Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നണികളെല്ലാം ഒരുങ്ങിത്തന്നെ

keraleeyam

പ്രളയാനന്തരം നവകേരളനിർമിതിയിലും സുപ്രീം കോടതി വിധിക്കുശേഷം ശബരിമലയിലേക്കും രാഷ്ട്രീയപാർട്ടികളാകെ ശ്രദ്ധചെലുത്തുകയാണെന്നു പുറമെ തോന്നാം. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ മൂന്നു മുന്നണികളിലും ഒരുമാസമായി ശക്തിപ്രാപിച്ചിരിക്കുന്നു. ഇന്ദിരാഭവനിൽ കഴിഞ്ഞദിവസം ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിലും വിഷയം മറ്റൊന്നായിരുന്നില്ല. മൂന്നരമണിക്കൂറോളം നീണ്ട ആ ചർച്ച ഉപസംഹരിച്ചപ്പോൾ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശകനെന്നു ചിലർ കരുതുന്ന വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ ഒരു കാര്യം തുറന്നുപറഞ്ഞു: ‘‌മുല്ലപ്പള്ളീ, ഞാൻ കുറെ രാഷ്ട്രീയകാര്യസമിതി യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

പക്ഷേ, ഇത്രയും അച്ചടക്കത്തോടെ കാര്യമാത്രപ്രസക്തമായ ഒരു യോഗം ആദ്യമാണ്’. മുല്ലപ്പള്ളി ഉടൻ പ്രതികരിച്ചു, ‘സുധാകരാ, ഒരുമിച്ചുനിന്നാൽ ഇതിലുമപ്പുറം നല്ല കാര്യങ്ങൾ പറയാനുണ്ടാകും’. രാഷ്ട്രീയകാര്യസമിതിക്കു പിറ്റേന്നു ഡിസിസി പ്രസിഡന്റുമാരുടെ യോഗം, എംപിമാരുമായുള്ള ചർച്ച, ലോക്സഭാമണ്ഡലം ചുമതലക്കാ‍ർകൂടി പങ്കെടുത്ത കൂടിയാലോചന... ഇന്ദിരാഭവൻ ഉഷാറിലാണ്. എകെജി സെന്റർ കേന്ദ്രീകരിച്ചു വാർ റൂം തന്നെ തുറന്നിരിക്കുന്നു സിപിഎം. കേരളത്തിലെ മുഴുവൻ വീടുകളുടെയും രാഷ്ട്രീയം ഒരു ‘ഡേറ്റാബേസാ’യി അവരുടെ കയ്യിലുണ്ടെന്നു കേൾക്കുമ്പോൾ കോൺഗ്രസിനും ബിജെപിക്കും ചങ്കിടിക്കാം. പ്രത്യേക ചോദ്യാവലിയിലൂടെ മുഴുവൻ വീടുകളിൽനിന്നും ശേഖരിച്ച വിവരങ്ങൾ പരിശോധിച്ച് ഓരോഘടകവും തന്ത്രം മെനയും.

ശബരിമല, സാധ്യതകളുടെ കലവറ തുറക്കുമെന്നു മോഹിക്കുമ്പോൾത്തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നേതാവിനെയും ഏൽപിച്ച ജോലി അവർ കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണു ബിജെപി നേതൃത്വം. സംഘടനാ ഒരുക്കങ്ങൾ ഇങ്ങനെ മുന്നേറുമ്പോൾത്തന്നെ മണ്ഡലങ്ങളുമായും സ്ഥാനാർഥികളുമായും ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്കുത്തരം കൂടി പാർട്ടികൾക്കു കണ്ടെത്തേണ്ടതുണ്ട്.

∙ മത്സരിക്കുമോ സിറ്റിങ് എംപിമാർ?

ഇടതുമുന്നണിയുടെ 5 എംപിമാരുടെ കാര്യത്തിലാണു കൂടുതൽ ആകാംക്ഷ; സിപിഎമ്മിന്റെ പി.കരുണാകരൻ (കാസർകോട്), എം.ബി.രാജേഷ് (പാലക്കാട്), പി.കെ.ബിജു (ആലത്തൂർ), എ.സമ്പത്ത് (ആറ്റിങ്ങൽ), സിപിഐയുടെ സി.എൻ. ജയദേവൻ (തൃശൂർ). തുടർച്ചയായി രണ്ടു ടേമിൽ കൂടുതൽ മത്സരിച്ചവർ മറ്റൊരാൾക്കായി മാറിക്കൊടുക്കണമെന്ന, ഇരുപാർട്ടികളുടെയും നിബന്ധനവച്ചാണെങ്കിൽ ഇവരെല്ലാം മാറണം. ഇതിൽ 2009ൽ തന്നെ രണ്ടുതവണ പൂർത്തിയാക്കിയ പി.കരുണാകരനു 2014ൽ ഇളവു ലഭിച്ചുകഴിഞ്ഞു. നാലുപേരും രണ്ടുവട്ടവും ജയിച്ചവരാണെങ്കിൽ, ജയദേവൻ 2009ൽ തോറ്റു, 2014ൽ എംപിയായി.

