Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎഫ് പെൻഷൻ: ഹൈക്കോടതി തൊഴിലാളികൾക്കൊപ്പം

high-court-kerala-5

ഇന്നലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലൂടെ കേരളത്തിൽ ഒന്നര–രണ്ടുലക്ഷം ജീവനക്കാർക്കു വലിയ ഗുണം ലഭിക്കും. ഇഎസ്ഐ, പ്രൊവിഡന്റ് ഫണ്ട് നിയമങ്ങൾ ഇന്ത്യയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിയിട്ടുള്ള നിയമങ്ങളാണ്. 1952ൽ പ്രൊവിഡന്റ് ഫണ്ട് നിയമം നടപ്പിൽവന്നു. അന്നുമുതൽ തൊഴിലാളിയുടെ മുഴുവൻ ശമ്പളത്തിന്റെ 8.33% (എച്ച്ആർ ഒഴികെ) പ്രൊവിഡന്റ് ഫണ്ടിൽ അടയ്ക്കുകയും അത്രയും തുകതന്നെ തൊഴിലുടമയും ഫണ്ടിലേക്ക് അടയ്ക്കുകയുമായിരുന്നു. ഈ തുകയ്ക്ക് പിഎഫ് ട്രസ്റ്റ് ബോർഡ് നിശ്ചയിക്കുന്ന പലിശയും നൽകിവന്നിരുന്നു.

എന്നാൽ, തൊഴിലാളി ജോലിയിൽനിന്നു വിരമിച്ചാൽ പ്രതിമാസം പെൻഷൻ നൽകുന്നതിനുള്ള വ്യവസ്ഥകൾ അന്നുണ്ടായിരുന്നില്ല. പിഎഫ് നിയമത്തിൽ അതിനാവശ്യമായ ഭേദഗതി, 1995 നവംബർ 16നു കൊണ്ടുവരികയും അന്നുമുതൽ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്നതിനുള്ള പെൻഷൻ സ്കീം നടപ്പാക്കുകയും ചെയ്തു. തൊഴിലുടമ അടയ്ക്കുന്ന പ്രൊവിഡന്റ് ഫണ്ട് വിഹിതത്തിൽനിന്ന് 8.33% പെൻഷൻ ഫണ്ടിലേക്കു വകമാറ്റി അതിൽനിന്നാണ് പെൻഷൻ നൽകിവന്നത്. പെൻഷൻ ഫണ്ട് തുടങ്ങിയ കാലഘട്ടത്തിൽ, എത്ര രൂപ ശമ്പളമുണ്ടായിരുന്നാലും, 5000 രൂപയുടെ (പിന്നീട് അത് ഉയർത്തി 6500 രൂപയുടെ) 8.33% ആണ് പെൻഷൻ ഫണ്ടിലേക്കു മാറ്റിയത്. എന്നാൽ, 1996 മാർച്ച് 16 മുതൽ മുഴുവൻ ശമ്പളത്തിന് ആനുപാതികമായി, പെൻഷനിൽ തുക അടയ്ക്കുന്നതിന് ഉതകുന്ന വിധത്തിൽ പെൻഷൻ സ്കീം ഭേദഗതി ചെയ്തു. എങ്കിലും ഇതുസംബന്ധിച്ച് ആവശ്യമായ പ്രചാരണം തൊഴിലാളികളുടെ ഇടയിൽ നടത്തിയില്ല. അതിന്റെ അടിസ്ഥാനത്തിൽ, തൊഴിലാളികൾ 6500 രൂപ പരിമിതപ്പെടുത്തി പെൻഷൻ ഫണ്ടിലേക്കു മാറ്റിയിരുന്നു.

ഇതിനിടെ മുഴുവൻ ശമ്പളം കണക്കാക്കി പെൻഷൻ വിഹിതം അടയ്ക്കുന്നതിന് 01–12–2004 വരെ ഇപിഎഫ്ഒ കാലാവധി നിശ്ചയിക്കുകയും ചെയ്തു. ഇതു ചോദ്യംചെയ്ത് ഒട്ടേറെ കേസുകൾ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്തു. അത്തരത്തിൽ ഒരു കാലാവധി നിശ്ചയിക്കാൻ ഇപിഎഫ്ഒയ്ക്ക് അധികാരമില്ലെന്നും മുഴുവൻ ശമ്പളത്തിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ വിഹിതം അടയ്ക്കുന്നതിന് തൊഴിലാളിക്ക് അവകാശമുണ്ടെന്നും അതിനുവേണ്ടിയുള്ള ഓപ്ഷൻ എപ്പോൾ വേണമെങ്കിലും തൊഴിലുടമയോടു ചേർന്നു നൽകാമെന്നും കോടതി തീർപ്പാക്കി. ഇതിനെതിരെ, ഇപിഎഫ്ഒ സുപ്രീം കോടതിയിൽ ഹർജി നൽകി. അതു തള്ളിയ സുപ്രീം കോടതി, കേരള ഹൈക്കോടതിയുടെ വിധി അംഗീകരിച്ചു. അങ്ങനെ മിൽമ, കെഎസ്എഫ്ഇ, പാലക്കാട് ഇൻസ്ട്രുമെന്റേഷൻ, ഐടിഐ, ബ്രഹ്മോസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ വാങ്ങാൻ തുടങ്ങി. ഈ സമയം, 10–09–2014 മുതൽ ഇപിഎഫ്ഒ പെൻഷൻ സ്കീം ഭേദഗതി കൊണ്ടുവന്നു. മുഴുവൻ ശമ്പളത്തിനും പെൻഷൻ കിട്ടുന്നതിനു വേണ്ടിയുള്ള ഓപ്ഷൻ ഒഴിവാക്കുകയും പെൻഷൻ കണക്കാക്കുന്നത് 12 മാസമെന്നത് 60 മാസത്തെ ശരാശരി തുകയാക്കി ഉയർത്തുകയും ചെയ്തു. എത്രതന്നെ ശമ്പളം ഉണ്ടായിരുന്നാലും പെൻഷൻ ഫണ്ടിലേക്ക് 15,000 രൂപ ശമ്പളം നിജപ്പെടുത്തി മാത്രമേ അടയ്ക്കാവൂ എന്നും ഭേദഗതി വരുത്തി.

