Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസ്യതയുടെ കാറ്റൂരരുത്

ഇന്നലെ രാവിലെ പലയിടത്തും നടുറോഡിൽ കെഎസ്ആർടിസി ബസുകൾ നിർത്തിയിട്ടു യാത്രക്കാരെ ഇറക്കിവിട്ടവർ ഓർത്തുവോ, പൊതുജനങ്ങൾക്ക് ഉടമാവകാശമുള്ള  ബസിൽനിന്നുതന്നെയാണ് അവരെ പെരുവഴിയിലാക്കുന്നതെന്ന്? 

സംസ്ഥാനത്തിന്റെ സ്വന്തം പൊതുഗതാഗതസംവിധാനം പ്രഖ്യാപിച്ച മിന്നൽസമരം മൂന്നര മണിക്കൂർവരെ കേരളത്തെ പലയിടത്തും നരകിപ്പിച്ചതു  വ്യാപകമായ പ്രതിഷേധമാണ് ഉയർത്തിയത്. കാരണം എന്തുതന്നെയായാലും യാത്രക്കാരെ ബുദ്ധിമുട്ടിപ്പിച്ച ഇത്തരം മിന്നൽസമരത്തിനു ന്യായീകരണമില്ല. ആവശ്യം സാധിച്ചുകിട്ടിയപ്പോൾ വൈകാതെ സമരം അവസാനിപ്പിച്ചതുകൊണ്ട് അതിലെ ജനദ്രോഹം കുറയുന്നുമില്ല. നഷ്ടക്കണക്കുകളിലൂടെ മാത്രം ദീർഘകാലമായി ഓടിക്കൊണ്ടിരിക്കുന്ന കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ഇപ്പോൾ നേരിടുന്ന കടുത്ത പ്രതിസന്ധിക്കിടയിലാണു ജനത്തെ ശത്രുപക്ഷത്താക്കുന്ന ഇത്തരം മിന്നലാഘാതങ്ങൾ.

ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്ക് ഇന്നലെ മുതൽ കൈമാറാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി സംയുക്ത സമര സമിതി രാവിലെ അഞ്ചുമുതൽ നടത്തിയ ഉപരോധസമരമാണു പിന്നീടു മിന്നൽപണിമുടക്കിന്റെ റൂട്ടിലോടിത്തുടങ്ങിയത്. തിരുവനന്തപുരം തമ്പാനൂർ സെൻട്രൽ ഡിപ്പോയിലാണു സംഭവങ്ങളുടെ തുടക്കം.  സമരക്കാരെ സ്ഥലത്തുനിന്നു നീക്കം ചെയ്യാൻ പൊലീസ് ശ്രമിച്ചതോടെ ഉന്തും തള്ളും സംഘർഷാവസ്ഥയുമുണ്ടായി. തുടർന്ന്, പൊലീസ് മർദിച്ചുവെന്ന് ആരോപിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ബസുകൾ നിർത്തിയിടുകയും ഉടൻ പണിമുടക്കു പ്രഖ്യാപിക്കുകയുമായിരുന്നു. നൂറുകണക്കിനു യാത്രക്കാർ വിവിധ സ്ഥലങ്ങളിലേക്കു  പോകാനെത്തിയ നേരത്താണു ബസുകൾക്കു സമരത്തിന്റെ ‘മിന്നലേറ്റത്’. 

ഇതിനിടെ സംസ്ഥാനത്തെ മറ്റ് ഡിപ്പോകളിലേക്കും പണിമുടക്കു വ്യാപിക്കുകയും നാടാകെ യാത്രക്കാർ വലയുകയും ചെയ്തു. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്കു കൈമാറാനുള്ള തീരുമാനം മരവിപ്പിക്കുമെന്ന മന്ത്രിതല ഉറപ്പു കിട്ടിയപ്പോൾ പന്ത്രണ്ടോടെ സർവീസുകൾ പുനരാരംഭിച്ചു. ആയിരത്തോളം സർവീസുകൾ റദ്ദാക്കുകയോ വൈകി ഓടിക്കുകയോ ചെയ്തതുമൂലം  കോർപറേഷന് ഒരുകോടിയോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന ഏകദേശ കണക്ക്. 

