Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു ഹെക്ടറിൽ കേരളം തോൽക്കരുത്

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം കേരളത്തിനു കിട്ടിയ മോഹനവാഗ്ദാനമായിരുന്നു കോട്ടയം വഴിയും ആലപ്പുഴ വഴിയും കായംകുളത്തേക്ക് ഇരട്ടപ്പാത. ഇതിൽ കോട്ടയം വഴിയുള്ള പാത നിർമാണത്തിനു 2003ലെ ബജറ്റിൽ അനുമതി ലഭിച്ചതോടെ, എറണാകുളത്തുനിന്നു മുളന്തുരുത്തി വരെ 17 കിലോമീറ്റർ പാതയുടെ പണി മെല്ലെത്തുടങ്ങി. പക്ഷേ, പണിതീർന്നു രണ്ടാം ട്രാക്കിലൂടെ ട്രെയിൻ ഓടിത്തുടങ്ങിയത് 2010ൽ മാത്രം. ഈ മെല്ലെപ്പോക്ക് തുടർന്നതിനാൽ എറണാകുളം ജംക്‌ഷൻ – കായംകുളം (കോട്ടയം വഴി) 117 കിലോമീറ്റർ ഇരട്ടപ്പാത ഇതുവരെ പൂർത്തിയായിട്ടില്ല. ഇനി തീരാനുള്ളത് ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ 18.5 കിലോമീറ്റർ. വൈക്കം റോഡ് മുതൽ കുറുപ്പന്തറ വരെയും ചങ്ങനാശേരി മുതൽ ചിങ്ങവനം വരെയും പണി ഏതാണ്ടു പൂർത്തിയായെന്നും ഈ ഭാഗങ്ങളിൽ വർഷാവസാനത്തോടെ രണ്ട‌ാം പാത ഗതാഗതത്തിനു തുറന്നുകൊടുക്കാനാവുമെന്നും റെയിൽവേ പറയുന്നു.

ഏറ്റുമാനൂർ – ചിങ്ങവനം മേഖലയിൽ മൂന്നു വില്ലേജുകളിലായി കേവലം നാലു ഹെക്ടർ ഭൂമി ഏറ്റെടുത്തു നൽകിയാൽ, 2020ൽ എറണാകുളം – കോട്ടയം – കായംകുളം ലൈൻ പൂർണമായും ഇരട്ടപ്പാതയാകുമെന്നാണു റെയിൽ അധികൃതർ ഇപ്പോൾ പറയുന്നത്. സ്ഥലമെടുപ്പിൽ സംസ്ഥാന റവന്യു അധികൃതർ നടപടികൾ പൂർത്തിയാക്കിയാൽ ബാക്കി കാര്യങ്ങൾ റെയിൽവേ അതിവേഗം പൂർത്തിയാക്കും. അതായത്, പണി മുടങ്ങുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും പണം പ്രശ്നമല്ലെന്നുമാണ് റെയിൽവേയുടെ വിശദീകരണം. ട്രെയിനുകളുടെ വൈകിയോട്ടത്തിന് ഒരു കാരണം കോട്ടയം ഭാഗത്തെ കുപ്പിക്കഴുത്താണ്. ഇപ്പോൾ കോട്ടയം പാത, ശേഷിയുടെ 134 ശതമാനം ഗതാഗതവുമായി ഞെരുങ്ങുകയാണ്. പാതയുടെ ഉപയോഗം 80 ശതമാനം കഴിഞ്ഞാൽ സുരക്ഷിതത്വം മുൻനിർത്തി അടുത്ത പാത നിർമിക്കണമെന്നാണു റെയിൽവേയുടെ ചട്ടം. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നു തിരുവനന്തപുരത്തേക്കു ദീർഘദൂര വണ്ടികൾ ഓടിക്കാൻ റെയിൽവേ തയാറാണെങ്കിലും പൂർണ രണ്ടാംപാതയുടെ അഭാവം നിമിത്തം ഈ ആവശ്യം പരിഗണിക്കാറേയില്ല. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ പൂർണശേഷിയും ഉപയോഗപ്പെടുത്തിക്കഴിഞ്ഞതിനാൽ കൊച്ചുവേളിയിലെ ടെർമിനൽ അടിയന്തരമായി വികസിപ്പിക്കേണ്ടതുണ്ട്. പക്ഷേ, ഇക്കാര്യത്തിലും റെയിൽവേയ്ക്ക് ഒച്ചിന്റെ വേഗമാണ്.

