാർഷികഗവേഷണം ഇവിടെയും ഊർജിതമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.