Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയ്ക്ക് വീണ്ടും തിരഞ്ഞെടുപ്പുപരീക്ഷ

karnataka-election

രാജ്യം ശ്രദ്ധിച്ച രാഷ്ട്രീയ പരീക്ഷണങ്ങൾ നടന്ന വർഷമാണ് കർണാടകയ്ക്കിത്. ബിജെപി വിരുദ്ധ വിശാല സഖ്യമെന്ന കോൺഗ്രസിന്റെ ആശയത്തിന് ഊർജം ലഭിച്ചത് ഇവിടെ ജനതാദളു(എസ്)മായി ചേർന്നു സർക്കാർ രൂപീകരിച്ചതോടെയാണ്. എന്നാൽ, സഖ്യ സർക്കാർ അഞ്ചു മാസം പിന്നിട്ടിട്ടും അട്ടിമറി സാധ്യത ഒന്നുപോലും പാഴാക്കാതെ ബിജെപി ക്യാംപ് സജീവം. മന്ത്രിസഭാ വികസന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായി ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനമെത്തിയത്. ലോക്സഭയിലേക്ക് മൂന്നും നിയമസഭയിലേക്ക് രണ്ടും സീറ്റുകളിൽ നവംബർ മൂന്നിനു തിരഞ്ഞെടുപ്പു നടക്കും. 

അപ്രതീക്ഷിതം, തിരഞ്ഞെടുപ്പ് 

ആന്ധ്രാപ്രദേശിൽ അഞ്ചു ലോക്സഭാ സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും കർണാടകയിലെ മൂന്നെണ്ണത്തിൽ മാത്രമെന്തേ തിരഞ്ഞെടുപ്പ് എന്നായിരുന്നു ആദ്യചോദ്യം. നിലവിലെ ലോക്സഭാ കാലാവധി തീരുന്നതിന് ഒരുവർഷം മുൻപുണ്ടായ ഒഴിവുകളായതിനാൽ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാവില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഒ.പി. റാവത്തിന്റെ മറുപടി. അതോടെ മന്ത്രിസഭാ വികസന ചർച്ചകളും എംഎൽഎമാരെ വലവീശാനുള്ള ശ്രമങ്ങളും നിർത്തി തിരഞ്ഞെടുപ്പ് ഒരുക്കത്തിലായി പാർട്ടികൾ.  

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായി, ബിജെപി എംപിമാരായിരുന്ന ബി.എസ്. യെഡിയൂരപ്പയും (ശിവമൊഗ്ഗ) ബി. ശ്രീരാമുലുവും (ബെള്ളാരി), ദൾ എംപി സി.എസ്. പുട്ടരാജുവും (മണ്ഡ്യ) രാജിവച്ചതിനെ തുടർന്നാണ് ഇവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. 

നിയമസഭയിലേക്ക് രണ്ടിടത്തുനിന്നു ജയിച്ചതിനാൽ മുഖ്യമന്ത്രി കുമാരസ്വാമി ഉപേക്ഷിച്ച രാമനഗര, കോൺഗ്രസ് എംഎൽഎ സിദ്ധു ഭീമപ്പ ന്യാമെഗൗഡ അപകടത്തിൽ മരിച്ചതിനാൽ ഒഴിവു വന്ന ജമഖണ്ഡി എന്നീ നിയമസഭാ മണ്ഡലങ്ങളും ഇതോടൊപ്പം ചേരുന്നു. 

ഉറയ്ക്കുന്ന സഖ്യം; പൊളിക്കാൻ ബിജെപി 

സഖ്യം രൂപീകരിച്ച സമയത്തേക്കാൾ ശക്തമാണ് നിലവിൽ കോൺഗ്രസ്–ദൾ സൗഹൃദം. ബിജെപിയുടെ ശക്തികേന്ദ്രമായ ശിവമൊഗ്ഗയിൽ യെഡിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര മൽസരിക്കുമെന്ന് നേരത്തേ ധാരണയായതാണ്. എതിരാളിയായി മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകനും മുൻ എംഎൽഎയുമായ മധു ബംഗാരപ്പ വരുമ്പോൾ കടുത്ത മൽസരമാകുമെന്ന് ദളും കോൺഗ്രസും പ്രതീക്ഷിക്കുന്നു. ഓൾഡ് മൈസൂർ മേഖലയ്ക്കു പുറത്ത് ദളിനു സാമാന്യം സ്വാധീനമുള്ള മേഖലകളിലൊന്നാണു ശിവമൊഗ്ഗ. 

