Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാന : കുതിക്കുമോ മഹാകുതാമി ?

rao-kodanda കെ.ചന്ദ്രശേഖരറാവു, പ്രഫ. എം.കോദണ്ഡറാം

നിയമസഭാതിര‍ഞ്ഞെടുപ്പിനുള്ള 105 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഒരുമാസത്തിനു ശേഷം തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) അവരുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയുടെ ആദ്യഭാഗം പുറത്തിറക്കി. കാവൽ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ കെ.ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ച പത്രികയിലെ പ്രധാനവാഗ്ദാനം, ഒരു ലക്ഷം രൂപയുടെ കാർഷിക കടാശ്വാസം തുടരുമെന്നതാണ്. കൃഷിഭൂമിയുള്ളവർക്കും സാമ്പത്തിക സഹായവും. യുവാക്കളെ ലക്ഷ്യമിട്ട്, തൊഴിലില്ലായ്മാ വേതനവും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ പ്രധാനവാഗ്ദാനങ്ങളെല്ലാം പാലിച്ചുവെന്നാണു മുഖ്യമന്ത്രിയുടെ അവകാശവാദം.

നിയമസഭ പിരിച്ചുവിട്ട ശേഷം സംസ്ഥാനമാകെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു വരികയാണ് ചന്ദ്രശേഖർ റാവു. സ്ഥാനാർഥി പ്രഖ്യാപനത്തിൽ കിട്ടിയ മുൻതൂക്കം വോട്ടാക്കി മാറ്റുകയാണ് ടിആർഎസിന്റെ ലക്ഷ്യം.

കരയ്ക്കടുക്കാതെ സഖ്യക്കപ്പൽ

ഇതേസമയം, പ്രതിപക്ഷ കക്ഷികൾ ഇപ്പോഴും ധാരണയിലെത്താതെ അലയുകയാണ്. പ്രധാനപ്രതിപക്ഷമായ കോൺഗ്രസ്, തെലുങ്കുദേശം പാ‍ർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവയുമായി വിശാലസഖ്യം – തെലുങ്കിൽ ‘മഹാകുതാമി’ – പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു യാഥാർഥ്യമാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും തീർച്ചയില്ല .

സീറ്റുവിഭജനചർച്ചയാണു കീറാമുട്ടി. 119 സീറ്റുകളിൽ 90 എണ്ണത്തിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നാണു കോൺഗ്രസ് നിലപാട്. ബാക്കി 29 സീറ്റുകളാണു 3 കക്ഷികൾ പങ്കിടേണ്ടത്. 15 സീറ്റിൽ തൃപ്തിപ്പെടാൻ ടിഡിപി തയാറാണ്. പക്ഷേ, ബാക്കിയുള്ള 14 സീറ്റിൽ ഒതുങ്ങാൻ ടിജെഎസും സിപിഐയും ഒരുക്കമല്ല.

ഒൻപതു സീറ്റുകളിൽ തങ്ങൾക്ക് ഉറച്ച മുൻതൂക്കമുണ്ടെന്നും ഈ സീറ്റുകളിൽ വിട്ടുവീഴ്ച സാധ്യമല്ലെന്നും സിപിഐ പറയുന്നു. ബാക്കി അഞ്ചുസീറ്റുകൾ കൊണ്ടു ടിജെഎസ് തൃപ്തിപ്പെടില്ല.

സമ്മേളനങ്ങളും റാലികളുമായി കോൺഗ്രസ് പ്രചാരണരംഗത്തു സജീവമാണ്. കഴിഞ്ഞമാസം തന്നെ പാർട്ടി പ്രകടനപത്രികയും പുറത്തിറക്കിയിരുന്നു. ആദ്യം പ്രകടനപത്രിക പുറത്തിറക്കിയ കക്ഷിയെന്ന മുൻതൂക്കവും കിട്ടി. ടിഡിപിയും സ്വാധീന മേഖലകളിൽ പ്രചാരണം സജീവമാക്കി. എന്നാൽ, പ്രതിപക്ഷ സഖ്യത്തിനു വ്യക്തമായ രൂപം വരാത്തതും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകാത്തതും അവരെ പിന്നോട്ടടിക്കുന്നു.

കണക്കിലെ ലീഡ് പെട്ടിയിൽ വീഴുമോ?

2014ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസിന് 25.2 % വോട്ടും ടിഡിപിക്ക് 14.7% വോട്ടുമുണ്ടായിരുന്നു. ഭരണം പിടിച്ച ടിആർഎസിനു കിട്ടിയത് 34.3% വോട്ടാണ്. കോൺഗ്രസും ടിഡിപിയും ഒരുമിച്ചു നിന്നിരുന്നുവെങ്കിൽ സംയുക്ത വോട്ടു ശതമാനം 39.9 ആകുമായിരുന്നു. എന്നാൽ, ടിഡിപി അന്ന് ബിജെപിക്കൊപ്പം എൻഡിഎയിലായിരുന്നു. എൻഡിഎക്ക് അന്ന് ആകെ ലഭിച്ചത് 21.8 % വോട്ട്.