ഇത് കേരള ഹൈക്കോടതിയിൽ വിവിധ തൊഴിലാളികൾ ചോദ്യം ചെയ്തു. ഇതിനിടെ കോടതിവിധിയുടെ ആനുകൂല്യം ജീവനക്കാർക്കു കിട്ടാതിരിക്കാൻ വേണ്ടി, പ്രൊവിഡന്റ് ഫണ്ട് സ്വന്തമായി നോക്കുന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് (Exempted establishment) പെൻഷൻ കിട്ടുന്നതിന് അവകാശമില്ല എന്നു കാണിച്ച് ഉത്തരവിറക്കുകയും കൊടുത്തുകൊണ്ടിരുന്ന പെൻഷൻ ചില സ്ഥാപനങ്ങളിൽ നിർത്തലാക്കുകയും ചെയ്തു. പ്രൊവിഡന്റ് ഫണ്ട് സ്കീമിൽനിന്നു മാത്രമാണ് എഫ്എസിടി, ഇൻസ്ട്രുമെന്റേഷൻ പാലക്കാട്, ഐടിഐ പാലക്കാട്, കാർഷിക വികസന ബാങ്ക് മുതലായവർക്ക് ഒഴിവു (exemption) നൽകിയിരിക്കുന്നത്. ഇന്ത്യയിൽ പെൻഷൻ സ്കീമിൽനിന്ന് ഒഴിവു നൽകിയിരിക്കുന്നത് രണ്ടു സ്ഥാപനങ്ങൾക്കു മാത്രമാണ്. അത് ടാറ്റാ സൺസ്, ഓയിൽ ഇന്ത്യ എന്നിവ മാത്രമാണ്. കാരണം അവരുടെ പെൻഷൻ സ്കീം ഇപിഎഫ് പെൻഷൻ സ്കീമിനേക്കാൾ നല്ലതാണ്. അങ്ങനെയെങ്കിൽ മാത്രമേ, പെൻഷൻ സ്കീമിൽനിന്ന് ഒഴിവു നൽകുകയുള്ളൂ. ഇപ്പോൾ പിഎഫ് അധികാരികൾ പറയുന്ന exempted establishment ഒന്നും പെൻഷൻ സ്കീമിൽനിന്ന് ഒഴിവു (exemption) കിട്ടിയവയല്ല. പെൻഷൻ നിഷേധിക്കുന്നതിനു വേണ്ടി പറയുന്ന ഓരോ മുട്ടുന്യായങ്ങൾ മാത്രം. ഇതു സംബന്ധിച്ച മുഴുവൻ സംശയങ്ങൾക്കും ഇന്നലെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലൂടെ വിരാമമായി.

വിധിയിൽനിന്ന്

1. 01–09–2014 മുതൽ പ്രാബല്യത്തിൽ വരുത്തിയ ഭേദഗതി മുഴുവനായി കോടതി റദ്ദാക്കി. അതോടനുബന്ധിച്ച് ഇപിഎഫ്ഒ ഇറക്കിയ മുഴുവൻ ഉത്തരവുകളും റദ്ദ് ചെയ്തു.

2. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ കിട്ടുന്നതിനെതിരെ ഇപിഎഫ്ഒ ഇറക്കിയ ഉത്തരവുകൾ ഒന്നും നിലനിൽക്കില്ലെന്നും പെൻഷൻ സ്കീമിലെ പാരഗ്രാഫ് 11(3) പ്രകാരം ജോയിന്റ് ഓപ്ഷൻ നൽകാമെന്നും വ്യക്തമാക്കി.

3. പ്രൊവിഡന്റ് ഫണ്ട് സ്കീമിലെ പാരഗ്രാഫ് 26(6) പ്രകാരം ഇനിയും ഓപ്ഷൻ നൽകാം. ഇത് ജീവനക്കാരെയും തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം ഒരു ചരിത്രവിധിയാണ്. പ്രൊവിഡന്റ് ഫണ്ടിൽനിന്ന് നൽകിവരുന്ന 1000 രൂപ മുതൽ 3000 രൂപ വരെയുള്ള തുച്ഛമായ തുകയ്ക്കു പകരം, ശമ്പളത്തിന് ആനുപാതികമായി എല്ലാവർക്കും പെൻഷൻ കിട്ടും എന്നത് വളരെ വലിയ കാര്യമാണ്. 

related stories