Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിപ്പാകും, മനസ്സുവച്ചാൽ; മാലിന്യമുക്ത കേരളത്തിനായി ഒന്നിച്ചുനിൽക്കാം

Waste

ഒരു നാടിന്റെ സംസ്‌കാരം തിരിച്ചറിയപ്പെടുന്നതിൽ ശുചിത്വത്തിനു വലിയ പങ്കുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് എന്നാണു കേരളം വിശേഷിപ്പിക്കപ്പെടുന്നത്. വിനോദസഞ്ചാരമേഖലയിലും ആരോഗ്യമേഖലയിലും ലോകോത്തരമെന്ന് അഭിമാനിക്കാൻ നമുക്കേറെയുണ്ട്. വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ നമ്മൾ ഏറെ മുന്നിലാണ്. എന്നാൽ, നാടിന്റെ പൊതുവൃത്തിയുടെ കാര്യത്തിൽ നമ്മൾ എവിടെയെന്നു സ്വയം വിലയിരുത്തി മുന്നേറേണ്ട സമയമാണിത്. പ്രത്യേകിച്ചും പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ ശാസ്ത്രീയമായ മാലിന്യസംസ്കരണം പ്രധാന അജൻഡയായി മാറേണ്ടതുണ്ട്.

നാടിന്റെ ശുചിത്വം സർക്കാരിന്റെ ബാധ്യതയെന്നു പറഞ്ഞു പുറംതിരിഞ്ഞു നിൽക്കുന്നവരല്ല, മലയാളികൾ. യഥാർഥത്തിൽ മാലിന്യസംസ്കരണം അത്ര വിഷമമുള്ള കാര്യമല്ല. ഇതു കൃത്യമായി നടപ്പാക്കാനുള്ള ശേഷിയും നമ്മുടെ നാടിനുണ്ട്. ഇതിനു ജനങ്ങളുടെയും സർക്കാരിന്റെയും കൂട്ടായ പ്രവർത്തനം വേണം. മാലിന്യസംസ്‌കരണം തുടങ്ങേണ്ടതു വീടുകളിൽനിന്നാണ്. സ്വന്തം മാലിന്യം ഇല്ലായ്‌മ ചെയ്യേണ്ടത് അവനവന്റെ കടമയെന്നു ചിന്തിക്കുന്ന ഒരു തലമുറ നമുക്കുണ്ടെന്നത് അഭിമാനാർഹമാണ്.

∙ ആശങ്ക വേണോ?

മാലിന്യസംസ്‌കരണത്തിൽ പൂർണവിജയമെന്നു പറയാവുന്ന ഒരു മാതൃക നമുക്കില്ല എന്ന യാഥാർഥ്യം അംഗീകരിച്ചേ പറ്റൂ. മാലിന്യസംസ്കരണ പദ്ധതികളോടുള്ള എതിർപ്പ് നാട്ടുകാർ ഉന്നയിക്കുന്നത് ഈ അനുഭവങ്ങളിൽ നിന്നാണ്. അതിന് അവരെ കുറ്റപ്പെടുത്താനുമാകില്ല. എന്നാൽ, ഇപ്പോൾ സാങ്കേതികവിദ്യ ഏറെ മുന്നേറിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ഫലപ്രദമായി നടപ്പാക്കുന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കേരളത്തിൽ മാലിന്യസംസ്കരണം പരാതികളൊന്നുമില്ലാതെ നടപ്പാക്കാൻ കഴിയുമെന്ന പൂർണബോധ്യത്തോടെയാണു സർക്കാർ മുന്നോട്ടുപോകുന്നത്.

∙നിയമങ്ങൾ കർശനമാകും

കേരളത്തിൽ പ്രതിദിനം 8000 മുതൽ 9000 ടൺ വരെ മാലിന്യം ഉണ്ടാകുന്നു. നിയമമനുസരിച്ച് ഇതു സംസ്കരിക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഒട്ടേറെ ശ്രമങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഇതിനായി നടത്തുന്നുണ്ടെങ്കിലും മാലിന്യനിർമാർജനം പലപ്പോഴും കീറാമുട്ടിയാണ്. കേരളത്തിലെ ജലാശയങ്ങളിൽ 73 ശതമാനവും മലിനമാക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ പഠനം. ഇതിനു ശാശ്വതപരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടത് നിലവിലെ നിയമങ്ങളിൽ നിന്നാണ്. 1999ലെ കേരള മുനിസിപ്പൽ ഖരമാലിന്യ സംസ്‌കരണനിയമം, അതിന്റെ ഭേദഗതികൾ, കേരള പഞ്ചായത്തിരാജ് നിയമം, ജല-വായു മലിനീകരണ നിയമം തുടങ്ങിയവയെല്ലാം കർശനമായി നടപ്പാക്കണം.

∙ മാതൃക 1 – സിംഗപ്പൂർ

നിരത്തിൽ കടലാസു കഷണം പോലും ഇല്ലാത്ത സിംഗപ്പൂർ ശുചിത്വസംസ്കാരം ലോകപ്രസിദ്ധമാണ്. നഗരത്തിനു നടുവിലാണ് അവിടെ മാലിന്യസംസ്‌കരണ പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. ഏറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അവിടെ നഗരഹൃദയത്തിൽ മാലിന്യസംസ്‌കരണ പ്ലാന്റുകൾ പ്രവർത്തിക്കുമ്പോൾ അത് ജനജീവിതത്തെയോ ആരോഗ്യത്തെയോ ബാധിക്കുന്നില്ല എന്നതു വസ്‌തുതയാണ്. ജനങ്ങൾ രാജ്യത്തിന്റെ ശുചിത്വത്തിൽ എത്രമാത്രം ഇഴുകിച്ചേർന്നിരിക്കുന്നുവെന്നതാണ് ഇതു കാട്ടിത്തരുന്നത്. കേരളത്തിനു സ്വീകരിക്കാവുന്ന നല്ലപാഠമാണിത്.

