Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരാലംബ വാർധക്യം തുണ തേടുന്നു

ജീവിതസന്ധ്യയിലെത്തിയവർക്കു ശാന്തിയും സുരക്ഷയും നൽകുന്നതോളം വലിയ കടംവീട്ടലില്ല. ഉറ്റവരാരും കൂടെയില്ലാത്ത അശരണരായ വയോജനങ്ങൾകൂടിയാവുമ്പോൾ അവരെ ചേർത്തുപിടിക്കേണ്ടതു സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തംതന്നെയായി മാറുന്നു. ഈ വലിയ ചുമതല സർക്കാർ മറക്കുകയാണോ എന്ന ചോദ്യം ഉയർത്തുകയാണ് മലപ്പുറം തവനൂരിലെ സർക്കാർ വയോജനമന്ദിരത്തിലുണ്ടായ കൂട്ടമരണം. വൈകിട്ട് ആറുമുതൽ പുലർച്ചെ ആറുവരെയുള്ള നേരംകൊണ്ടു നാലു വയോധികരാണ് ഇവിടെ മരണത്തിനു കീഴടങ്ങിയത്. സ്വാഭാവികമരണമെന്നാണ് ആദ്യനിഗമനം എന്നോർത്ത് ആശ്വസിക്കാമെങ്കിലും, ഈ മരണങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ ഏറെക്കാലം നമ്മെ അസ്വസ്ഥരാക്കുമെന്നുറപ്പാണ്.

തെരുവിൽനിന്നു കണ്ടെത്തുന്നവർ, മക്കൾ ഉപേക്ഷിക്കുന്നവർ, വീടുവിട്ടിറങ്ങിയവർ, തകർന്ന കുടുംബങ്ങളിലെ അംഗങ്ങൾ തുടങ്ങിയവരാണു മുഖ്യമായും വയോജനമന്ദിരത്തിൽ എത്തുന്നത്. കോടതിവിധി വഴി എത്തുന്നവരുമുണ്ട്. അവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതുമുതൽ മരണാനന്തര ചടങ്ങുകൾ വരെയുള്ള കാര്യങ്ങളിൽ ഇവിടെ വീഴ്ചയുണ്ടാകുന്നുവെന്നാണു പരാതി. ഇപ്പോൾ ഇവിടെ മരിച്ചവരുടെ വിവരങ്ങൾ അന്വേഷിച്ചവർക്കു വയോജനമന്ദിരത്തിൽനിന്നു ലഭിച്ചത് അപൂർണമായ റജിസ്റ്ററാണ്. മരിച്ച നാലുപേരിൽ മൂന്നു പേരുടെ ഫോട്ടോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടറുടെ സഹായത്തോടെ മരണം സ്ഥിരീകരിക്കുന്ന പതിവില്ലെന്ന് അധികൃതർതന്നെ സമ്മതിക്കുന്നു.

നാലു മരണങ്ങളിൽ, ആശുപത്രിയിൽ മരിച്ചയാളുടെ കാര്യത്തിൽ മാത്രമാണു ഡോക്ടറുടെ സ്ഥിരീകരണമുണ്ടായത്. ആദ്യം മരിച്ച സ്ത്രീയുടെ മൃതദേഹം രണ്ടുമണിക്കൂറിനുള്ളിൽ സംസ്കരിക്കാൻ വിട്ടുകൊടുക്കുകയും ചെയ്തു. വയോജനമന്ദിരത്തിൽനിന്നു മൃതദേഹവുമായി രണ്ടാമത്തെ ആംബുലൻസ് പുറത്തുപോകാൻ തുടങ്ങുമ്പോഴാണു പ്രതിഷേധവുമായി പൊതുപ്രവർത്തകർ എത്തിയത്. അവർ ആംബുലൻസ് തടഞ്ഞു പ്രതിഷേധിച്ചതോടെ ആർഡിഒ എത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു. കൂട്ടമരണമുണ്ടായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വകുപ്പുതല അന്വേഷണവും നടത്തും.

തവനൂരിലെ വയോജനമന്ദിരത്തിൽ 89 അന്തേവാസികളുടെ കാര്യങ്ങൾ നോക്കാനും അവരെ പരിചരിക്കാനുമായി ഓഫിസ് ചുമതലയിലുള്ളവർ ഉൾപ്പെടെ 12 ജീവനക്കാർ മാത്രമാണുള്ളത്. എത്രപേരുടെ സേവനം ഇവിടെ രാത്രിയും പകലും ലഭ്യമാണെന്നു സർക്കാർ പരിശോധിക്കേണ്ടതുണ്ട്. ഇത്രയും വയോജനങ്ങളുള്ള സ്ഥാപനത്തിൽ ഒരു വാഹനം പോലുമില്ലെന്ന ഒറ്റക്കാര്യം മതി, സ്ഥാപനം നടത്തിപ്പിന്റെ ‘ശുഷ്കാന്തി’ അറിയാൻ.

മൃതദേഹങ്ങൾ പുറത്തേക്കു കൊണ്ടുപോകുമ്പോൾ, വയോജനമന്ദിരത്തിലെ കൂട്ടുകാർ നിറകണ്ണുകളോടെ നോക്കിനിന്നതു ഹൃദയഭേദകമായ കാഴ്ചയായിരുന്നു. അവരുടെ കണ്ണീരിനും ആശങ്കയ്ക്കും മറുപടി ഉണ്ടാവുകതന്നെ വേണം. ന്യായീകരണങ്ങളുടെ വൃഥാവാക്കുകളിൽ കൈ കഴുകി മാറാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കു കഴിയില്ല. ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടത്തെ വയോജന, വികലാംഗ സദനത്തിൽ എട്ടുവർഷം മുൻപു തുടർച്ചയായി ഉണ്ടായ മരണങ്ങൾ ഏറെ കോളിളക്കം ഉണ്ടാക്കിയിരുന്നു.

സംസ്ഥാനത്തെ എല്ലാ വയോജനമന്ദിരങ്ങളിലും സമഗ്രമായ പരിശോധന വേണമെന്നുകൂടി തവനൂരിലെ നിർഭാഗ്യസംഭവങ്ങൾ സർക്കാരിനെ ഓർമിപ്പിക്കുന്നു. എല്ലായിടത്തും അന്തേവാസികളെക്കുറിച്ചുള്ള രേഖകളെല്ലാം കൃത്യമാക്കേണ്ടതുണ്ട്. വയോജനങ്ങൾക്കുവേണ്ട പരിചരണവും അടിയന്തരചികിത്സയുംമറ്റും കുറ്റമറ്റതാവണം.

നിരാലംബരായി വയോജനസദനങ്ങളിൽ എത്തിപ്പെടുന്നവർക്കു സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനു തീർച്ചയായും ഉത്തരവാദിത്തമുണ്ട്. അനാഥമായ വാർധക്യജീവിതങ്ങൾ ഇത്രയും അലക്ഷ്യമായി കൈകാര്യം ചെയ്യാനുള്ളതാണെന്നു സർക്കാർ മന്ദിരങ്ങൾതന്നെ കരുതുന്നുണ്ടെങ്കിൽ ഒരു പരിഷ്‌കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളം അതിനു മാപ്പില്ല. അശരണരായ വയോജനങ്ങൾക്കു ജീവിതസുരക്ഷ ഉറപ്പാക്കേണ്ട സർക്കാർ സംവിധാനങ്ങൾ കരുണ എന്ന വാക്കിന്റെ അർഥം മനസ്സിലാക്കിയേതീരൂ.