Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതു വെറുമൊരു മെഡലല്ല

sports-school-meet

വെടിമുഴക്കമല്ലാതെയുള്ള ഏതൊരു ശബ്ദവും സ്റ്റാർട്ടിങ് ബ്ലോക്കിൽ നിൽക്കുന്ന അത്‍ലീറ്റിന്റെ ഏകാഗ്രത തകർക്കാം, ‍ലക്ഷ്യത്തിൽനിന്ന് അകറ്റാം. 62–ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്കു വെടിയൊച്ച മുഴങ്ങാറാവുമ്പോൾ ഉയർന്നുകേൾക്കുന്നത് അത്തരം ചില അപശബ്ദങ്ങളാണ്. വിജയിച്ചെത്തുന്നവർക്കു മെഡലുകളില്ലാത്തതും അർഹരായ പലരുടെയും അവസരം നിഷേധിക്കപ്പെട്ടതും കായികമേളയുടെ തുടക്കത്തിൽത്തന്നെ കല്ലുകടിയാകുന്നു. 

മൂന്നുദിവസമാക്കി ചുരുക്കിയ ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ വിജയികൾക്കു മെഡലുകൾ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനവും ജില്ലാ കായികമേളയിലെ മൂന്നാം സ്ഥാനക്കാർക്കു സംസ്ഥാന മീറ്റിൽ അവസരം നിഷേധിച്ചതുമാണ് ഏറെ പ്രതിഷേധങ്ങൾക്കു വഴിവച്ചത്. ഏതു പ്രതിസന്ധിയിൽനിന്നും കുതിച്ചുയരാൻ കഴിവുള്ള നമ്മുടെ കൗമാരതാരങ്ങളെ പ്രളയത്തിന്റെ പേരുപറഞ്ഞു തളർത്തരുതെന്നാണു കായികകേരളത്തിന്റെ ഒന്നാകെയുള്ള നിലപാട്.

കായികതാരങ്ങളുടെ വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ വിളവെടുപ്പിനുള്ള വേദിയാണ് സംസ്ഥാന സ്കൂൾ മീറ്റ്. അവിടെ വിജയിച്ചെത്തുന്നവർക്കു മെഡലുകൾ നൽകില്ലെന്നു പറയുന്നത് അവരുടെ പ്രതിഭയെ വിലകുറച്ചു കാണുന്നതിനു തുല്യമാണ്. 14 ജില്ലകളിൽ നിന്നുള്ളവരുമായി പോരടിച്ച് സംസ്ഥാന ജേതാക്കളാകുന്നവരെ വെറുമൊരു സർ‌ട്ടിഫിക്കറ്റു മാത്രം നൽകി തിരിച്ചയയ്ക്കുന്നതു സംസ്ഥാന സർക്കാരിനുതന്നെ നാണക്കേടാവും. സംസ്ഥാന മീറ്റിലെ ജേതാക്കൾക്കു നൽകുന്ന മെഡലൊന്നിന് 150 രൂപയോളമാണു ചെലവ്. റിലേ മൽസരങ്ങളിലടക്കം ആകെ മുന്നൂറിൽ താഴെ മെ‍‍‍ഡലുകളാണു വേണ്ടിവരിക. കൗമാരതാരങ്ങൾ അഭിമാനത്തോടെ കഴുത്തിലണിയേണ്ട മെഡലുകൾ 45,000 രൂപയുടെ ലാഭത്തിന്റെ പേരിൽ നിഷേധിക്കരുതെന്നാണു കായികകേരളം സർക്കാരിനോട് ആവശ്യപ്പെടുന്നത്. 

ജില്ലാ മൽസരങ്ങളിലെ മൂന്നാംസ്ഥാനക്കാർക്ക് ഇത്തവണ സംസ്ഥാനതലത്തിൽ മൽസരിക്കാനാവില്ലെന്ന തീരുമാനത്തിലും ന്യായമില്ല. മൂന്നാംസ്ഥാനക്കാർക്ക് അവസരം നിഷേധിക്കുമ്പോൾ സംസ്ഥാന സ്കൂൾ മീറ്റിൽ ആയിരം മൽസരാർഥികളെ കുറയ്ക്കാമെന്നതാണ് സർക്കാരിന്റെ നേട്ടം. പക്ഷേ, കുട്ടികൾക്കുണ്ടാകുന്ന നഷ്ടങ്ങൾ അതിലും എത്രയോ വലുതാണ്. സംസ്ഥാന സ്കൂൾ മീറ്റിൽ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തുന്നവർക്ക് എസ്‍എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ‌ ഗ്രേസ് മാർക്കുണ്ട്. 100, 400 മീറ്ററുകളിൽ നാലാംസ്ഥാനത്തെത്തുന്നവർക്കുപോലും റിലേ ടീമിൽ ഉൾപ്പെട്ട് ദേശീയതലത്തിൽ മൽസരിക്കാൻ അവസരം ലഭിക്കും. ദേശീയമൽസരങ്ങളിലെ പങ്കാളിത്തത്തിനു ലഭിക്കുന്ന ഗ്രേസ് മാർക്കും ഏറെ വിലപ്പെട്ടതാണ്. മാത്രമല്ല, ജില്ലകളിലെ മൂന്നാംസ്ഥാനക്കാരായെത്തുന്നവർ സംസ്ഥാനതലത്തിൽ ജേതാക്കളായ അനുഭവങ്ങളും മുൻപു പലതവണ ഉണ്ടായിട്ടുണ്ട്. 

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ മീറ്റ് ചെലവുചുരുക്കി നടത്തുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. അതിന്റെ ഭാഗമായി മീറ്റുകളുടെ ഉദ്ഘാടന, സമാപന ചടങ്ങുകൾ ഒഴിവാക്കാനുള്ള തീരുമാനത്തെ കായികകേരളം  കയ്യടികളോടെയാണു സ്വീകരിച്ചത്. സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, മൽസരം നിയന്ത്രിക്കുന്ന ഒഫീഷ്യലുകളുടെ പ്രതിഫലവും എടുത്തുകളഞ്ഞു. അതിനും എതിർപ്പുണ്ടായില്ല. പക്ഷേ, കുട്ടികൾക്കു മെഡലുകളും അവസരങ്ങളും നിഷേധിച്ച തീരുമാനത്തിനെതിരെ പ്രതിഷേധമുയരുമ്പോൾ നടപടികൾ പുനഃപരിശോധിക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. സർക്കാർവക ധൂർത്ത് കർശനമായി നിയന്ത്രിക്കുന്നതടക്കം പല മാർഗങ്ങളുമുള്ളപ്പോൾ, പ്രളയാനന്തര ചെലവുചുരുക്കൽ നമ്മുടെ കുട്ടികളെ സങ്കടപ്പെടുത്തിക്കൊണ്ടാവരുത്.  

ഒളിംപ്യൻമാരടക്കം നമ്മുടെ അഭിമാന കായികതാരങ്ങൾ ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കായികകേരളം  ഹൃദയപൂർവം മുന്നോട്ടുവയ്ക്കുന്ന ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ കാണാതിരുന്നുകൂടാ. നാളെ തിരുവനന്തപുരത്തു സംസ്ഥാന സ്കൂൾ മീറ്റിനു സ്റ്റാർട്ടിങ് വിസിൽ മുഴങ്ങുന്നതിനു മുൻപേ, കായികതാരങ്ങളുടെ വികാരത്തെ മാനിക്കുന്ന തീരുമാനം സർക്കാരിൽനിന്നുണ്ടാകട്ടെ. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണു കേരളം.