Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാലിനു തുടക്കമിട്ടത് യുപിഎ; കരാര്‍ മുടക്കിയത് ആന്റണിയെന്നു നിര്‍മല

Rafale-fighter-jets

പാക്കിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ യുദ്ധവിമാന ശേഖരം വർധിപ്പിക്കണമെന്നു വ്യോമസേന ആദ്യം ആവശ്യപ്പെടുന്നത് 2000ൽ ആണ്. മധ്യവിഭാഗത്തിലുള്ള കരുത്തുറ്റ യുദ്ധവിമാനമാണ് (മീഡിയം മൾട്ടി റോൾ കോംബാറ്റ് എയർക്രാഫ്റ്റ് – എംഎംആർസിഎ) സേന ആവശ്യപ്പെട്ടത്. വിവിധ തലങ്ങളിൽ നടന്ന ചർച്ചയ്ക്കും വിശകലനത്തിനുമൊടുവിൽ 126 വിമാനങ്ങൾ ആവശ്യമാണെന്നു പ്രതിരോധ മന്ത്രാലയം കണ്ടെത്തി. 

യുപിഎ തുടക്കമിട്ട കരാർ

യുദ്ധവിമാനങ്ങൾക്കായി 2007ൽ യുപിഎ സർക്കാർ ആഗോള ടെൻഡർ ക്ഷണിച്ചു. റഫാൽ, യൂറോഫൈറ്റർ ടൈഫൂൺ, സൂപ്പർ ഹോർനെറ്റ് (ബോയിങ്), എഫ് 16, മിഗ് 35, ഗ്രിപെൻ എന്നിവ ടെൻഡർ സമർപ്പിച്ചു. കുറഞ്ഞ ടെൻഡർ സമർപ്പിച്ച റഫാൽ തിരഞ്ഞെടുക്കാൻ 2012ൽ തീരുമാനിച്ചു. ഇതിനിടയിൽ വിവിധ യുദ്ധവിമാനങ്ങളുടെ സവിശേഷതകൾ വ്യോമസേന നേരിട്ടു പരിശോധിച്ചു. ഇന്ത്യൻ സാഹചര്യങ്ങൾക്കു യോജിച്ചതാണെന്നു സേന വ്യക്തമാക്കിയതോടെ, റഫാലുമായി മുന്നോട്ടു നീങ്ങാൻ സർക്കാർ തീരുമാനിച്ചു.

2013ൽ സംഭവിച്ചത്

അന്തിമ കരാർ ഒപ്പിടാൻ കഴിയാത്ത യുപിഎ സർക്കാർ ഇപ്പോൾ അതേക്കുറിച്ച് വാചാലമാവുന്നത് എന്തിനെന്നാണു ബിജെപിയുടെ ചോദ്യം. അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ഇടപെടലാണ് ഇടപാട് മുടക്കിയതെന്നു നിലവിലെ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ആരോപിക്കുന്നു.

DASSAULT-INDIA/

ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ സംഭവിച്ചത് ഇങ്ങനെ: 126 റഫാൽ വിമാനങ്ങളുടെ ആജീവനാന്ത പരിപാലന ചെലവ് (ലൈഫ് സൈക്കിൾ കോസ്റ്റ്) കൂടി കരാറിന്റെ ഭാഗമാക്കണമെന്ന നിർദേശം പ്രതിരോധ മന്ത്രാലയത്തിനു മുൻപാകെ എത്തി. അതിനെ എതിർത്ത ധനമന്ത്രാലയം ഫയൽ തിരിച്ചയച്ചു. ആജീവനാന്ത പരിപാലനം പുതിയ നിർദേശമാണെന്നും അക്കാര്യം അംഗീകരിക്കില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ആജീവനാന്ത പരിപാലന ചെലവ് ക്രമക്കേടുകൾക്കു വഴിയൊരുക്കുമെന്നു കാട്ടി അന്നത്തെ ബിജെപി എംപി യശ്വന്ത് സിൻഹ രണ്ടു തവണ ആന്റണിക്കു കത്തയച്ചു.

യുദ്ധവിമാനങ്ങളുടെ എണ്ണത്തിൽ കടുത്ത ക്ഷാമം നേരിടുന്ന വ്യോമസേന കരാർ എത്രയും വേഗം നടപ്പാക്കണമെന്ന് ആന്റണിക്കു മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. റഫാലിനായി ചർച്ചകൾ തുടരാൻ അനുവദിച്ചെങ്കിലും ആജീവനാന്ത പരിപാലന ചെലവിൽ വ്യക്തത വരുത്തിയ ശേഷം മാത്രം കരാർ സുരക്ഷാകാര്യ മന്ത്രിതല സമിതിയുടെ പരിഗണനയ്ക്കു വിട്ടാൽ മതിയെന്ന് ആന്റണി കർശന നിർദേശം നൽകി. ഇക്കാര്യത്തിലുള്ള ചർച്ചകൾ നടക്കവേയാണു യുപിഎ സർക്കാർ അധികാരമൊഴിയുന്നത്. 