∙ മാതൃക 2 – നെതർലൻഡ്സ്

ലോകത്തിലെ ഏറ്റവും മികച്ച മാലിന്യസംസ്കരണ സംവിധാനമുള്ള നെതർലൻഡ്സിന്റെ കാര്യമെടുക്കാം. കേരളംപോലെ ഇവിടെയും മാലിന്യം വെറുതേ കൂട്ടിയിട്ടു സംസ്കരിക്കാൻ സ്ഥലമില്ല. ഉയർന്ന ജനസാന്ദ്രതയും കുട്ടനാടുപോലെ ജലനിരപ്പേറിയ സാഹചര്യവും തന്നെയാണു കാരണം. ഈ പ്രശ്‌നം മറികടക്കാൻ 1979ൽ ഡച്ചുകാർ ഉണ്ടാക്കിയ ലാൻസിങ്ക് ലാഡർ മാലിന്യസംസ്കരണ നയം ലോകോത്തര മാതൃകയായി മാറി. മാലിന്യം പരമാവധി കുറയ്‌ക്കുക, പഴയ സാധനങ്ങൾ വീണ്ടും ഉപയോഗിക്കുക, മാലിന്യം പലതായി തരംതിരിച്ച ശേഷം പുനരുപയോഗിക്കുക, ബാക്കിവരുന്നവ മാത്രം തരിശുസ്ഥലത്തു സംസ്കരിക്കുക. 1985ൽ 50 ശതമാനം മാലിന്യവും വെറുതേ തള്ളിയിരുന്ന നെതർലൻഡ്സിൽ, നല്ല നയങ്ങളും സാങ്കേതികവിദ്യയും അതു കൈവശമുള്ള വിവിധ കമ്പനികളെയും കൂട്ടിയിണക്കിയപ്പോൾ മാലിന്യം വെറും 3 ശതമാനമായി കുറഞ്ഞു.

∙ നമുക്കും കഴിയും

പഴയ സാധനങ്ങൾ വീണ്ടും ഉപയോഗിച്ചാലും നിത്യവും ഉണ്ടാകുന്ന ജൈവമാലിന്യം, പ്ലാസ്റ്റിക്, ടിന്നുകൾ, കുപ്പികൾ, ബാറ്ററി, പേപ്പർ തുടങ്ങിയവയ്ക്കു കുറവൊന്നും ഉണ്ടാകില്ല. മാലിന്യം പലതായി തരംതിരിക്കാൻ തുടങ്ങുന്നത് സാധാരണക്കാരന്റെ അടുക്കളയിൽനിന്നാണ്. ഇത്തരത്തിൽ തരംതിരിച്ചു തദ്ദേശസ്ഥാപനം ചുമതലപ്പെടുത്തിയവർക്കു നൽകുകയോ കൃത്യമായി രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ജൈവ, അജൈവ മാലിന്യസംസ്‌കരണപ്പെട്ടിയിൽ ഇടുകയോ ചെയ്‌താൽ മാലിന്യനിർമാർജനം സാധ്യമാക്കാവുന്നതേയുള്ളൂ.

∙ ഒന്നിച്ചുനിൽക്കാം

ശുചിത്വകേരളത്തിനായി ജനങ്ങൾ സർക്കാരിനൊപ്പം നിന്നാൽ മാലിന്യമുക്ത കേരളമെന്ന ആശയം നമുക്കു നടപ്പാക്കാനാകും. വിചാരിക്കുന്നതു നടത്തിയെടുക്കാൻ മലയാളികളോളം ആർജവം മറ്റാർക്കുമില്ല. ഇവിടെ സർക്കാർ മുന്നിട്ടിറങ്ങുകയാണ്. സംസ്ഥാനത്ത് 12 ആധുനിക കേന്ദ്രീകൃത മാലിന്യസംസ്‌കരണ, നിർമാർജന പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. കെഎസ്‌ഐഡിസിയെ നോഡൽ ഏജൻസിയാക്കി കേരളം നടപ്പാക്കാൻ പോകുന്ന ഈ പദ്ധതിക്കു മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി എംപവേഡ് കമ്മിറ്റിയുമുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അർബൻ സോളിഡ് വേസ്‌റ്റ് മാനേജ്‌മെന്റ് എന്ന നിലയിൽ ആരംഭിക്കുന്ന പ്ലാന്റുകൾവഴി രണ്ടു വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്നതാണു ലക്ഷ്യം. ശുചിത്വകേരളം എന്ന ആശയം പ്രാവർത്തികമാകണമെങ്കിൽ സർക്കാർ മാത്രം വിചാരിച്ചാൽ പോരാ. തങ്ങളുടേതെന്ന ചിന്തയുമായി ജനങ്ങളും സഹകരിക്കണം. മാലിന്യനിർമാർജനമെന്നത് തങ്ങളുടെ ഉത്തരവാദിത്തമെന്ന നിലയിലേക്ക് ജനങ്ങളുടെ ചിന്ത ഉയരണം.

related stories