Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലങ്കയിലെന്താവും? ഇന്ത്യയ്ക്കുമുണ്ട് ആശങ്ക

Sri-lanka

കഴിഞ്ഞ രണ്ടുദിവസമായി ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ നിരീക്ഷകരെ അദ്ഭുതപ്പെടുത്തുകയാണ്. ഒരുകാലത്ത് രാഷ്ട്രീയ സഹപ്രവർത്തകരും പിന്നീടു വൈരികളും ആയിത്തീർന്ന പ്രസിഡന്റ് മൈത്രിപാല സിരിസേനയും മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയും ഒരിക്കൽക്കൂടി കൈകൊടുത്തു സുഹൃത്തുക്കളായിരിക്കുന്നു. പക്ഷേ, ഒക്ടോബർ 26നു വൈകിട്ടു സിരിസേന രാജപക്ഷെയ്ക്കു സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തതിനുശേഷം, റനിൽ വിക്രമസിംഗെ താൻ പ്രധാനമന്ത്രിയായിത്തന്നെ തുടരുന്നുവെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘ടെംപിൾ ട്രീസ്’ ഒഴ‍ിയാനും അദ്ദേഹം ഒരുക്കമല്ല. പാർലമെന്റിൽ തന്റെ പാർട്ടിക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്നും അതു തെളിയിക്കാൻ തനിക്ക് അവസരം തരണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. 

ഏറ്റവുമൊടുവിൽ, റനിൽ വിക്രമസിംഗെ തന്നെയാണു ശ്രീലങ്കൻ പ്രധാനമന്ത്രിയെന്നു സ്ഥാപിച്ചും നവംബർ 16 വരെ പാർലമെന്റ് സസ്പെൻഡ് ചെയ്യാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ ചോദ്യംചെയ്തും പാർലമെന്റ് സ്പീക്കർ കരു ജയസൂര്യ പ്രസിഡന്റിന് അയച്ച കത്തു പുറത്തുവരുമ്പോൾ ആശയക്കുഴപ്പം വീണ്ടും വർധിക്കുന്നു.

പക്ഷേ, നവംബർ അഞ്ചിനു ബജറ്റ് അവതരിപ്പിക്കാനിരിക്കെ, പ്രസിഡന്റ് സിരിസേന 16 വരെ പാർലമെന്റ് മരവിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ വിക്രമസിംഗെയുടെ പാർട്ടിയിൽനിന്നു രാജപക്ഷെയുടെ പാർട്ടിയിലേക്ക് അംഗങ്ങൾ കാലുമാറാൻ തുടങ്ങിയെന്നും സൂചനയുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനമായ ലേക് ഹൗസ് ന്യൂസ് പേപ്പേഴ്സ്, രാജപക്ഷെയുടെ ശ്രീലങ്ക പൊതുജന പെരാമുനയുടെ നിയന്ത്രണത്തിലുള്ള തൊഴിലാളി യൂണിയനുകൾ ഏറ്റെടുത്തിരിക്കുന്നുവത്രേ. രൂപവാഹിനി ടെലിവിഷൻ കേന്ദ്രം രാജപക്ഷെയുടെ പക്ഷത്താണോ അതോ വിക്രമസിംഗെയുടെ കൂടെയാണോ എന്ന് ഇനിയും വ്യക്തമല്ല. ശ്രീലങ്കയിലെ രാഷ്ട്രീയ അന്തരീക്ഷം ആകപ്പാടെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.

നമ്മുടെ അയൽരാജ്യത്തെ സമീപകാല സംഭവവികാസങ്ങളുടെ ഇപ്പോഴത്തെ അധ്യായം തുടങ്ങുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പോടുകൂടിയാണ്. ആ തിരഞ്ഞെടുപ്പിൽ സംയുക്തസർക്കാരിലെ അംഗങ്ങളായ സിരിസേനയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക ഫ്രീഡം പാർട്ടിയും വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടിയും വെവ്വേറെയാണു മത്സരിച്ചത്. രാജപക്ഷെയുടെ എസ്എൽപിപി ഈ രണ്ടു പാർട്ടികളെയും നിർണായകമായി തോൽപിച്ച് 7 പ്രവിശ്യകളിൽ മേധാവിത്തം നേടി. തുടർന്ന്, പ്രധാനമന്ത്രി വിക്രമസിംഗെയുടെ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പ്രസിഡന്റിന്റെ പാർട്ടി പിന്താങ്ങിയെങ്കിലും അതു പരാജയപ്പെട്ടു. 

