Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സുവച്ചാൽ റോഡ് നന്നാവും

ഈ മാസം മാത്രമുണ്ടായ മൂന്നു മരണങ്ങളിൽനിന്നു പറഞ്ഞുതുടങ്ങാം. ചാലക്കുടിയിലും തൊടുപുഴ പുറപ്പുഴയിലും ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴിയിൽ ചാടിയപ്പോൾ തെറിച്ചുവീണ വീട്ടമ്മമാരും  കൊച്ചി പാലാരിവട്ടം–കാക്കനാട് സിവിൽ ലൈൻ റോഡിലെ കുഴിയിൽവീണ ബൈക്ക് യാത്രികനായ യുവാവും മരിച്ചതു വാഹനാപകടങ്ങൾ മാത്രമായി കണ്ടാൽ പോരാ. ആ കുഴികൾ മൂടാതെവച്ച അധികൃതരുടെ അലംഭാവംകൂടി അതിലില്ലേ? 

മാരകമായ ഏതെങ്കിലും പകർച്ചവ്യാധിമൂലം ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ മരണം, കേരളത്തിലെ റോഡപകടങ്ങളിൽ ഉണ്ടാകുന്നുണ്ട്. അപകടങ്ങളുടെ മുഖ്യകാരണങ്ങളിലൊന്നു റോഡിലെ മരണക്കുഴികൾതന്നെ. നമ്മുടെ പാതകളിലൊക്കെയും പാതാളക്കുഴികൾ പകയോടെ ജീവനെടുത്തുകൊണ്ടിരിക്കുന്നതു കണ്ടിരിക്കാനുള്ളതാണോ? കേരളത്തിൽ റോഡിലെ കുഴികളിൽ വീണു വർഷംതോറും ശരാശരി 50 മരണം എന്നതാണു കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ കണക്ക്. ഇതിൽ ഭൂരിഭാഗവും ഇരുചക്ര വാഹനയാത്രക്കാരാണുതാനും. കുഴികൾകാരണം  2007 വരെയുള്ള നാലുവർഷത്തിനുള്ളിൽ കേരളത്തിലുണ്ടായതു 2042 അപകടങ്ങളാണ്; ഗുരുതര പരുക്കേറ്റവർ 2292 പേരും. 

വികസനത്തിന്റെയും പുതിയ സാങ്കേതികവിദ്യയുടെയും രാജപാതയിലൂടെ ലോകം യാത്രചെയ്യുമ്പോൾ നിരന്തരം റോഡിലെ കുഴിയിൽ വീണു മരിക്കാനും നടുവൊടിയാനുമൊക്കെയാണു കേരളീയരുടെ വിധി. ദിനംപ്രതി റോഡിലെ കുഴികൾ പെരുകുകയും വലുതാവുകയും ചെയ്യുന്ന ദുരവസ്‌ഥയിൽനിന്ന് എന്നാണു കേരളം മോചിതമാവുക? മഴക്കാലത്തു തകരുകയും വേനലിൽ മിനുക്കുപണിയിലൂടെ കുഴിയടയ്‌ക്കുകയും ചെയ്യുന്ന വാർഷികപരിപാടി ഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചേതീരൂ. കുഴി ഉണ്ടായാൽ ഉടൻതന്നെ അടയ്‌ക്കാനുള്ള സംവിധാനമാണു വേണ്ടത്. റോഡ് കുത്തിപ്പൊളിക്കൽ എന്ന ആവർത്തനനാടകവും കേരളത്തെ മടുപ്പിക്കുന്നു. 

മഹാപ്രളയം തകർത്തതു നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾകൂടിയാണ്. സംസ്ഥാനത്തു പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും പൂർണമായി നന്നാക്കിയെടുക്കാൻ ഒന്നരവർഷം വേണ്ടിവരുമെന്നാണു മരാമത്തു വകുപ്പിന്റെ വിലയിരുത്തൽ. 5774 കിലോമീറ്റർ റോഡിലെ കുഴികൾ നികത്താൻ മാത്രം 368 കോടി രൂപ വേണമെന്നാണു നേരത്തേ കണക്കാക്കിയിരുന്നത്. ഐക്യരാഷ്ട്രസംഘടന തയാറാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്സ് (പിഡിഎൻഎ) റിപ്പോർട്ടിൽ, പ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണത്തിനു 31,000 കോടി രൂപ വേണ്ടിവരുമെന്നും അതിന്റെ മൂന്നിലൊന്നോളം ഗതാഗതമേഖലയിൽ ആവശ്യമാണെന്നും പറയുന്നുണ്ട്. ഇതിനിടെ, 2020 അവസാനത്തോടെ കേരളത്തിലെ മുഴുവൻ പൊതുമരാമത്തു റോഡുകളും ആധുനിക നിലവാരത്തിലുള്ളതാകുമെന്ന് ഇന്നലെ കൊച്ചിയിൽ മന്ത്രി ജി.സുധാകരൻ പറഞ്ഞതു യാഥാർഥ്യമാവുകതന്നെ വേണം.

നവകേരള നിർമിതിയിൽ പ്രഥമവും പ്രധാനവുമായ ആധാരശില, അടിസ്ഥാനസൗകര്യ വികസനംതന്നെ. റോഡ് അറ്റകുറ്റപ്പണിക്കു മുന്തിയ പരിഗണന നൽകണം. വികസനത്തിന്റെ വരവ് മികവുറ്റ റോഡുകളിലൂടെയാണെന്ന യാഥാർഥ്യം ഇനിയും നാം കാണാതിരുന്നുകൂടാ. നമ്മുടെ ടൂറിസം സീസണും തുടങ്ങുകയാണ്. ഈ പൊട്ടിപ്പൊളിഞ്ഞ റോഡുകളിലേക്കാണോ നാം സഞ്ചാരികളെ വിരുന്നുവിളിക്കേണ്ടത്? 

കോഴിക്കോട് നഗരത്തിൽ കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്ത ആറ് റോഡുകളുടെ 15 വർഷത്തേക്കുള്ള പരിപാലനച്ചുമതലയും കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. 15 വർഷത്തേക്കു പുത്തൻപോലെ നിലനിൽക്കുമെന്ന കരാറുകാരുടെ ഉറപ്പ് പുതിയൊരു മാതൃകയിലേക്കു വഴിതുറക്കുന്നതല്ലേ? സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ ഇന്നലെയും ഹൈക്കോടതിയുടെ വിമർശനത്തിനു കാരണമായി. അപകടങ്ങൾ വരുമ്പോഴാണു കുഴി മൂടാൻ നടപടിയെടുക്കുന്നതെന്നും അടിസ്ഥാനസൗകര്യ വികസനം ഹ്രസ്വകാലാടിസ്ഥാനത്തിലാകരുതെന്നും പറഞ്ഞ കോടതി, റോഡ് പണിയുമ്പോൾ അറ്റകുറ്റപ്പണിയും കരാറിൽ ഉൾപ്പെടുത്തിയുള്ള പ്രായോഗിക സമീപനം വേണമെന്നും പറയുകയുണ്ടായി. 

കേരളത്തിലെ പാതകളിലൂടെ സഞ്ചരിക്കുന്ന പൗരന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ പങ്ക് നാടു ഭരിക്കുന്നവർ മറന്നുകൂടാ. ഗതാഗത നിയമലംഘനങ്ങൾക്കു കടുത്തശിക്ഷ നൽകുന്നതുപോലെതന്നെ പ്രധാനമാണ് റോഡുകളുടെ മികവ് ഉറപ്പാക്കുന്നതും.