കരുണാകരനൊഴിച്ചുള്ളവർക്ക് ഒരവസരം കൂടി നൽകിയേക്കാമെന്ന സൂചനകൾ ശക്തമാണെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. മണ്ഡലത്തിലും പാർലമെന്റിലും അനിവാര്യനായി വിലയിരുത്തിയാൽ ഒരവസരം കൂടി നൽകിയേക്കാമെന്നാണ് ഇരുപാർട്ടികളും വ്യക്തമാക്കുന്നത്. ഇടതു സ്വതന്ത്രനായ ഇന്നസന്റ് (ചാലക്കുടി) ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ മത്സരിക്കാനിടയില്ല. പാർട്ടി നേതൃത്വത്തെ ഇത് അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും തൽക്കാലം തീരുമാനമെടുക്കേണ്ടെന്നായിരുന്നു മറുപടി. കണ്ണൂരിൽ പി.കെ. ശ്രീമതിക്കും ഇടുക്കിയിൽ ജോയ്സ് ജോർജിനും വീണ്ടും മത്സരിക്കാൻ കഴിഞ്ഞേക്കാം. യുഡിഎഫിൽ കോൺഗ്രസിന്റെ സിറ്റിങ് എംപിമാരായ ശശി തരൂർ (തിരുവനന്തപുരം), ആന്റോ ആന്റണി (പത്തനംതിട്ട), കെ.സി. വേണുഗോപാൽ (ആലപ്പുഴ), കെ.വി. തോമസ് (എറണാകുളം), എം.കെ. രാഘവൻ (കോഴിക്കോട്) എന്നിവർ വീണ്ടും കളത്തിലിറങ്ങാനാണ് എല്ലാ സാധ്യതയും.

കെപിസിസി പ്രസിഡന്റായതോടെ വടകരയിൽ ഒരങ്കത്തിനു കൂടിയില്ലെന്ന മനോഭാവത്തിലാണു മുല്ലപ്പള്ളി രാമചന്ദ്രൻ. വർക്കിങ് പ്രസിഡന്റുമാരായി നിയോഗിക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), എം.ഐ. ഷാനവാസ് (വയനാട്) എന്നിവർ, 2021ലെ നിയമസഭാ തിര‍ഞ്ഞെടുപ്പുവരെ ഇടവേളയാകട്ടെ എന്നു കരുതിയാൽ അദ്ഭുതമില്ല. ബിജെപിവിരുദ്ധ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്താനുള്ള സാധ്യതയും 2021ൽ യുഡിഎഫ് സംസ്ഥാന ഭരണത്തിൽ തിരിച്ചെത്താനുള്ള സാധ്യതയും വിശകലനം ചെയ്തായിരിക്കും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ (മലപ്പുറം) അന്തിമതീരുമാനം. സംസ്ഥാനരാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനുള്ള ആഗ്രഹം പൊന്നാനി എംപി ഇ.ടി. മുഹമ്മദ് ബഷീറിനുണ്ട്. എം.എ. ബേബിയെ മലർത്തിയടിച്ച എൻ.കെ. പ്രേമചന്ദ്രൻ തന്നെയാകും കൊല്ലത്ത്.

∙ മാറുമോ മണ്ഡലങ്ങൾ?

യുഡിഎഫിന്റെ 12–ാമത്തെ എംപിയായിരുന്ന ജോസ് കെ.മാണി പൊടുന്നനെ രാജ്യസഭാംഗമായതോടെ കോട്ടയം മണ്ഡലത്തെക്കുറിച്ച് ഒരുപിടി അഭ്യൂഹങ്ങളുണ്ട്. കോൺഗ്രസിന്റെ ഇടുക്കിയുമായോ വയനാടുമായോ, കേരള കോൺഗ്രസ് കോട്ടയം വച്ചുമാറുമെന്ന പ്രചാരണം തള്ളണമെന്നു കെ.എം. മാണി ആവശ്യപ്പെട്ടതിനെത്തുടർന്നും ഉമ്മൻ ചാണ്ടി നിർദേശിച്ചതിന്റ അടിസ്ഥാനത്തിലുമാണ് കോട്ടയം മാണിക്കുതന്നെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്.

യോജിച്ച സ്ഥാനാർഥിയില്ലാത്ത തിരുവനന്തപുരത്തിനു പകരം കൊല്ലമോ അലപ്പുഴയോ കിട്ടിയാൽക്കൊള്ളാമെന്നു സിപിഐയ്ക്കുണ്ട്. കഴിഞ്ഞതവണ കൊല്ലം ചോദിച്ചപ്പോൾ ആലപ്പുഴ തരാമെന്നു പറഞ്ഞ സിപിഎം പക്ഷേ, ഇപ്പോൾ ആലപ്പുഴ വിട്ടുകൊടുക്കാനും ഒരുക്കമല്ല. ജനതാദൾ (യു) പോയതോടെ, അവർ മത്സരിച്ച പാലക്കാട് കോൺഗ്രസ് തിരിച്ചെടുക്കും. എൽജെഡി ആയി മാറി ഇടതുപ്രവേശം കാത്തിരിക്കുന്ന പഴയ ദൾ (യു) മുന്നണിയിലെത്തിയാൽ കോഴിക്കോടിനോ വടകരയ്ക്കോ ഒന്നു പിടിച്ചുനോക്കും.