ആലപ്പുഴ വഴിയുള്ള തീരദേശപാതയുടെ ഇരട്ടിപ്പ് എന്നും അവഗണനയിലാണ്. കായംകുളം മുതൽ ഹരിപ്പാട് വരെ 13 കിലോമീറ്റർ ഇരട്ടപ്പാതയുണ്ട്. ഹരിപ്പാടു മുതൽ എറണാകുളം വരെ ഒറ്റപ്പാതയിൽ വണ്ടികൾ സ്ഥിരമായി വൈകിയോടുന്നു. ഹരിപ്പാടു മുതൽ അമ്പലപ്പുഴ വരെ 18 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ അടുത്തവർഷം തീരുമെന്നാണു റെയിൽവേ പറയുന്നത്. ശേഷിക്കുന്ന 69 കിലോമീറ്റർ ദൂരത്തിന്റെ കാര്യത്തിൽ പുതിയ തർക്കം ഉയരുകയാണ്. നിർമാണച്ചെലവ് സംസ്ഥാനംകൂടി പങ്കിടണമെന്നാണു റെയിൽവേയുടെ നിലപാട്. അവിടെയും സ്ഥലമെടുപ്പിൽ റവന്യു അധികൃതർക്കു മുന്നോട്ടുപോകാനാകുന്നില്ല. കോട്ടയം ഭാഗത്തെ സ്ഥലമെടുപ്പിനു റവന്യു വകുപ്പിന്റെ ഓഫിസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുനീങ്ങുന്നില്ല. ചീഫ് സെക്രട്ടറി ഈയിടെ വിളിച്ചുചേർത്ത യോഗത്തിൽ, പുതിയ സ്ഥലമെടുപ്പു പുനരധിവാസ നിയമപ്രകാരം ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. ഭൂമിയുടെ വില നിശ്ചയിച്ച് ഏറ്റെടുത്ത ശേഷം തുക കോടതിയിൽ കെട്ടിവയ്ക്കുന്നതാണ് ഈ രീതി. വില സംബന്ധിച്ച തർക്കത്തിൽ കോടതി തീരുമാനമെടുക്കട്ടെ, പണി മുന്നോട്ടുകൊണ്ടുപോകാം എന്നതാണു പുതിയ രീതിയുടെ നേട്ടം.

എന്നാൽ, ഏറ്റെടുക്കൽ നടപടികൾക്ക് അനക്കംവച്ചിട്ടില്ല. ഈ വർഷം ബജറ്റിൽ ഇതിനു നീക്കിവച്ച തുകയുടെ 10 ശതമാനമേ കേരളം ചെലവഴിച്ചിട്ടുള്ളൂവെന്നതു കൂടി കാലതാമസത്തിന്റെ കണക്കിൽ ചേർക്കണം. സംസ്ഥാനത്ത് ഗതാഗതരംഗത്തെ തിക്കുമുട്ടൽ പരിഗണിക്കുമ്പോൾ, അങ്ങോളമിങ്ങോളം വൈദ്യുതീകരിച്ച ഇരട്ടപ്പാത എന്നതാണ് പരിഹാരമാർഗമെന്നു നാം തിരിച്ചറിയണം. ഇങ്ങനെയൊരു അടിസ്ഥാനസൗകര്യം ഒരുങ്ങിയാൽ നഗരങ്ങളിൽ ചേക്കേറാനുള്ള പ്രവണതയ്ക്കു കടിഞ്ഞാൺ വീഴും. മികച്ച ഗതാഗതസൗകര്യം സംസ്ഥാനത്തിന്റെ വികസനത്തിനു ചാലകശക്തിയാകുകയും ചെയ്യും.