Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാണംകെട്ട നീക്കം; റഫാൽ കരാർ പൊളിക്കാൻ ഗൂഢാലോചന: നിർമല സീതാരാമൻ

Nirmala Sitharaman നിർമല സീതാരാമൻ

റഫാൽ യുദ്ധവിമാന കരാറിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാണംകെട്ട ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നു കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. പത്തു വർഷം ഭരിച്ചിട്ടും നടപ്പാക്കാൻ കഴിയാത്ത കരാറിലെ കാര്യങ്ങളാണു കോൺഗ്രസ് ഉന്നയിക്കുന്നത്. ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ വിവാദ പരാ‍മർശത്തിനു പിന്നിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പങ്ക് സംശയിക്കുന്നുണ്ടെന്നും ‘ദ് വീക്ക് ’ വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

കരാർ തുക, ഓഫ്സെറ്റ് പങ്കാളി എന്നീ വിഷയങ്ങളിൽ ആരോപണമുന്നയിച്ചു കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ടല്ലോ?

റഫാൽ കരാർ റദ്ദാക്കുകയാണു കോൺഗ്രസിന്റെ അജൻഡ. അവർ നടപ്പാക്കാത്ത കരാറിലെ അടിസ്ഥാനവില സൗകര്യപൂർവം ഉയർത്തിക്കാട്ടിയാണ് ആരോപണമുന്നയിക്കുന്നത്. 2007ൽ കരാർ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചപ്പോഴുള്ള അടിസ്ഥാന വിലയായ 526 കോടി രൂപയെക്കുറിച്ചാണു കോൺഗ്രസ് പറയുന്നത്. ഈ തുകയിൽ ഓരോവർഷവും മൂന്നു ശതമാനം വർധനയുണ്ടാകുമെന്നതിനെക്കുറിച്ച് അവർ മിണ്ടുന്നില്ല. ‍യുപിഎയുടെ അടിസ്ഥാന വിലയേക്കാൾ ഒൻപതു ശതമാനം കുറഞ്ഞ തുകയാണു ഞങ്ങൾ ഉറപ്പിച്ചത്.

ഓഫ്സെറ്റ് പങ്കാളിയെ തിരഞ്ഞെടുത്തതിലെ വിവാദത്തെക്കുറിച്ച്?

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാണംകെട്ട ശ്രമമാണിത്. ഓഫ്സെറ്റ് പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനു വ്യക്തമായ ചട്ടങ്ങളുണ്ട്. 2005 മുതൽ 2013 വരെ ഓഫ്സെറ്റ് ചട്ടങ്ങൾ നിരന്തരം പരിഷ്കരിച്ചതു യുപിഎ സർക്കാരാണ്. പരിഷ്കരിച്ച ചട്ടപ്രകാരം ഓഫ്സെറ്റ് നടപടിക്രമങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനു ശേഷമോ, നടപടിക്രമങ്ങൾ അവസാനിക്കുമ്പോഴോ ആണു പ്രതിരോധ മന്ത്രാലയം അക്കാര്യം പരിശോധിക്കേണ്ടത്. വിദേശ കമ്പനി തിരഞ്ഞെടുക്കുന്ന ഓഫ്സെറ്റ് പങ്കാളിയുടെ കാര്യത്തിൽ ഞാൻ മുൻകൂർ പരിശോധന നടത്തേണ്ട ആവശ്യമില്ല. പൊതുമേഖലയിൽനിന്നു മാത്രമല്ല, സ്വകാര്യ കമ്പനികളെയും പങ്കാളിയാക്കാമെന്ന് അവർ രൂപം നൽകിയ ഓഫ്സെറ്റ് ചട്ടം വ്യക്തമാക്കുന്നു.  

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎൽ) കേന്ദ്ര സർക്കാർ ഒഴിവാക്കിയെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

