Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെനിസ് മുക്‌വെഗി: മുറിവുണക്കുന്ന അദ്ഭുതം

Denis-Mukweje

‘അദ്ഭുത ഡോക്ടർ’ എന്നാണ് കോംഗോയിൽ ഡെനിസ് മു‌ക്‌വെഗി അറിയപ്പെടുന്നത്.

ശരീരത്തിനും മനസ്സിനും ആഴത്തിൽ  മുറിവേറ്റ ആയിരക്കണക്കിനു സ്ത്രീകൾക്ക് അഭയം പകരുന്ന അദ്ഭുതം. പീഡനങ്ങളിൽ സ്ത്രീശരീരത്തിലുണ്ടാകുന്ന ആന്തരികമുറിവുകൾ സുഖപ്പെടുത്തുന്നതിൽ ലോകത്തെ ഏറ്റവും വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകളിൽ ഒരാളാണ് മുക്‌വെഗി. 

പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തരയുദ്ധങ്ങളുടെ തീച്ചൂളയാണ് കോംഗോ. സൈന്യവും രണ്ടുഡസനോളം സായുധഗ്രൂപ്പുകളുമെല്ലാം ഉൾപ്പെട്ടു കുഴഞ്ഞുമറിഞ്ഞ അവസ്ഥ. മിക്ക സമാധാനശ്രമങ്ങളും പരാജയപ്പെട്ടു. ഇപ്പോഴും കിഴക്കൻ കോംഗോ യുദ്ധഭൂമി തന്നെയാണ്. ഇവിടെയാണ് ഡോ. മുക്‌വെഗിയുടെ പ്രവർത്തന മേഖലയും. 

മാത്രമല്ല, ലൈംഗികാതിക്രമം യുദ്ധായുധമെന്ന നിലയിൽ ഏറ്റവും പൈശാചികമായി പ്രയോഗിക്കപ്പെടുന്നു കോംഗോയിൽ. 

തന്റെ ആശുപത്രിയിൽ എത്തുന്ന സ്ത്രീകൾക്കേറ്റിട്ടുള്ള പരുക്കുകളെക്കുറിച്ച് ‍അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങൾ ലോകമഃനസാക്ഷിയെ നടുക്കിയിട്ടുണ്ട്.  ‘പ്ലീ ഓഫ് ലൈഫ്’ (ജീവിതത്തിനായുള്ള അഭ്യർഥന)’ എന്ന ആത്മകഥയിലും ഹൃദയം തകർന്നു പോകുന്ന കഥകൾ അദ്ദേഹം വിവരിക്കുന്നു.

1999 ലാണ് കിഴക്കൻ കോംഗോയിലെ കിവു പ്രവിശ്യയിലുള്ള ബുക്കാവുവിൽ ‘പൻസി’ എന്ന ആശുപത്രി മുക്‌വെഗി തുടങ്ങുന്നത്. 450 കിടക്കകളുള്ള ഈ ആശുപത്രിയിൽ 3500 സ്ത്രീകളെയാണ് ഒരുവർഷം ഡോക്ടർ ചികിൽസിക്കുന്നത്. കോംഗോയിലെ യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന കണക്കാണിത്. 

‘രാസായുധങ്ങളുടെയും ജൈവായുധങ്ങളുടെയും കാര്യത്തിൽ കർശന നടപടികൾക്കും നിയന്ത്രണങ്ങൾക്കും നമുക്കു കഴിഞ്ഞിട്ടുണ്ട്.  അതുപോലെ യുദ്ധായുധമെന്ന നിലയിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗികാക്രമണത്തെയും ചെറുക്കാനും ഇല്ലാതാക്കാനും കഴിയണം’ – ഡോ. മുക്‌വെഗി  പറയുന്നു. 

യുദ്ധത്തിനെതിരായ കടുത്ത നിലപാടുകൾ ‍‍‍ഡോക്ടറുടെ ജീവൻ അപകടത്തിലാക്കിയിട്ടുണ്ട്. 2012 ലെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. യുഎൻ സമാധാനസേനയുടെ സ്ഥിരം സംരക്ഷണത്തിലാണ് മുക്‌വെഗി കഴിയുന്നത്.