Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എനി ടൈം ‌മോഷണം‌’ സംഭവിച്ചുകൂടാ

atm-robbery

ഒരേ രാത്രി ഒരേ രീതിയിൽ, കൊച്ചി ഇരുമ്പനത്തും തൃശൂർ കൊരട്ടിയിലും രണ്ട് എടിഎം കൗണ്ടറുകൾ തകർത്തു പണം കവർന്നതും മൂന്നിടത്തു കവർച്ചാശ്രമം ഉണ്ടായതും ബാങ്കുകളുടെയും സർക്കാരിന്റെയും മാത്രമല്ല, പൊതുസമൂഹത്തിന്റെയാകെ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ എടിഎമ്മുകളിൽ മതിയായ സുരക്ഷയില്ലാതെയാണു കോടിക്കണക്കിനു രൂപ സൂക്ഷിച്ചിട്ടുള്ളതെന്നത് ഈ ആശങ്ക ഇരട്ടിപ്പിക്കുന്നു.

കേരളത്തിൽ 9705 എടിഎം കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു റിസർവ് ബാങ്കിന്റെ കണക്ക്. ദേശസാൽകൃത-സഹകരണ-സ്വകാര്യ ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ കൗണ്ടറുകൾ ഇതിൽ ഉൾപ്പെടുന്നു. രാത്രിയായാൽ ജനസാന്നിധ്യം കുറയുന്ന റോഡുകളിൽ പ്രവർത്തിക്കുന്ന 3500 എടിഎം കൗണ്ടറുകൾ കേരളത്തിലുണ്ട്. ഇനി, സംസ്ഥാനത്തു മിക്കയിടത്തും എടിഎം കാവലിന് ആകെയുള്ളത് സിസിടിവി ക്യാമറ മാത്രമാണെന്നും അതുപോലുമില്ലാത്ത എടിഎമ്മുകളുണ്ടെന്നുമൊക്കെയുള്ള നിർഭാഗ്യയാഥാർഥ്യം കൂടി ഈ കണക്കിനോടു ചേർത്തുവയ്ക്കാം. 

പൊതുമേഖലാ ബാങ്കുകൾ സുരക്ഷാജീവനക്കാരെ പിൻവലിച്ചതോടെയാണു കാവലുള്ള എടിഎമ്മുകൾ കുറഞ്ഞത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കാവൽക്കാരനെ നിയോഗിച്ചതുകൊണ്ടു മാത്രം കവർച്ച തടയുക എളുപ്പമാകില്ലെന്നതും വസ്തുതതന്നെ. നാലു ക്യാമറകൾ വരെയുള്ള എടിഎമ്മുകളുണ്ടെങ്കിലും മുന്നറിയിപ്പ് അലാം പോലുള്ള സുരക്ഷാ സംവിധാനങ്ങളില്ലതാനും. ആർക്കും എപ്പോഴും വരാവുന്ന ഇടമായതിനാൽ ഈ അലാം സ്ഥാപിക്കുക പ്രായോഗികമല്ലെന്നു ബാങ്ക് അധികൃതർ പറയുന്നു. വിജന മേഖലകളിലെ എടിഎമ്മുകൾ രാത്രി നിശ്ചിത സമയം വരെ മാത്രം പ്രവർത്തിപ്പിക്കുക, അവിടങ്ങളിൽ രാത്രി പ്രവർത്തിക്കുന്നവിധം സുരക്ഷാ അലാം സ്ഥാപിക്കുക, തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അലാം ലഭ്യമാകുംവിധം സാങ്കേതികസൗകര്യം സജ്ജമാക്കുക തുടങ്ങിയ നിർദേശങ്ങൾ ബാങ്ക് വൃത്തങ്ങളിൽ ഉയരുന്നുണ്ട്. 

ബാങ്കുകളുടെ കേന്ദ്ര ഓഫിസുകളിൽ എടിഎമ്മുകളുടെ തത്സമയ നിരീക്ഷണത്തിനു സംവിധാനമുണ്ടെങ്കിലും മിക്ക നിരീക്ഷണ കേന്ദ്രങ്ങളും മുംബൈ പോലുള്ള വൻനഗരങ്ങളിലാണ്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഇവർ വിവരമറിയിക്കണമെന്നതിനാൽ ഈ സംവിധാനം കാര്യക്ഷമമല്ലെന്നു ജീവനക്കാർതന്നെ അഭിപ്രായപ്പെടുന്നു. ബ്രാഞ്ചുകളിലേക്കും എടിഎമ്മുകളിലേക്കുമുള്ള ലക്ഷക്കണക്കിനു രൂപ മിക്ക ബാങ്കുകളും കൊണ്ടുപോകുന്നതു മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണെന്നതും ആശങ്കാജനകമാണ്. 

സംസ്ഥാനത്തെ എടിഎം കൗണ്ടറുകളുടെ സുരക്ഷ വർധിപ്പിക്കാൻ ബാങ്കുകൾക്ക് ഈയിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദേശം നൽകിയിരുന്നു. മികച്ച എടിഎം യന്ത്രം, സിസിടിവി, അലാം, ആധുനിക സുരക്ഷാസംവിധാനം എന്നിവ ഒരുക്കണമെന്നുള്ള റിസർവ് ബാങ്ക് നിർദേശം പല ബാങ്കുകളും പാലിക്കാത്തതെന്തുകൊണ്ടാണ്? എടിഎം സേവനങ്ങൾക്കും സുരക്ഷയ്ക്കുമെന്ന പേരിൽ എല്ലാ ബാങ്കുകളും അക്കൗണ്ട് ഉടമകളിൽനിന്നു തുക ഈടാക്കുന്നുണ്ടെങ്കിലും ആനുപാതികമായ ക്രമീകരണങ്ങൾ ചില ബാങ്കുകൾ ഏർപ്പെടുത്തുന്നില്ലെന്ന ആരോപണം ഗൗരവമുള്ളതാണ്.

ഓരോ പൊലീസ് സ്റ്റേഷന്റെയും കീഴിൽ ഒട്ടേറെ എടിഎം കൗണ്ടറുകളുണ്ടെന്നിരിക്കെ, ഇവയുടെ സുരക്ഷ പൊലീസിനു തലവേദനയാണ്. സംസ്ഥാനത്തെ എടിഎമ്മുകളിൽ രാത്രി ഒൻപതുമുതൽ രാവിലെ ആറുവരെ പൊലീസ് പരിശോധന നടത്തണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിട്ടു രണ്ടു വർഷമായി. ഇൗ സമയത്ത് ഡ്യൂട്ടിയിലുള്ള ഹൈവേ പൊലീസ് പട്രോൾ സംഘങ്ങളും നൈറ്റ് പട്രോൾ സംഘങ്ങളും തങ്ങളുടെ ചുമതലയിലുള്ള മേഖലയിലെ എടിഎമ്മുകളിൽ സ്ഥിരമായി പരിശോധന നടത്തണമെന്ന അന്നത്തെ നിർദേശം എത്രത്തോളം പാലിക്കുന്നുണ്ടെന്ന ആത്മപരിശോധന നടത്തേണ്ടതു പൊലീസ് തന്നെയാണ്. 

‘എനി ടൈം ‌മോഷണം‌’ എന്ന പരിഹാസ്യ വിശേഷണത്തെ ശരിവച്ച്, ഏതുസമയത്തും മോഷ്ടിക്കാവുന്ന സംവിധാനമായി നമ്മുടെ എടിഎം മാറാതിരിക്കാൻ വേണ്ടത് അങ്ങേയറ്റത്തെ ജാഗ്രതയും പരമാവധി സുരക്ഷയുമാണ്.