എച്ച്എഎല്ലുമായി കരാർ ഉറപ്പിച്ചിരുന്നുവെന്നു പറയാൻ രേഖകളൊന്നുമില്ല. ചർച്ചകൾ നടന്നെങ്കിലും നിർണായക വിഷയങ്ങളിൽ എച്ച്എഎല്ലും ഡാസോ ഏവിയേഷനും ധാരണയിലെത്തിയില്ല. യുപിഎ സർ‌ക്കാരിന്റെ കാലത്ത് ചർച്ചകൾ പൂർത്തിയാകും മുൻപ് കരാർ നടപടിക്രമങ്ങൾ തടസ്സപ്പെട്ടു. വിമാനങ്ങൾ വാങ്ങാൻ തങ്ങളുടെ കൈവശം പണമില്ലെന്നു മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി പരസ്യമായി പറഞ്ഞിട്ടുണ്ട്. കരാർ യാഥാർഥ്യമാകുന്നതിനു തടസ്സമായത് അദ്ദേഹത്തിന്റെ ഇടപെടലാണ്. യുപിഎ ഭരിച്ച പത്തുവർഷം ഏകദേശം 10,000 കോടി രൂപയുടെ പദ്ധതികളാണു പ്രതിവർഷം എച്ച്എഎല്ലിനു ലഭ്യമാക്കിയത്. നാലര വർഷത്തിൽ 22,000 കോടി രൂപയുടെ പദ്ധതികൾ ഞങ്ങൾ പ്രതിവർഷം നൽകി. എച്ച്എഎല്ലിനെ ഞങ്ങൾ കൈവിട്ടുവെന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്താണ്? 

റിലയൻസിനെ തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രിക്കു നേരെയും ആരോപണമുണ്ട്?

പ്രധാനമന്ത്രി കള്ളനാണെന്ന തരത്തിലുള്ള കോൺഗ്രസിന്റെ പരാമർശത്തിൽ എനിക്ക് അദ്ഭുതമില്ല. അവർ എക്കാലവും അത്തരം ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. ജില്ലാ നേതാവിന്റെയല്ല, കോൺഗ്രസ് പ്രസിഡന്റിന്റെ വായിൽനിന്നാണ് അത്തരം പരാമർശങ്ങൾ വരുന്നത്.

എന്തുകൊണ്ട് 126 വിമാനങ്ങൾ വാങ്ങിയില്ല?

പത്തു വർഷം ഭരിച്ചിട്ടും വ്യോമസേനയ്ക്ക് ആവശ്യമായ വിമാനങ്ങൾ വാങ്ങാൻ യുപിഎയ്ക്കു സാധിച്ചില്ല. 18 വിമാനങ്ങൾ അതേപടി വാങ്ങാനാണ് അവർ പദ്ധതിയിട്ടത്. ബാക്കിയുള്ള 108 എണ്ണം രാജ്യത്തു നിർമിക്കാൻ വർഷങ്ങളെടുക്കുമായിരുന്നു. 18 എണ്ണത്തിനുള്ള കരാർ പോലും ഉറപ്പിക്കാനാവാത്തവർ 36 എണ്ണം വാങ്ങാൻ നടപടി സ്വീകരിച്ച ഞങ്ങളെ കുറ്റപ്പെടുത്തുകയാണ്. കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള നടപടിക്രമങ്ങൾക്ക് ഈ വർഷമാദ്യം തുടക്കമിട്ടിട്ടുണ്ട്.  

റഫാൽ വിഷയത്തിൽ പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കണമെന്നു കരുതുന്നുണ്ടോ?

പ്രതിരോധ മന്ത്രിയെന്നനിലയിൽ അക്കാര്യത്തെക്കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല. 2014 മുതൽ കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെടുന്നു. എല്ലാ വിഷയങ്ങളിലും കോൺഗ്രസിന്റെ നിലപാട് ഇതാണ്. 

ഇത്തരം ആക്രമണങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രവർത്തനത്തിൽ ഇപ്പോൾ ഇടനിലക്കാരുടെ ഇടപെടലില്ല. 2014 മുതൽ ഈ മന്ത്രാലയത്തിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുള്ളതായി കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അക്കാര്യം വെളിപ്പെടുത്താൻ ഞാൻ വെല്ലുവിളിക്കുന്നു.

ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ വിവാദ പരാമർശത്തെക്കുറിച്ച്?

ഇക്കാര്യത്തിൽ ഗൂഢാലോചന സംശയിക്കണം. ഫ്രാൻസിൽനിന്നു വലിയ വെളിപ്പെടുത്തലുണ്ടാകാൻ പോകുന്നുവെന്നറിയിച്ച് ഓഗസ്റ്റ് 31നു രാഹുൽ ട്വീറ്റ് ചെയ്യുന്നു. പിന്നാലെ ഫ്രഞ്ച് മുൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ വരുന്നു. ഇതേക്കുറിച്ചു രാഹുൽ എങ്ങനെ മുൻകൂട്ടി അറിഞ്ഞു? ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ ചർച്ച നടന്നിരുന്നോ? ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്.

(അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം ദ് വീക്ക് വാരികയിൽ)