Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശയക്കുഴപ്പം സ‍ൃഷ്ടിച്ച് സ്ത്രീപക്ഷ സൂചനകൾ

Author Details
keraleeyam-women

‘രാഷ്ട്രീയം, സ്ത്രീ, ക്ഷേമം: കേരളം എങ്ങനെയാണ് ഒരു മോഡലായത്’ എന്നതു വിഖ്യാത സാമൂഹികശാസ്ത്രജ്ഞനായ റോബിൻ ജെഫ്രിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. 1950കളുടെ അവസാനം ഒരു പ്രശ്നസംസ്ഥാനമായി ആരോപിക്കപ്പെട്ട കേരളം അവിടെനിന്ന് ഉയർന്ന സ്ത്രീസാക്ഷരത അടക്കം കൈവരിച്ചു ലോകത്തിനാകെ മാതൃകയായി മുന്നേറിയതിനെക്കുറിച്ചു ജെഫ്രി ഇതിൽ വിശദമാക്കുന്നു. അതിൽ കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക ബോധവും പ്രതിബദ്ധതയും വഹിച്ച പങ്കിനെക്കുറിച്ചു വാചാലനാകുന്നു.  

കേരളത്തിന്റെ സാമൂഹികവികാസ പരിണാമങ്ങളിൽ സ്ത്രീകൾ വഹിച്ച പുരോഗമനപരവും സമരോന്മുഖവുമായ പങ്കിനെക്കുറിച്ച് ഇതുപോലെ ഒട്ടേറെ ശ്രദ്ധേയമായ പഠനങ്ങളുണ്ടായിട്ടുണ്ട്. മലയാളിവനിത എന്നും രാജ്യം ഉറ്റുനോക്കുന്ന ഒരു ‘സ്പെസിമെൻ’ ആയിരുന്നു.  ഉയർന്ന രാഷ്ട്രീയാവബോധം ആ രംഗത്തും അവരെ മുൻനിരക്കാരാക്കി. 

കേരളമാകെ ഇന്നു ചർച്ച ചെയ്യുന്നതും വൻ രാഷ്ട്രീയ ചേരിതിരിവു സൃഷ്ടിച്ചിരിക്കുന്നതും സ്ത്രീകളുമായി ബന്ധപ്പെട്ട വലിയ വിവാദം തന്നെ. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധി ഇവിടെ സ്ത്രീസമൂഹത്തെ പല തട്ടുകളിലാക്കിയിരിക്കുന്നു. രാഷ്ട്രീയകക്ഷികൾ അതുണ്ടാക്കാവുന്ന ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള ആശങ്കയിലുമാണ്. 

രണ്ടുതരത്തിലാണു കേരളത്തിലെ സ്ത്രീസമൂഹം വിഷയങ്ങളോട് ഇപ്പോൾ  പ്രതികരിക്കുന്നത്. ഒരുവശത്ത് ‘മീ ടൂ’ പോലെയുള്ള സ്ത്രീപക്ഷ ക്യാംപെയ്‌നുകളിൽ അവർ നിർഭയം മുന്നോട്ടുവരുന്നു, അതേസമയത്തുതന്നെ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകൾതന്നെ വൻതോതിൽ അണിനിരക്കുകയും ചെയ്യുന്നു. 

നിർണായകം സ്ത്രീവോട്ട് 

വിചിത്രമായ ഈ കാഴ്ചകളിൽ ആകെ കുഴങ്ങിനിൽക്കുകയാണു രാഷ്ട്രീയപാർട്ടികളെന്നതാണു യാഥാർഥ്യം. പൊതുതിരഞ്ഞെടുപ്പ് അടുത്തു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 77.33% ആയിരുന്നുവെങ്കിൽ സ്ത്രീകളുടെ മാത്രം കണക്കെടുത്താൽ അത് 78.29% ആണ്. 2011 ൽ ഇത് 75% ആയിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ ഈ മാസം പുറത്തുവിട്ട കണക്കനുസരിച്ചു പുരുഷ വോട്ടർമാർ 1.21 കോടിയാണെങ്കിൽ സ്ത്രീകൾ 1.29 കോടി. 1991 മുതലുള്ള ചരിത്രമെടുത്താൽ ഓരോ നിയമസഭാതിരഞ്ഞെടുപ്പിലും വോട്ടു ചെയ്യുന്ന സ്ത്രീകളുടെ ശതമാനം കൂടിവരുന്നു. 

ആകെ ജനസംഖ്യയിൽ 51.9% സ്ത്രീകൾ. സ്ത്രീ വോട്ടും അവർ എങ്ങനെ ചിന്തിക്കുന്നുവെന്നതും ജനവിധിയിൽ നിർണായകമാണെന്നു വ്യക്തം. യുഡിഎഫുമായി ബന്ധപ്പെട്ട അഴിമതി, സദാചാരം തുടങ്ങിയവ തൊട്ടു പെരുമ്പാവൂരിലെ ജിഷ കൊലക്കേസ് വരെ സ്ത്രീകളിലുണ്ടാക്കിയ എതിർപ്പ് 2016 ൽ ഇടതുമുന്നണിയുടെ തിരിച്ചുവരവിനു കാരണമായെന്നായിരുന്നു സിപിഎം വിലയിരുത്തലും. 

