Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരളത്തിലേക്ക് പ്രതീക്ഷയോടെ

rebuild-kerala

എങ്ങനെ വേണമെങ്കിലും കെട്ടിപ്പടുക്കാവുന്നവിധം പ്രളയം കുഴച്ചുമറിച്ചിട്ട മണ്ണിൽനിന്നു നാം ഗാഢമായി ആഗ്രഹിക്കുന്നത് പുതിയൊരു കേരളത്തിന്റെ നിർമിതിതന്നെയാണ്. കാലം ആവശ്യപ്പെടുന്നവിധം മാറ്റങ്ങളെല്ലാം ഉൾക്കൊണ്ടുള്ള ഒരു കേരളത്തിന്റെ പിറവി ഒരുമയോടെയും തെളിമയോടെയും  മുന്നോട്ടുനീങ്ങിയാൽ നമുക്കു സാധ്യമാക്കാവുന്നതേയുള്ളൂ. പ്രളയാനന്തര പുനർനിർമാണ പദ്ധതികൾ മികവുറ്റ രീതിയിൽ ഏറ്റെടുക്കുന്നതിനും നടപ്പാക്കുന്നതിനും സമഗ്ര രൂപരേഖയും ബഹുതല സംവിധാനവും സർക്കാർ ഏർപ്പെടുത്തുന്നതു നല്ലതുതന്നെ. ഇപ്പറഞ്ഞതെല്ലാം യാഥാർഥ്യമാക്കി, കുറ്റമറ്റവിധം നിർവഹണം സാധ്യമാക്കുന്നതിലാണ് ഇനി നമ്മുടെ മിടുക്ക് തെളിയേണ്ടത്.   

പുനർനിർമാണം സമയബന്ധിതമായി നടപ്പാക്കാൻ അഞ്ചു തലങ്ങളുള്ള സംവിധാനം ഏർപ്പെടുത്താനാണു മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും  പ്രഫഷനലുകൾ ഉൾപ്പെടുന്ന സെക്രട്ടേറിയറ്റ് സംവിധാനത്തിനും വിവിധ തലങ്ങളിൽ മികവു തെളിയിച്ച വിദഗ്ധർക്കും വകുപ്പുതല ഉദ്യോഗസ്ഥർക്കുമൊക്കെ നവകേരള നിർമിതിയിൽ അവരുടേതായ പങ്കു വഹിക്കാനുണ്ട്. ഇവർക്കൊപ്പം, വിവിധ രാഷ്ട്രീയകക്ഷികളും  പൊതുസമൂഹവുമൊക്കെ ഒരുമിച്ചുചേർന്നാവണം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി, മികവോടെ നടപ്പാക്കേണ്ടത്.

കേരളത്തിന്റെ പുനർനിർമാണത്തിനു മൂന്നുവർഷമെങ്കിലും വേണ്ടിവരുമെന്നാണു പഠനങ്ങൾ പറയുന്നതെന്നും  ഈ കാലയളവിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിനിർവഹണം ഒരു കാരണവശാലും ഈ സമയപരിധിക്കപ്പുറത്തേക്കു നീളാതിരിക്കാനുള്ള സൂക്ഷ്മശ്രദ്ധ ബന്ധപ്പെട്ട എല്ലാവരിൽനിന്നും ഉണ്ടായേതീരൂ.

പ്രളയ പശ്ചാത്തലത്തിൽ, കേരളത്തിന്റെ പരിസ്ഥിതി സവിശേഷതകൾകൂടി ഉൾക്കൊണ്ടുവേണം നവകേരളനിർമിതി എന്നതിൽ സംശയമില്ല. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയ്ക്കും പരിസ്ഥിതിക്കും യോജിച്ച നിർമാണമാണു ലക്ഷ്യമെന്നത് അതുകൊണ്ടുതന്നെ പ്രതീക്ഷ നൽകുന്നു. പുനർനിർമാണ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സൗഹാർദ ജീവിതക്രമം വികസിപ്പിക്കുകയാണു മുന്നിലുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞതിൽ കേരളത്തിന്റെ പ്രത്യാശ തളിർക്കുന്നുണ്ട്. കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണു ലോകമെങ്ങും സംഭവിക്കുന്നത്. ആ മാറ്റം നവകേരളനിർമിതിയിൽ പ്രതിഫലിക്കുകയും വേണം. പ്രളയസാധ്യത ഒരു യാഥാർഥ്യമാണെന്ന് അംഗീകരിച്ചുകൊണ്ടുള്ള കെട്ടിട രൂപകൽപനയാണു കുട്ടനാട്ടിലടക്കം ഇനി നമുക്കാവശ്യം.  

പുനർനിർമാണത്തിനൊപ്പം തന്ത്രപ്രധാനമായ വലിയ വികസന പദ്ധതികൾകൂടി നടപ്പാക്കുന്നുണ്ട്. മുഖ്യ ബിസിനസ് മേഖലയായ കൊച്ചിയുടെ ശക്തിപ്പെടുത്തലും തിരുവനന്തപുരത്തിന്റെയും കോഴിക്കോടിന്റെയും സമഗ്ര അടിസ്ഥാനസൗകര്യ വികസനവും ഇതിന്റെ ഭാഗമാണ്. കേരളത്തിന്റെയാകെ ബഹുമുഖവികസനത്തെ ദീർഘവീക്ഷണത്തോടെ  കണ്ടുകൊണ്ടുള്ള പദ്ധതികൾ ഉണ്ടാവേണ്ടതുണ്ട്. വേഗം, കാര്യക്ഷമത, ഉന്നത ഗുണനിലവാരം, നൂതനവും ആധുനികവുമായ സാങ്കേതികവിദ്യ, സമയബന്ധിത പൂർത്തീകരണം, ദീർഘകാല നിലനിൽപ്, നീതിപൂർവമായ പുനരധിവാസം തുടങ്ങിയവയാണു നവകേരളസൃഷ്ടിയുടെ അടിസ്ഥാന സമീപനങ്ങൾ. ഇവയിൽ വെള്ളം ചേർക്കാത്തവിധം നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ ഏറ്റവും മികച്ച കാര്യക്ഷമതയും വിശ്വാസ്യതയുമുള്ള ഒരു സംഘം ഉദ്യോഗസ്ഥർ ഈ മഹാദൗത്യത്തിന്റെ തലപ്പത്തുണ്ടാവണം. 

സർക്കാരിന്റെ ഫണ്ട് വിനിയോഗം ഫലപ്രദമായേ തീരൂ. സുതാര്യത ഉറപ്പാക്കുന്നതിനും ഫണ്ടിങ് ഏജൻസികളുടെ വിശ്വാസം ഉയർത്തുന്നതിനുമായി സ്വതന്ത്ര ഏജൻസി ഓഡിറ്റിങ് നടത്തുമെന്നു സർക്കാർ പറഞ്ഞതു യാഥാർഥ്യമാകേണ്ടതുണ്ട്. ഇതിനായി ഓരോ രൂപ ചെലവഴിക്കുന്നതും ഉത്തരവാദിത്തത്തോടെയാവണം. അഴിമതിയും ചുവപ്പുനാടയും മെല്ലെപ്പോക്കുമൊന്നും നമ്മുടെ സ്വപ്നപദ്ധതിയെ ബാധിക്കാതിരിക്കാൻ മുഖ്യമന്ത്രിതന്നെ മേൽനോട്ടം വഹിക്കുകയും വേണം.