ബെള്ളാരിയിൽ ബിജെപിക്കുവേണ്ടി ബി.ശ്രീരാമുലുവിന്റെ സഹോദരി ജെ.ശാന്തയും കോൺഗ്രസിനായി വി.എസ്. ഉഗ്രപ്പയും മൽസരിക്കുന്നു. മണ്ഡ്യയിൽ ബിജെപിക്ക് അപ്രതീക്ഷിത സ്ഥാനാർഥിയാണ്– മുൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥൻ ഡോ.സിദ്ധരാമയ്യ. ദളിന്റെ മുതിർന്ന നേതാവ് ആർ.ശിവരാമെ ഗൗഡയുമായാണു പോര്. ശിവമൊഗ്ഗ എംപിയായിരുന്ന രാഘവേന്ദ്ര, യെഡിയൂരപ്പയ്ക്കും ബെള്ളാരി എംപിയായിരുന്ന ശാന്ത, ശ്രീരാമുലുവിനും വേണ്ടി കഴിഞ്ഞ തവണ സീറ്റ് ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. യെഡിയൂരപ്പയും ശ്രീരാമുലുവും സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുപോയതോടെ ഇരുവരെയും തേടി വീണ്ടും അവസരമെത്തുന്നു.

വഴി പിരിഞ്ഞ് ബിഎസ്പി 

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മൽസരിക്കാനുള്ള ബിഎസ്പി അധ്യക്ഷ മായാവതിയുടെ തീരുമാനത്തെ തുടർന്ന്, പാർട്ടിയുടെ കർണാടകയിലെ ഏക മന്ത്രി എൻ.മഹേഷ് രാജിവച്ചതു സഖ്യസർക്കാരിനു തിരിച്ചടിയായി. എങ്കിലും സർക്കാരിനു തുടർന്നും പിന്തുണ നൽകുമെന്നും ദൾ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുമെന്നും മഹേഷ് അറിയിച്ചിട്ടുണ്ട്. ഇതുൾ‍പ്പെടെ മന്ത്രിസഭയിൽ ഇനിയുള്ള എട്ട് ഒഴിവുകൾ നികത്താൻ തിരഞ്ഞെടുപ്പു കഴിയുംവരെ കാത്തിരിക്കണം.  

മൂന്നു കോർപറേഷനുകൾ ഉൾപ്പെടെ കർണാടകയിലെ 105 നഗരമേഖലയിലെ തദ്ദേശ സ്ഥാപനങ്ങളിലായി സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് ഏറ്റവുമധികം വാർഡുകൾ പിടിച്ചത്. പിന്നാലെ, നിയമനിർമാണ കൗൺസിലിലെ മൂന്നു സീറ്റുകളിലേക്ക് ബിജെപി സ്ഥാനാർഥികളെ നിർത്താഞ്ഞതിനാൽ കോൺഗ്രസിനു രണ്ടും ദളിന് ഒന്നും എംഎൽസിമാരെ ലഭിച്ചു. ബെംഗളൂരു മഹാനഗരസഭയിൽ വലിയ ഒറ്റക്കക്ഷി ബിജെപി ആയിരുന്നിട്ടും മേയർ, ഡപ്യൂട്ടി മേയർ പദവികൾ നിലനിർത്താനായതും കോൺഗ്രസ്– ദൾ സഖ്യത്തിന്റെ മറ്റൊരു വിജയം. അതേസമയം, കർണാടകയിൽ തിരിച്ചടികളുടെ ഈ പരമ്പരയ്ക്കു വിരാമമിടാനാണു ബിജെപി ശ്രമം.

related stories