Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പത്തിന്റെ അർഥം

 നാട്ടിലെ ഏറ്റവും ദരിദ്രനെ സഹായിക്കാൻ പിരിവു നടക്കുന്നു. എല്ലാവരും അകമഴിഞ്ഞു സഹായിച്ചു. ഒരു സാധുകുടുംബം തങ്ങളുടെ കഴിവിന്റെ പരമാവധി തുകയായ 100 രൂപ സഹായം നൽകി. പിരിവ് അവസാനിച്ച് കണക്കെടുപ്പു നടത്തിയ ശേഷം പൗരപ്രമുഖർ ആ വീട്ടിലെത്തി. അവർക്ക് 5000 രൂപ കൈമാറിയ ശേഷം പറഞ്ഞു: നിങ്ങളാണ് ഈ നാട്ടിലെ ഏറ്റവും ദരിദ്രർ. നിങ്ങൾക്ക് അർഹതപ്പെട്ടതാണ് ഈ പണം.!

തങ്ങളാണ് നാട്ടിലെ ഏറ്റവും ദരിദ്രരെന്ന് ആ വീട്ടുകാർ അപ്പോഴാണ് അറിയുന്നത്. അത് അവർക്കു വല്ലാത്തൊരു ഞെട്ടലായി. തങ്ങൾ ദരിദ്രരാണെന്നത് ഉൾക്കൊള്ളാൻ പറ്റാത്ത സ്ഥിതി. നാണക്കേടു മൂലം അവർ ആ പണം ഉപയോഗിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞ് ഒരു സാമൂഹികപ്രവർത്തകൻ ആ വീട്ടിലെത്തി. തങ്ങളുടെ സംഘടന നിർമിച്ചു നൽകുന്ന വീടിന് സഹായം തേടി. ഈ കുടുംബം അന്നു ലഭിച്ച 5000 രൂപ സാമൂഹിക പ്രവർത്തകനു നൽകി. ചെറിയ കുടുംബത്തിൽനിന്നു ലഭിച്ച വലിയ തുക കണ്ട് അദ്ദേഹം വിളിച്ചു പറഞ്ഞു: ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ ധനികർ നിങ്ങളാണ്! അന്നു മുതൽ ആ കുടുംബം വീണ്ടും സാധാരണ നിലയിലായി.

സ്വന്തം അളവുകോലുകൊണ്ട് അന്യനെ അളക്കരുതെന്നതിന്റെ ഉദാഹരണമാണ് ഈ കഥ. സമ്പത്തും ദാരിദ്ര്യവും ആപേക്ഷികമായ അവസ്ഥാന്തരങ്ങൾ മാത്രം. പണവും പ്രതാപവുമുള്ളവരേക്കാൾ ആനന്ദമനുഭവിക്കുന്നവർ വള്ളിക്കുടിലുകളിൽ ഉണ്ടാകും. പണം കൊടുത്തു വാങ്ങാൻ കഴിയാത്ത ഒട്ടേറെ കാര്യങ്ങളുടെ സമ്പന്നതയിലാകും അവർ ജീവിക്കുന്നത്. ഒരാളുടെ ദാരിദ്ര്യത്തിന് വിലയിടുന്നതാണ് അയാൾ അനുഭവിക്കുന്ന കഷ്‌ടതയേക്കാൾ അപമാനകരം. പ്രത്യേകിച്ചും പരസ്യമായി കൊട്ടിഘോഷിച്ചു നടത്തുന്ന സാധുജനസഹായങ്ങൾ.

ഉള്ളിലൊതുക്കുന്ന വേദനകളെയും ദുരിതങ്ങളെയും പരസ്യമാക്കാൻ ആർക്കാണു താൽപര്യം? ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പോലെ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്രമാത്രം സഹായകരമാവും എന്നാലോചിക്കേണ്ടിയിരിക്കുന്നു. വേദനസംഹാരികൾക്ക് രോഗത്തെ ഇല്ലാതാക്കാൻ കഴിവില്ലല്ലോ. വിശപ്പകറ്റുന്നതിനേക്കാൾ ശ്രേഷ്‌ഠം സ്വയം വിശപ്പകറ്റാനുള്ള ശേഷി നൽകുന്നതല്ലേ?