ന്യായമായ അവകാശങ്ങൾക്കു വേണ്ടിയാണെങ്കിൽ സമരങ്ങൾക്ക് ആരും എതിരല്ല. പക്ഷേ, അവ മറ്റൊരാളുടെ  പൗരാവകാശത്തെ ഇല്ലാതാക്കിക്കൊണ്ടാവരുതെന്നു മാത്രം. കേരളത്തിലെ എത്രയോ പേർക്കു യാത്ര ചെയ്യാനുള്ള അവകാശത്തെ ഇന്നലെ മണിക്കൂറുകളോളം  ചോദ്യം ചെയ്തു മിന്നൽ പണിമുടക്കു നടത്തിയപ്പോൾ, കെഎസ്ആർടിസി കളഞ്ഞതു സ്വന്തം വിശ്വാസ്യതതന്നെയാണ്. സ്ഥാപനങ്ങളിൽ സമയത്തിനെത്തേണ്ട ഉദ്യോഗസ്ഥരെയും വിദ്യാർഥികളെയും ഇന്റർവ്യു, ആശുപത്രി തുടങ്ങിയ അടിയന്തര ആവശ്യങ്ങളുള്ള മറ്റുള്ളവരെയുമൊക്കെ പെരുവഴിയിൽ ക്രൂരമായി ഇറക്കിവിട്ടപ്പോൾ, നടുറോഡിൽ ബസുകളിട്ടു ഗതാഗതസ്തംഭനമുണ്ടാക്കിയപ്പോൾ, എത്രയെത്ര ശാപവാക്കുകളാവും കെഎസ്ആർടിസി വാങ്ങിക്കൂട്ടിയിരിക്കുക?

ഈ പൊതുഗതാഗത സംവിധാനം കേരളീയജീവിതത്തിന്റെ അവിഭാജ്യഘടകമായിട്ടു ദശാബ്ദങ്ങളായി. അക്കാലംതൊട്ടേ കെഎസ്ആർടിസിയെ  നെഞ്ചേറ്റുന്നതാണ് ഈ നാട്. തിരുവിതാംകൂറിൽ സർക്കാർ ബസുകൾ ഹോണടിച്ചു കയറിയ 1938 ഫെബ്രുവരി 20 മുതൽ നമ്മുടെ പൊതുഗതാഗതചരിത്രം തുടങ്ങുന്നു. അറുപതോളം ബസുകളാണ് ഇതിനായി ലണ്ടനിൽനിന്ന് ഇറക്കിയത്. അധികം വൈകാതെ, കേരളം മുഴുവൻ ‘ആനവണ്ടി’ ഓടിപ്പായാൻ തുടങ്ങി. അതുകൊണ്ടാണു പലപ്പോഴും വരുത്തിവച്ചതെന്നുതന്നെ പറയാവുന്ന പ്രതിസന്ധികളിൽപെട്ടു സ്ഥാപനം വലയുമ്പോഴും കെഎസ്ആർടിസിക്കൊപ്പം നിൽക്കാൻ ജനത്തിനു തോന്നിയത്. 

നവോർജം കൈവരിക്കാനുള്ള കർമപദ്ധതി ആവിഷ്കരിച്ച്, ജീവനക്കാരുടെയും യൂണിയനുകളുടെയും സർക്കാരിന്റെയും  പങ്കാളിത്തത്തിൽ മുന്നോട്ടുനീങ്ങാൻ കാലം കെഎസ്ആർടിസിയെ ഓർമിപ്പിക്കുന്ന സമയമാണിത്. ഈ നിർണായകവേളയിൽ, ഉടമകളായ ജനത്തെ പെരുവഴിയിൽ തള്ളുന്നതു സ്വന്തം വണ്ടിയുടെ കാറ്റൂരിവിടുന്നതുപോലെതന്നെയല്ലേ?