ഓഗസ്റ്റിൽ രാജപക്ഷെ കുടുംബത്തിലെ ഒരു ചരമത്തിൽ അനുശോചനമറിയിക്കാൻ പോയ സിരിസേനയും രാജപക്ഷെസഹോദരന്മാരുമായി നടന്ന ഇടപഴകലാണത്രേ, കഴിഞ്ഞദിവസം നടന്ന നടപടികളിലേക്കു നയിച്ചത്. അതിനുശേഷം ഒക്ടോബർ ആദ്യം മന്ത്രി എസ്.ബി.ദിസ്സാനായകെയുടെ വസതിയിൽവച്ചു പ്രസിഡന്റും രാജപക്ഷെ സഹോദരന്മാരുമായി വളരെ ദീർഘമായ ചർച്ച നടന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ശ്രീലങ്കൻ ഭരണഘടനയുടെ 19–ാം ഭേദഗതി പ്രകാരം മഹിന്ദ രാജപക്ഷെയ്ക്കു മൂന്നാംതവണ പ്രസിഡന്റാകാൻ കഴിയില്ല. 35 വയസ്സു തികയാത്തവർക്കു പ്രസിഡന്റ് ആകാൻ യോഗ്യതയില്ലതാനും. തന്മൂലം മഹിന്ദയുടെ മകൻ നമാലിനും പ്രസിഡന്റാകാൻ കഴിയില്ല. യുഎസ് പൗരത്വമുള്ളവരാണു രാജപക്ഷെയുടെ സഹോദരന്മാരായ ഗോതബായയും ബാസിലും. അവരിൽ ഗോതബായ വിദേശപൗരത്വം വെടിഞ്ഞു പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ തയാറാണെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ മഹിന്ദ ‘പ്രധാനമന്ത്രിയായ’ പശ്ചാത്തലത്തിൽ സിരിസേന തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുമോ, അതോ പുതിയ അഭിപ്രായ‌വ്യത്യാസങ്ങൾ ഉണ്ടാകുമോ എന്നു കാത്തിരുന്നുകാണേണ്ടിയിരിക്കുന്നു. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജപക്ഷെ– സിരിസേന സർക്കാർ ശ്രീലങ്കയെ വീണ്ടും ചൈനയോട് അടുപ്പിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു. വാസ്തവത്തിൽ വിക്രമസിംഗെ – സിരിസേന സർക്കാരും ഇന്ത്യയ്ക്കു താൽപര്യമുള്ള പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ അമാന്തം കാണിച്ചിരുന്നു. കൊളംബോ തുറമുഖത്തെ ഈസ്റ്റ് കണ്ടെയ്നർ ടെർമിനൽ, കിഴക്കൻ പ്രവിശ്യയിലെ സാംപുർ വൈദ്യുതപദ്ധതി എന്നിവയിൽ ശ്രീലങ്കയുടെ മെല്ലെപ്പോക്കിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി, വിക്രമസിംഗെയോടും സിരിസേനയോടും നീരസം പ്രകടിപ്പിച്ചിരുന്നു. 

മഹിന്ദ രാജപക്ഷെ അടുത്തകാലത്തു നടത്തിയ ഡൽഹി സന്ദർശനം, ഇന്ത്യയുമായുള്ള പഴയ തെറ്റിദ്ധാരണകൾ മാറ്റാനുള്ള ശ്രമമായാണു വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ, ഇന്ത്യയെ വീണ്ടും പിണക്കാതിരിക്കാനുള്ള കരുതൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കാം. എന്നാൽ, 2009ൽ അവസാനിച്ച ആഭ്യന്തരയുദ്ധത്തിലെ അതിക്രമങ്ങളെക്കുറിച്ചു തൃപ്തികരമായ അന്വേഷണം നടത്താൻ രാജപക്ഷെയ്ക്കു പരാധീനതകളുണ്ട്. തമിഴ്നാട് സർക്കാർ ഇപ്പോൾത്തന്നെ ആ പ്രശ്നം ഉയർത്തിപ്പിടിച്ചിരിക്കുന്നുവെന്നതു ശ്രദ്ധേയമാണ്. ഇന്ത്യയുമായുള്ള ബന്ധത്തെ ഉലയ്ക്കാൻ ശ്രീലങ്കയിലെ തമിഴ്‌വംശജരുടെ തുടരുന്ന ആവലാതികൾ ഹേതുവാകുമോയെന്ന ചോദ്യവും അവശേഷിക്കുന്നു.

(മുൻ ഡിജിപിയും ദേശീയ രഹസ്യാന്വേഷണ ഏജൻസി ‘റോ’യുടെ മുൻ ഡയറക്‌ടറുമാണ് ലേഖകൻ)

related stories