നാമജപഘോഷയാത്രകളെ ഈ പശ്ചാത്തലത്തിൽ‍ക്കൂടി വേണം പരിശോധിക്കാൻ. സമരമുഖങ്ങളിൽ കാണാത്ത വീട്ടമ്മമാർ ആവേശത്തോടെ ഇതിൽ അണിനിരന്നിരിക്കുന്നു. ഇതു സർക്കാരിനുണ്ടാക്കിയിരിക്കുന്ന ആശങ്ക ചെറുതല്ല. ‘‘കുറെ  സ്ത്രീകളുടെ പങ്കാളിത്തമുണ്ട്. പക്ഷേ, സ്ത്രീകളുടെ മനസ്സു മുഴുവൻ ഇതിലർപ്പിതമായിരിക്കുന്നുവെന്നു ഞങ്ങൾ കരുതുന്നില്ല. വികാരപരമായ സമീപനമാണ് ഇപ്പോഴുള്ളത്. എക്കാലത്തും സ്ത്രീകളുടെ അവകാശത്തിനുവേണ്ടി പോരാടുന്നവരാണ് ഇടതുപക്ഷമെന്നതിനാൽ ഞങ്ങളുടെ നിലപാടാണു ശരിയെന്നു കാലം തെളിയിക്കും’’–: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടു. 

പറയുന്നതു ഭക്തവികാരം 

നഷ്ടപ്പെട്ട ഹിന്ദു സ്ത്രീ വോട്ട് തിരികെ ലഭിക്കാനുള്ള മാർഗമായി യുഡിഎഫ് ഇതിനെ കരുതുന്നുണ്ടോ? മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്തുന്നതു സിപിഎമ്മാണെന്നു മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ചൂണ്ടിക്കാട്ടുന്നു. ‘‘ഒരു ക്ഷേത്രത്തിൽ പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവിടത്തെ ആചാരങ്ങളും പാലിക്കാൻ ഞാൻ ബാധ്യസ്ഥയാണ്. അതു ലംഘിച്ചേ പോകൂവെന്നു പറയുന്നയിടത്ത് എവിടെയാണു ഭക്തി? ആ ഭക്തിയുടെ പ്രകർഷംതന്നെയാണ് ഇന്നു കേരളത്തിലാകെ കാണുന്നത്. അതിനെ പിന്തുണയ്ക്കുന്നത് എന്തെങ്കിലും രാഷ്ട്രീയലാഭം നോക്കിയിട്ടല്ല’’ 

ഭക്തരുടെ പൊതുവികാരം സർക്കാർ മനസ്സിലാക്കണമെന്നു ബിജെപി മഹിളാമോർച്ച പ്രസിഡന്റ് വി.ടി. രമയും ആവശ്യപ്പെടുന്നു. ‘‘ഭക്തരെ ബിജെപി സംഘടിപ്പിക്കുകയായിരുന്നില്ല. അവരിറങ്ങിയപ്പോൾ ഞങ്ങൾ കൂടെ നിൽക്കുക മാത്രമാണു ചെയ്തത്’’.

1875 ൽ പഴയ തിരുവിതാംകൂർ ദേശത്ത് എഴുതാനും വായിക്കാനുമറിയാമായിരുന്ന 5377 സ്ത്രീകളിൽ പകുതിയും നായർ വിഭാഗത്തിൽപെട്ടവരാണെന്നാണു രേഖകൾ പറയുന്നത്. സ്ത്രീകളുടെ ദേശീയ സാക്ഷരതാശരാശരി 65% മാത്രമാണെങ്കിൽ കേരളത്തിൽ അത് 92%! വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങി സ്ത്രീകളോടു ബന്ധപ്പെട്ട മിക്ക സൂചികകളിലും കേരളം രാജ്യത്തുതന്നെ ഒന്നാമതാണ്. ഗാർഹിക പീഡനം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിവയിലും കേരളത്തിനു കുപ്രസിദ്ധിയാർജിച്ച സ്ഥാനമുണ്ടെന്നതിലെ വൈരുധ്യം സാമൂഹിക ശാസ്ത്രജ്ഞന്മാർക്കു ചോദ്യചിഹ്നമാണ്. പുതിയ പ്രശ്നങ്ങളിൽ സ്ത്രീസമൂഹം പുറത്തേക്കു നൽകുന്ന ഭിന്ന സൂചനകൾ രാഷ്ട്രീയനിരീക്ഷകരെയും നേതാക്കളെയും അതുപോലെതന്നെ ചിന്താക്കുഴപ്പത്തിലാക്കുന്നു.