ലോക്സഭാ തിര‍ഞ്ഞെടുപ്പിലും വോട്ടിന്റെ ശതമാനക്കണക്ക് ഏതാണ്ട് സമാനമായിരുന്നു. ടിആർഎസ് – 34.9, കോൺഗ്രസ് – 24.7, ടിഡിപി – 12.3. ഈ കണക്കുകൾ പ്രതിപക്ഷ സഖ്യത്തിന് ആവേശം പകരേണ്ടതാണ്. തെലങ്കാന രാഷ്ട്രീയത്തിലെ പുതിയ സാന്നിധ്യമായ ടിജെഎസ് കൂടി ചേരുന്നതോടെ സഖ്യത്തിന് വലിയ മുൻതൂക്കം ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. ടിആർഎസിന്റെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ ടിജെഎസിനു കഴിയുമെന്നാണു കരുതുന്നത്. എന്നാൽ ഇതെല്ലാം, പ്രതിപക്ഷ സഖ്യത്തിന്റെ ഉറപ്പിനെ ആശ്രയിച്ചിരിക്കും.

മദ്യക്കുപ്പിയിൽ പിടിച്ച് ബിജെപി

ടിഡിപി സഖ്യം വിട്ടതോടെ ക്ഷീണത്തിലാണ് സ്വാഭാവികമായും ബിജെപി. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 7.1 % വും ലോക്സഭയിൽ 10.5 % ആയിരുന്നു ബിജെപിയുടെ വോട്ട്. മദ്യവിൽപന നിയന്ത്രിക്കുമെന്നാണ് ബിജെപിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്ന്. എന്നാൽ, ഈ വാഗ്ദാനം വോട്ടുകൾ കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. മദ്യവിൽപന നികുതിയാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്ന്. മുൻപ്, ഐക്യ ആന്ധ്രപ്രദേശിൽ ടിഡിപി ഭരണകാലത്ത് മദ്യനിരോധനം കൊണ്ടുവന്നുവെങ്കിലും വൻ വരുമാന നഷ്ടത്തെത്തുടർന്നു പിൻവലിക്കേണ്ടി വന്നിരുന്നു.

gaddar-sooryakiran ഗദ്ദർ, സൂര്യകിരൺ

റാവുവിനെതിരെ ഗദ്ദർ?

തെലുങ്ക് വിപ്ലവകവി ഗദ്ദർ മൽസരരംഗത്തുണ്ടാകുമോ എന്നതാണ് ഇത്തവണ രാഷ്ട്രീയലോകം കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും ഗദ്ദർ സന്ദർശിച്ചിരുന്നു. അദ്ദേഹത്തെ രാഹുൽ കോൺഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഗദ്ദറിന്റെ മകൻ സൂര്യകിരൺ അടുത്തിടെ കോൺഗ്രസിൽ ചേർന്നിരുന്നു. 

കോൺഗ്രസിൽ ചേരാൻ വിസമ്മതിച്ചുവെങ്കിലും പിന്തുണച്ചാൽ ചന്ദ്രശേഖർ റാവുവിനെതിരെ മൽസരിക്കാൻ തയാറാണെന്ന് ഗദ്ദർ രാഹുലിനോടു പറഞ്ഞുവെന്നു വാർത്തയുണ്ടായിരുന്നു. എന്നാൽ, ഗദ്ദർ മൽസരിക്കില്ലെന്നും പ്രചാരണത്തിൽ സജീവമായിരിക്കുമെന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോൾ നൽകുന്ന സൂചന. സാമൂഹിക, സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖരെയും ഒപ്പംനിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. 

തലയെടുപ്പിൽ റാവു; ഒപ്പം പിടിക്കാൻ റാം?

കെ.ചന്ദ്രശേഖരറാവുവാണ് തെലങ്കാനയുടെ ഇപ്പോഴത്തെ പരമപ്രധാനനേതാവ് എന്ന കാര്യത്തിൽ തർക്കമില്ല. റാവുവിനൊപ്പം തലയെടുപ്പുള്ള ആരും പ്രതിപക്ഷ കക്ഷികളിലില്ല. അവർ നേരിടുന്ന മറ്റൊരു വെല്ലുവിളിയും ഇതാണ്.

തെലങ്കാന സംസ്ഥാന പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് ടിജെഎസിലെ പ്രഫ. എം.കോദണ്ഡറാം. റാവുവിനൊപ്പം പിടിച്ചുനിൽക്കാൻ കഴിയുന്നയാൾ. കോദണ്ഡറാമിനെ പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി അല്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടണമെന്ന ആവശ്യമുണ്ട്. എന്നാൽ, വലിയ പാർട്ടിയായ കോൺഗ്രസ് ഇത് അംഗീകരിക്കാനിടയില്ല.

വോട്ടു പിളർത്തി സിപിഎം 

നിലവിൽ തെലങ്കാന നിയമസഭയിൽ ഒരു എംഎൽഎയുള്ള സിപിഎം ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് (ബിഎൽഎഫ്) എന്ന ചെറുപാർട്ടികളുടെ മുന്നണി രൂപീകരിച്ചിട്ടുണ്ട്. സിപിഎം സ്വന്തം ചിഹ്നത്തിൽ 12 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബിഎൽഎഫിന്റെ കൂടുതൽ സ്ഥാനാർഥികൾ വരുംദിവസങ്ങളിൽ വരും. സിപിഐയും സിപിഎമ്മും ഇരുവഴിയേ പോകുന്നത് ഇടതുവോട്ടുകൾ പിളർത്തുകയേയുള്ളൂ. ഇത് ഫലത്തിൽ പ്രതിപക്ഷ സഖ്യത്തിന് ക്ഷീണമുണ്ടാക്കും.