Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവകലാശാലകളുടെ അന്വേഷണാത്മകം

ശ്വാസമെടുക്കാൻ നേരം മാത്രം മൂക്കന്വേഷിക്കുക എന്നത് മുറിമൂക്കൻ രാജാവാകുന്ന മൂക്കില്ലാ രാജ്യങ്ങളിലാണു പതിവ്. പിന്നെ, നമ്മുടെ സർവകലാശാലകളിലും. കോട്ടയത്തെ മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലർ ഈയിടെയാണ് വിരമിച്ചത്. പുതിയ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സമിതിയെ വച്ചതോ ആ വിരമിക്കലിനു മൂന്നു ദിവസം മുൻപ്! സേർച് കമ്മിറ്റി എന്ന അന്വേഷണാത്മക പേരുള്ള സമിതിയുടെ കാലാവധി അഞ്ചു മാസമാണ്.

കുട നന്നാക്കാനുണ്ടോ എന്ന പഴയ ചോദ്യം അനുസ്മരിച്ച് വൈസ് ചാൻസലറെ കിട്ടാനുണ്ടോ, വൈസ് ചാൻസലറെ കിട്ടാനുണ്ടോ എന്നന്വേഷിച്ച് ഈ അ‍ഞ്ചു മാസക്കാലം കമ്മിറ്റിയംഗങ്ങൾ നടക്കും; നടക്കണം. ഈ അഞ്ചുമാസം സർവകലാശാലയ്ക്കു വൈസ് ചാൻസലറില്ല; പകരം ഇൻചാർജ് മാത്രം. കേരള സർവകലാശാലാ വൈസ് ചാൻസലറെ തിരയാൻ നിയോഗിച്ചിരുന്ന ഒന്നാം സേർച് കമ്മിറ്റി, കുട നന്നാക്കാനുണ്ടോ സ്റ്റൈൽ ചോദ്യം ചോദിച്ചു ചോദിച്ച് കാലഹരണപ്പെട്ടുപോയി. ഇപ്പോൾ പുതിയ സംഘം മഷിയിട്ടു നോട്ടത്തിലാണ്.

കേരള സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ രാജിവച്ചു പോയിട്ട് ഒൻപതു മാസമായി. രാജി സ്വീകരിക്കാനെടുത്ത കാലതാമസം കൂടി പരിഗണിച്ചാൽ മാസം പത്തു തികഞ്ഞു. സേർച് കമ്മിറ്റി ഉണ്ടാക്കിയ പട്ടികയിലുള്ളവരുടെ അഭിമുഖത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഇടങ്കോലിട്ടതോടെ കമ്മിറ്റിയുടെ കാലാവധി ഒരു മാസംകൂടി നീട്ടിയിരിക്കുകയാണിപ്പോൾ. സർവകലാശാലാ സേർച് ലൈറ്റുകൾക്ക് വെളിച്ചം വേണ്ടത്രയില്ലെന്നർഥം.

ഒരു വൈസ് ചാൻസലർ എന്നാണു വിരമിക്കാൻ പോകുന്നതെന്നു കൃത്യമായി അറിഞ്ഞിരിക്കേ സേർച് ലൈറ്റും കൊടുത്ത് സേർച് കമ്മിറ്റിയെ ഇറക്കിവിടുന്ന പരിപാടി നേരത്തേ ആയിക്കൂടേ എന്ന ചോദ്യം ചോദിക്കാൻ സർവകലാശാലാ വിദ്യാഭ്യാസം വേണമെന്നില്ല. എന്നാൽ, വൈസ് ചാൻസലറെ കിട്ടാനുണ്ടോ എന്നു നിലവിളിച്ച് കമ്മിറ്റിക്കാർ സേർച് ചെയ്യുമ്പോൾ, ഭരിക്കുന്ന മുന്നണിയിലെ ഏതു പാർട്ടിക്കാണ് വൈസ് ചാൻസലർ ഭാഗ്യമെന്നും അത് ഏതു ജാതി–മത–ഉപവിഭാഗത്തിൽ നിന്നു വേണമെന്നും നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവും. പിന്നെന്തിനാണു സർ അന്വേഷണാത്മക കമ്മിറ്റി? ഇതിനെന്തിനാണ് സർ മാസങ്ങൾ? സമിതിയിങ്ങനെ വിളിച്ചുകൂവി നടക്കുമ്പോൾ മേല്പടി ഫോർമുലപ്രകാരം നറുക്കു വീഴാൻ പാകത്തിലൊരാൾ മണ്ണും ചാരി നിൽക്കുന്നുണ്ടാവില്ലേ? അങ്ങനെയാണല്ലോ നമ്മുടെ സർവകലാശാലകൾക്ക് മണ്ണിന്റെ മണമുണ്ടാവുന്നത്!