Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

#മീടൂ: മാറ്റത്തിന്റെ ഒരാണ്ട്

alisa-metoo അലീസ മിലാനോ, വെയ്ൻസ്റ്റെ‌യ്‌ൻ

ലോകത്തെ പിടിച്ചുകുലുക്കിയ #മീടൂ പ്രതിഷേധജ്വാലയുടെ ഒന്നാം വാർഷികമാണിപ്പോൾ. സ്വന്തം നെഞ്ചിലെ നെരിപ്പോടായി പുകഞ്ഞുകൊണ്ടിരുന്ന തിക്താനുഭവങ്ങൾ തുറന്നുപറയാനും കപടന്മാരുടെ മുഖംമൂടി പിച്ചിച്ചീന്തി അവരുടെ വികൃതമുഖം തുറന്നുകാട്ടാനും ലോകമെങ്ങുമുള്ള വനിതകൾക്ക് കരുത്തുനൽകിയ വിപ്ലവമാണ് #മീടൂ. കഴിഞ്ഞവർഷം ഒക്ടോബർ 15ന് ആയിരുന്നു ഇതിന്റെ തുടക്കം.

ഹോളിവുഡിലെ ഉന്നതനായ ഹാർവി വെയ്ൻസ്റ്റെ‌യ്‌ൻ തനിക്കുനേരെ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ചു തുറന്നുപറഞ്ഞ് #MeToo (ഞാനും ഇരയായി എന്ന അർഥത്തിൽ) എന്ന ഹാഷ്ടാഗുമായി നടി അലീസ മിലാനോ 2017 ഒക്ടോബർ 15ന് ഉച്ചയ്ക്കാണ് ട്വീറ്റ് ചെയ്തത്. ലൈംഗികാതിക്രമങ്ങൾ അതിജീവിച്ചവരോട് സ്റ്റാറ്റസ് അപ്‌ഡേറ്റ് ആയി #മീടൂ നൽകാനായിരുന്നു ആഹ്വാനം. അന്നു രാത്രിയായപ്പോഴേക്കും, 2 ലക്ഷം പേർ അതിനോടു പ്രതികരിച്ചു. ഒരുദിവസം പിന്നിട്ടപ്പോഴേക്കും അത് 5 ലക്ഷമായി. ഫെയ്‌സ്ബുക്കിൽ 24 മണിക്കൂറിനകം 47 ലക്ഷം പേർ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് ഒരുകോടിയിലേറെ പോസ്റ്റുകളിട്ടു.

കാഴ്ചപ്പാടുകളിൽ കാലങ്ങളായി നിലനിന്ന രണ്ടു വൻമതിലുകളെയാണ് #മീടൂവിലൂടെ മിലാനോ തകർത്തെറിഞ്ഞത്. ഒന്ന്, ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന സ്ത്രീകൾ എന്നും തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞിരുന്ന് ദുഃഖം അനുഭവിച്ചുതീർക്കണം എന്ന മിഥ്യാസങ്കൽപം. അപമാനിതരെപ്പോലെ കഴിയേണ്ടത് ഇരകളല്ല; അപമാനിതരാകേണ്ടത് അക്രമികളാണ് എന്ന പ്രഖ്യാപനമായിരുന്നു അത്. രണ്ട്, സിനിമയും രാഷ്ട്രീയവും ഉൾപ്പെടെ ഏതുമേഖലയിലും പ്രശസ്തരും അധികാരികളും വമ്പന്മാരുമായ ചില ആണുങ്ങളുണ്ടാകും–അവരുടെ ചുറ്റുവട്ടത്തെ നിയമവും നീതിയുമൊക്കെ അവരങ്ങു തീരുമാനിക്കും. മറ്റുള്ളവർ അതിനനുസരിച്ചു നിന്നുകൊള്ളണം എന്ന സങ്കൽപം.

ഹാർ‌വി വെയ്ൻസ്റ്റെയിനിന്റെ ലൈംഗികാതിക്രമങ്ങൾ ഹോളിവുഡിലെ പരസ്യമായ രഹസ്യമായിരുന്നു. പക്ഷേ, അതയാളുടെ രീതിയാണ് എന്ന മട്ടിൽ എല്ലാവരും സഹിച്ച് അംഗീകരിക്കണമായിരുന്നു. അതു തെറ്റാണെന്നു കരുതാൻപോലും പാടില്ലായിരുന്നു. വഴങ്ങാത്തവരെ വഴിക്കുകൊണ്ടുവരാൻ അയാളുടെ കയ്യിൽ മാർഗങ്ങളുണ്ടായിരുന്നു.