എൻഡിഎ നടപ്പാക്കിയപ്പോൾ

പിന്നീട് വന്ന എൻഡിഎ സർക്കാർ വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതോടെ, കരാറിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നു. തങ്ങൾ നിശ്ചയിച്ചതിനേക്കാൾ ഉയർന്ന തുകയ്ക്കാണു വിമാനങ്ങൾ വാങ്ങുന്നതെന്ന കോൺഗ്രസ് ആരോപണത്തിനെതിരെ പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ നിരത്തുന്ന കണക്കുകൾ ഇങ്ങനെ: 

∙ ഒരു വിമാനത്തിന് യുപിഎ സർക്കാർ നിശ്ചയിച്ച തുക – 570 കോടി. ഇന്ത്യക്ക് ആവശ്യമായ യുദ്ധ ഉപകരണങ്ങളും മറ്റു സജ്ജീകരണങ്ങളുമില്ലാത്ത അടിസ്ഥാന വിലയാണിത്. 

∙ പൂർണ യുദ്ധസജ്ജമായ നിലയിൽ എൻഡിഎ സർക്കാർ വാങ്ങുന്ന ഒരു വിമാനത്തിന്റെ വില 1670 കോടി രൂപ. യുപിഎ കാലത്ത് നിശ്ചയിച്ച വില അടിസ്ഥാനമാക്കി ആയുധങ്ങളും മറ്റു സംവിധാനങ്ങളും ചേർത്തിരുന്നെങ്കിൽ ഓരോ വിമാനത്തിനും 1705 കോടി രൂപ ആകുമായിരുന്നു. 

126നു പകരം 36

ആവശ്യം 126 വിമാനങ്ങൾ ആണെന്നിരിക്കെ 36 എണ്ണം മാത്രം  വാങ്ങാനുള്ള നീക്കം രാജ്യസുരക്ഷയെ ബാധിക്കുമെന്ന കോൺഗ്രസ് ആരോപണത്തിനുള്ള മന്ത്രാലയത്തിന്റെ മറുപടി ഇങ്ങനെ: യുപിഎ കാലത്ത് 18 വിമാനങ്ങൾ മാത്രമാണ് ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്നു വാങ്ങാൻ തീരുമാനിച്ചത്. ബാക്കി 108 എണ്ണം ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) നിർമിക്കാനായിരുന്നു പദ്ധതി.

പ്രതിവർഷം എട്ടു വിമാനങ്ങൾ മാത്രം നിർമിക്കാനുള്ള ശേഷിയാണു നിലവിൽ എച്ച്എഎല്ലിനുള്ളത്. ഈ സാഹചര്യത്തിൽ 108 എണ്ണം നിർമിക്കാൻ വർഷങ്ങളെടുക്കും. നിലവിൽ പൂർണ യുദ്ധസജ്ജമായ 36 എണ്ണം വാങ്ങുന്നതിലൂടെ വ്യോമസേനയുടെ അടിയന്തര ആവശ്യം നേരിടാം. 

പുതിയ കരാർ ലക്ഷ്യമിട്ട് റഫാൽ

റഫാൽ കരാർ സംബന്ധിച്ച രാഷ്ട്രീയ യുദ്ധം മുറുകുന്നതിനിടെ, യുദ്ധവിമാനങ്ങൾ വാങ്ങാൻ മറ്റൊരു വൻ കരാറിനു കൂടി കേന്ദ്രം നീക്കം ആരംഭിച്ചു. 110 യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിയിൽ താൽപര്യമറിയിച്ചു രംഗത്തുള്ള കമ്പനികളിൽ റഫാലുമുണ്ട്. 1.4 ലക്ഷം കോടി രൂപയുടെ പദ്ധതി ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാറുകളിലൊന്നാവും. പദ്ധതിയിൽ താൽപര്യമറിയിച്ച മറ്റു വിദേശ കമ്പനികളുടെ യുദ്ധവിമാനങ്ങൾ ഇവ: എഫ് 16, എഫ്/എ 18 (യുഎസ്), ഗ്രിപെൻ ഇ (സ്വീഡൻ), മിഗ് 35 (റഷ്യ), സുഖോയ് 35 (റഷ്യ), യൂറോഫൈറ്റർ ടൈഫൂൺ (ഇംഗ്ലണ്ട്). 

HAL-quotes

നാളെ: ഇന്ത്യൻ വ്യോമസേനയുടെ ആകാശക്കരുത്ത്