Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വിധി ആശ്വാസം; ആത്മവിശ്വാസവും

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 2014 സെപ്റ്റംബർ ഒന്നിനു പ്രാബല്യത്തിൽ വരുത്തിയ തൊഴിലാളിദ്രോഹകരമായ ഭേദഗതി വ്യവസ്ഥകൾ അപ്പാടേ റദ്ദാക്കി ഇപിഎഫ് പെൻഷൻ കേസിലുണ്ടായ ഹൈക്കോടതി വിധി ഒട്ടേറെ പേർക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുന്നു. ആരോഗ്യജീവിതകാലം മുഴുവൻ സേവനം ചെയ്തവർക്കു വാർധക്യത്തിൽ മാന്യമായ പെ‍ൻഷൻ നിഷേധിക്കുന്നതു ക്രൂരതയാണെന്നിരിക്കെ വൈകിയെങ്കിലും ഇപ്പോഴുണ്ടായ വിധി ഉചിതംതന്നെ. രാജ്യത്തെ കോടിക്കണക്കിന് ഇപിഎഫ് വരിക്കാർക്കൊപ്പം നിൽക്കുന്ന വിധിയാണ് ഹൈക്കോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്. പിഎഫ് പെൻഷൻ നിയമത്തിലെ ഭേദഗതികൾ റദ്ദു ചെയ്ത െഹെക്കോടതി, അവ സ്വേച്ഛാപരവും വിരമിച്ചവരെ സഹായിക്കുക എന്ന ലക്ഷ്യത്തെ അട്ടിമറിക്കുന്നതും ആണെന്നാണു വിലയിരുത്തിയത്.

പൂർണശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ടിലേക്കു വിഹിതമടച്ചാൽ തൊഴിലാളികൾക്ക് ഉയർന്ന പിഎഫ് പെൻഷന് അർഹതയുണ്ടെന്നും താൽപര്യമുള്ളവർക്ക് ഇതിനായി കൂടിയ വിഹിതം അടയ്ക്കാൻ ഓപ്ഷൻ നൽകാവുന്നതാണെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. പെൻഷന് അർഹതപ്പെട്ട പരമാവധി ശമ്പളം പ്രതിമാസം 15,000 രൂപ ആക്കി നിജപ്പെടുത്തിയതും കോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കി. വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തെ ശമ്പള ശരാശരിയാണു പെൻഷൻ തുക കണക്കാക്കുന്നതിനു പരിഗണിച്ചുപോന്നിരുന്നത്. എന്നാൽ, 2014 സെപ്റ്റംബറിലെ നിയമഭേദഗതിമൂലം 60 മാസത്തെ ശരാശരി എന്നു പുതുക്കി നിശ്ചയിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതു 10-12 മാസത്തെ വേതന ശരാശരി കണക്കിലെടുത്താണെന്നിരിക്കെ, ഇപിഎഫ് പെൻഷൻകാരോടുള്ള വിവേചനത്തിന്റെ ആഴം കൂടുതൽ വെളിപ്പെടുന്നതായിരുന്നു ഇത്.

പെൻ‌ഷൻ കണക്കാക്കുന്നതിന് ആധാരമാക്കുന്ന ശമ്പളം, വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 60 മാസത്തെ ശരാശരിയായി നിശ്ചയിച്ചതു റദ്ദാക്കിയ കോടതി, മുൻപുണ്ടായിരുന്നതു പോലെ 12 മാസ ശരാശരി കണക്കാക്കണമെന്നു നിർദേശിച്ചതിലൂടെ ഈ വിവേചനത്തിന്റെ വേരിളക്കുന്നു. തൊഴിലാളികൾ വിരമിക്കുമ്പോൾ അവർക്കു നിശ്ചിത വരുമാനവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിന് 1952ലാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആൻഡ് മിസലേനിയസ് പ്രൊവിഷൻ ആക്ട് പ്രകാരം നിയമനിർമാണം നടത്തിയത്. തുടർന്ന്, എംപ്ലോയീസ് പെൻഷൻ പദ്ധതിക്കു രൂപംകൊടുത്തു. 1995ൽ പ്രാബല്യത്തിൽ വന്ന ഈ പദ്ധതിപ്രകാരം 23 വർഷത്തിനുശേഷവും അംഗങ്ങൾക്കു മതിയായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നതാണു വാസ്തവം. ഈ സാഹചര്യത്തിൽ, കേരളത്തിൽതന്നെ ലക്ഷക്കണക്കിന് ഇപിഎഫ് അംഗങ്ങൾക്കും പെൻഷൻകാർക്കും തുണയേകുന്നതാണ് ഇപ്പോഴുണ്ടായ വിധി.

ഇപിഎഫ് പെൻഷൻ കേസിലെ കേരള ഹൈക്കോടതി വിധി അംഗീകരിച്ച് ഇപിഎഫ്ഒ പുതിയ വിജ്ഞാപനമിറക്കിയാൽ, നിലവിലെ തുച്ഛമായ പെൻഷനിൽ വരിക പലമടങ്ങു വർധനയാണ്. കൂടുതൽ ശമ്പളമുള്ളവർക്കു പെൻഷൻ വർധന നിരക്കും കൂടും. മറ്റു പല സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളിൽ നിലവിലുള്ള സമാന കേസുകളിലെ വിധിയും ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ തീരുമാനവും വരാനുണ്ട്. പിഎഫ് പെൻഷനുമായി ബന്ധപ്പെട്ട തൊഴിലാളി വിരുദ്ധ ഭേദഗതികൾ കേരള ഹൈക്കോടതി റദ്ദാക്കിയതോടെ വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ഇപിഎഫ്ഒയുടെ പരിഗണനയിലുമാണ്.

രാജ്യത്തൊട്ടാകെ കോടതികളിൽ കയറിയ പെൻഷൻകാർക്ക് നേരത്തേ അനുകൂല വിധികളുണ്ടായിട്ടും അവയുടെ അന്തഃസത്ത ഉൾക്കൊള്ളാതെ അർഹമായ പെൻഷൻ നിഷേധിക്കാനുള്ള വഴികളാണു ബന്ധപ്പെട്ടവർ തേടിയത്. ഇനിയും പെൻഷൻകാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഇപിഎഫ്ഒയും കേന്ദ്ര സർക്കാരും മനസ്സുവയ്ക്കണം. എത്രയും വേഗം വിജ്ഞാപനം പുറപ്പെടുവിക്കുകയും കുടിശിക ഉൾപ്പെടെയുള്ളതു കാലതാമസം കൂടാതെ നൽകുകയും വേണം.