Bollywood #MeToo പടേക്കർ, തനുശ്രീ ദത്ത, കങ്കണ റനൗട്ട്, പൂജ ഭട്ട‌്

 #മീടൂവിനു മുന്നിൽ കുറച്ചുകാലം പിടിച്ചുനിന്നെങ്കിലും വെയ്ൻസ്റ്റെയ്ൻ വീഴുകതന്നെ ചെയ്തു. വെറും വീഴ്ചയല്ല; വലിയ പതനം. പിന്നെയും ഒട്ടേറെ വനിതകൾ ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലുമായി രംഗത്തെത്തി. പല വൻമരങ്ങളും വീണു. സ്ത്രീകളോടു വഷളൻ സമീപനം സ്വീകരിക്കുന്നത് മിടുക്കും മേൽക്കോയ്മയുമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന കാലത്തിനു വിരാമമായി.

കഴിഞ്ഞ ഒരുവർഷത്തിനിടെ ലോകമെങ്ങുമുള്ള വനിതകൾക്ക് വിവരണാതീതമായ തന്റേടവും കരുത്തുമാണ് #മീടൂ നൽകിയത്. പണ്ടത്തെപ്പോലെയല്ല, ഇനിയൊരു സ്ത്രീയെ തൊടാനും ഉപദ്രവിക്കാനും ഏതുപുരുഷനും ഒന്നു പേടിക്കും എന്ന അവസ്ഥ വന്നുവെങ്കിൽ, അത് #മീടൂവിന്റെ വിജയമാണ്. ഈ വിപ്ലവത്തിന്റെ ഒന്നാം വാർഷികത്തിൽ ഇന്ത്യയിൽ, ബോളിവുഡിലും സാഹിത്യരംഗത്തുമൊക്കെ അതിന്റെ അലയൊലി എത്തിക്കഴിഞ്ഞു. നാനാ പടേക്കർക്കെതിരെ നടി തനുശ്രീ ദത്ത രംഗത്തെത്തി തുടക്കമിട്ട ബോളിവുഡ് മീറ്റൂവിൽ ഇപ്പോൾ കങ്കണ റനൗട്ടും പൂജ ഭട്ടും അണിചേർന്നു കഴിഞ്ഞു. എഴുത്തുകാരൻ ചേതൻ ഭഗത്തിനും കൈപൊള്ളി.

റഷ്യ, ചൈന, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് #മീടൂ വലിയസ്വാധീനം നേടാതെ പോയത്. ഇതിനിടെ, #മീടൂ എന്നതിൽനിന്ന് #യുടൂ (#YouToo) എന്നതിലേക്ക്–ഞാനും ഇരയായി എന്ന തുറന്നുപറച്ചിലിൽനിന്ന് നീയും അക്രമിയാണ് എന്ന തുറന്നുകാട്ടലിലേക്ക്–ഈ വിപ്ലവം മാറാൻ സമയമായി എന്ന അഭിപ്രായവും ഉയരുന്നു.

കുഞ്ഞേ, നീ മാത്രമല്ല, ഞാനും...

യുഎസിലെ പ്രമുഖ മനുഷ്യാവകാശപ്രവർത്തകയായ തരാന ബർക് 2006ൽ അവതരിപ്പിച്ച പ്രയോഗമാണ് മീ ടൂ. മറ്റൊരാളുടെ ദുരനുഭവത്തോട് താദാത്മ്യപ്പെട്ട് അവരെ ശാക്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. 

MeToo! Founder Tarana Burke തരാന ബർക്

ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് അത് തുറന്നുപറയാൻ ധൈര്യം പകരുകയായിരുന്നു ബർക്. ‘മീ ടൂ’ എന്നത് തന്റെ മനസ്സിലേക്ക് വന്ന രംഗത്തെക്കുറിച്ച് പിന്നീട് ബർക് പറഞ്ഞത് ഇങ്ങനെ: 

‘ലൈംഗികാതിക്രമത്തിന് ഇരയായി എന്ന് ഒരു 13 വയസ്സുകാരി പറഞ്ഞപ്പോൾ ഞാൻ ഉത്തരംമുട്ടിപ്പോയി. ‘ഞാനും’ (me too) എന്ന് അപ്പോൾ അവളോട് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പിന്നീട് ഞാൻ ആശിച്ചുപോയി’.